തിരുവനന്തപുരം: ശബരിമല യുവതീപ്രവേശത്തിൽ സംസ്ഥാനസർക്കാരിന്റെ നിലപാടുമാറ്റം സി.പി.എമ്മിലെ കൂടിയാലോചനകൾക്കുശേഷം. അതേസമയം, വെള്ളിയാഴ്ച വിളിച്ച പത്രസമ്മേളനത്തിൽ ജാഗ്രതയോടെയായിരുന്നു സംസ്ഥാന സെക്രട്ടറി എം.വി. ഗോവിന്ദന്റെ പ്രതികരണം. ഒരു നിലപാടുമാറ്റവും ഞങ്ങൾ പറയുന്നില്ല. കഴിഞ്ഞതവണത്തെ സത്യവാങ്മൂലത്തിന്റെ ഭാഗമായി പറഞ്ഞതിൽ ഉറച്ചുനിന്നുള്ള കാര്യമാണ് ഇപ്പോൾ പരിഗണിക്കുകയെന്നും ഗോവിന്ദൻ പറഞ്ഞു. To advertise here, വിശ്വാസികളുടെ വികാരം ഒരുകാലത്തും സി.പി.എം. മാനിക്കാതിരുന്നിട്ടില്ല. കോടതി ഉന്നയിച്ച ഏഴുചോദ്യങ്ങളിൽ സ്ത്രീകളുടെ പ്രവേശനം വേണോ വേണ്ടയോയെന്ന വിഷയമില്ല. ആചാരം ഉൾപ്പെടെ ഒട്ടേറെ പ്രശ്‌നങ്ങളുണ്ട്. അതൊക്കെ പരിഹരിക്കാൻ ആവശ്യമായ പരിശോധന നടത്താനാവുക സർക്കാരിനല്ല. വിശ്വാസവുമായി ബന്ധപ്പെട്ട കാര്യങ്ങളിൽ ആ മേഖലയിലെ പണ്ഡിതരും വിദഗ്ധരുമായി ചർച്ചചെയ്യണം -അദ്ദേഹം വ്യക്തമാക്കി. യുവതീപ്രവേശത്തെ അനുകൂലിച്ച് 2007-ൽ നൽകിയ സർക്കാർ സത്യവാങ്മൂലത്തിൽ വിശ്വാസവുമായി ബന്ധപ്പെട്ട പണ്ഡിതരുടെ അഭിപ്രായംകേട്ട് തീരുമാനമെടുക്കണമെന്ന് ആവശ്യപ്പെട്ടിരുന്നെന്നാണ് ഇപ്പോൾ നേതാക്കളുടെ വാദം. അതാണ് ഇപ്പോൾ ഉയർത്തിപ്പിടിക്കുന്നതെന്നും അതു നിലപാടുമാറ്റമല്ലെന്നും സി.പി.എം. വൃത്തങ്ങൾ വിശദീകരിക്കുന്നു. മുൻനിലപാടുകൾ മനുഷ്യരെ രണ്ടായി കാണുന്ന നിലപാട് അംഗീകരിക്കാനാവില്ലെന്നാണ് 2018-ലെ സുപ്രീംകോടതിവിധി നടപ്പാക്കാൻ മുഖ്യമന്ത്രി പിണറായി വിജയൻ ഉന്നയിച്ച വാദം. എത്ര വോട്ടുകിട്ടുമെന്നോ നഷ്ടമാവുമെന്നോ എത്ര സീറ്റ് കിട്ടുമെന്നോ നഷ്ടമാവുമെന്നോ തുടങ്ങിയ കാര്യങ്ങൾ തങ്ങളെ ബാധിക്കുന്ന പ്രശ്‌നമല്ലെന്നും അദ്ദേഹം അന്ന് വ്യക്തമാക്കിയിരുന്നു. പാർട്ടിനിലപാട് വ്യക്തമാക്കി അന്നത്തെ സി.പി.എം. സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണനും രംഗത്തെത്തിയിരുന്നു. പത്തു വോട്ടിനുവേണ്ടി രാഷ്ട്രീയനിലപാടിൽ വിട്ടുവീഴ്ച ചെയ്യില്ലെന്നാണ് അദ്ദേഹം പറഞ്ഞത്. പിന്നീട്, അഞ്ചംഗ ബെഞ്ചിനു മുന്നിൽ പുനഃപരിശോധനാഹർജികൾവന്ന വേളയിൽ 2020 ജനുവരി 28-ന് സി.പി.എം. പൊളിറ്റ്ബ്യൂറോയും വിഷയത്തിൽ നിലപാട് വ്യക്തമാക്കി. എല്ലാ രംഗങ്ങളിലും സ്ത്രീകൾക്ക് തുല്യത ഉറപ്പാക്കാൻ സി.പി.എം. പ്രതിജ്ഞാബദ്ധമാണെന്നും എത്രയും വേഗത്തിൽ കോടതി സുനിശ്ചിതമായ നിലപാടെടുക്കണമെന്നുമായിരുന്നു പി.ബി.യുടെ പ്രസ്താവന. സുപ്രീംകോടതിയിൽ ആദ്യം നൽകിയ സത്യവാങ്മൂലത്തിൽ ശബരിമലപ്രവേശനത്തിൽ സ്ത്രീകളോടുള്ള വിവേചനം അവസാനിപ്പിക്കണമെന്ന ആവശ്യമുണ്ടായിരുന്നു. ഇപ്പോഴത്തെ സത്യവാങ്മൂലത്തിൽ ആ പരാമർശം ഒഴിവാക്കാനാണ് സി.പി.എം. സെക്രട്ടേറിയറ്റിന്റെ തീരുമാനം. തിരുത്തൽ തിരഞ്ഞെടുപ്പ് മുന്നിൽക്കണ്ട് തിരുവനന്തപുരം: തിരഞ്ഞെടുപ്പിൽ തിരിച്ചടി ഭയന്നാണ് ശബരിമല വിഷയത്തിൽ ഇടതുസർക്കാർ മലക്കംമറിഞ്ഞതെന്നും ആചാരലംഘനത്തിന് ശ്രമിച്ചത് തെറ്റായെന്നുതോന്നുന്നെങ്കിൽ ഭക്തരോട് മാപ്പുപറഞ്ഞ് കേസുകൾ പിൻവലിക്കുകയാണ് ചെയ്യേണ്ടതെന്നും ബി.ജെ.പി. സംസ്ഥാനപ്രസിഡന്റ് രാജീവ് ചന്ദ്രശേഖർ. എൻ.ഡി.എ.യുടെയും അയ്യപ്പവിശ്വാസികളുടെയും സമ്മർദഫലമായാണ് സത്യവാങ്മൂലം തിരുത്താൻ പിണറായിസർക്കാർ നിർബന്ധിതമായതെന്നും സർക്കാരിന്റേത് രാഷ്ട്രീയനാടകമാണെന്നും അദ്ദേഹം പറഞ്ഞു. Content Highlights: CPM and Kerala government refine their stance on Sabarimala women entry., Shift from previous affidavits to avoid political backlash in upcoming elections., Emphasis on consulting religious scholars rather than state-led intervention., Opposition claims the move is a political drama driven by voter sentiment. Published: 14 Mar 2026, 09:28 am IST Disclaimer: Kindly avoid objectionable, derogatory, unlawful and lewd comments, while responding to reports. Such comments are punishable under cyber laws. Please keep away from personal attacks. The opinions expressed here are the personal opinions of readers and not that of Mathrubhumi.

ശബരിമല യുവതീപ്രവേശം; മയത്തിൽ നയംമാറ്റി സർക്കാരും സി.പി.എമ്മും
M
MathrubhumiSource Link
about 2 months ago