പത്തനംതിട്ട: ശബരിമല സ്വർണക്കൊള്ള അന്വേഷിക്കുന്ന പ്രത്യേക അന്വേഷണ സംഘത്തിന്റെ ശ്രദ്ധ, ശ്രീകോവിലിന്റെ ദ്വാരപാലക ശില്പങ്ങളിലെ പാളികൾ സ്വർണം പൂശാൻ 2025 സെപ്റ്റംബറിൽ കൊണ്ടുപോയതിലേക്ക് കേന്ദ്രീകരിക്കുന്നു. ഹൈക്കോടതി നേരത്തേ നൽകിയിരുന്ന നിർദേശത്തിന്റെ അടിസ്ഥാനത്തിലുള്ള അന്വേഷണമാണ് ഇപ്പോൾ ഊർജിതമാക്കിയിരിക്കുന്നത്. To advertise here, സാക്ഷികളായ ചിലരുടെ മൊഴികൾ എസ്.ഐ.ടി. എടുത്തു. വരുംദിവസങ്ങളിൽ അന്നത്തെ ബോർഡ് ഭാരവാഹികളുടെയും ജീവനക്കാരുടെയും മൊഴി എടുക്കും. ആവശ്യമെങ്കിൽ ചോദ്യംചെയ്യലുമുണ്ടാകും. 2019-ൽ സ്വർണക്കൊള്ള നടന്നത് കണ്ടെത്താനിടയാക്കിയത്, 2025-ലെ സ്വർണം പൂശലായിരുന്നു. 2019-ലെ സ്വർണക്കൊള്ളയുടെ അന്വേഷണത്തിലെ നിർണായകവിവരമായ സാമ്പിൾ പരിശോധനാഫലത്തിനുവേണ്ടി അന്വേഷണസംഘം കാത്തിരിക്കുകയാണ്. ഏപ്രിൽ അവസാനത്തോടെയേ ജംഷേദ്പുരിലെ നാഷണൽ മെറ്റലർജിക്കൽ ലാബിൽനിന്നുള്ള പരിശോധനാഫലം കിട്ടൂ. അതുവരെയുള്ള സമയംകൊണ്ട് 2025-ലെ സ്വർണം പൂശലുമായി ബന്ധപ്പെട്ട പരമാവധി വിവരങ്ങൾ ശേഖരിക്കുകയാണ് എസ്.ഐ.ടി. ലക്ഷ്യം. 2019-ലെ കേസിന്റെ കുറ്റപത്രത്തിനൊപ്പം ഇതിന്റെ റിപ്പോർട്ടും ഹൈക്കോടതിക്ക് നൽകും. 2025 സെപ്റ്റംബർ ഏഴിനാണ് ശ്രീകോവിലിന്റെ ഇരുവശത്തേയും ദ്വാരപാലക ശില്പങ്ങളിലെ പാളികൾ സ്വർണം പൂശാനായി ഇളക്കിക്കൊണ്ടുപോയത്. ഹൈക്കോടതി നിയോഗിച്ച, ജില്ലാജഡ്ജി പദവിയിലുള്ള സ്പെഷ്യൽ കമ്മിഷണറെ അറിയിക്കാതെയാണ് കൊണ്ടുപോയത്. വിവരമറിഞ്ഞ സ്പെഷ്യൽ കമ്മിഷണർ ആർ. ജയകൃഷ്ണൻ ഹൈക്കോടതിക്ക് റിപ്പോർട്ട് നൽകി. ഇതേത്തുടർന്നാണ് 2019-ൽ നടന്ന വലിയകൊള്ളയുടെ വിവരങ്ങളും പുറത്തുവന്നത്. 2019-ൽ നടന്ന ക്രമക്കേട് മറച്ചുവെക്കാനായിരുന്നോ 2025-ലെ സ്വർണം പൂശൽ എന്ന ചോദ്യവും ഒരുഘട്ടത്തിൽ ഹൈക്കോടതി ചോദിച്ചിരുന്നു. ഒടുവിൽനടന്ന സ്വർണം പൂശലുമായി ബന്ധപ്പെട്ട്, നിലവിലെ തിരുവാഭരണം കമ്മിഷണറിൽനിന്ന് എസ്.ഐ.ടി. വിവരങ്ങളെടുത്തിരുന്നു. തിരുവല്ല ശ്രീവല്ലഭക്ഷേത്രത്തിലെ കൊടിമരത്തിന്റെ സ്വർണം പൂശലുമായി ബന്ധപ്പെട്ട് സ്മാർട് ക്രിയേഷൻസിന്റെ ആൾക്കാരുമായി തിരുവാഭരണം കമ്മിഷണർ സംസാരിച്ചിരുന്നതായി എസ്.ഐ.ടി.ക്ക് വിവരം കിട്ടിയിരുന്നു. ഇങ്ങനെ സംസാരിച്ചതിൽനിന്ന് സ്മാർട് ക്രിയേഷൻസ് അത്ര പ്രൊഫഷണൽ അല്ലെന്ന് കമ്മിഷണർ റിപ്പോർട്ട് ചെയ്തിരുന്നു. എന്നാൽ ഈ റിപ്പോർട്ട് മാറ്റാൻ സമ്മർദം ഉണ്ടായെന്ന നിഗമനത്തിലാണ് എസ്.ഐ.ടി. എട്ടുദിവസത്തിനുശേഷം, സ്മാർട് ക്രിയേഷൻസ് വൈദഗ്ധ്യമുള്ളവരാണെന്ന് തിരുവാഭരണം കമ്മിഷണർ റിപ്പോർട്ട് നൽകിയെന്നും എസ്.ഐ.ടി. കണ്ടെത്തി. 2019-ലെ കേസിലെ പ്രതികളായ ഉണ്ണിക്കൃഷ്ണൻ പോറ്റി, ചെന്നൈയിലെ സ്മാർട് ക്രിയേഷൻസ് ഉടമ പങ്കജ് ഭണ്ഡാരി, ബെല്ലാരിയിലെ ജൂവലറി ഉടമ ഗോവർധൻ, മുരാരി ബാബു എന്നിവർക്ക് 2025-ലെ സ്വർണം പൂശലുമായി ബന്ധമുള്ളതാണ് കേസിന്റെ ഗൗരവം കൂട്ടുന്നത്. Content Highlights: SIT focusing on the 2025 gold plating of Dwarapala idols as a cover for 2019 irregularities., Investigation includes questioning former board officials and staff regarding procedural lapses., Crucial forensic report from National Metallurgical Laboratory expected by late April 2026., High Court oversight remains central to the ongoing probe into the temple's gold management. Published: 02 Apr 2026, 07:19 am IST Disclaimer: Kindly avoid objectionable, derogatory, unlawful and lewd comments, while responding to reports. Such comments are punishable under cyber laws. Please keep away from personal attacks. The opinions expressed here are the personal opinions of readers and not that of Mathrubhumi.

ശബരിമല: എസ്.ഐ.ടി. അന്വേഷണം 2025-ലെ സ്വർണം പൂശലിലേക്ക് കേന്ദ്രീകരിക്കുന്നു
M
MathrubhumiSource Link
about 1 month ago