ചെന്നൈ : വേഷവിധാനം ഉൾപ്പെടെയുള്ള കാര്യങ്ങളിൽ മുഖ്യമന്ത്രി എം.കെ. സ്റ്റാലിനെ അടിമുടി മാറ്റിമറിച്ച ഡി.എം.കെ.യുടെ പുത്തൻരാഷ്ട്രീയ, തിരഞ്ഞെടുപ്പു തന്ത്രങ്ങൾക്കു പിന്നിൽ പ്രധാനബുദ്ധികേന്ദ്രമായി പ്രവർത്തിക്കുന്ന ഒരു വ്യക്തിയുണ്ട് -വി. ശബരീശൻ. സ്റ്റാലിന്റെ മകൾ സെന്താമരയുടെ ഭർത്താവാണ് ഇദ്ദേഹം. രാഷ്ട്രീയ തിരശ്ശീലയ്ക്ക് പിന്നിൽമാത്രംനിന്ന ശബരീശൻ ഈ നിയമസഭാ തിരഞ്ഞെടുപ്പുവേളയിൽ മുന്നിലേക്കു വരുകയാണ്. To advertise here, തുടർച്ചയായ രണ്ടാം സർക്കാരുണ്ടാക്കാൻ ലക്ഷ്യമിടുന്ന ഡി.എം.കെ.യെ കൈപിടിച്ചു മുന്നിലേക്ക് നടത്താൻ ശബരീശന്റെ മറനീക്കിയുള്ള വരവ് ഗുണകരമാവുമെന്നാണ് കരുതപ്പെടുന്നത്. മറുഭാഗത്ത് ഡി.എം.കെ. കുടുംബഭരണം പിന്തുടരുന്നുവെന്ന ആരോപണങ്ങൾക്ക് ശക്തിയാർജിക്കുകയുംചെയ്യും. കഴിഞ്ഞ ഏതാനുംവർഷമായി ഡി.എം.കെ.യിലെ പ്രധാന തന്ത്രജ്ഞനാണ് ശബരീശൻ. 2021 നിയമസഭാ തിരഞ്ഞെടുപ്പിലും 2024 ലോക്‌സഭാ തിരഞ്ഞെടുപ്പിലും ഡി.എം.കെ.യുടെ നേതൃത്വത്തിലുള്ള സഖ്യത്തെ വിജയത്തിലേക്കു നയിക്കുന്നതിൽ നിർണായകപങ്ക് ശബരീശനുണ്ട്. തിരഞ്ഞെടുപ്പ് തന്ത്രങ്ങൾ, സ്ഥാനാർഥി നിർണയം, പ്രചാരണ ആസൂത്രണം എന്നിവയിൽ അദ്ദേഹം സജീവമായി ഇടപെട്ടിരുന്നു. 2026 നിയമസഭാ തിരഞ്ഞെടുപ്പിൽ ശബരീശന്റെ പ്രകടനം കുറച്ചുകൂടി മെച്ചപ്പെട്ടു. നടൻ വിജയ്‌യുടെ രാഷ്ട്രീയപ്രവേശത്തെ പ്രതിരോധിക്കാൻ ശബരീശൻ തന്റെ കഴിവുകൾക്ക് കുറച്ചുകൂടി മൂർച്ചകൂട്ടി. വിജയ് ഉയർത്തുന്ന വെല്ലുവിളികളെ നിസ്സാരമായി കാണുകയും ഡി.എം.കെ.യുടെ ഭരണനയത്തിൽ ആത്മവിശ്വാസം പ്രകടിപ്പിക്കുകയും ചെയ്തുകൊണ്ടാണ് ശബരീശന്റെ ഓരോനീക്കവും. കരുണാനിധി മുഖ്യമന്ത്രിയായിരുന്നപ്പോൾ തന്റെ അനന്തരവൻ മുരസൊലി മാരനെ തന്ത്രങ്ങൾ മെനയാൻ ഉപയോഗിച്ചിരുന്നു. മാരൻ പിന്നീട് കേന്ദ്രമന്ത്രിയായി ഉയർന്നു. ശബരീശന്റെ കാര്യത്തിലും ഇതുസംഭവിക്കാൻ സാധ്യതയുണ്ടെന്നാണ് രാഷ്ട്രീയ നിരീക്ഷകരുടെ കണക്കുകൂട്ടൽ. ഇത്തവണ ഡി.എം.കെ. വീണ്ടുംഅധികാരത്തിലേറിയാൽ ശബരീശന്റെ തന്ത്രം ഒരിക്കൽകൂടി പ്രകീർത്തിക്കപ്പെടും. ഇതുവരെ ഔദ്യോഗിക സ്ഥാനത്തേക്ക് കൊണ്ടുവരാതിരുന്ന ശബരീശനെ ചിലപ്പോൾ സ്റ്റാലിന്റെ രാഷ്ട്രീയ പിൻഗാമികളിലൊരാളാക്കി മാറ്റിയാലും അദ്ഭുതപ്പെടാനില്ല. തിരുനെൽവേലി സ്വദേശിയായ ശബരീശൻ രാഷ്ട്രീയ പാരമ്പര്യമുളള കുടുംബത്തിൽനിന്നുള്ളയാളല്ല. സെന്താമരയെ പ്രണയിച്ചു വിവാഹം കഴിച്ചതാണ്. സെന്താമരയ്ക്ക് രാഷ്ട്രീയത്തിൽ താത്പര്യമുണ്ടായിരുന്നില്ല. ഡി.എം.കെ. പ്രതിപക്ഷത്തായിരുന്ന 10 വർഷത്തെ നീണ്ട കാലയളവിൽ കരുണാനിധി അസുഖബാധിതനായി പിന്നാക്കംപോയ സമയത്ത് സ്റ്റാലിൻ പതുക്കെ വളരുകയായിരുന്നു. അപ്പോഴാണ് പാർട്ടി കാര്യങ്ങളിൽ ശബരീശനും ഇടപെട്ടു തുടങ്ങുന്നത്. ആശയവിനിമയത്തിലുള്ള കഴിവുകൾ, പാർട്ടിയിലെ എല്ലാവരുമായും സഖ്യകക്ഷികളുമായും എതിരാളികളുമായും ഉള്ള നല്ലബന്ധം, ഡൽഹിയിലെ ഇതര പാർട്ടികളിലെ നേതാക്കളുമായുള്ള മികച്ച സൗഹൃദം തുടങ്ങി എല്ലാതലത്തിലും ശബരീശന്റെ കഴിവുകൾ മനസ്സിലാക്കിയതോടെ സ്റ്റാലിൻ ശബരീശനെ ചേർത്തുപിടിച്ചു. സെന്തിൽ ബാലാജിയെ പോലുള്ള ശക്തരായ നേതാക്കളെ അണ്ണാ ഡി.എം.കെ.യിൽനിന്ന് അടർത്തിമാറ്റി ഡി.എം.കെ.യിലെത്തിച്ചതിനുപിന്നിൽ പ്രവർത്തിച്ചിരുന്നതും ശബരീശനായിരുന്നു. സാമൂഹികമാധ്യമങ്ങളിലൂടെ ഡി.എം.കെ.യുടെ വിളംബരരീതി മാറ്റിയെടുത്തു. പഴഞ്ചൻമാരായ മന്ത്രിമാർക്കുപോലും എക്സ് പോലുള്ള സാമൂഹിക മാധ്യമങ്ങളിൽ അക്കൗണ്ടുകൾ തുറന്നുകൊടുത്തു. സ്റ്റാലിന്റെ ആശയങ്ങൾ ഉൾപ്പെടുത്തി സിനിമാ സ്റ്റൈലിൽ വീഡിയോഗാനം പുറത്തിറക്കിയതും ശബരീശനായിരുന്നു. പ്രചാരണം കൊട്ടിക്കലാശത്തിലേക്ക് കടക്കുമ്പോൾ ശബരീശന്റെ നേരിട്ടുള്ള ഇടപെടലുകൾ ഡി.എം.കെ.യെ ശക്തിപ്പെടുത്തുമോ അതോ പ്രതിപക്ഷത്തിന് പുതിയ ആക്രമണ സാധ്യതയായി മാറുമോ എന്നതാണ് രാഷ്ട്രീയ ലോകം ഇപ്പോൾ ഉറ്റുനോക്കുന്നത്.

ശബരീശൻ: ഡി.എം.കെ. തന്ത്രങ്ങൾക്കു പിന്നിലെ ബുദ്ധികേന്ദ്രം
M
MathrubhumiSource Link
21 days ago