കരിവെള്ളൂർ : റോഡ് നന്നാക്കൽ പാതിവഴിയിൽ നിലച്ചതോടെ കരിവെള്ളൂർ ഗവ. ആസ്പത്രിക്ക് എതിർഭാഗത്തുള്ള ശശി വീവേഴ്സ്-കുതിര് റോഡിൽ കാൽനടയാത്ര പോലും ദുരിതമായി. പൊട്ടിപ്പൊളിഞ്ഞ റോഡ് നന്നാക്കാനായി പഞ്ചായത്ത് പദ്ധതിയിൽ അഞ്ചുലക്ഷം രൂപയാണ് അനുവദിച്ചിരുന്നത്. To advertise here, ഫെബ്രുവരി ആദ്യവാരം കരാറുകാരൻ പണി തുടങ്ങുകയും ചെയ്തു. ചിലയിടങ്ങളിൽ റീടാറിങ്ങും വെള്ളം കെട്ടിനിൽക്കുന്ന ഭാഗങ്ങളിൽ കോൺക്രീറ്റ് റോഡുമായിരുന്നു പ്രവൃത്തി. കുറച്ചുഭാഗങ്ങളിൽ റീടാറിങ് ജോലി പൂർത്തിയാക്കിയെങ്കിലും കോൺക്രീറ്റ് ചെയ്യേണ്ട ഭാഗങ്ങളിൽ രണ്ടുമാസം മുൻപ് കരിങ്കൽ കഷണങ്ങൾ നിരത്തിയതല്ലാതെ പിന്നീട് പ്രവൃത്തി നടന്നില്ല. 150 മീറ്ററോളം നീളത്തിൽ റോഡ് മുഴുവൻ കിളച്ച് കരിങ്കൽ കഷണങ്ങൾ നിരത്തിയിരിക്കുകയാണ്. വിദ്യാർഥികളടക്കം നൂറുകണക്കിനാളുകൾ യാത്രചെയ്യുന്ന റോഡാണിത്. കരിങ്കൽ കഷണങ്ങൾ റോഡിന്റെ പല ഭാഗങ്ങളിലായി തെറിച്ചിരിക്കുകയാണ്. കാൽനടയാത്രക്കാരും ഇരുചക്രവാഹനങ്ങളും വളരെയധികം ബുദ്ധിമുട്ടിയാണ് യാത്രചെയ്യുന്നത്. രണ്ടുമാസമായിട്ടും റോഡ് പണി പുനരാരംഭിക്കാത്തതിൽ നാട്ടുകാർക്കിടയിൽ വ്യാപക പ്രതിഷേധമുണ്ട്. പഞ്ചായത്തധികൃതരുടെ ശ്രദ്ധയിൽപ്പെടുത്തിയിട്ടും ഒരു മാറ്റവും ഉണ്ടായിട്ടില്ല. മഴക്കാലത്ത് ദേശീയപാതയിലെ വെള്ളം മുഴുവൻ കുത്തിയൊഴുകി വലിയ രീതിയിൽ തകരുന്ന റോഡാണിത്. കഴിഞ്ഞ മഴക്കാലത്ത് വെള്ളം ഒഴുകിയുണ്ടായ രണ്ടടിയോളം ആഴമുള്ള കുഴികൾ റോഡരികിൽ ഇപ്പോഴുമുണ്ട്. ദേശീയപാതയിലെ വെള്ളക്കെട്ടിന് മഴക്കാലത്തിന് മുൻപ് പരിഹാരം കാണണമെന്ന ആവശ്യവും ഇതുവരെ പരിഗണിച്ചിട്ടില്ല. Published: 19 Apr 2026, 03:49 am IST Disclaimer: Kindly avoid objectionable, derogatory, unlawful and lewd comments, while responding to reports. Such comments are punishable under cyber laws. Please keep away from personal attacks. The opinions expressed here are the personal opinions of readers and not that of Mathrubhumi.

ശശി വീവേഴ്സ്-കുതിര് റോഡിൽ കരിങ്കൽ നിരത്തിയിട്ട് രണ്ടുമാസം
M
MathrubhumiSource Link
21 days ago