ടെക്‌നോളജി ഡെസ്‌ക് Last Updated: 23 April 2026, 05:16 PM IST കാണാതാകുകയോ മരിക്കുകയോ ചെയ്ത വ്യക്തികളില്‍ പലരും ആണവോര്‍ജ ഗവേഷണം മുതല്‍ എയറോസ്‌പേസ് സിസ്റ്റങ്ങള്‍ വരെയുള്ള വിവിധ മേഖലകളില്‍ പ്രവര്‍ത്തിച്ചിരുന്നു. 1. വൈറ്റ് ഹൗസ് പ്രസ് സെക്രട്ടറി കരോലിന്‍ ലീവിറ്റ് മാധ്യമങ്ങളോട് സംസാരിക്കുന്നു. 2. നാസയുടെ കെന്നഡി സ്‌പേസ് സെന്ററില്‍ നിന്നുള്ള ദൃശ്യം | Photo - AP, AFP സംശയാസ്പദമായ സാഹചര്യത്തിൽ കാണാതാകുകയോ മരണപ്പെടുകയോ ചെയ്യുന്ന അമേരിക്കൻ ശാസ്ത്രജ്ഞരുടെ എണ്ണം വർധിച്ചുവരുന്നതിനെക്കുറിച്ച് അന്വേഷണം നടത്താൻ യുഎസ് സർക്കാർ. വൈറ്റ് ഹൗസ് പ്രസ് സെക്രട്ടറി കരോലിൻ ലീവിറ്റ് മാധ്യമങ്ങളെ അറിയിച്ചതാണ് ഇക്കാര്യം. എഫ്ബിഐയുടെയും ഫെഡറൽ ഏജൻസികളുടെയും സമഗ്രമായ അന്വേഷണം നടത്തുമെന്നും ഇത്തരം സംഭവങ്ങൾ തമ്മിൽ എന്തെങ്കിലും ബന്ധമുണ്ടോയെന്ന് കണ്ടെത്തുമെന്നും അവർ പറഞ്ഞു. To advertise here, ആണവ, ബഹിരാകാശ, പ്രതിരോധ ഗവേഷണ മേഖലകളിൽ പ്രവർത്തിച്ചുവന്ന 10 ശാസ്ത്രജ്ഞരെങ്കിലും മരിക്കുകയോ കാണാതാവുകയോ ചെയ്ത സംഭവങ്ങളെത്തുടർന്നാണ് ഈ പ്രഖ്യാപനം. പുതിയ ഒരു കേസ് കൂടി വന്നതോടെ ആകെ എണ്ണം 11 ശാസ്ത്രജ്ഞരുമായി ബന്ധപ്പെട്ടാണ് ദുരൂഹത നിലനിൽക്കുന്നത്. വിഷയത്തിൽ യുഎസ് കോൺഗ്രസടക്കം ഇതിനകം ഇടപെട്ടിട്ടുണ്ട്. ഹൗസ് ഓവർസൈറ്റ് കമ്മിറ്റി എഫ്ബിഐ, ഊർജ വകുപ്പ്, പ്രതിരോധ വകുപ്പ്, നാസ എന്നിവയുൾപ്പെടെ നിരവധി ഏജൻസികളിൽ നിന്ന് ഔദ്യോഗികമായി വിശദീകരണങ്ങൾ ആവശ്യപ്പെട്ടിട്ടുണ്ട്. പുറത്തുവരുന്ന റിപ്പോർട്ടുകൾ ശരിയാണെങ്കിൽ മരണങ്ങളും അപ്രത്യക്ഷമാകലും യുഎസ് ദേശീയ സുരക്ഷയ്ക്കും രഹസ്യ വിവരങ്ങളിലേക്ക് പ്രവേശനമുള്ള യുഎസ് ഉദ്യോഗസ്ഥർക്കും ഗുരുതരമായ ഭീഷണിയാകാം എന്നാണ് വിലയിരുത്തപ്പെടുന്നത്. എഫ്ബിഐയാവും അന്വേഷണത്തിന് നേതൃത്വം നൽകുകയെന്ന് ഡയറക്ടർ കാഷ് പട്ടേൽ ഫോക്‌സ് ന്യൂസിനോട് പറഞ്ഞു. ഊർജ്ജ വകുപ്പിന്റെ നാഷണൽ ന്യൂക്ലിയർ സെക്യൂരിറ്റി അഡ്മിനിസ്‌ട്രേഷനും സാഹചര്യം ഗൗരവതരമാണെന്ന് വ്യക്തമാക്കിയിട്ടുണ്ട്. 'ഞങ്ങളുടെ ലാബുകൾ, പ്ലാന്റുകൾ, സൈറ്റുകൾ എന്നിവിടങ്ങളിലെ ജീവനക്കാരെക്കുറിച്ചുള്ള റിപ്പോർട്ടുകളെപ്പറ്റി ഞങ്ങൾ ബോധവാന്മാരാണ്. വിഷയത്തിൽ അന്വേഷണം നടത്തിവരികയാണ്' - അവർ പ്രസ്താവനയിൽ അറിയിച്ചു. നാസ അധികാരികളുമായി സഹകരിച്ച് പ്രവർത്തിക്കുകയാണെന്നും ആദ്യഘട്ടത്തിൽ ദേശീയ സുരക്ഷാ ഭീഷണി സംബന്ധിച്ച സൂചനകളൊന്നും ലഭിച്ചിട്ടില്ലെന്നും അവർ കൂട്ടിച്ചേർത്തു. ദുരൂഹമായ സംഭവങ്ങൾ 2022 മുതൽ 2022 മുതലുള്ളതാണ് റിപ്പോർട്ട് ചെയ്യപ്പെട്ട കേസുകൾ. ജെറ്റ് പ്രൊപ്പൽഷൻ ലബോറട്ടറി, ലോസ് അലാമോസ് നാഷണൽ ലബോറട്ടറി, മസാച്യുസെറ്റ്‌സ് ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ടെക്‌നോളജി, കാലിഫോർണിയ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ടെക്‌നോളജി, സൈന്യവുമായി ബന്ധപ്പെട്ട മറ്റ് സ്ഥാപനങ്ങൾ എന്നിവയിൽ ജോലി ചെയ്യുന്നവരോ അവരുമായി ബന്ധമുള്ളവരോ ആണ് ഇതിൽ ഉൾപ്പെട്ടിട്ടുള്ളത്. ജെപിഎൽ ശാസ്ത്രജ്ഞയായ മോണിക്ക റെസയുടെ 2025-ലെ അപ്രത്യക്ഷമാകലും, 2026-ൽ വിരമിച്ച എയർഫോഴ്‌സ് മേജർ ജനറൽ വില്യം നീൽ മക്കാസ്ലാൻഡിന്റെ അപ്രത്യക്ഷമാകലുമടക്കം ഇതിൽ ഉൾപ്പെടുന്നു. ഇവർ രണ്ടുപേരും മുമ്പ് എയർഫോഴ്‌സ് ഫണ്ട് ചെയ്ത ഒരു പ്രോജക്റ്റിൽ ഒരുമിച്ച് പ്രവർത്തിച്ചിരുന്നു. ആയുധ സംവിധാനങ്ങളും ബഹിരാകാശ വാഹനങ്ങളുമായി ബന്ധപ്പെട്ടതായിരുന്നു പ്രോജ്ക്ട്. 2024-ൽ ജെപിഎൽ ശാസ്ത്രജ്ഞൻ ഫ്രാങ്ക് മൈവാൾഡ് മരണപ്പെട്ടു. 2025-ൽ ലോസ് അലാമോസ് ജീവനക്കാരായ ആന്റണി ചാവേസും മെലിസ കാസിയാസും അപ്രത്യക്ഷരായി. ജ്യോതിശാസ്ത്രജ്ഞൻ കാൾ ഗ്രിൽമൈർ ഈ വർഷം ആദ്യം മരണപ്പെട്ടു. കാണാതായവരിലോ മരണപ്പെട്ടവരിലോ സർക്കാർ കരാറുകാരനായ സ്റ്റീവൻ ഗാർസിയയും, ഫാർമസ്യൂട്ടിക്കൽ കമ്പനിയായ നോവാർട്ടിസിലെ എക്‌സിക്യൂട്ടീവായ ജേസൺ തോമസും ഉൾപ്പെടുന്നു. 2022-ൽ മരണപ്പെട്ട അലബാമയിൽ നിന്നുള്ള ഗവേഷകയായ എമി എസ്‌ക്രിഡ്ജിന്റെ മരണവും പട്ടികയിൽ ഉൾപ്പെടുത്തിയിട്ടുണ്ട്, എന്നിരുന്നാലും ഈ കേസിന് മറ്റുള്ളവയുമായി എന്തെങ്കിലും ബന്ധമുണ്ടെന്ന് അധികൃതർ സ്ഥിരീകരിച്ചിട്ടില്ല. കാണാതാകുകയോ മരിക്കുകയോ ചെയ്ത വ്യക്തികളിൽ പലരും ആണവോർജ ഗവേഷണം മുതൽ എയറോസ്‌പേസ് സിസ്റ്റങ്ങൾ വരെയുള്ള വിവിധ മേഖലകളിൽ പ്രവർത്തിച്ചിരുന്നു. സ്‌പേസ്എക്‌സ്, ബ്ലൂ ഒറിജിൻ പോലുള്ള കമ്പനികളുമായി ബന്ധമുള്ള പ്രോഗ്രാമുകളായിരുന്നു അവയിൽ പലതും. ഈ സ്ഥാപനങ്ങൾക്ക് ദേശീയ സുരക്ഷാ വിക്ഷേപണങ്ങൾക്കും മിസൈൽ പ്രതിരോധ സംവിധാനങ്ങൾക്കുമായി ഫെഡറൽ കരാറുകൾ ലഭിച്ചിരുന്നു. ഈ സംഭവങ്ങൾ വിവിധ വിദേശ ശക്തികൾ ഉപയോഗിക്കുന്ന തന്ത്രങ്ങളുമായി സാമ്യമുള്ളതാണെന്ന് എഫ്ബിഐ മുൻ ഉദ്യോഗസ്ഥനായ ക്രിസ് സ്വെക്കർ മാധ്യമങ്ങളോട് പറഞ്ഞു. ശാസ്ത്രജ്ഞരെ തട്ടിക്കൊണ്ടുപോകുക, ഭീഷണിപ്പെടുത്തുക, പീഡിപ്പിക്കുക, കൊല്ലുക എന്നിവ അവയിൽ ഉൾപ്പെടുന്നതാണ്. എന്നിരുന്നാലും കേസുകൾ തമ്മിൽ ബന്ധമുണ്ടെന്നോ ഏകോപിത പ്രവർത്തനങ്ങളുടെ തെളിവുണ്ടെന്നോ എന്നൊന്നും അധികൃതർ ഇതുവരെ സ്ഥിരീകരിച്ചിട്ടില്ല. Content Highlights: 11 US scientists with access to sensitive research have died or gone missing since mid-2024., The White House and FBI are conducting a holistic review to identify potential commonalities., House Oversight Committee has requested briefings from the FBI, NASA, and the Department of Energy., Investigations cover experts in nuclear, aerospace, and planetary defense research., Officials are examining potential links to foreign intelligence activities. Published: 23 Apr 2026, 05:16 pm IST Disclaimer: Kindly avoid objectionable, derogatory, unlawful and lewd comments, while responding to reports. Such comments are punishable under cyber laws. Please keep away from personal attacks. The opinions expressed here are the personal opinions of readers and not that of Mathrubhumi.

ശാസ്ത്രജ്ഞരുടെ ദുരൂഹ മരണം, തിരോധാനം; അന്വേഷിക്കാൻ US, ഗൗരവമേറിയ ഭീഷണിയോ?
M
MathrubhumiSource Link
17 days ago