തൃശ്ശൂർ: ഒറ്റനിമിഷത്തിൽ ചിതറിത്തെറിച്ചുപോയ മനുഷ്യ ശരീരങ്ങളേക്കൊണ്ട് നിറഞ്ഞിരുന്നു തൃശ്ശൂർ മുണ്ടത്തിക്കോട്ടെ നോക്കത്താ ദൂരത്തോളമുള്ള മനോഹരമായ വയൽപ്രദേശം. കൊയ്ത്തു കഴിഞ്ഞ് പുതുനാമ്പുകളെ വരവേൽക്കാൻ കാത്തിരുന്ന പാടമൊന്നാകെ രക്തംകൊണ്ട് ചിത്രങ്ങൾ വരച്ചതുപോലെയായി. സ്വന്തമെന്ന് കരുതിയിരുന്നവർ തിരിച്ചറിയാൻ മുടിനാര് പോലും ബാക്കിവെക്കാതെ ഒരു നിമിഷംകൊണ്ട് മാഞ്ഞുപോയി. To advertise here, കഴിഞ്ഞദിവസവും ഒപ്പം നടന്നവർ കത്തിക്കരിഞ്ഞ് നിശ്ചലരായി മുന്നിൽ കിടക്കുമ്പോൾ ഇത് എന്റെ കൂടെപ്പിറപ്പ് തന്നെയാണോ എന്ന് സംശയിച്ച് നിസ്സഹായതയോടെ നോക്കിനിൽക്കുന്ന മനുഷ്യരെ കൊണ്ട് നിറഞ്ഞിരുന്നു തൃശ്ശൂർ മെഡിക്കൽ കോളേജ് മോർച്ചറി പരിസരം. ഒരു മനുഷ്യനും ഒരുകാലത്തും ഇങ്ങനെയൊരവസ്ഥ വരരരുതേ എന്ന് പ്രാർഥിച്ചുപോയ നിമിഷം. എല്ലാ പൂരക്കാലത്തും വെടിക്കെട്ട് പുരകളിൽ സഹായത്തിന് പോകുമായിരുന്ന കോട്ടപ്പുറം സ്വദേശി 27 വയസ്സുകാരൻ അഭിജിത്തിനെ തേടി മോർച്ചറികളും ആശുപത്രികളും കയറിയിറങ്ങുകയായിരുന്നു അനുജൻ അജു. എന്റെ ചേട്ടനെ കണ്ടോ എന്ന് അറിയാവുന്നവരോടൊക്കെ ചോദിച്ച് നിരാശനാകുമ്പോഴും അവൻ പ്രതീക്ഷയിലായിരുന്നു. ഈ സമയത്താണ് മാതൃഭൂമിക്കാർ ആരെങ്കിലുമുണ്ടോ എന്ന് ചോദിച്ച് മോർച്ചറിയിലുണ്ടായിരുന്ന ഒരു സന്നദ്ധ പ്രവർത്തകനും ഒരു പോലീസുകാരനും പുറത്തേക്ക് വന്നത്. തലേദിവസം കൊടുത്ത ഒരു വീഡിയോയിൽ ഉണ്ടായിരുന്നുവെന്ന് സംശയിക്കുന്ന ഒരാളെ തിരിച്ചറിയാൻ കഴിയുമോ എന്നായിരുന്നു ചോദ്യം. സംഭവസ്ഥലത്തുണ്ടായ പ്രതിനിധി എന്ന നിലയിൽ അകത്തേക്ക് കയറുകയും ചെയ്തു. അവിടെ കണ്ട കാഴ്ച മുണ്ടത്തിക്കോട് പൊട്ടിത്തെറിയുടെ ഏറ്റവും ഭീകരമായ കാഴ്ചയായിരുന്നു. നേരത്തെ പറഞ്ഞ അഭിജിത്തിന്റെ മുഖസാദൃശ്യമുള്ള, ശിരസ്സ് മാത്രം ബാക്കിയായ മനുഷ്യനെ ഒരു നോക്ക് മാത്രമേ നോക്കാൻ പറ്റിയുള്ളൂ. വീഡിയോയിൽ കണ്ടത് തന്റെ ചേട്ടനല്ലെന്ന് പറഞ്ഞതോടെ അവിടെ ഉണ്ടായിരുന്ന അഭിജിത്തിന്റെ അനുജൻ അജുവിന് ആ പ്രതീക്ഷയും നഷ്ടപ്പെടുകയും ചെയ്തു. അഭിജിത്ത് അടക്കമുള്ള നാല് പേരാണ് എങ്ങോട്ട് പോയെന്നോ എന്ത് സംഭവിച്ചുവെന്നോ അറിയാതെ, ഒരു തെളിവ് പോലുമില്ലാതെ മാഞ്ഞുപോയിരിക്കുന്നത്. എന്റെ ചേട്ടന് കട്ടിത്താടിയുണ്ട്, കാതിലൊരു കടുക്കനുണ്ട്, കഴുത്തിലൊരു മാലയും കയ്യിലൊരു വളയുമുണ്ട്, നല്ല ആരോഗ്യമുള്ള ശരീരമുള്ള ചെറുപ്പക്കാരനാണ്. ചേട്ടനെ തിരിച്ചറിയാനുള്ള സൂചന പറയുമ്പോൾ വലിയ പ്രതീക്ഷയായിരുന്നു അജുവിന്. മോർച്ചറികളിൽ കയറിയിറങ്ങി തിരിച്ചറിയാൻ പോലും കഴിയാതെ പാക്ക് ചെയ്ത് വെച്ചിരിക്കുന്ന ശരീര ഭാഗങ്ങളിൽ എന്തെങ്കിലും ഒരു സാധ്യതയുണ്ടോ എന്ന് നോക്കുമ്പോഴും അജുവിന്റെ മുഖത്ത് നിരാശയും സങ്കടവും നിസ്സഹായതയും നിറഞ്ഞിരുന്നു. ഒരേ മൃതദേഹത്തിന് ഒന്നിലധികം പേർ അവകാശമുന്നയിക്കുന്ന കാഴ്ചയ്ക്കും മോർച്ചറി പരിസരം സാക്ഷിയായിരുന്നു. കാരണം, അത്രമാത്രം അവ്യക്തമായ തെളിവ് ബാക്കിവെച്ചായിരുന്നു ഒറ്റ നിമിഷം കൊണ്ട് പലരും ചിതറിത്തെറിച്ച് പോയത്. ഓരോ പൂരമെത്തുമ്പോഴും തൃശ്ശൂരിലെ ഓരോ വീടും ആഘോഷത്തിലാവേണ്ട ദിവസങ്ങളിൽ, സന്തോഷത്തോടെ ബന്ധുക്കൾ എത്തിച്ചേരേണ്ട സമയങ്ങളിൽ മരണാനന്തര ചടങ്ങുകൾ നടത്തേണ്ട ഗതികേട് ഇനിയൊരിക്കലും ഉണ്ടാവരുതേ എന്നുകൂടി വടക്കുന്നാഥനോട് പ്രാർഥിക്കുകയാണ് ഇപ്പോൾ തൃശ്ശൂരുകാർ. Content Highlights: The tragic aftermath of the Mundathikode fireworks explosion., Aju's desperate search for his missing brother Abhijith., The grim reality of unidentified human remains at Thrissur Medical College., The emotional toll on families during the aftermath of the disaster. Published: 23 Apr 2026, 12:36 pm IST Disclaimer: Kindly avoid objectionable, derogatory, unlawful and lewd comments, while responding to reports. Such comments are punishable under cyber laws. Please keep away from personal attacks. The opinions expressed here are the personal opinions of readers and not that of Mathrubhumi.

ശിരസ്സുമാത്രം ബാക്കിയായ മനുഷ്യൻ, തരിച്ചറിയാനാകാത്ത ശരീരഭാഗങ്ങൾ; ചേട്ടനെതേടി മോർച്ചറി കയറിയിറങ്ങി അജു
M
MathrubhumiSource Link
17 days ago