മലയാളി കോർണർ To advertise here, ബെംഗളൂരു : ഷിർദിസായി ബാബയുടെ 32 അടി ഉയരമുള്ള ശില്പം ഒരുക്കിയ മഹേഷ് നാരായണന്റെ കരവിരുത് വീണ്ടും കന്നഡ മണ്ണിന്റെ മനം കവർന്നു. ബെംഗളൂരു കോറമംഗലയിലുള്ള സെയ്ന്റ് ജോൺസ് മെഡിക്കൽ കോളേജ് പാർക്കിലെ സ്‌നാപക യോഹന്നാന്റെ ശില്പമാണ് ശ്രദ്ധേയമായിരിക്കുന്നത്. 24 അടി ഉയരമുള്ള ശില്പം കഴിഞ്ഞ മാസമാണ് അനാച്ഛാദനം ചെയ്തത്. സ്‌നാപക യോഹന്നാന് ഒപ്പം യേശുക്രിസ്തുവുമുള്ള ശില്പമാണ് തയ്യാറാക്കിയത്. യേശു ക്രിസ്തുവിനെ സ്‌നാനപ്പെടുത്തുന്ന രംഗം കോൺക്രീറ്റിൽ തയ്യാറാക്കുകയായിരുന്നു. ആത്മീയ പ്രാധാന്യവും ശില്പകലയുടെ സൂക്ഷ്മ സൗന്ദര്യവും കൂടിച്ചേരുന്ന ശില്പം ഒരേ സമയം വിശ്വാസികളുടെയും കലാസ്വാദകരുടെയും ശ്രദ്ധനേടിക്കഴിഞ്ഞു. ക്രിസ്തുവിന്റെ സ്‌നാനവുമായി ബന്ധപ്പെട്ട ലോകത്തെ തന്നെ ഏറ്റവും വലിയ ശില്പങ്ങളിൽ ഒന്നായിരിക്കുമിത്. ബൈബിളിൽ വിവരിക്കുന്ന ഏറ്റവും പ്രധാന സംഭവങ്ങളിൽ ഒന്നാണ് ക്രിസ്തുവിന്റെ സ്നാനം. പ്രവചനത്തിന്റെ വേറിട്ട ശബ്ദമായിരുന്ന സ്‌നാപക യോഹന്നാൻ, ക്രിസ്തുവിന്റെ സ്‌നാനം നടത്തിയതിനും വലിയ പ്രത്യേകതയുണ്ട്. ഈ പ്രത്യേകതകൾ എല്ലാം ഉൾക്കൊണ്ടാണ് ശില്പം നിർമിച്ചതെന്ന് മഹേഷ് നാരായണൻ പറഞ്ഞു. വൈദികർ അടക്കമുള്ള വേദശാസ്ത്രകാരന്മാരുമായി ചർച്ച നടത്തിയാണ് സ്നാപക യോഹന്നാന്റെ രൂപം തയ്യാറാക്കിയത്. നാല് മാസം നീണ്ട പരിശ്രമത്തിന് ഒടുവിലാണ് മൈഹാർട്ട് ക്രിയേഷൻസിന് വേണ്ടി ശില്പം പൂർത്തിയാക്കിയത്. രാകേഷ് കണ്ണൻ, സി.പി.സുരേഷ്, രാജേഷ് നൂറനാട്, അക്ഷയ് എന്നിവർ സഹായികളായി. പട്ടാമ്പി പുലാശ്ശേരി സ്വദേശിയും കവിയുമായ മഹേഷ്‌നാരായണൻ കർണാടകത്തിൽ തയ്യാറാക്കിയ എട്ടാമത്തെ ശില്പമാണ് സ്‌നാപക യോഹന്നാൻ. ഹാസൻ ജില്ലയിലെ ഹിരിസവേയിലെ ഗുഹാക്ഷേത്രത്തിന് സമീപം തയ്യാറാക്കിയ സായിബാബ ശില്പം ഏറെ പ്രശംസനേടിയിരുന്നു. ബെംഗളൂരു കെ.ആർ.പുരത്തെ ഡോൺ ബോസ്കോ കോളേജിലും മഹേഷ് തയ്യാറാക്കിയ ശില്പങ്ങളുണ്ട്. ഹംപിയിലെ ശില്പവും ജെ.പി. നഗറിലെ മൃത്യു ദേവ ശില്പവും ഏറെ ശ്രദ്ധേയമായി. Published: 15 Mar 2026, 12:18 am IST Disclaimer: Kindly avoid objectionable, derogatory, unlawful and lewd comments, while responding to reports. Such comments are punishable under cyber laws. Please keep away from personal attacks. The opinions expressed here are the personal opinions of readers and not that of Mathrubhumi.

ശില്പങ്ങളിലൂടെ കന്നഡമണ്ണിന്റെ മനം കവർന്ന് മഹേഷ് നാരായണൻ
M
MathrubhumiSource Link
about 2 months ago