ശാസ്താംകോട്ട : പോരുവഴിയുടെ വടക്കൻമേഖലയായ ഗിരിപുരത്ത് പൊതുപൈപ്പ് വഴിയുള്ള കുടിവെള്ളവിതരണം മുടങ്ങിയിട്ട് ഒന്നര മാസം. ഉയർന്ന പ്രദേശമായതിനാൽ വേനൽക്കാലത്ത് കിണറുകളിലും വെള്ളമില്ല. കനാൽ വഴി ഒരു ദിവസമാണ് വെള്ളമെത്തിയത്. അതിനാൽ, കിണറുകളിലേക്ക് നീരുറവയുണ്ടായില്ല. To advertise here, പൈപ്പുവെള്ളത്തെ മാത്രം ആശ്രയിക്കുന്നവരാണ് ഇവിടെ ഏറെയും. ഒന്നര മാസത്തിനിടെ രണ്ടു ദിവസം നൂലുപോലെ ഇത്തിരി വെള്ളം വന്നതല്ലാതെ കാര്യമായി കുടിവെള്ളം എത്തിയിട്ടില്ല. ഇടയ്ക്കാട് ബംഗ്ലാവ് വെസ്റ്റ് പദ്ധതിയിൽനിന്നാണ് ഗിരിപുരം ഉൾപ്പെടെയുള്ള പ്രദേശങ്ങളിൽ പൈപ്പുവെള്ളമെത്തുന്നത്. സാധാരണ രണ്ടും മൂന്നും ദിവസം ഇടവിട്ടാണ് വെള്ളം കിട്ടിയിരുന്നത്. ഇപ്പോൾ പൂർണമായി നിലച്ച മട്ടാണ്. പണം കൊടുത്ത് ടാങ്കറുകളിൽ വെള്ളം വാങ്ങിയാണ് മിക്കവരും പ്രതിസന്ധി മറികടക്കുന്നത്. പള്ളിക്കലാറിനെ ആശ്രയിച്ചാണ് ബംഗ്ലാവ് വെസ്റ്റ് പദ്ധതി നിലനിൽക്കുന്നത്. ഇടവിട്ടെങ്കിലും വാൽവ് ക്രമീകരിച്ച് ഗിരിപുരത്തേക്ക് വെള്ളം തിരിച്ചുവിട്ടാൽ നിലവിലെ പ്രതിസന്ധിക്കു പരിഹാരമാകുമെന്ന് നാട്ടുകാർ പറയുന്നു. പഞ്ചായത്തംഗം ഉൾപ്പെടെയുള്ളവർ പലതവണ രേഖാമൂലം ശാസ്താംകോട്ട വാട്ടർ അതോറിറ്റി അധികൃതരെ വിവരമറിയിച്ചിട്ടും പരിഹാരമില്ല. കളക്ടർക്കും പരാതി നൽകി കാത്തിരിക്കുകയാണ്. അടിയന്തരപരിഹാരമുണ്ടായില്ലെങ്കിൽ വാട്ടർ അതോറിറ്റി ഓഫീസ് ഉപരോധം നടത്താനാണ് നാട്ടുകാരുടെ നീക്കം. Published: 07 Apr 2026, 02:22 am IST Disclaimer: Kindly avoid objectionable, derogatory, unlawful and lewd comments, while responding to reports. Such comments are punishable under cyber laws. Please keep away from personal attacks. The opinions expressed here are the personal opinions of readers and not that of Mathrubhumi.
