അബുദാബി : റംസാൻ മാസത്തിലും പെരുന്നാൾ ദിനത്തിലുമായി അബുദാബിയിലെ ശൈഖ് സായിദ് ഗ്രാൻഡ് മോസ്ക് സെന്ററിന് കീഴിലുള്ള മസ്ജിദുകളിൽ നമസ്കാരത്തിനെത്തിയത് 32 ലക്ഷത്തിലേറെപ്പേർ. 26 ലക്ഷം പേർക്ക് റംസാൻ മാസമുടനീളം ഇഫ്താർ ഭക്ഷണവും വിതരണം ചെയ്തു. To advertise here, അബുദാബി ശൈഖ് സായിദ് ഗ്രാൻഡ് മോസ്കിൽ മാത്രമായി 16 ലക്ഷം പേരെത്തി. ഇതിൽ 5,10,046 വിശ്വാസികൾ, 2,05,642 സന്ദർശകർ, 4,862 ട്രാക്ക് ഉപയോക്താക്കൾ, 9,80,010 ഇഫ്താർ അതിഥികൾ എന്നിങ്ങനെയാണ് കണക്ക്. ഇതാദ്യമായാണ് ഇത്രയേറെ പേർ ശൈഖ് സായിദ് ഗ്രാൻഡ് മോസ്കിൽ ഇഫ്താർ അതിഥികളായെത്തുന്നത്. അൽ ഐനിലെ ശൈഖ് ഖലീഫ ഗ്രാൻഡ് മോസ്‌ക് 9,60,011 അതിഥികളെ സ്വാഗതംചെയ്തു. ഇതിൽ 4,09,155 വിശ്വാസികളും 5,50,240 ഇഫ്താർ അതിഥികളും ദിവസവും വന്നുപോയിരുന്ന 616 വാക്ക് വേ അതിഥികളും ഉൾപ്പെടും. ഫുജൈറയിലെ ശൈഖ് സായിദ് ഗ്രാൻഡ് മോസ്കിൽ 5,07,222 പേർ പങ്കെടുത്തു. ഇതിൽ 2,31,020 പേർ വിശ്വാസികളും 2,65,560 പേർ ഇഫ്താർ അതിഥികളുമാണ്. റാസൽഖൈമയിലെ ശൈഖ് ഖലീഫ ഗ്രാൻഡ് മോസ്കിൽ ഇതേ കാലയളവിൽ 63,172 വിശ്വാസികളെത്തി. സഹിഷ്ണുത, സഹവർത്തിത്വം, സമൂഹ സേവനം എന്നിവ പ്രോത്സാഹിപ്പിക്കുന്നതിൽ ശൈഖ് സായിദ് ഗ്രാൻഡ് മോസ്‌ക് സെന്ററിന്റെ പ്രവർത്തനമികവാണ് എടുത്തുകാണിക്കുന്നതെന്ന് സെന്റർ ഡയറക്ടർ ജനറൽ ഡോ. യൂസഫ് അൽ ഒബൈദ്‌ലി പറഞ്ഞു. ഓരോ മസ്ജിദുകളിലും ശൈഖ് സായിദ് ഗ്രാൻഡ് മോസ്ക് സെന്റർ നൽകുന്നത് ഉയർന്ന നിലവാരമുള്ള സേവനമാണ്. വിശ്വാസികളുടെ സുഖസൗകര്യങ്ങളും സുരക്ഷയും കൃത്യമായി ഉറപ്പാക്കുന്നുമുണ്ട്. അത് ഓരോരുത്തരുടെയും ആത്മീയ അനുഭവം സമ്പന്നമാക്കുന്നു. സന്നദ്ധപ്രവർത്തകരുടെ പ്രവർത്തനത്തെയും അദ്ദേഹം പ്രശംസിച്ചു. ഇമിറാത്തി ദാനധർമത്തിന്റെയും സഹകരണത്തിന്റെയും മൂല്യങ്ങളെ പ്രതിഫലിപ്പിക്കുന്നതാണ് സന്നദ്ധപ്രവർത്തകരുടെ പ്രവർത്തനങ്ങളെന്ന് അദ്ദേഹം പറഞ്ഞു. ഇദ്രിസ് അബ്കർ, യഹ്യ ഐഷാൻ, അലാ അൽ മജ്ജാജി, അബ്ദുല്ല അൽ ബലൂഷി, അബ്ദുൽബാസിത് അബ്ദുൽസമദ് എന്നിവരുൾപ്പെടെയുള്ള ഇമാമുമാരാണ് റംസാനിലുടനീളം പ്രാർഥനകൾക്ക് നേതൃത്വം നൽകിയത്. ശൈഖ് സായിദ് ബിൻ സുൽത്താൻ അൽ നഹ്യാന്റെ സ്മരണയ്ക്കായി വർഷം തോറും നടപ്പിലാക്കുന്ന ഔർ ഫാസ്റ്റിങ് ഗസ്റ്റ്‌സ് സംരംഭത്തിന്റെ ഭാഗമായി, സായിദ് ഫോർ ഗുഡ് ഫൗണ്ടേഷനിലൂടെ എർത്ത് അബുദാബിയുമായി സഹകരിച്ചാണ് ശൈഖ് സായിദ് ഗ്രാൻഡ് മോസ്ക് സെന്റർ മസ്ജിദുകളിലുടനീളം 26 ലക്ഷം ഇഫ്താർ ഭക്ഷണം വിതരണം ചെയ്തത്. മുഹമ്മദ് ബിൻ സായിദ് മജ്‌ലിസിന്റെ കീഴിൽ മൂന്ന് റംസാൻ പ്രഭാഷണങ്ങൾ സംഘടിപ്പിച്ചു.

ശൈഖ് സായിദ് ഗ്രാൻഡ് മോസ്ക് സെന്ററിലെ മസ്ജിദുകളിലെത്തിയത് 32 ലക്ഷത്തിലേറെ പേർ
M
MathrubhumiSource Link
about 2 months ago