ശ്രീകണ്ഠപുരം : നഗരസഭയുടെ നേതൃത്വത്തിൽ നടത്തുന്ന ശ്രീകണ്ഠപുരം ബസ് സ്റ്റാൻഡ് നവീകരണവും ഓവുചാൽ നിർമാണവും പുരോഗമിക്കുന്നു. 29 ലക്ഷം രൂപ ചെലവിലാണ് നവീകരണം. ബസ് സ്റ്റാൻഡിനും സാമാ ബസാറിനും ഇടയിൽ നേരത്തേ വെള്ളം ഒഴുകിപ്പോകാൻ സ്ഥാപിച്ച ചെറിയ പൈപ്പുകൾ മാറ്റിയാണ് ആഴവും വീതിയും കൂട്ടി ഓട നിർമിക്കുന്നത്. ചെറിയ പൈപ്പുകളായിരുന്നതിനാൽ വെള്ളമൊഴുകാൻ തടസ്സമുണ്ടായിരുന്നു. To advertise here, കനത്ത മഴയിൽ ശ്രീകണ്ഠപുരം നഗരത്തിലെ പല സ്ഥലങ്ങളിലും വെള്ളം കയറാനും ഇത് കാരണമാകാറുണ്ട്. വ്യാപാരികളെ ഉൾപ്പെടെ ദുരിതത്തിലാക്കുന്ന ഈ വെള്ളക്കെട്ടിന് ശാശ്വതപരിഹാരം കാണുകയെന്ന ലക്ഷ്യത്തോടെയാണ് കഴിഞ്ഞ ഭരണസമിതി ഓവുചാൽ പണിയാൻ തുക അനുവദിച്ചത്. പണി തുടങ്ങിയപ്പോൾത്തന്നെ താഴെ ചെളി കൂടുതലായതിനാൽ പ്രതീക്ഷിച്ചതിലും അധികം സമയം നിർമാണത്തിന് വേണ്ടിവന്നു. 75 ശതമാനം പണി പൂർത്തിയായി. അവശേഷിക്കുന്ന പണി ചെയ്യാൻ ഒരു വൈദ്യുതത്തൂൺ കൂടി മാറ്റേണ്ടതുണ്ട്. ഓവുചാൽ നിർമാണം കഴിഞ്ഞാൽ ബസ് സ്റ്റാൻഡിൽ റീ ടാറിങ് നടത്തുകയും ബസ് സ്റ്റാൻഡിനും നഗരസഭാകെട്ടിടങ്ങൾക്കും ഇടയിലെ റോഡ് ഇന്റർലോക്ക് വിരിച്ച് ബലപ്പെടുത്തുകയും ചെയ്തു. സമീപത്തെ പോലീസ് എയ്ഡ് പോസ്റ്റിനടുത്തെ ജപ്പാൻ കുടിവെള്ള പദ്ധതിയുടെ പൈപ്പും മാറ്റി വേണം റീ ടാറിങ് നടത്താൻ. ഇതിനായി ജലസേചന വകുപ്പിനോട് നഗരസഭ ആവശ്യപ്പെട്ടിട്ടുണ്ട്. വർഷങ്ങൾ പഴക്കമുള്ളതായിരുന്നു ബസ് സ്റ്റാൻഡിലുണ്ടായിരുന്ന ഓവുചാൽ. 2019-ലും 2020-ലും ശ്രീകണ്ഠപുരം ബസ് സ്റ്റാൻഡിൽ ഉൾപ്പെടെ വെള്ളം കയറിയിരുന്നു. കനത്ത മഴയോടൊപ്പം വ്യാപ്തി കുറഞ്ഞ ഓവുചാൽ വഴി കൃത്യമായ രീതിയിൽ പുഴയിലേക്ക് വെള്ളം ഒഴുകിപ്പോകാത്തതും പ്രളയത്തിന് കാരണമായിരുന്നു. നിർമാണം തുടങ്ങിയിട്ട് നാലുമാസം കഴിഞ്ഞിട്ടും പൂർത്തിയാകാത്തതിൽ വ്യാപാരികൾക്കിടയിൽ പ്രതിഷേധമുയരുന്നുണ്ട്. സബ്ട്രഷറി ഉൾപ്പെടെയുള്ള ഓഫീസുകളും നിരവധി വ്യാപാരസ്ഥാപനങ്ങളുമുള്ള ഇവിടെ പണി വൈകുന്നത് ദുരിതമാകുന്നുണ്ട്. നിർമാണം തുടങ്ങിയപ്പോൾ ഇവിടത്തെ ഹോട്ടലും കടകളും അടച്ചിട്ടിരുന്നു. കാലവർഷം തുടങ്ങാൻ ഒരുമാസം മാത്രം ബാക്കിയുള്ളപ്പോൾ പ്രവൃത്തികൾ പൂർത്തിയാകുമോയെന്ന ആശങ്കയിലാണ് നാട്ടുകാർ. രാത്രിയിൽ ബസുകൾ വേണം :രാത്രിയിൽ ബസുകൾ ഇല്ലാത്തത് വ്യാപാരികളെയും നാട്ടുകാരെയും ദുരിതത്തിലാക്കുന്നുണ്ട്. രാത്രി ഏഴാകുന്നതോടെ ശ്രീകണ്ഠപുരം നഗരവും ബസ് സ്റ്റാൻഡും വിജനമാകും. ഇരിക്കൂർ നിയോജക മണ്ഡലത്തിന്റെ ആസ്ഥാനം, മലയോരകേന്ദ്രം എന്നിങ്ങനെ വിശേഷണങ്ങളൊക്കെയുണ്ടെങ്കിലും സന്ധ്യ മയങ്ങുന്നതോടെ ഉറങ്ങുന്ന നഗരസഭയാണ് ശ്രീകണ്ഠപുരം. ഏഴുമണി കഴിഞ്ഞാൽ ബസോട്ടം പേരിന് മാത്രമാണ്. അതുകൊണ്ടുതന്നെ രാത്രി 7.30-ന് ശേഷം ബസ് സ്റ്റാൻഡിലെ വിരലിലെണ്ണാവുന്ന കടകൾ മാത്രമേ തുറക്കാറുള്ളൂ. രാത്രിഭക്ഷണം ലഭിക്കുന്ന ഹോട്ടലുകളും കുറവാണ്. രാത്രി ഒൻപതുവരെ കട തുറക്കാൻ വ്യാപാരികൾ തയ്യാറാണെങ്കിലും ബസില്ലാതെ എങ്ങനെ ആളുകൾ നഗരത്തിലെത്തുമെന്നാണ് ഇവർ ചോദിക്കുന്നത്. ശ്രീകണ്ഠപുരത്തുനിന്ന് രാത്രിയിൽ ചെമ്പേരി, പയ്യാവൂർ, നടുവിൽ, ഇരിക്കൂർ, ഇരിട്ടി, തളിപ്പറമ്പ് ഭാഗങ്ങളിലേക്ക് രാത്രി 10 വരെയെങ്കിലും പുതിയ ബസ് റൂട്ടുകൾ അനുവദിക്കണമെന്നാണ് ആവശ്യം.

ശ്രീകണ്ഠപുരം ബസ് സ്റ്റാൻഡ് നവീകരണം പുരോഗമിക്കുന്നു
M
MathrubhumiSource Link
22 days ago