ചെന്നൈ: നടി ശ്രീദേവിയുടെ ചെന്നൈയിലെ സ്വത്തുമായി ബന്ധപ്പെട്ട കേസിൽ മദ്രാസ് ഹൈക്കോടതിയെ സമീപിച്ച് നിർമാതാവ് ബോണി കപൂറും മക്കൾ ജാൻവി കപൂറും ഖുഷി കപൂറും. ഈസ്റ്റ് കോസ്റ്റ് റോഡിന് സമീപമുള്ള ശ്രീദേവിയുടെ സ്വത്തുമായി ബന്ധപ്പെട്ട പരാതി തള്ളാൻ വിസമ്മതിച്ച ചെങ്കൽപേട്ട് അഡീഷണൽ ഡിസ്ട്രിക്ട് ജഡ്ജിയുടെ ഉത്തരവിനെതിരെയാണ് കോടതിയെ സമീപിച്ചത് To advertise here, ലൈവ് ലോ റിപ്പോർട്ട് പ്രകാരം, തിങ്കളാഴ്ച ജസ്റ്റിസ് ടി.വി. തമിഴ്സെൽവിയാണ് ഹർജി പരിഗണിച്ചത്. കപൂർ കുടുംബത്തിന്റെ ജോയിന്റ് സിവിൽ റിവിഷൻ പെറ്റീഷൻ പരിഗണിച്ച കോടതി, അടുത്ത ഹിയറിങ് മാർച്ച് 26-ലേക്ക് മാറ്റിവെച്ചു. അതുവരെ ജില്ലാ കോടതിയിലെ എല്ലാ നടപടികളും സ്റ്റേ ചെയ്തിട്ടുണ്ട്. ചന്ദ്രഭാനു എന്ന സ്ത്രീയും മക്കളായ എം.സി. ശിവകാമി, എം.സി. നടരാജൻ എന്നിവരും ചേർന്നാണ് ചെന്നൈയിലെ സ്വത്തിൽ തങ്ങൾക്ക് പങ്കുണ്ടെന്ന് അവകാശപ്പെട്ട് കേസ് ഫയൽ ചെയ്തത്. ശ്രീദേവിയും സഹോദരിയും ചേർന്ന് 4.7 ഏക്കർ ഭൂമി വാങ്ങിയ നാല് ആധാരങ്ങൾ അസാധുവാക്കണമെന്നാണ് ഇവരുടെ ആവശ്യം. ഇവ വ്യാജമാണെന്നും മുത്തച്ഛന്റെ വകയായ സ്വത്തിൽ തങ്ങൾക്ക് അവകാശമുണ്ടെന്നുമാണ് പരാതിക്കാരുടെ വാദം. എതിർകക്ഷികൾ നടത്തുന്നത് തട്ടിപ്പ് ശ്രമമാണെന്ന് ചൂണ്ടിക്കാട്ടി ബോണി കപൂർ കഴിഞ്ഞ വർഷം തന്നെ കോടതിയിൽ അപേക്ഷ നൽകിയിരുന്നു. ചന്ദ്രഭാനുവിന്റെ വിവാഹം നടന്നത് നിലവിലുള്ള മറ്റൊരു വിവാഹം നിലനിൽക്കെയാണെന്നും അതിനാൽ നിയമപരമായി വിവാഹം അസാധുവാണെന്നുമായിരുന്നു ബോണി കപൂറിൻ്റെ ഭാഗത്തുനിന്നുള്ള വാദം. 1988-ലെ ആധാരങ്ങളെ 37 വർഷങ്ങൾക്ക് ശേഷം ചോദ്യം ചെയ്യുന്നത് നിയമപരമായി നിലനിൽക്കില്ലെന്ന് കോടതിയിൽ ചൂണ്ടിക്കാട്ടി. എന്നാൽ, ഭാഗം വെയ്ക്കാത്ത സ്വത്തുക്കളുടെ കാര്യത്തിൽ വിഭജനത്തിനായി കേസ് ഫയൽ ചെയ്യാൻ സമയപരിധിയില്ലെന്നാണ് പരാതിക്കാരുടെ വാദം. 1996 ജൂണിലായിരുന്നു ബോണി കപൂറിന്റെയും ശ്രീദേവിയുടെയും വിവാഹം. ജാൻവി കപൂർ, ഖുഷി കപൂർ എന്നിവരാണ് മക്കൾ. 2018 ഫെബ്രുവരി 24-ന് ദുബായിൽ വെച്ചായിരുന്നു ശ്രീദേവിയുടെ അപ്രതീക്ഷിത മരണം. Content Highlights: Boney Kapoor and daughters challenge a lower court order regarding Sridevi's ECR property. Published: 17 Mar 2026, 06:21 pm IST Disclaimer: Kindly avoid objectionable, derogatory, unlawful and lewd comments, while responding to reports. Such comments are punishable under cyber laws. Please keep away from personal attacks. The opinions expressed here are the personal opinions of readers and not that of Mathrubhumi.

ശ്രീദേവിയുടെ 4.7 ഏക്കർ ഭൂമി; ബോണി കപൂറും മക്കളും മദ്രാസ് ഹൈക്കോടതിയിൽ, നടപടികൾക്ക് സ്റ്റേ
M
MathrubhumiSource Link
about 2 months ago