കോട്ടയം: തിരുവനന്തപുരം പദ്‌മനാഭസ്വാമിക്ഷേത്രത്തിൽ കേന്ദ്രസഹായത്തോടെ നടപ്പാക്കിയ ‘സ്വദേശ് ദർശൻ’ പദ്ധതിക്ക് സർക്കാർ നല്കിയത് 19.26 കോടി രൂപ. എന്നാൽ പദ്ധതി നടപ്പാക്കിയ നിർമിതികേന്ദ്രത്തിന്റെ രേഖയിലുള്ളത് 18.89 കോടി മാത്രം. എന്നിട്ടും 19.26 കോടി രൂപയും ചെലവഴിച്ചെന്ന് രേഖയുണ്ടാക്കി. അതിനുശേഷവും കാഷ് ബുക്കിലും ചെക്ക്‌രജിസ്റ്ററിലും 12.59 ലക്ഷം രൂപയും സോഫ്‌റ്റ്‌വേർ അധിഷ്ഠിത ലെഡ്‌ജർ റിപ്പോർട്ടിൽ 6.40 കോടി രൂപയും നീക്കിയിരിപ്പ് കാണിച്ചിട്ടുണ്ട്. കൂടുതൽ സൗകര്യമൊരുക്കാൻ നടപ്പാക്കിയ പദ്ധതിയിലെ കണക്കിലാകെ മറിമായമെന്ന് സംസ്ഥാന ഓഡിറ്റ് വകുപ്പ്. കണക്കുകളുടെ അവ്യക്തതയെപ്പറ്റി വിശദീകരണം ചോദിച്ചെങ്കിലും നിർമിതി കേന്ദ്രത്തിന് മറുപടിയില്ല. To advertise here, 19.26 കോടി രൂപയുടെ പദ്ധതിയാണ് വിനോദസഞ്ചാരവകുപ്പിനുവേണ്ടി നിർമിതി കേന്ദ്രം വഴി നടപ്പാക്കിയത്. കിഴക്ക്, വടക്ക് നടകളിലെ പ്രവൃത്തികളായിരുന്നു പ്രധാനം. നിർമിതികേന്ദ്രത്തിന്റെ ചീഫ് ടെക്നിക്കൽ ഓഫീസർ 2025 ഫെബ്രുവരി ഒന്നിന് വിനോദസഞ്ചാരവകുപ്പ് ഡയറക്ടർക്ക് നല്കിയ കത്തിൽ തുക മുഴുവൻ ലഭിച്ചതായി വ്യക്തമാക്കിയിട്ടുണ്ട്. എന്നാൽ, കാഷ് ബുക്കിലും ചെക്ക് രജിസ്റ്ററിലും 18.89 കോടി രൂപയുടെ വിവരമേയുള്ളൂ. തുക പൂർണമായി ലഭിച്ചെന്ന് കാണിച്ചിട്ടും കണക്കിൽ 37.31 ലക്ഷം രൂപ വ്യത്യാസം വന്നതിനെപ്പറ്റി വിശദീകരണമില്ല. വിനിയോഗ സാക്ഷ്യപത്രത്തിൽ പദ്ധതി 2019 മേയ് 28-ന് പൂർത്തിയാക്കിയതായി ചീഫ് ടെക്നിക്കൽ ഓഫീസർ സാക്ഷ്യപ്പെടുത്തിയിട്ടുണ്ട്. ആകെചെലവ് 19.26 കോടി രൂപയുമാണ്. എന്നാൽ, പദ്ധതിക്കായി പ്രത്യേകം തയ്യാറാക്കിയ കാഷ് ബുക്ക് പ്രകാരം 12.59 ലക്ഷം രൂപ നീക്കിയിരിപ്പുണ്ട്. നിർമിതി കേന്ദ്രത്തിന്റെ സോഫ്‌റ്റ്‌വേറിലെ ലെഡ്ജർ റിപ്പോർട്ട് അനുസരിച്ച് മിച്ചമുള്ളത് 6.40 കോടി രൂപയാണ്. ഇതെങ്ങനെ സംഭവിച്ചെന്ന് വിശദീകരിക്കാൻ 2025 മേയ് 19-ന് ആവശ്യപ്പെട്ടെങ്കിലും മൗനമായിരുന്നു മറുപടി. ഇക്കാരണത്താൽ പദ്ധതിയുടെ വരവ് ചെലവ് വിവരങ്ങൾ വിലയിരുത്താനായിട്ടില്ലെന്ന് ഓഡിറ്റ് റിപ്പോർട്ട് പറയുന്നു. സർക്കാരിന്റെ കോടിക്കണക്കിന് രൂപയുടെ വിവിധ പ്രവൃത്തികൾ ഏറ്റെടുത്തുനടത്തുന്ന നിർമിതി കേന്ദ്രത്തിൽ വരവും ചെലവും രേഖപ്പെടുത്തുന്നതിന് മികച്ച സോഫ്‌റ്റ്‌വേറോ അക്കൗണ്ടിങ് സംവിധാനമോ ഇല്ലെന്ന് ഓഡിറ്റ് വകുപ്പ് കണ്ടെത്തിയിരുന്നു. വൈദ്യുതീകരണവുമായി ബന്ധപ്പെട്ട് ഡിപ്പോസിറ്റ് വർക്കായി കെ.എസ്.ഇ.ബി.ക്ക് നല്കിയ ആറുകോടി രൂപ ചെലവഴിച്ചതിലും അവ്യക്തതയുണ്ട്. 2017 നവംബർ രണ്ടിന് ആറുകോടി രൂപയുടെ ചെക്ക് കെ.എസ്.ഇ.ബി.ക്ക് നല്കുകയും ഈ തുക ഫൈനൽ ബില്ലിൽ ചെലവ് കാണിക്കുകയും ചെയ്തിട്ടുണ്ട്. എന്നാൽ, ക്ഷേത്രത്തിന്റെ എക്സിക്യുട്ടീവ് ഓഫീസർ 2020 ജൂലായ് 28-ന് നല്കിയ കത്തിൽ, കെ.എസ്.ഇ.ബി.ക്ക് കൈമാറിയതുകയിൽ 1.51 കോടി രൂപ മിച്ചമുണ്ടെന്നും അത് പടിഞ്ഞാറേനടയിലെ ഇലക്‌ട്രിഫിക്കേഷന് ഉപയോഗിക്കാമെന്നും പറയുന്നു. മൊത്തം ചെലവിട്ടെങ്കിൽ ഇത്രയും തുക എങ്ങനെ ബാക്കിവന്നു എന്നതിൽ വ്യക്തത വരുത്താൻ രേഖകൾ ആവശ്യപ്പെട്ടെങ്കിലും നിർമിതികേന്ദ്രം കൈമാറിയില്ല. Content Highlights: Discrepancy of 37.31 lakh rupees identified in project accounts., Contradictory records between cash books and software ledger reports., Lack of transparent accounting systems at Nirmithi Kendra., Unexplained surplus of 1.51 crore rupees in KSEB electrification funds. Published: 29 Mar 2026, 07:25 am IST Disclaimer: Kindly avoid objectionable, derogatory, unlawful and lewd comments, while responding to reports. Such comments are punishable under cyber laws. Please keep away from personal attacks. The opinions expressed here are the personal opinions of readers and not that of Mathrubhumi.

ശ്രീപദ്മനാഭസ്വാമിക്ഷേത്രത്തിലെ ‘സ്വദേശ് ദർശൻ’; കിട്ടിയത് കോടികൾ; കണക്കിലാകെ മറിമായം
M
MathrubhumiSource Link
about 1 month ago