സത്താറ ജില്ലാ പരിഷത്ത് തിരഞ്ഞെടുപ്പ് To advertise here, മുംബൈ : സത്താറ ജില്ലാപരിഷത്ത് അധ്യക്ഷ സ്ഥാനത്തേക്ക് നടന്ന തിരഞ്ഞെടുപ്പിൽ പോലീസ് കാട്ടിയ അതിക്രമത്തെ 'ജനാധിപത്യത്തിന്റെ കൊലപാതകം' എന്ന് വിശേഷിപ്പിച്ച് ഉപമുഖ്യമന്ത്രിയും ശിവസേനാതലവനുമായ ഏക്നാഥ് ഷിന്ദേ സർക്കാരിനെതിരേ നിയമസഭയിൽ രംഗത്തുവന്നു. തിരഞ്ഞെടുപ്പ് ഫലത്തെ സ്വാധീനിക്കാൻ പോലീസ് അധികാരം ദുരുപയോഗംചെയ്തതായി ഷിന്ദേ ആരോപിച്ചു. ശരിയായ അന്വേഷണം നടത്തുമെന്നും കണ്ടെത്തലുകളുടെ അടിസ്ഥാനത്തിൽ ഉചിതമായ നടപടി സ്വീകരിക്കുമെന്നും ഈ വിഷയത്തിൽ ആഭ്യന്തരവകുപ്പ് കൈകാര്യം ചെയ്യുന്ന മുഖ്യമന്ത്രി ദേവേന്ദ്ര ഫഡ്‌നവിസ് മറുപടി നൽകി. സത്താറ ജില്ലാപരിഷത്ത് പ്രസിഡന്റ് സ്ഥാനത്തേക്കുള്ള തിരഞ്ഞെടുപ്പ് വെള്ളിയാഴ്ചയായിരുന്നു. ബി.ജെ.പി.യുടെ മറ്റ് രണ്ട് ഘടകകക്ഷികളായ ശിവസേനയും എൻ.സി.പി.യും ഒന്നിച്ച് സ്ഥാനാർഥിയെ നിർത്തി. എന്നാൽ ഇവർക്ക് ഭൂരിപക്ഷം ഉണ്ടായിരുന്നിട്ടും ബി.ജെ.പി.യുടെ പ്രിയ ഷിന്ദേ പ്രസിഡന്റായി തിരഞ്ഞെടുക്കപ്പെട്ടു. വോട്ടെടുപ്പിന് മുൻപ് ചില ജില്ലാപരിഷത്ത് അംഗങ്ങളെ പോലീസ് പിടിച്ചുകൊണ്ടുപോയതായി ഏക്‌നാഥ് ഷിന്ദേ വിഭാഗം ആരോപിക്കുന്നു. ശിവസേനയുടെ മന്ത്രി ശംഭുരാജ് ദേശായിയെയും എൻ.സി.പി.യുടെ മന്ത്രി മകരന്ദ് പാട്ടീലിനെയും തിരഞ്ഞെടുപ്പിനിടെ ലോക്കൽ പോലീസ് കൈയേറ്റം ചെയ്തതായും ആരോപണം ഉയർന്നു. സത്താറയുടെ രക്ഷാധികാരി മന്ത്രി കൂടിയാണ് ദേശായ്. ജില്ലാ പരിഷത്ത് പ്രസിഡന്റ് തിരഞ്ഞെടുപ്പിനിടെയുണ്ടായ ബഹളത്തിനും കൈയേറ്റത്തിനും സത്താറ പോലീസ് സൂപ്രണ്ട് തുഷാർ ദോഷിയെ സസ്പെൻഡ് ചെയ്യാൻ മഹാരാഷ്ട്ര നിയമസഭാ കൗൺസിൽ ഡെപ്യൂട്ടി ചെയർപേഴ്സൺ നീലം ഗോർഹെ ഉത്തരവിട്ടു. നീലം ഗോർഹെ ഷിന്ദേ പക്ഷത്ത് നിന്നുള്ള നേതാവാണ്. പോലീസ് കുറ്റവാളികളെപ്പോലെയാണ് തിരഞ്ഞെടുക്കപ്പെട്ട ജനപ്രതിനിധികളെ പരിഗണിച്ചതെന്ന് നിയമസഭയിൽഈ വിഷയം പരാമർശിച്ചുകൊണ്ട് ഉപമുഖ്യമന്ത്രി ഷിന്ദേ പറഞ്ഞു. ജില്ലാ പരിഷത്ത് അംഗങ്ങൾക്കെതിരേ കേസ് രജിസ്റ്റർ ചെയ്തിട്ടുണ്ടെന്ന് ദേശായിയും പാട്ടീലും തന്നോട് പറഞ്ഞതായി ഷിന്ദേ പറഞ്ഞു. ഉടൻതന്നെ സത്താറ എസ്.പി. ദോഷിയെ ബന്ധപ്പെട്ടു. കേസ് രജിസ്റ്റർ ചെയ്തതായും തുടർന്ന് നടപടിയെടുക്കുമെന്നും അദ്ദേഹം അറിയിക്കുകയായിരുന്നു. തിരഞ്ഞെടുക്കപ്പെട്ട ഒരു അംഗത്തെയും അവരുടെ വോട്ടവകാശം വിനിയോഗിക്കുന്നതിൽനിന്ന് തടയരുതെന്ന് പോലീസിന് താൻ നിർദേശം നൽകിയിരുന്നു. എന്നാൽ അത് പാലിക്കപ്പെട്ടില്ലെന്ന് ഷിന്ദേ നിയമസഭയിൽ വ്യക്തമാക്കി. സത്താറ ജില്ലാ പരിഷത്തിൽ ശിവസേന-എൻ.സി.പി. സഖ്യത്തിന് രണ്ട് വോട്ടുകൾക്ക് മാത്രമാണ് ഭൂരിപക്ഷം എന്നുള്ളതിനാൽ അധികാര ദുർവിനിയോഗം ഉണ്ടാകുമെന്ന് ആശങ്ക പ്രകടിപ്പിച്ചുകൊണ്ട്, ഇക്കാര്യം ഡി.ജി.പി. സദാനന്ദ് ദത്തേയെ അറിയിച്ചിരുന്നതായും ഷിന്ദേ വെളിപ്പെടുത്തി. മുതിർന്ന പോലീസ് ഉദ്യോഗസ്ഥരുടെ ഉറപ്പ് വകവയ്ക്കാതെ, പ്രാദേശിക പോലീസ് നടപടിയുമായി മുന്നോട്ടു പോയി. വോട്ട് ചെയ്യുന്നതിന് മുൻപ് ചില അംഗങ്ങളെ അവർ പിടിച്ചുകൊണ്ടുപോയി. ഇക്കാര്യം അറിഞ്ഞപ്പോൾ വീണ്ടും മുതിർന്ന ഉദ്യോഗസ്ഥരെ ബന്ധപ്പെട്ടെങ്കിലും വോട്ടെടുപ്പ് പൂർത്തിയായതിനു ശേഷമാണ് അംഗങ്ങളെ വിട്ടയയച്ചത്. മഹാരാഷ്ട്രയുടെ രാഷ്ട്രീയചരിത്രത്തിൽ ഇത്തരമൊരു സംഭവം അഭൂതപൂർവമാണെന്ന് ഷിന്ദേ പറഞ്ഞു. തിരഞ്ഞെടുപ്പ് ഫലം അട്ടിമറിക്കുക എന്ന ലക്ഷ്യത്തോടെയാണ് ഈ നീക്കം നടന്നതെന്ന് അദ്ദേഹം ആരോപിച്ചു.

ഷിന്ദേ ശിവസേനയും ബി.ജെ.പി.യും നേർക്കുനേർ
M
MathrubhumiSource Link
about 2 months ago