സംബോധനയിലെ അപക്വത

സംബോധനയിലെ അപക്വത

Last Updated: 23 April 2026, 04:12 AM IST ബിൽ പരാജയപ്പെട്ടതിന്റെ പേരിൽ പ്രധാനമന്ത്രി പ്രതിപക്ഷത്തെ ഔദ്യോഗികമാധ്യമങ്ങളിലൂടെ ശകാരിക്കുന്നത് ശരിയായ രീതിയല്ല ഔദ്യോഗികമാധ്യമങ്ങളിലൂടെ പ്രധാനമന്ത്രിമാർ രാജ്യത്തോടു നടത്തുന്ന സംബോധനകൾ സവിശേഷസന്ദർഭങ്ങളിൽ എക്കാലവും ഉണ്ടായിട്ടുണ്ട്. അവ രാജ്യത്തെസംബന്ധിച്ച പരമപ്രധാനമായ കാര്യങ്ങൾ വെളിപ്പെടുത്താനോ വിശദീകരിക്കാനോ ആകാറാണു പതിവ്. അതുകൊണ്ടുതന്നെ, പ്രൗഢവും അതിഗൗരവമാർന്നതുമായ പ്രഭാഷണങ്ങളായിരിക്കും സ്വതവേ അവ. എന്നാൽ, പ്രധാനമന്ത്രി നരേന്ദ്രമോദി കഴിഞ്ഞ ശനിയാഴ്ച രാത്രി എട്ടരയ്ക്ക് രാജ്യത്തോടു നടത്തിയ സംബോധന അത്തരമൊരു ഗരിമയോ ശ്രേഷ്ഠതയോ അവകാശപ്പെടാൻകഴിയുന്നതായിരുന്നില്ല. വനിതാസംവരണത്തിന്റെപേരിൽ അവതരിപ്പിച്ച 131-ാം ഭരണഘടനാഭേദഗതിബിൽ ലോക്‌സഭയിൽ മൂന്നിൽരണ്ടു ഭൂരിപക്ഷം കിട്ടാതെ പരാജയപ്പെട്ടതിന്റെ പിറ്റേന്നായിരുന്നു ആ പ്രഭാഷണം. ബിൽ പാസാകാത്തതിന് പ്രതിപക്ഷത്തെ, വിശിഷ്യാ കോൺഗ്രസിനെ, ശകാരിക്കുന്ന കേവലമായ രാഷ്ട്രീയപ്രസംഗമാണ് പ്രധാനമന്ത്രി, ഔദ്യോഗികമാധ്യമങ്ങളായ ദൂരദർശനിലൂടെയും സൻസദ് ടി.വി.യിലൂടെയും നടത്തിയത്. തമിഴ്‌നാട്ടിലും പശ്ചിമബംഗാളിലും നിയമസഭാതിരഞ്ഞെടുപ്പ് നടക്കാനിരിക്കേ ഇങ്ങനെ ഔദ്യോഗികസംവിധാനത്തിലൂടെ കക്ഷിരാഷ്ടീയം പറഞ്ഞത് തിരഞ്ഞെടുപ്പുപെരുമാറ്റച്ചട്ടത്തിന്റെ ലംഘനമാണെന്ന് ആരോപണമുയർന്നു. വിവിധ പ്രതിപക്ഷകക്ഷികളും എഴുനൂറോളം പൗരരും നൽകിയ പരാതികളിൽ തിരഞ്ഞെടുപ്പുകമ്മിഷൻ ഇതുവരെ നടപടിയൊന്നുമെടുത്തിട്ടില്ല. പ്രതിപക്ഷനേതാക്കൾക്കെതിരേ പെരുമാറ്റച്ചട്ടലംഘനപരാതിയുയരുമ്പോൾ ശീഘ്രനടപടി കൈക്കൊള്ളുന്ന കമ്മിഷൻ പ്രധാനമന്ത്രി മോദിക്കുനേരേ സമാന പരാതി വരുമ്പോൾ സൂത്രങ്ങൾകാട്ടുന്നതായി മുൻപും അനുഭവമുണ്ട്. ഖാർഗെയ്ക്കെതിരായ ബി.ജെ.പി.യുടെ പരാതിയിൽ ഉടൻ തന്നെ കമ്മിഷൻ നോട്ടീസ് നൽകിയത് ഉദാഹരണം. ഭരണത്തലവൻ രാജ്യത്തെ സംബോധനചെയ്യുമ്പോൾ പുലർത്തേണ്ട മാന്യതയും പവിത്രതയും പാലിക്കാതെയുള്ളതായിരുന്നു മോദിയുടെ പ്രഭാഷണം. അത്തരമൊരു സന്ദർഭത്തിലരുതാത്ത പദപ്രയോഗങ്ങൾവരെ പ്രധാനമന്ത്രിയിൽനിന്നുണ്ടായി. ബിൽ പരാജയപ്പെടുത്തിയ പ്രതിപക്ഷനടപടിയെ ‘ഭ്രൂണഹത്യ’ എന്നാണ് അദ്ദേഹം വിശേഷിപ്പിച്ചത്‌. ഭരണഘടനയ്ക്കും രാജ്യത്തെ സ്ത്രീകൾക്കുംമുന്നിൽ പ്രതിപക്ഷം ‘കുറ്റവാളികളാ’യിനിൽക്കുകയാണെന്നും അദ്ദേഹം പറഞ്ഞു. അടിമുടി കവലപ്രസംഗത്തിന്റെ സ്വഭാവമായിരുന്നു, ഔദ്യോഗികമാധ്യമങ്ങളിലൂടെ നടത്തിയ ആ പ്രഭാഷണത്തിന്. അരമണിക്കൂർപ്രസംഗത്തിനിടെ പ്രധാനമന്ത്രി 59 തവണ ‘കോൺഗ്രസ്’ എന്ന വാക്ക് ഉപയോഗിച്ചെന്നും ഇത് ആ പ്രസംഗത്തിന്റെ സ്വഭാവമെന്തെന്നു വെളിപ്പെടുത്തുന്നതായും എ.ഐ.സി.സി. അധ്യക്ഷനും രാജ്യസഭയിലെ പ്രതിപക്ഷനേതാവുമായ മല്ലികാർജുൻ ഖാർഗെ പറഞ്ഞതു വെറുതേയല്ല. വനിതാസംവരണത്തെ എതിർക്കുകയെന്ന ‘പാപം’ ചെയ്ത പ്രതിപക്ഷം അതിനുള്ള ‘ശിക്ഷ’ ഏറ്റുവാങ്ങേണ്ടിവരുമെന്നായിരുന്നു പ്രധാനമന്ത്രിയുടെ ആക്ഷേപം. ബില്ലുകൾ സഭയിൽ ചർച്ചചെയ്യുകയും സമവായം സാധ്യമല്ലാതെവന്നാൽ വോട്ടിനിടുകയുംചെയ്യുന്നത് നിയമനിർമാണപ്രക്രിയയുടെഭാഗമാണ്. 131-ാം ഭരണഘടനാഭേദഗതിയുടെകാര്യത്തിലും അത്രയേ സംഭവിച്ചുള്ളൂ. അതിന്റെപേരിൽ പ്രതിപക്ഷത്തെ ഔദ്യോഗികമാധ്യമങ്ങളിലൂടെ ശകാരിക്കുന്നത് ശരിയായ രീതിയല്ല. ഇതിനുമുൻപ് ഈ രാജ്യത്തെ ഒരു പ്രധാനമന്ത്രിയും ചെയ്തിട്ടില്ലാത്ത കാര്യമാണ് അത്. പഞ്ചായത്തീരാജ് സംവിധാനം നടപ്പാക്കാനുള്ള ഭരണഘടനാഭേദഗതിബില്ലുകൾ 1989 ഒക്ടോബറിൽ രാജ്യസഭയിൽ പരാജയപ്പെട്ടപ്പോൾ അന്നത്തെ പ്രധാനമന്ത്രി രാജീവ്ഗാന്ധി പ്രദർശിപ്പിച്ച പക്വതയുടെ പാഠം രാജ്യത്തിന്റെ രാഷ്ട്രീയചരിത്രത്തിലുണ്ട്. പിന്നീട് നരസിംഹറാവുസർക്കാരിന്റെകാലത്ത് പഞ്ചായത്തീരാജ് ഭേദഗതികൾ പാസാക്കുന്നതിന് പാർലമെന്ററിസമവായമുണ്ടാക്കിയതിന്റെ പാഠങ്ങളുമുണ്ട്. എന്തിനുമേതിനും കോൺഗ്രസിനെ കുറ്റംപറയുന്നതിനുപകരം പ്രധാനമന്ത്രി നരേന്ദ്രമോദി ഈവക ഏടുകളൊക്കെ ഇടയ്ക്കൊന്നു മറിച്ചുനോക്കുന്നതു നന്നാകും. To advertise here, Published: 23 Apr 2026, 04:12 am IST Disclaimer: Kindly avoid objectionable, derogatory, unlawful and lewd comments, while responding to reports. Such comments are punishable under cyber laws. Please keep away from personal attacks. The opinions expressed here are the personal opinions of readers and not that of Mathrubhumi.

How was this article?

Discussion (0)

Please login to join the conversation.

No comments yet. Be the first!

സംബോധനയിലെ അപക്വത — Mathrubhumi | Boolokam | Boolokam