മില്ലുകാർ അമിതകിഴിവ് ചോദിക്കുന്നതായി പരാതി To advertise here, കരുവാറ്റ : കൊയ്തെടുത്ത നെല്ലു സംഭരിക്കുന്നതു സംബന്ധിച്ച് തീരുമാനം വൈകുന്നത് വീയപുരം കട്ടക്കുഴി തേവേരി പാടശേഖരത്തിലെ കർഷകരെ ആശങ്കയിലാക്കുന്നു. കൊയ്ത്തുകഴിഞ്ഞ് അഞ്ചുദിവസമായിട്ടും നെല്ലുസംഭരണം വൈകുകയാണ്. സിവിൽ സപ്ലൈസ് ഏർപ്പെടുത്തിയ മില്ലുകാർ എത്തിയെങ്കിലും കൂടുതൽ കിഴിവ് ആവശ്യപ്പെട്ടതായി കർഷകർ പറയുന്നു. 175 ഏക്കറുള്ള പാടത്ത് ഇത്തവണ 165 ഏക്കറിലാണ് കൃഷിയിറക്കിയത്. 82 ചെറുകിട കർഷകരാണ് പാടത്തുള്ളത്. മികച്ച വിളവാണ് ഇത്തവണ കിട്ടിയത്. നെല്ലു സംഭരിക്കുന്നതിന് എത്തിയ മില്ലുകാർ നാലുകിലോ കിഴിവാണ് ആവശ്യപ്പെട്ടത്. എന്നാൽ, ഗുണനിലവാരമുള്ള നെല്ല് ഇത്രയും കിഴിവു നൽകി കൊടുക്കാൻ കർഷകർ തയ്യാറായില്ല. ഇതോടെ മില്ലുകാർ മടങ്ങിപ്പോയി. ബുധനാഴ്ച വൈകീട്ടു വരെയും പാഡി മാർക്കറ്റിങ് ഓഫീസിൽ പാടശേഖരസമിതി ഭാരവാഹികളും മില്ലുകാരുമായി ചർച്ച നടത്തിയിട്ടും പരിഹാരമായില്ല. മൂന്നരക്കിലോ കിഴിവ് വേണമെന്ന് മില്ലുകാർ വാശിപിടിച്ചു. കർഷകർ ഇതിനു തയ്യാറായില്ല. പാടത്തും റോഡരികിലുമായി കൂട്ടിയിട്ടിരിക്കുന്ന നെല്ല് എല്ലാ ദിവസവും ഉണക്കിസൂക്ഷിക്കുകയാണ് കർഷകർ. ഇത് കർഷകർക്ക് ഇരട്ടിച്ചെലവാണ്. മഴയ്ക്കു മുൻപ് കൊയ്തെടുത്ത നെല്ല് എങ്ങനെയെങ്കിലും സംഭരിക്കണമെന്ന ആവശ്യത്തിലാണ് കർഷകർ. മഴപെയ്താൽ മില്ലുകാർ കൂടുതൽ കിഴിവ് ആവശ്യപ്പെടും. വീയപുരത്തെയും ചെറുതനയിലെയും മിക്ക പാടശേഖരങ്ങളിലും സമാനസ്ഥിതിയാണുള്ളത്. കൃഷിയെ മാത്രം ആശ്രയിച്ചു ജീവിക്കുന്നവരാണ് കൂടുതലും. പാട്ടത്തിനെടുത്ത് കൃഷിചെയ്യുന്നവരുമുണ്ട്. കടംവാങ്ങിയും പണയംവെച്ചുമാണ് പലരും കൃഷിയിറക്കിയിരിക്കുന്നത്. മഴപെയ്താൽ കൂട്ടിയിട്ടിരിക്കുന്ന നെല്ല് നശിക്കുന്ന സാഹചര്യമുണ്ടാകും. ഈർപ്പമോ മറ്റു ദോഷങ്ങളോ ഇല്ലാത്ത നെല്ലിന് എന്തെങ്കിലും കാരണംപറഞ്ഞ് കിഴിവ് വാങ്ങിയെടുക്കാനുള്ള ശ്രമമാണ് മില്ലുകാർ നടത്തുന്നതെന്ന് കർഷകർ കുറ്റപ്പെടുത്തി. Published: 26 Mar 2026, 02:11 am IST Disclaimer: Kindly avoid objectionable, derogatory, unlawful and lewd comments, while responding to reports. Such comments are punishable under cyber laws. Please keep away from personal attacks. The opinions expressed here are the personal opinions of readers and not that of Mathrubhumi.

സംഭരണം വൈകുന്നു: കട്ടക്കുഴി തേവേരിയിൽ കർഷകർ ആശങ്കയിൽ
M
MathrubhumiSource Link
about 2 months ago