കുട്ടനാട്ടിൽ നെൽക്കർഷകർ പ്രതിസന്ധിയിൽ To advertise here, കുട്ടനാട് : കുട്ടനാട്ടിൽ നെൽക്കർഷകർ നേരിടുന്നത് വലിയ പ്രതിസന്ധിയാണ്. കൊയ്ത്തുകഴിഞ്ഞ പാടശേഖരങ്ങളിൽ സംഭരണംകാത്ത് കെട്ടിക്കിടക്കുന്നത് 40,000 ടൺ നെല്ലാണ്. 33 പാടശേഖരങ്ങളിലാണ് സംഭരണം മുടങ്ങിക്കിടക്കുന്നത്. എത്ര നല്ല നെല്ലുകൊടുത്താലും കുറഞ്ഞത് നാലുകിലോ കിഴിവു വാങ്ങി മാത്രമാണ് സംഭരണം നടത്തുന്നത്. ഇതുകൂടാതെയാണ് ഗുണനിലവാര പരിശോധനയുടെ പേരിലുള്ള കിഴിവുകൂടി നൽകേണ്ടിവരുന്നത്. രണ്ടാഴ്ചയായിട്ടും നെല്ലെടുക്കുന്നില്ല 350 ഏക്കർ വിസ്തൃതിയുള്ള വാലടി പാടശേഖരത്തിൽ കൊയ്ത്തുകഴിഞ്ഞ് രണ്ടാഴ്ച പിന്നിട്ടിട്ടും നെല്ലുസംഭരിക്കാൻ മില്ലുടമകൾ തയ്യാറാകുന്നില്ല. നെല്ലുസംഭരണം വൈകുന്നതിലും അമിത കിഴിവ് ആവശ്യപ്പെട്ടതിലും പ്രതിഷേധിച്ച് കഴിഞ്ഞദിവസം മങ്കൊമ്പ് പാഡി ഓഫിസിൽ വാലടിയിലെ കർഷകർ പ്രതിഷേധസമരം നടത്തിയിരുന്നു. തുടർന്ന് ഒരു ക്വിന്റലിന് അഞ്ച് കിലോ കിഴിവിൽ നെല്ല് സംഭരിക്കാൻ രണ്ട് മില്ലുകളെ ചുമതലപ്പെടുത്തുകയും ചെയ്തു. എന്നാൽ, രണ്ട് ലോഡ് നെല്ലുമാത്രമാണ് ഒരു മില്ലുടമ സംഭരിച്ചത്. ബാക്കി നെല്ലെടുക്കാൻ മില്ലുടമകൾ തയ്യാറാകുന്നില്ലെന്നാണു കർഷകർ പറയുന്നത്. പാഡി ഓഫീസിൽ അറിയിച്ചെങ്കിലും ഉദ്യോഗസ്ഥർ കൈമലർത്തുകയാണ്. നെല്ല് ആവശ്യമില്ലെന്നാണ് മില്ലുടമകൾ പറയുന്നതെന്ന് കർഷകർ പറഞ്ഞു. മില്ലുകാരുടെ എണ്ണത്തിലും കുറവ് കൊയ്ത്തിന്റെ ആരംഭത്തിൽ സംഭരണത്തിന് 30 മില്ലുകാരാണുണ്ടായിരുന്നത്. പിന്നീട് 38 മില്ലുകാർ വരെ ആയി. എന്നാൽ കൊയ്ത്ത് കൂടുതൽ പാടശേഖരങ്ങളിലേക്കു വ്യാപിച്ചതോടെ മില്ലുകാരുടെ എണ്ണം കുറഞ്ഞു. ഇപ്പോൾ 36 മില്ലുകാരാണുള്ളത്. കഴിഞ്ഞ പുഞ്ച സീസണിൽ 50 മില്ലുകാർ വരെ സംഭരണം നടത്തിയിരുന്ന സ്ഥാനത്താണ് ഇക്കുറി ഇത്രയും കുറവ് സംഭവിച്ചിട്ടുള്ളത്. വെള്ളത്തിലാകുമെന്ന് ഭയം സംഭരണത്തിലെ കാലതാമസം കാരണം കർഷകർക്കാണ് നഷ്ടം സംഭവിക്കുന്നത്. കൂടുതൽ ദിവസം പാടത്ത് കിടക്കേണ്ടിവരുന്നതിനാൽ കൂടുതൽ നെല്ല് കിഴിവുനൽകേണ്ട അവസ്ഥയാണ്. കർഷകരിൽ ഭൂരിഭാഗം പേരും കടംവാങ്ങിയും സ്വർണം പണയംവെച്ചുമാണ് കൃഷിയിറക്കിയത്. നെല്ലുസംഭരണം മുടങ്ങിയതോടെ പലരുടെയും ജീവിതം പ്രതിസന്ധിയിലായി. വേനൽമഴ പെയ്താൽ നെല്ല് വെള്ളത്തിലാകുമെന്ന് കർഷകർ പറയുന്നു. ആദ്യമായാണ് ഇത്തരത്തിൽ പ്രതിസന്ധി നേരിടുന്നത്. കൂടുതൽ നിലമുള്ളവരുടെ മാത്രം നെല്ലാണു മില്ലുടമകൾ എടുക്കുന്നതെന്നും ആക്ഷേപമുണ്ട്.

സംഭരണംകാത്ത് കെട്ടിക്കിടക്കുന്നത് 40,000 ടൺ നെല്ല്
M
MathrubhumiSource Link
about 1 month ago