ലക്കിടി : ആയിരക്കണക്കിന് കുടുംബങ്ങൾ കുടിവെള്ളത്തിനായി ആശ്രയിക്കുന്ന ലക്കിടി തടയണയിലെ ചെളി നീക്കാൻ നടപടിയില്ല. മൂന്നര പതിറ്റാണ്ടിലേറെ പഴക്കമുള്ള തടയണയിൽ വലിയ തോതിൽ ചെളിനിറഞ്ഞ് അനുദിനം സംഭരണശേഷി കുറയുന്നു. ലക്കിടി-പേരൂർ പഞ്ചായത്തിലേയും തിരുവില്വാമല പഞ്ചായത്തിലേയും പതിനായിരത്തോളം കുടുംബങ്ങളും കർഷകരുമാണ് തടയണയുടെ ഗുണഭോക്താക്കൾ. തടയണയുടെ സംഭരണശേഷി കുറയുന്നതിനു പുറമെ കൊടുംവേനലിൽ പൊതുജനങ്ങൾ മലിനജലം കുടിക്കേണ്ടിയും വരുന്നു. To advertise here, ലക്കിടി-പേരൂർ പഞ്ചായത്തിലെ പടിഞ്ഞാറൻ മേഖലയിൽ ജലവിതരണം ചെയ്യുന്ന ജലനിധി സ്‌കീം ലവൽ കമ്മിറ്റി ഒന്നിന്റെ കീഴിൽ നാലായിരത്തോളം കുടുംബങ്ങൾ കുടിവെള്ളത്തിനായി ആശ്രയിക്കുന്നത് തടയണയിലെ വെള്ളമാണ്. ചെളി നിറഞ്ഞുകിടക്കുന്നതിനാൽ ഏറെ പാടുപെട്ടാണ് കൊടും വേനലിൽ ജലനിധിയിലെ സംഭരണ ടാങ്കിലേക്ക് വെള്ളമെത്തിക്കുന്നത്. ഇങ്ങനെ എത്തിക്കുന്ന വെള്ളത്തിന് ഗുണമേന്മയും കുറവാകും. തടയണയിലെ ചെളി നീക്കണമെന്ന ആവശ്യത്തിന് വർഷങ്ങളുടെ പഴക്കമുണ്ട്. എന്നാൽ, മാറിവരുന്ന ഭരണസമിതികൾ ഒരടി പോലും മുന്നോട്ട് പോയിട്ടില്ല. ‘ഫണ്ട് നീക്കിവെച്ചിട്ടുണ്ട്. നടപടികൾ സ്വീകരിച്ച് വരുന്നു’ എന്ന മറുപടി മാത്രം. ജലനിധി പദ്ധതി വരുന്നതിന് മുൻപ് പൈപ്പിലൂടെ ഒഴുകിയെത്തിയിരുന്നത് മലിനജലമായിരുന്നു. ഇതിന് പ്രധാനകാരണം തടയണയിലെ ചെളിയായിരുന്നു. മരണക്കെണിയും തടയണയിൽ വീണ് നിരവധി മരണങ്ങളാണുണ്ടായിട്ടുള്ളത്. ഇതിലേറെയും ചെളിയിൽ ആണ്ട് പോയതുകൊണ്ടാണെന്ന് നാട്ടുകാർ പറഞ്ഞു. എട്ടടിയോളം ചെളിയുണ്ടെന്നും പ്രദേശവാസികൾ പറയുന്നു. ലക്കിടിക്ക് പകരം കുറച്ചുമാറി ശ്മശാനക്കടവിന് സമീപത്തായിരുന്നു തടയണയെങ്കിൽ ഒറ്റപ്പാലം നഗരസഭയിലടക്കം കൂടുതൽ പ്രദേശങ്ങൾക്ക് പ്രയോജനം ലഭിക്കുമായിരുന്നുവെന്നും പൊതുജനാഭിപ്രായമുണ്ട്. ബലിതർപ്പണത്തിന് എത്തുന്നവർക്കും ദുരിതം പാമ്പാടി ഐവർമഠം ബലിതർപ്പണവേദിയിൽ ബലിതർപ്പണത്തിനെത്തുന്നവർക്കും തടയണ പ്രശ്‌നമാകുന്നു. മുൻപ് ധാരാളം വെള്ളമുണ്ടായിരുന്ന ഇവിടെ കൊടുംവേനൽ എത്തുന്നതിനുമുന്നേ പുഴയിൽകിടന്ന് മുങ്ങേണ്ട അവസ്ഥയാണ്. കൊടുംവേനലിൽ തടയണയിലെ ജലനിരപ്പ് ഇനിയും താഴുമ്പോൾ തർപ്പണത്തിനോ സംസ്‌കാരച്ചടങ്ങിനോ എത്തുന്നവർക്ക് കുളിക്കാതെ മടങ്ങേണ്ട അവസ്ഥയുമുണ്ടാകും. ചെളിനീക്കി സംഭരണശേഷി ഉയർത്തിയാൽ നിലവിലെ പ്രശ്‌നങ്ങൾക്ക് പരിഹാരമാകുമെന്ന് ബന്ധപ്പെട്ടവർ പറഞ്ഞു. കർഷകരും ആശങ്കയിൽ ലക്കിടി-പേരൂർ പഞ്ചായത്തിലെ പുത്തൂർ മുതൽ പല്ലാർമംഗലം വരെയുള്ള പാടശേഖരങ്ങൾ ലക്കിടി തടയണയുടെ പരിധിയിലാണ്. രണ്ടാംവിളയ്ക്ക് പുഴവെള്ളമോ, കനാൽ വെള്ളമോ വേണം. ജലലഭ്യത കുറഞ്ഞതിനാലാണ് തടയണ പരിസരത്തെ പല പച്ചക്കറിത്തോട്ടങ്ങളും അപ്രത്യക്ഷമായത്. മുൻ കാലങ്ങളിലെ പള്ളക്കൃഷിയും ഇരു പൂവൽ നെൽക്കൃഷിയും വീണ്ടെടുക്കാൻ ഉയർന്ന സംഭരണശേഷിയുള്ള തടയണ വേണമെന്ന് കർഷകർ. നടപടിയുണ്ടാകും ലക്കിടി തടയണ ശുദ്ധീകരിക്കാൻ ഇത്തവണ നടപടിയുണ്ടാകുമെന്ന് ലക്കിടി-പേരൂർ പഞ്ചായത്ത് വൈസ് പ്രസിഡന്റ് എം. രാമകൃഷ്ണൻ പറഞ്ഞു. പൊതുജനത്തിന് ഗുണമേന്മയുള്ള കുടിവെള്ളം ഉറപ്പാക്കുമെന്നും തടയണ ശുദ്ധീകരണപ്രവൃത്തികൾ ബന്ധപ്പെട്ടവരുമായി ചർച്ചനടത്തി ഘട്ടംഘട്ടമായി നടപ്പാക്കുമെന്നും അദ്ദേഹം പറഞ്ഞു.

സംഭരണശേഷി കുറഞ്ഞ് ലക്കിടി തടയണ ഇത്തവണയെങ്കിലും ചെളി നീക്കുമോ...
M
MathrubhumiSource Link
20 days ago