നെഞ്ചിടിപ്പോടെ കർഷകർ To advertise here, കുട്ടനാട് : പാടശേഖരങ്ങളിൽ നെല്ല് കൊയ്തുകൂട്ടിയതോടെ നെഞ്ചിൽ തീയുമായിട്ടാണ് കർഷകർ ഓരോദിവസവും തള്ളിനീക്കുന്നത്. കൊയ്തുകൂട്ടിയ നെല്ല് എന്നു സംഭരിക്കുമെന്ന കാര്യത്തിൽ തീരുമാനമായിട്ടില്ല. സർക്കാർ പ്രതിനിധികൾ സപ്ലൈകോ പ്രതിനിധികളുമായി ചർച്ചചെയ്ത് മില്ലുകാരുമായി ധാരണയാകേണ്ട സമയം കഴിഞ്ഞിട്ടും ഇതിനുള്ള ചർച്ചകൾപോലും തുടങ്ങിയിട്ടില്ലെന്നാണ് കർഷകർ പറയുന്നത്. ഇതിനിടെ സ്വകാര്യമില്ലുകാർ ക്വിന്റലിനു പത്തുകിലോ കിഴിവ് ആവശ്യപ്പെട്ടിരിക്കുകയാണ്. ഇത് അംഗീകരിക്കാനാകില്ലെന്നാണ് കർഷകർ പറയുന്നത്. അപ്രതീക്ഷതമായെത്തുന്ന മഴ കർഷകർക്ക് ഇരുട്ടടിയാകും. പാടത്ത് കൂട്ടിയിട്ട നെല്ല് കിളിർക്കുന്നതിനും കാരണമാകും. ഇതിനൊപ്പംതന്നെ നെൽക്കൂനകൾക്ക് അടിയിൽ ഈർപ്പം കെട്ടുകയുംചെയ്യും. ഇതെല്ലാം മില്ലുകാർക്ക് കിഴിവ് കൂടുതൽ കൊടുക്കുന്നതിനും വില കുറയ്ക്കുന്നതിനും വഴിയൊരുക്കും. ഇതിനിടെയാണ് പാടത്തെത്തുന്ന കൊയ്ത്തുയന്ത്രങ്ങൾ അമിതകൂലി ഈടാക്കുന്നതും. നെൽക്കൃഷിക്കിറങ്ങിയാൽ ഒരോവർഷവും കടം കൂടുന്നതല്ലാതെ ലാഭമില്ലെന്നാണ് വാലടിയിലെ കർഷകനായ ജോസ് തോമസ് പറയുന്നത്. കൈനകരിയിൽ വിളവെടുത്ത നെല്ലിടാൻ സ്ഥലമില്ലാതെ കർഷകർ ദുരിതത്തിലാണ്. മാർത്താണ്ഡം കായൽ പാടശേഖരത്തിലെ കർഷകരാണ് വിളവെടുത്ത നെല്ല് സംഭരിക്കാതെ വന്നതോടെ ദുരിതത്തിലായത്. 600 ഏക്കർ വിസ്തൃതിയുള്ള പാടശേഖരത്തിൽ ഏഴുദിവസമായി വിളവെടുപ്പ് ആരംഭിച്ചിട്ട്. 18 കൊയ്ത്തു-മെതി യന്ത്രങ്ങൾ ഉപയോഗിച്ചാണു വിളവെടുപ്പു നടത്തുന്നത്. ചിറയോടുചേർന്നുള്ള കളത്തിലാണു വിളവെടുത്ത നെല്ല് സൂക്ഷിക്കുന്നത്. നെല്ല് സൂക്ഷിക്കുന്നതിന് കൃഷിയിടത്തേക്കാൾ കുറച്ച് ഉയരത്തിലുള്ള സ്ഥലങ്ങളാണ് കളങ്ങൾ. ഇന്നലെവരെ 40 ലോഡോളം നെല്ലാണു കെട്ടിക്കിടക്കുന്നത്. മുൻവർഷങ്ങളിൽ ആദ്യം കൊയ്തെടുക്കുന്ന നെല്ല് കളത്തിൽ സൂക്ഷിച്ചശേഷം വിൽക്കുകയാണു പതിവ്. തുടർന്ന്, ബാക്കിയുള്ള ഭാഗത്തെവിളവെടുത്ത് കളത്തിൽ എത്തിക്കും. എന്നാൽ, കഴിഞ്ഞ ഏഴുദിവസമായിട്ടും വിളവെടുത്തനെല്ല് വിൽക്കാൻസാധിക്കാതെ വന്നതോടെ കളങ്ങൾ എല്ലാം നിറഞ്ഞു. ഇതോടെ കൃഷിയിടത്തിലേക്കു വിളവെടുത്ത നെല്ല് സൂക്ഷിക്കേണ്ട ഗതികേടിൽ എത്തിയിരിക്കുകയാണു കർഷകർ. മഴപെയ്താൽ വെള്ളം കെട്ടിക്കിടക്കാൻ സാധ്യത ഉള്ളതിനാൽ കൃഷിയിടങ്ങളിൽ സൂക്ഷിക്കുന്ന നെല്ല് നശിക്കാനുള്ള സാധ്യത കൂടുതലാണെന്നതു കർഷകരെ ആശങ്കയിലാക്കുന്നുണ്ട്. വിളവെടുത്ത നെല്ല് വിൽക്കാൻ പാടശേഖരസമിതി സിവിൽ സപ്ലൈസ് ഉദ്യോഗസ്ഥരെയും കൃഷി ഉദ്യോഗസ്ഥരെയും ബന്ധപ്പെട്ടിട്ടും കാര്യമായ നീക്കങ്ങൾ ഒന്നും നടന്നിട്ടില്ല. നിരന്തരമായ സമ്മർദത്തിന്റെ ഫലമായി കഴിഞ്ഞദിവസം മില്ലുകാരുടെ പ്രതിനിധികൾ കൃഷിയിടത്തിൽ എത്തി നെല്ലിന്റെ സാംപിൾ ശേഖരിച്ചു പോയിരിക്കുകയാണ്. ഇതു കാലടിയിലെ മില്ലിലെ ലാബിൽ കൊണ്ടുപോയി പരിശോധിച്ചശേഷം എത്ര കിഴിവു വേണമെന്ന് അറിയിക്കാമെന്നു പറഞ്ഞാണു മില്ലുകാർ പോയതെന്നു പാടശേഖരസമിതി സെക്രട്ടറി കെ. ഷിഹാബ് പറഞ്ഞു. നീലംപേരൂർ കൃഷിഭവനിൽപ്പെട്ട നടുവത്തുപാടശേഖരത്തിലെ കൊയ്ത്തുകഴിഞ്ഞിട്ട് നാലുദിവസമായി. നെല്ലെടുക്കാൻ സപ്ലൈകോ ചുമതലപ്പെടുത്തിയ മില്ലുകാർ തയ്യാറാകുന്നില്ല. തിങ്കളാഴ്ച പാഡി ഓഫീസിലേക്ക് പ്രതിഷേധ മാർച്ച് നടത്താൻ ഒരുങ്ങുകയാണ് കർഷകർ എന്ന് പാടശേഖര ഭാരവാഹിയായ ബിജു പറഞ്ഞു.

സംഭരിക്കുന്നില്ല, പാടശേഖരങ്ങളിൽ നെല്ല് കുന്നുകൂടുന്നു
M
MathrubhumiSource Link
about 2 months ago