സംവാദവെല്ലുവിളികളുടെ നേമം, ശബരിമല സ്വർണ്ണക്കൊള്ള കഴക്കൂട്ടത്ത് വിധിയെഴുതുമോ?; വട്ടിയൂർക്കാവിലാര്?

സംവാദവെല്ലുവിളികളുടെ നേമം, ശബരിമല സ്വർണ്ണക്കൊള്ള കഴക്കൂട്ടത്ത് വിധിയെഴുതുമോ?; വട്ടിയൂർക്കാവിലാര്?

M
MathrubhumiSource Link
ഏ ത് മുന്നണി ഭരണത്തിലെത്തുന്നുവോ അവർക്ക് കൂടുതൽ എംഎൽഎമാരെ കൊടുക്കുന്ന പതിവുണ്ട് തലസ്ഥാന ജില്ലയ്ക്ക്. 14 നിയമസഭാ മണ്ഡലങ്ങളുള്ള തിരുവനന്തപുരത്ത്, 13-ലും വിജയിച്ചായിരുന്നു രണ്ടാം പിണറായി സർക്കാർ അധികാരത്തിലെത്തിയത്. ആദ്യ പിണറായി സർക്കാരിന്റെ കാലത്തും അതിനുമുമ്പുള്ള യുഡിഎഫ് മന്ത്രിസഭയിലും ഭരണത്തിലുള്ള മുന്നണിക്കായിരുന്നു തലസ്ഥാനത്ത് കൂടുതൽ എംഎൽഎമാർ. തലസ്ഥാനം പിടിച്ചാൽ കേരളം പിടിക്കാമെന്ന പ്രതീക്ഷയിലാണ് മുന്നണികൾ ഈ തിരഞ്ഞെടുപ്പിനേയും നേരിടുന്നതെന്നുറപ്പ്. മിക്കവാറും സീറ്റുകളിൽ സിറ്റിങ് എംഎൽഎമാരെ എൽഡിഎഫ് നിലനിർത്തിയപ്പോൾ, ലഭ്യമായതിൽ മികച്ച സ്ഥാനാർഥികളെ അവതരിപ്പിക്കാൻ കഴിഞ്ഞുവെന്ന ആത്മവിശ്വാസത്തിലാണ് യുഡിഎഫ്. ഇരുമുന്നണികൾക്കും വെല്ലുവിളിയായി ബിജെപി ഉയർന്നുവരുന്നത് തലസ്ഥാനത്തെ തിരഞ്ഞെടുപ്പ് പോര് കൂടുതൽ ആവേശകരമാക്കുന്നു. To advertise here, സ്ഥാനാർഥിത്വംകൊണ്ട് പല മണ്ഡലങ്ങളും ചർച്ചയായിക്കഴിഞ്ഞു. നേമം, വട്ടിയൂർക്കാവ്, തിരുവനന്തപുരം, കഴക്കൂട്ടം, വർക്കല മണ്ഡലങ്ങളാണ് സംസ്ഥാനതലത്തിൽ തന്നെ ശ്രദ്ധ നേടിയിട്ടുള്ളത്. പ്രചാരണം ആദ്യഘട്ടം പിന്നിട്ടപ്പോൾ മുന്നണികൾക്ക് ട്രെൻഡുകൾ ഏതാണ്ട് വ്യക്തമായിത്തുടങ്ങി. ഇത് തിരിച്ചറിഞ്ഞ മുന്നണികൾ പ്രചാരണരീതികളിലും മാറ്റംവരുത്തിത്തുടങ്ങി. ത്രികോണപ്പോരിൽ നേമം ജില്ലയിൽ ശക്തമായ ത്രികോണമത്സരം നടക്കുന്ന മണ്ഡലങ്ങളിൽ ഒന്നാണ് നേമം. എൽഡിഎഫിനായി നിലവിലെ പ്രതിനിധിയും വിദ്യാഭ്യാസമന്ത്രിയുമായ വി. ശിവൻകുട്ടിയും യുഡിഎഫിനായി നഗരസഭാ കൗൺസിലറും മുൻ എം.എൽ.എയുമായ കെ.എസ്. ശബരീനാഥനും എൻഡിഎയ്ക്കായി രാജീവ് ചന്ദ്രശേഖറും മത്സരിക്കുന്നു. മൂന്നു മുന്നണികൾക്കും നേമത്ത് അഭിമാനപ്പോരാട്ടം കൂടിയാണ്. വികസനം മുൻനിർത്തി സ്ഥാനാർഥികളുടെ പരസ്പരമുള്ള സംവാദവെല്ലുവിളി തിരഞ്ഞെടുപ്പിന് എരിവും ചൂടും പകരുന്നു. കഴിഞ്ഞ തവണ ബി.ജെ.പിയിൽ നിന്നു സീറ്റ് തിരിച്ചുപിടിച്ചതും മന്ത്രിയെന്ന നിലയിലുള്ള പ്രവർത്തനവും ഉയർത്തിക്കാട്ടിയാണ് ശിവൻകുട്ടി വോട്ടുചോദിക്കുന്നത്. നിയമസഭയിലേക്ക് ഒരിക്കൽ കിട്ടിയ സീറ്റ് തിരികെപ്പിടിക്കാനുള്ള ശക്തമായ പ്രചാരണമാണ് ബി.ജെ.പി. നടത്തുന്നത്. ബിജെപി ആദ്യം സ്ഥാനാർഥികളെ പ്രഖ്യാപിച്ച മണ്ഡലങ്ങളിൽ ഒന്നാണ് നേമം. താൻ തന്നെ മത്സരിക്കുമെന്ന് അസാധാരണായൊരു പ്രഖ്യാപനമായിരുന്നു സംസ്ഥാന അധ്യക്ഷൻ രാജീവ് ചന്ദ്രശേഖർ നടത്തിയത്. കേന്ദ്രസർക്കാരിന്റെ ഭരണമികവും വിവിധ പദ്ധതികളും ജനങ്ങളെ ഓർമിപ്പിച്ചാണ് എൻഡിഎ സ്ഥാനാർഥി രാജീവ് ചന്ദ്രശേഖറിന്റെ പ്രചാരണം. തലസ്ഥാനത്ത് കോർപ്പറേഷൻ ഭരണം ബിജെപിക്ക് ലഭിച്ചതും സംസ്ഥാന അധ്യക്ഷൻ കൂടിയായ രാജീവ് ചന്ദ്രശേഖർ മത്സരിക്കുന്നതും മുന്നണി പ്രചാരണത്തിന് ഉപയോഗിക്കുന്നു. എൽഡിഎഫും ബിജെപിയും ഒത്തൊരുമിച്ച് പ്രവർത്തിക്കുന്നുവെന്നതാണ് യുഡിഎഫിന്റെ പ്രചാരണായുധം. വിദ്യാഭ്യാസമന്ത്രിയായ വി. ശിവൻകുട്ടി കേന്ദ്രസർക്കാരിന്റെ പിഎം ശ്രീയിൽ ഒളിച്ചുപോയി ഒപ്പിട്ടത് ഉൾപ്പെടെ കോൺഗ്രസ് തിരഞ്ഞെടുപ്പ് വിഷയമാക്കുന്നു. കഴിഞ്ഞ തിരഞ്ഞെടുപ്പിൽ വിജയിച്ചത് ശിവൻകുട്ടിയാണെങ്കിലും ശക്തനായ കെ. മുരളീധരനെയിറക്കി ബിജെപിയുടെ അക്കൗണ്ട് പൂട്ടിച്ചതിന്റെ ക്രെഡിറ്റ് കോൺഗ്രസാണ് അവകാശപ്പെടുന്നത്. സംസ്ഥാന സർക്കാരിനെതിരായ വികാരം മന്ത്രിയായ എൽഡിഎഫ് സ്ഥാനാർഥിക്കെതിരേ പോൾ ചെയ്യപ്പെടുമെന്നാണ് യുഡിഎഫ് പ്രതീക്ഷ. രൂപവത്കരിക്കപ്പെട്ട 1957 മുതൽ നേമം ഇരുമുന്നണികളേയും മാറിമാറി തുണച്ചു. കോൺഗ്രസിന്റെ അതികായനായ കെ. കരുണാകരൻ മണ്ഡലത്തിൽനിന്ന് നിയമസഭയിലെത്തിയിട്ടുണ്ട്. 2008-ലെ മണ്ഡലപുനർനിർണയത്തിന് ശേഷമാണ് നേമത്ത് ബിജെപിക്ക് കാര്യമായ സ്വാധീനം ലഭിച്ചുതുടങ്ങിയത്. 2006-ൽ കേവലം ആറുശതമാനത്തിൽ താഴെയായിരുന്നു ഇവിടെ ബിജെപിയുടെ വോട്ട്. പുനർനിർണയത്തിന് ശേഷം നടന്ന ആദ്യതിരഞ്ഞെടുപ്പിൽ 2011-ൽ അത് 38 ശതമാനത്തിനടുത്തായി വർധിച്ചു. ഒ. രാജഗോപാൽ രണ്ടാംസ്ഥാനത്തെത്തി. അടുത്തവർഷം പത്തുശതമാനത്തിനടുത്ത് വോട്ട് വർധിപ്പിച്ച് ഒ. രാജഗോപാൽ നേമത്ത് വിജയിച്ചു. സിറ്റിങ് എംഎൽഎ ശിവൻകുട്ടിയെ രാജഗോപാൽ പരാജയപ്പെടുത്തിയപ്പോൾ, കേരളത്തിന്റെ തിരഞ്ഞെടുപ്പ് ചരിത്രത്തിൽ പുതിയ അധ്യായം തുറന്നു. ബിജെപി ആദ്യമായി കേരളത്തിൽ ഒരു എംഎൽഎയെ നേടി. രാജഗോപാൽ മാറിനിന്ന 2021-ലെ തിരഞ്ഞെടുപ്പിൽ കുമ്മനം രാജശേഖരനിലൂടെ മണ്ഡലം നിലനിർത്താൻ ബിജെപിക്ക് സാധിച്ചില്ല. യുഡിഎഫ് വോട്ടുവിഹിതം വർധിച്ചപ്പോൾ എൽഡിഎഫിനും ബിജെപിക്കും കാര്യമായ ഇടിവുപറ്റി. നാലായിരത്തിൽ താഴെ വോട്ടിന് ശിവൻകുട്ടി മണ്ഡലം തിരിച്ചുപിടിച്ചു. നേമത്തെ തദ്ദേശ ഭരണ സ്ഥാപനങ്ങളിൽ ബിജെപിക്ക് ശക്തമായ സ്വാധീനമുണ്ട്. മണ്ഡലത്തിൽ ഉൾപ്പെടുന്ന 22 വർഡുകളിൽ 17 എണ്ണത്തിലും ബിജെപിയാണ് വിജയിച്ചത്. 2025-ലെ തദ്ദേശ തിരഞ്ഞെടുപ്പിൽ 6,000-ലേറെ വോട്ടുകളുടെ മേൽക്കൈ ബിജെപിക്കുണ്ട്. വിജയിച്ച തരൂരിനെ പിന്തള്ളി ലോക്‌സഭാ തിരഞ്ഞെടുപ്പിൽ രാജീവ് ചന്ദ്രശേഖർ ഒന്നാമതെത്തിയ മൂന്ന് മണ്ഡലങ്ങളിൽ ഒന്നാണ് നേമം. തരൂരിനേക്കാൾ 20,000-ത്തിലേറെ വോട്ടുകളധികം ബിജെപി സംസ്ഥാന അധ്യക്ഷന് മണ്ഡലത്തിൽ ലഭിച്ചു. ഹിന്ദു വോട്ടർമാർ ഭൂരിപക്ഷമുള്ള മണ്ഡലമാണ് നേമം. ഭൂരിപക്ഷസമുദായത്തിന്റെ പിന്തുണയിലാണ് ബിജെപി പ്രതീക്ഷ. ബിജെപിക്കെതിരായ ഏകീകരിക്കപ്പെടുന്ന ന്യൂനപക്ഷ വോട്ടുകളിൽ എൽഡിഎഫും യുഡിഎഫും കണ്ണുവെക്കുന്നു. എൽഡിഎഫ്-എൻഡിഎ സ്ഥാനാർഥികൾ കൊണ്ടുംകൊടുത്തും പ്രചാരണത്തിൽ മുന്നേറുമ്പോൾ, മുൻ കെപിസിസി പ്രസിഡന്റായ കെ. മുരളീധരന് സാധിക്കാത്തത് ശബരിയിലൂടെ യാഥാർഥ്യമാക്കാമെന്ന പ്രതീക്ഷയിലാണ് യുഡിഎഫ്. പത്രികാസമർപ്പണത്തിന് പിന്നാലെ വലിയ വിവാദങ്ങൾകൊണ്ട് ശ്രദ്ധേയമായ മണ്ഡലമാണ് നേമം. കർണാടകയിലുള്ള 200 കോടി രൂപ വിലമതിക്കുന്ന സ്വത്തിന്റെ വിവരം സത്യവാങ്മൂലത്തിൽ ഉൾപ്പെടുത്തിയില്ലെന്നായിരുന്നു കോൺഗ്രസിന്റെ ആരോപണം. സൂക്ഷ്മപരിശോധനാ വേളയിൽ ആക്ഷേപം ഉന്നയിച്ചതിനെത്തുടർന്ന് പത്രിക പരിശോധിച്ച് മാറ്റിവെച്ചങ്കിലും പിന്നീട് വരണാധികാരി സ്വീകരിച്ചു. ആരോപണം രാഷ്ട്രീയപ്രേരിതമാണെന്നാണ് ബിജെപി സ്ഥാനാർഥിയുടെ വിശദീകരണം. നിയമനടപടി സ്വീകരിക്കുമെന്നാണ് എൽഡിഎഫും യുഡിഎഫും പറയുന്നത്. രാജീവ് ചന്ദ്രശേഖറിന്റെ പ്രചാരണത്തിന് ഉത്തർപ്രദേശിൽനിന്ന് അഘോരികളെത്തിയതും ചർച്ചയായി. അരുവിക്കരയേറാൻ… കോൺഗ്രസിന്റെ മുതിർന്ന നേതാവ് ജി. കാർത്തികേയന്റെ തട്ടകമായിരുന്നു അരുവിക്കര. 2011-ന് മുമ്പ് ആര്യനാട് എന്ന പേരിൽ അറിയപ്പെട്ട മണ്ഡലം. 1991 മുതൽ 2006 വരെ കാർത്തികേയൻ തുടർച്ചയായി ആര്യനാടിനെ നിയമസഭയിൽ പ്രതിനിധീകരിച്ചു. മണ്ഡലം അരുവിക്കരയായി മാറിയ തിരഞ്ഞെടുപ്പിലും വിജയിച്ചത് കാർത്തികേയൻ തന്നെ. എൽഡിഎഫിൽ ആർഎസ്പിയായിരുന്നു ഇവിടെ മത്സരിച്ചിരുന്നത്. കാർത്തികേയന്റെ മരണത്തെത്തുടർന്ന് നടന്ന ഉപതിരഞ്ഞെടുപ്പിൽ മകൻ കെ.എസ്. ശബരീനാഥൻ ഇവിടെ ആദ്യമായി വിജയിച്ചു. ആർഎസ്പി അപ്പോഴേക്കും യുഡിഎഫ് പാളയത്തിലെത്തിയിരുന്നു. സിപിഐ ആയിരുന്നു 2015-ലെ ഉപതിരഞ്ഞെടുപ്പിൽ ഇവിടെ മത്സരിച്ചത്. പതിനായിരത്തിലേറെ വോട്ടുകൾക്ക് വിജയിച്ച ശബരീനാഥൻ, 2016-ൽ ഭൂരിപക്ഷം 20000-ത്തിലേറെയായി ഉയർത്തി. സിപിഐയിൽനിന്ന് ഏറ്റെടുത്ത സീറ്റിൽ എ.എ. റഷീദ് ആയിരുന്നു സ്ഥാനാർഥി. 2021-ലെ കേരളമാകെ അലയടിച്ച ഇടതുതരംഗത്തിൽ ജി. സ്റ്റീഫനോട് അയ്യായിരത്തിലേറെ വോട്ടുകൾക്ക് ശബരീനാഥൻ പരാജയപ്പെട്ടു. മണ്ഡലം നിലനിർത്താൻ ജി. സ്റ്റീഫനെ തന്നെയാണ് സിപിഎം വീണ്ടുമിറക്കിയിരിക്കുന്നത്. ശബരീനാഥൻ ഇതിനിടെ തിരുവനന്തപുരം കോർപ്പറേഷനിലേക്ക് കോൺഗ്രസിന്റെ മേയർ സ്ഥാനാർഥിയായി ഭാഗ്യപരീക്ഷണം നടത്തി. വാർഡിൽ വിജയിച്ച ശബരിക്ക് പക്ഷേ, മുന്നണിക്ക് ഭൂരിപക്ഷം ലഭിക്കാത്തിനെത്തുടർന്ന് മേയറാവാൻ സാധിച്ചില്ല. പിന്നാലെ വന്ന നിയമസഭാ തിരഞ്ഞെടുപ്പിൽ ശബരി നേമത്ത് യുഡിഎഫ് സ്ഥാനാർഥിയായി വീണ്ടുമൊരങ്കത്തിന് ഇറങ്ങുന്നു. മുൻ മന്ത്രിയും എംപിയും മന്ത്രിയുമായിരുന്ന, കോൺഗ്രസിന്റെ ജില്ലയിലെ പ്രധാനനേതാവുമായ വി.എസ്. ശിവകുമാറാണ് കോൺഗ്രസ് സ്ഥാനാർഥി. എട്ടുഗ്രാമപഞ്ചായത്തുകൾ ഉൾപ്പെടുന്നതാണ് അരുവിക്കര നിയമസഭാ മണ്ഡലം. യുഡിഎഫ് കൺവീനർ അടൂർ പ്രകാശ് പ്രതിനിധീകരിക്കുന്ന ആറ്റിങ്ങൽ ലോക്‌സഭാ മണ്ഡലത്തിലാണ് അരുവിക്കര ഉൾപ്പെടുന്നത്. നാലുപഞ്ചായത്തുകൾ വീതം യുഡിഎഫും എൽഡിഎഫും ഭരിക്കുമ്പോൾ, പലയിടങ്ങളിലും ശക്തമായ സാന്നിധ്യമായി ബിജെപിയുണ്ട്. മലയോരവും വിനോദസഞ്ചാരകേന്ദ്രങ്ങളും ലയങ്ങളുമൊക്കെ അടങ്ങുന്നതാണ് അരുവിക്കര നിയോജകമണ്ഡലം. ജി. സ്റ്റീഫനിലൂടെ മണ്ഡലം നിലനിർത്താമെന്ന പ്രതീക്ഷയിലാണ് എൽഡിഎഫ്. മണ്ഡലത്തിൽ നടത്തിയെന്ന് അവകാശപ്പെടുന്ന വികസനപ്രവർത്തനങ്ങൾ എണ്ണിപ്പറഞ്ഞാണ് വോട്ടഭ്യർഥന. പ്രതാപമുള്ള അരുവിക്കരയെ തിരിച്ചുപിടിക്കാൻ അവസരം നൽകണമെന്നാണ് യുഡിഎഫ് സ്ഥാനാർഥി വി.എസ്. ശിവകുമാർ വോട്ടർമാരോട് അഭ്യർഥിക്കുന്നത്. അഞ്ചുവർഷമായി അരുവിക്കരയിൽ വികസനം നിലച്ചമട്ടാണെന്നും ആരോപിക്കുന്നു. കുടിവെള്ളക്ഷാമമുൾപ്പെടെയാണ് തിരഞ്ഞെടുപ്പ് വിഷയമായി ചൂണ്ടിക്കാട്ടുന്നത്. ഇരുമുന്നണികളേയും ജനങ്ങൾക്ക് മടുത്തുവെന്ന പൊതുപ്രചാരണമാണ് ബിജെപിയുടെ താരസ്ഥാനാർഥി വിവേക് ഗോപന്റേത്. റോഡും കുടിവെള്ളവും ലയങ്ങളുടെ സ്ഥിതിയും ചൂണ്ടിക്കാട്ടി മാറ്റത്തിനായി വോട്ടഭ്യർഥിക്കുന്നു. പൊരിഞ്ഞപോരിൽ വട്ടിയൂർക്കാവ് സ്ഥാനാർഥികളുടെ താരപദവികൊണ്ട് ശ്രദ്ധേയമായ മണ്ഡലമാണ് വട്ടിയൂർക്കാവ്. എൽഡിഎഫിനായി നിലവിലെ എംഎൽഎയും മുൻ മേയറുമായ, സിപിഎം സൈബർ വിങ് 'മേയർ ബ്രോ' എന്ന് വിശേഷിപ്പിക്കുന്ന വി.കെ. പ്രശാന്ത് വീണ്ടും മത്സരരംഗത്തിറങ്ങുന്നു. യുഡിഎഫിനായി മുതിർന്ന നേതാവ് കെ. മുരളീധരനും ബിജെപിക്കുവേണ്ടി, മുൻ ഡിജിപിയും കോർപ്പറേഷൻ കൗൺസിലറും അവസാനനിമിഷം മേയർ സ്ഥാനം നിഷേധിക്കപ്പെടുകയും ചെയ്ത ആർ. ശ്രീലേഖയാണ് ജനവിധി തേടുന്നത്. തീപാറുന്ന ത്രികോണ മത്സരമാണ് വട്ടിയൂർക്കാവിലെന്ന് ഏറെക്കുറെ ഉറപ്പായിക്കഴിഞ്ഞു. 2008-ലെ പുനർനിർണയത്തിന് ശേഷമാണ് വട്ടിയൂർക്കാവ് നിയമസഭാ മണ്ഡലമുണ്ടായത്. മുമ്പ് തിരുവനന്തപുരം നോർത്ത് എന്നും തിരുവനന്തപുരം രണ്ട് എന്നുമായിരുന്നു മണ്ഡലം അറിയപ്പെട്ടിരുന്നത്. വട്ടിയൂർക്കാവെന്ന പേരിൽ 15 വർഷം ചെറുപ്പമായ മണ്ഡലത്തിലെ ആദ്യജനപ്രതിനിധി കെ. മുരളീധരനാണ്. 2011-ലും 16-ലും അദ്ദേഹം ഇവിടെ ജയിച്ചു. കാലാവധി പൂർത്തിയാവും മുമ്പാണ് മുരളീധരൻ വടകരയിൽനിന്ന് ലോക്‌സഭയിലെത്തിയത്. തുടർന്ന് 2019-ൽ നടന്ന ഉപതിരഞ്ഞെടുപ്പിൽ, കോൺഗ്രസ് സ്ഥാനാർഥി മോഹൻകുമാറിനെ പരാജയപ്പെടുത്തി 'മേയർ ബ്രോ' മണ്ഡലം പിടിച്ചെടുത്തു. 2021-ൽ ഭൂരിപക്ഷമുയർത്തി. ഇന്നത്തെ മേയർ, ബിജെപി സ്ഥാനാർഥിയായ വി.വി. രാജേഷ് കോൺഗ്രസിന്റെ വീണാ എസ്. നായരെ പിന്തള്ളി രണ്ടാമതെത്തി. മൂന്നാം സ്ഥാനത്തുനിന്ന് മണ്ഡലം പിടിച്ചെടുക്കാമെന്ന പ്രതീക്ഷയിലാണ് മുരളീധരൻ വട്ടിയൂർക്കാവിലേക്ക് തിരിച്ചെത്തുന്നത്. ഇതിനിടെ, കോൺഗ്രസിന്റെ സർജിക്കൽ സ്‌ട്രൈക്കിൽ വടകരയിൽനിന്ന് തൃശ്ശൂരിൽ പോയി മത്സരിച്ച മുരളീധരൻ പാർലമെന്റ് തിരഞ്ഞെടുപ്പിൽ പരാജയപ്പെട്ടു. രൂപവത്കരണശേഷം നടന്ന ആദ്യത്തെ തിരഞ്ഞെടുപ്പിൽ ചെറിയാൻ ഫിലിപ്പ് ആയിരുന്നു മുരളീധരന്റെ എതിരാളി. ഇന്ന് ചെറിയാൻ ഫിലിപ്പ് കോൺഗ്രസിലാണ്. അന്ന് പോൾചെയ്യപ്പെട്ടതിന്റെ അൻപതു ശതമാനത്തിലേറെ വോട്ടുകൾ മുരളീധരന്റെ പെട്ടിയിൽ മാത്രം വീണു. 2016-ൽ പക്ഷേ, അത് 38 ശതമാനത്തിലേക്ക് കുറഞ്ഞു. ടിഎൻ സീമ മത്സരിച്ച അത്തവണ എൽഡിഎഫ് മൂന്നാംസ്ഥാനത്തേക്ക് പോവുകയും ബിജെപി സ്ഥാനാർഥിയായ കുമ്മനം രാജശേഖരൻ രണ്ടാമതെത്തുകയും ചെയ്തു. തിരുവനന്തപുരം കോർപ്പറേഷന്റെ 24 വാർഡുകൾ ഉൾപ്പെടുന്നതാണ് മണ്ഡലം. കഴിഞ്ഞ തദ്ദേശ തിരഞ്ഞെടുപ്പിൽ ഇവിടെ ബിജെപിക്ക് വ്യക്തമായ മേൽക്കൈയുണ്ട്. കുമ്മനത്തെ മത്സരിപ്പിച്ചപ്പോൾ രണ്ടാംസ്ഥാനത്ത് എത്തിയതിൽ കണ്ണുവെച്ചാണ് ശക്തമായ സ്ഥാനാർഥിയെന്ന നിലയിൽ ആർ. ശ്രീലേഖയെ ബിജെപി ഇവിടെ മത്സരിപ്പിക്കുന്നത്. കോർപ്പറേഷനിൽ ശാസ്തമംഗലം വാർഡിൽനിന്നുള്ള കൗൺസിലർ കൂടിയാണ് ശ്രീലേഖ. മണ്ഡലവും വോട്ടർമാരും പരിചിതരാണെന്നതും മുൻവർഷങ്ങളിലെ പ്രവർത്തനവും അനുകൂലഘടകമാണെന്ന ശുഭാപ്തിവിശ്വാസത്തിലാണ് വി.കെ. പ്രശാന്ത്. എൽഡിഎഫ് നടത്തിയ വികസനക്ഷേമപ്രവർത്തനങ്ങൾ വോട്ടാവുമെന്നും അദ്ദേഹം പ്രതീക്ഷിക്കുന്ന. ഭരണവിരുദ്ധവികാരം വോട്ടാക്കാനുള്ള പ്രചാരണമാണ് യുഡിഎഫ് നടത്തുന്നത്. മണ്ഡലത്തിൽ വർഷങ്ങളായുള്ള പരിചയവും മുരളീധരന് പ്രതീക്ഷ നൽകുന്നു. തൃശൂരിലെ പരാജയത്തിന് ശേഷം ഏറെക്കാലമായി മണ്ഡലം കേന്ദ്രീകരിച്ചായിരുന്നു മുരളീധരന്റെ പ്രവർത്തനം. കേരളത്തിലാകെ ചർച്ചയായ ഡീൽ ആരോപണം വട്ടിയൂർക്കാവിലുമുയർന്നു. സിപിഎം-ബിജെപി ഡീൽ ഉണ്ടെന്നാണ് കോൺഗ്രസ് സ്ഥാനാർഥി കെ. മുരളീധരന്റെ ആരോപണം. ആരോപണം പ്രശാന്ത് നിഷേധിച്ചപ്പോൾ, വോട്ടർമാരെ തെറ്റിദ്ധരിപ്പിക്കാനാണ് ഇരുമുന്നണികളുടേയും ശ്രമമെന്ന് ശ്രീലേഖയും ആരോപിച്ചു. പ്രചാരണത്തിനായി യുഡിഎഫ് സ്ഥാനാർഥി കാശുകൊടുത്ത് പുറത്തുനിന്ന് ആളെയിറക്കുന്നുവെന്ന ആരോപണവും തിരഞ്ഞെടുപ്പിനെ ചൂടുപിടിപ്പിച്ചു. ഇതിനെതിരെ പരാതിയുമായി മുരളീധരനുമെത്തിയതോടെ നിയമപ്രശ്‌നമായി അതുമാറി. മണ്ഡലത്തിൽ മത്സരിച്ചപ്പോഴെല്ലാം ജയിച്ചവരാണ് മുരളീധരനും പ്രശാന്തും. അവർ തമ്മിൽ ഏറ്റുമുട്ടുന്നുവെന്നതും അതിൽ വിജയിക്കുന്നത് ആരാകുമെന്നതും ഉദ്വേഗമുണ്ടാക്കുന്നതാണ്. കഴിഞ്ഞ ലോക്സഭാ തിരഞ്ഞെടുപ്പിന്റെയും തദ്ദേശതിരഞ്ഞെടുപ്പിന്റെയും വോട്ടുകണക്കിൽ ബിജെപി.യാണ് മണ്ഡലത്തിൽ മുന്നിൽ. പരീക്ഷിച്ച മുഖങ്ങൾക്കുപകരം പുതിയൊരാളെ തങ്ങളുടെ ജനപ്രതിനിധിയായി വട്ടിയൂർക്കാവുകാർ തിരഞ്ഞെടുക്കുമോ എന്നതും ആകാംക്ഷ വർധിപ്പിക്കുന്നു. കടകംപള്ളിയെ പരീക്ഷിക്കുന്ന കഴക്കൂട്ടം മത്സരിക്കുന്ന മണ്ഡലങ്ങളിലെല്ലാം വോട്ടുവർധിപ്പിക്കുന്ന സ്ഥാനാർഥി എന്ന വിശേഷണുള്ള നേതാവാണ് ശോഭാ സുരേന്ദ്രൻ. വിജയസാധ്യതയുണ്ടെന്ന് ബിജെപി വിലയിരുത്തുന്ന കഴക്കൂട്ടത്ത് പക്ഷേ ശോഭ മത്സരിച്ചപ്പോൾ, തൊട്ടുമുൻവർഷത്തേക്കാൾ രണ്ടുശതമാനത്തിലേറെ വോട്ടിൽ ഇടിവുണ്ടായി. 2500-ലേറെ വോട്ടുകൾ കുറഞ്ഞു. ഇവിടെയാണ് വി. മുരളീധരൻ വീണ്ടും മത്സരിക്കാനെത്തുന്നതും മുൻമന്ത്രി കൂടിയായ കടകംപള്ളി സുരേന്ദ്രൻ കനത്ത മത്സരം നേരിടുന്നതും. ശബരിമല സ്വർണ്ണക്കൊള്ള ഉയർത്തിവിട്ട വിവാദങ്ങളുടെ പശ്ചാത്തലത്തിൽ ഏറെ ശ്രദ്ധേയമായ മത്സരം നടക്കുന്ന മണ്ഡലമായി കഴക്കൂട്ടം മാറിയിരിക്കുകയാണ്. സംസ്ഥാനത്താകെ യുഡിഎഫിന്റെ പ്രധാന പ്രചാരണ ആയുധങ്ങളിൽ ഒന്നാണ് ശബരിമല സ്വർണ്ണക്കൊള്ള. സ്വർണ്ണക്കൊള്ള ആരോപണത്തിൽ മുൻ ദേവസ്വം മന്ത്രി കടകംപള്ളി സുരേന്ദ്രനെ പ്രതിപക്ഷം പലതവണ ലക്ഷ്യമിട്ടിരുന്നു. മുൻ എംഎൽഎ ടി. ശരത്ചന്ദ്രപ്രസാദിനെയാണ് യുഡിഎഫ് കടകംപള്ളിക്കെതിരേ മത്സരിപ്പിക്കുന്നത്. തിരുവനന്തപുരം നഗരസഭാ വാർഡുകൾ ഉൾപ്പെടുന്ന കഴക്കൂട്ടം മണ്ഡലത്തിൽ ബിജെപിക്ക് വ്യക്തമായ മുൻതൂക്കമുണ്ട്. ലോക്‌സഭാ തിരഞ്ഞെടുപ്പിൽ പതിനായിരത്തിലേറെ വോട്ടുകൾക്ക് ശശി തരൂരിനേക്കാൾ ഏറെ മുന്നിലായിരുന്നു മണ്ഡലത്തിൽ ബിജെപി സ്ഥാനാർഥി രാജീവ് ചന്ദ്രശേഖർ. കേന്ദ്രമന്ത്രി സ്ഥാനമുണ്ടായിരുന്നപ്പോഴും അതിന് ശേഷവും വി. മുരളീധരൻ ശ്രദ്ധകേന്ദ്രീകരിച്ച് പ്രവർത്തിച്ചിരുന്നത് കഴക്കൂട്ടം നിയസഭാ മണ്ഡലത്തിലും ആറ്റിങ്ങൽ ലോക്‌സഭാ മണ്ഡലത്തിലുമായിരുന്നു. 2011-ലെ തിരഞ്ഞെടുപ്പിൽ ബിജെപി മൂന്നാമതായിരുന്ന മണ്ഡലത്തിൽ 2016-ൽ മുരളീധരൻ മത്സരിക്കാൻ എത്തുന്നതോടെയാണ് വോട്ടുവിഹിതത്തിൽ വൻവർധനയുണ്ടാവുന്നത്. കടകംപള്ളി വിജയിച്ച 2016-ൽ മുരളീധരൻ രണ്ടാമതെത്തി. മണ്ഡലത്തിൽ മുൻ എംഎൽഎയായ കോൺഗ്രസിന്റെ എം.എ. വാഹീദ് മൂന്നാംസ്ഥാനത്തേക്ക് വീണു. തലേക്കുന്നിൽ ബഷീറിനേയും എ.കെ. ആന്റണിയേയും എം.എം. ഹസനേയും എം.വി. രാഘവനേയും നിയമസഭയിലേക്കയച്ച മണ്ഡലമാണ് കഴക്കൂട്ടം. എം.എ. വാഹീദ് ഇവിടെ തുടർച്ചയായി മൂന്നുതവണ എംഎൽഎയായി. 2016-ൽ കേവലം ഏഴായിരത്തിലേറെ വോട്ടുകൾക്കാണ് കടകംപള്ളി സുരേന്ദ്രൻ വി. മുരളീധരനെ പരാജയപ്പെടുത്തിയത്. എന്നാൽ, ശോഭാ സുരേന്ദ്രൻ മത്സരത്തിനെത്തിയ കഴിഞ്ഞതവണ കടകംപള്ളിയുടെ ഭൂരിപക്ഷം 24,000-ത്തിനടുത്തെത്തി. സ്വർണ്ണക്കൊള്ളക്കേസിൽ കടകംപള്ളിയെ രണ്ടുതവണ പ്രത്യേക അന്വേഷണസംഘം ചോദ്യംചെയ്തിരുന്നു. ഇതുതന്നെയാണ് യുഡിഎഫും പ്രധാനപ്രചാരണായുധമാക്കുന്നത്. അതേസമയം, ആദ്യഘട്ടത്തിൽ കേസ് ചർച്ചയാക്കിയ ബിജെപി, അതിന്റെ ഫലം ലഭിക്കുന്നത് യുഡിഎഫിനായിരിക്കുമെന്ന വിലയിരുത്തലിൽ പിന്നോട്ടുപോയെന്ന് നിരീക്ഷണമുണ്ട്. രണ്ട് കരമനയും ഒരു ജോണും സെക്രട്ടേറിയറ്റും ശ്രീപദ്മനാഭസ്വാമി ക്ഷേത്രവും വെട്ടുകാട് പള്ളിയും ബീമാപള്ളിയുമെല്ലാം ഉൾക്കൊള്ളുന്ന മണ്ഡലമാണ് തിരുവനന്തപുരം സെൻട്രൽ. സ്ഥാനാർഥിപ്രഖ്യാപനത്തോടെതന്നെ മണ്ഡലം സംസ്ഥാനത്താകെ ശ്രദ്ധാകേന്ദ്രമായിക്കഴിഞ്ഞു. യുഡിഎഫ് തങ്ങളുടെ ശക്തനായ നേതാവ് സിഎംപിയുടെ സി.പി. ജോണിനെ തുടക്കത്തിൽത്തന്നെ രംഗത്തിറക്കി. കോൺഗ്രസ് മത്സരിക്കേണ്ടിയിരുന്ന സീറ്റാണ് സി.പി. ജോണിനുവേണ്ടി സിഎംപിക്ക് വിട്ടുനൽകിയത്. പത്രിക സമർപ്പണത്തിനു തൊട്ടുമുൻപുവരെ ഉദ്വേഗം നിലനിർത്തിയാണു എൽഡിഎഫും ബിജെപിയും സ്ഥാനാർഥികളെ പ്രഖ്യാപിച്ചത്. പല പേരുകളിലൂടെ കടന്നുപോയശേഷമാണ് ഇടതുപക്ഷം സിനിമാതാരമായ സുധീർ കരമനയിലേക്ക് എത്തിയത്. കഴിഞ്ഞ രണ്ടുതവണയും സെലിബ്രിറ്റികളെ രംഗത്തിറക്കി വോട്ട് വർധിപ്പിച്ച ബിജെപി ഇത്തവണ സജീവ രാഷ്ട്രീയപ്രവർത്തകനായ സിറ്റി ജില്ലാ പ്രസിഡന്റ് കരമന ജയനെയാണു നിയോഗിച്ചിട്ടുള്ളത്. തീരദേശ വോട്ടുകളും പരമ്പരാഗത വോട്ടുകളും ഒരുപോലെ വിധിനിർണയിക്കുന്ന മണ്ഡലം ഇത്തവണ ആർക്കൊപ്പമെന്നതു പ്രവചനാതീതമാണ്. തിരുവനന്തപുരം- ഒന്ന്, തിരുവനന്തപുരം വെസ്റ്റ് എന്നിങ്ങനെ പലതവണ പേരുമാറിയ മണ്ഡലമാണിത്. പിഎസ്പിയും എസ്എസ്പിയും ആർഎസ്പിയും മുതൽ ലീഗും കേരളാ കോൺഗ്രസും വിജയിച്ച മണ്ഡലം. സിഎംപിയുടെ എം.വി. രാഘവനും ഒരുതവണ മണ്ഡലത്തിൽനിന്ന് നിയമസഭയിലെത്തിയിട്ടുണ്ട്. കോൺഗ്രസിന്റെ പ്രധാനനേതാക്കളായ എം.എം. ഹസനും രണ്ടുതവണ വി.എസ്. ശിവകുമാറും മണ്ഡലത്തെ പ്രതിനിധീകരിച്ചു. ജനാധിപത്യകേരളാ കോൺഗ്രസ് നേതാവ് ആന്റണി രാജുവാണ് സിറ്റിങ് എംഎൽഎ. തൊണ്ടിമുതൽ കേസിലെ അയോഗ്യതയില്ലായിരുന്നുവെങ്കിൽ സ്വഭാവികമായും അദ്ദേഹം മത്സരിക്കേണ്ട മണ്ഡലം. തുടർന്നാണ് എൽഡിഎഫ് അപ്രതീക്ഷിത സ്ഥാനാർഥിയായി സുധീർ കരമനയെ രംഗത്തിറക്കിയത്. കപ്പലാണ് സി.പി. ജോണിന്റെ ചിഹ്നം. വിജയിച്ചാൽ യുഡിഎഫ് അധികാരത്തിലെത്തുമ്പോൾ മന്ത്രിയെന്നാണ് സ്ഥാനാർഥിയെ പരിചയപ്പെടുത്തുന്നത്. ഏറെക്കാലമായി കേരളത്തിന്റെ രാഷ്ട്രീയമണ്ഡലത്തിൽ സജീവമായി നിൽക്കുന്ന സി.പി. ജോണിന്റെ രണ്ടാം മത്സരമാണിത്. 2016ൽ കുന്നംകുളത്ത് എ.സി. മൊയ്തീനോട് മത്സരിച്ച പരാജയപ്പെട്ടിരുന്നു. നടനെന്നതിലുപരി നാട്ടുകാരനാണ് മണ്ഡലത്തിൽ സുധീർ കരമന. മാത്രമല്ല സ്‌കൂൾ പ്രിൻസിപ്പലുമായിരുന്ന സുധീർ കരമനയ്ക്കു വ്യക്തിബന്ധങ്ങളും വിദ്യാർഥിബന്ധങ്ങളും തുണയാകുമെന്നാണ് പ്രതീക്ഷ. ചലച്ചിത്ര നടന് ക്യാമറയാണ് ചിഹ്നമായി ലഭിച്ചത്. ചരിത്രത്തിലാദ്യമായി ബിജെപിക്ക് തിരുവനന്തപുരം കോർപ്പറേഷൻ ഭരണം ലഭിച്ചപ്പോൾ ജില്ലാ പ്രസിഡന്റാണ് കരമന ജയൻ. മണ്ഡലത്തിലെ വ്യക്തിബന്ധം വോട്ടാവുമെന്നാണ് പ്രതീക്ഷ. തീരദേശത്തുൾപ്പെടെ ബിജെപിക്ക് ശക്തി വർധിക്കുകയാണെന്നും അത് തിരഞ്ഞെടുപ്പിൽ പ്രതിഫലിക്കുമെന്നും ജയൻ വിശ്വസിക്കുന്നു. 2016-ൽ പാറശ്ശാല മണ്ഡലത്തിൽ മത്സരിച്ച് മുപ്പത്തിമൂവായിരത്തിലേറെ വോട്ട് നേടിയ ആളാണ് ജയൻ. ലോക്‌സഭാ തിരഞ്ഞെടുപ്പിൽ തരൂരിനെ പിന്തുണച്ച നിയമസഭാ മണ്ഡലമാണ് തിരുവനന്തപുരം സെൻട്രൽ. കേവലം നാലായിരത്തിലേറെ വോട്ടുകളാണ് തരൂരിന് സെൻട്രൽ മണ്ഡലം ബിജെപി സ്ഥാനാർഥിയേക്കാൾ കൂടുതൽ നൽകിയത്. തദ്ദേശതിരഞ്ഞെടുപ്പിൽ യുഡിഎഫ്- എൽഡിഎഫ് മുന്നണികൾ ഇവിടെ തുല്യശക്തികളായിരുന്നു. വിൻസെന്റിന് സോഷ്യലിസ്റ്റ് പരീക്ഷ അടുത്തകാലത്ത് സംസ്ഥാനം ഏറെ ചർച്ച ചെയ്ത വികസനപദ്ധതികളിൽ ഒന്നാണ് വിഴിഞ്ഞം തുറമുഖം. പദ്ധതി യാഥാർഥ്യമാക്കിയതിന്റെ ചാരിതാർധ്യത്തിലാണ് പിണറായി സർക്കാർ. വിഴിഞ്ഞം തുറമുഖ പദ്ധതിയുടെ പിതൃത്വം ഉമ്മൻചാണ്ടിക്കാണെന്നാണ് യുഡിഎഫും അവകാശപ്പെടുന്നു. ഇരുമുന്നണികളും തമ്മിലെ വാദപ്രതിവാദങ്ങൾക്ക് കാരണമായ വിഴിഞ്ഞം തുറമുഖം ഉൾപ്പെടുന്ന നിയമസഭാ മണ്ഡലമാണ് കോവളം. വിനോദസഞ്ചാരകേന്ദ്രത്തിന്റെ പേരിൽ അറിയപ്പെടുന്ന മണ്ഡലത്തിന്റെ ഇപ്പോഴത്തെ പ്രധാന ആവശ്യം വിഴിഞ്ഞത്തിനൊപ്പം അടിസ്ഥാനസൗകര്യങ്ങൾ വളരുകയെന്നതാണ്. വികസനം ചർച്ചയാവുന്ന മണ്ഡലത്തിൽ പത്തുവർഷം മണ്ഡലത്തിന്റെ പ്രതിനിധിയായിരുന്ന എം. വിൻസെന്റിനെ തന്നെയാണ് യുഡിഎഫ് മൂന്നാംവട്ടവും രംഗത്തിറക്കിയത്. വിൻസെന്റിന് വീണ്ടും അവസരം നൽകുന്നതിൽ കോൺഗ്രസിൽ ആശയക്കുഴപ്പമുണ്ടായിരുന്നു. സമാന ആരോപണം നേരിടുന്ന എൽദോസ് കുന്നപ്പിള്ളിക്ക് സീറ്റ് നിഷേധിച്ചെങ്കിലും വിൻസെന്റിനെ മത്സരിപ്പിക്കാൻ ഒടുവിൽ നേതൃത്വം തീരുമാനിച്ചു. ഇടത് സ്വതന്ത്രനായി യുവസോഷ്യലിസ്റ്റ് നേതാവ് ഭഗത് റൂഫസ് എൽഡിഎഫ് സ്ഥാനാർഥിയാവുന്നു. ആർജെഡി സംസ്ഥാന സെക്രട്ടറി സ്ഥാനം രാജിവെച്ചാണ് ഭഗത് ഇടതുസ്വതന്ത്രനായി മത്സരിക്കാനെത്തിയത്. 2016-ൽ ബിഡിജെഎസ് സ്ഥാനാർഥിയായിരുന്ന ടി.എൻ. സുരേഷാണ് ബിജെപിയുടെ താമര ചിഹ്നത്തിൽ ഇത്തവണ മത്സരിക്കുന്നത്. 1965-ൽ രൂപവത്കരിക്കപ്പെട്ട കോവളം കേരളത്തിലെ സോഷ്യലിസ്റ്റ് പാർട്ടികളുടെ ചരിത്രത്തിൽ പ്രധാന അധ്യായമാണ്. എ. നീലലോഹിതദാസൻ നാടാരെ പല തവണ തിരഞ്ഞെടുത്ത മണ്ഡലമാണിത്. 2016-ൽ ആദ്യമായി വിജയിച്ച വിൻസന്റ്, 2021-ലും മണ്ഡലം നിലനിർത്തി. ഇടതുതരംഗത്തിൽ ജില്ലയിൽ യുഡിഎഫിനൊപ്പം നിന്ന ഏകമണ്ഡലമാണ് കോവളം. കഴിഞ്ഞ ലോക്‌സഭാ തിരഞ്ഞെടുപ്പിലും തദ്ദേശതിരഞ്ഞെടുപ്പിലും കോവളത്ത് യുഡിഎഫിന് വ്യക്തമായ മേൽക്കൈയുണ്ട്. പാർലമെന്റ് തിരഞ്ഞെടുപ്പിൽ എൽഡിഎഫ് ഇവിടെ മൂന്നാംസ്ഥാനത്തായിരുന്നു. രണ്ടുതവണയും ഒപ്പംനിന്ന തീരദേശം തന്നെയാണ് വിൻസെന്റിന്റെ പ്രധാന കരുത്ത്. ഇത്തവണയും ഇതിനു മാറ്റമുണ്ടാവില്ലെന്ന് യുഡിഎഫ് പ്രതീക്ഷിക്കുന്നു. വോട്ടർമാരിൽ മിക്കവരെയും വിൻസെന്റിനു നേരിട്ട് പരിചയമുണ്ടെന്നാണ് അവകാശവാദം. കോവളത്തിന് മാറ്റം എന്ന മുദ്രാവാക്യമുയർത്തിയാണ് എൽഡിഎഫ് വോട്ടുപിടിക്കുന്നത്. മണ്ഡലത്തിൽ അടിസ്ഥാന വികസനമില്ലായ്മയാണ് പ്രധാന വെല്ലുവിളിയെന്നും ഇതിനു പരിഹാരം ഉണ്ടാകണമെന്നും ഭഗത് റൂഫസ് പറയുന്നു. കുടിവെള്ളക്ഷാമവും പൊതുയിടങ്ങളിൽ ശൗചാലയങ്ങളില്ലാത്തതും ബിഎംബിസി നിലവാരമുള്ള റോഡുകളുടെ കുറവും എൽഡിഎഫ് വിൻസെന്റിനെതിരായ കുറ്റപത്രമാക്കുന്നു. എസ്എൻഡിപി കോവളം യൂണിയൻ പ്രസിഡന്റാണ് സുരേഷ്. 2016-ൽ ബിഡിജെഎസ് സ്ഥാനാർഥിയായി മത്സരിച്ചപ്പോൾ 30,000-ത്തോളം വോട്ടായിരുന്നു ഇവിടെ ലഭിച്ചത്. 9000-ത്തിൽനിന്നാണ് കുതിച്ചുചാട്ടം. കഴിഞ്ഞ പാർലമെന്റ് തിരഞ്ഞെടുപ്പിൽ ലഭിച്ചത് 47,000-ത്തിലേറെ വോട്ടുകൾ. വർഷങ്ങളായി പൊതു സാമൂഹിക-രാഷ്ട്രീയ മേഖലകളിൽ പ്രവർത്തനപരിചയംകൂടെ ചേരുമ്പോൾ വിജയിക്കാമെന്ന് ബിജെപി കിനാവുകാണുന്നു. പാട്ടുപാടാതെ രമ്യ ഇടതുപക്ഷത്തിന് ശക്തമായ അടിത്തറയുള്ള മണ്ഡലമാണ് ചിറയിൻകീഴ്. മത്സ്യത്തൊഴിലാളികളും കയറുപിരിത്തൊഴിലാളികളും കർഷകരും ഏറെയുള്ള മണ്ഡലം ഇടതുപക്ഷത്തിന് അനുകൂലമാണെങ്കിലും കോൺഗ്രസും ബിജെപിയും പ്രചാരണരംഗത്ത് ശക്തമാണ്. സിപിഐ നേതാവ് വി. ശശി കഴിഞ്ഞ മൂന്ന് തവണയായി പ്രതിനിധീകരിക്കുന്ന ഇടതുകോട്ട പിടിച്ചെടുക്കാൻ യുഡിഎഫ് മലബാറിൽനിന്നൊരു സ്ഥാനാർഥിയെ ഇറക്കിയിരിക്കുന്നു, ആലത്തൂർ മുൻ എംഎൽഎ രമ്യ ഹരിദാസ്. കഴിഞ്ഞ തവണ യുഡിഎഫിനായി മത്സരിച്ച ബി.എസ്. അനൂപ് കോൺഗ്രസ് വിട്ട് ബിജെപിയിൽ ചേർന്ന് സ്ഥാനാർഥിയായി. സിറ്റിങ് എംഎൽഎയെ മാറ്റി മനോജ് ബി. ഇടമനയാണ് ഇവിടെ എൽഡിഎഫിനായി ജനവിധി തേടുന്നത്. പട്ടികജാതി സംവരണ മണ്ഡലമാണ്. രൂപവത്കൃതമായ കാലം മുതൽ ഇടതിനെ പിന്തുണയ്ക്കുന്ന മണ്ഡലം. മൂന്നുതവണയും വിജയിച്ചത് സിപിഐയുടെ വി. ശശി. ആദ്യതിരഞ്ഞെടുപ്പിൽ അമ്പത്തിമൂന്ന് ശതമാനത്തിലേറെ വോട്ടുകൾക്കാണ് ശശി ഇവിടെ വിജയിച്ചത്. പിന്നീട് ഓരോ തിരഞ്ഞെടുപ്പിൽ എൽഡിഎഫിന്റേയും യുഡിഎഫിന്റേയും വോട്ടിൽ ക്രമാനുഗതമായ ഇടിവുണ്ടായി. ഈ വോട്ടുകളെല്ലാം ചെന്നു ചേരുന്നത് ബിജെപിയുടെ അക്കൗണ്ടിലാണെന്നുവേണം ഫലങ്ങളിൽനിന്ന് മനസിലാക്കാൻ. 21 ശതമാനത്തിലേറെ വോട്ടാണ് കഴിഞ്ഞതവണ ബിജെപിയുടെ ജി.എസ്. ആശാനാഥ് ഇവിടെ പിടിച്ചത്. ചിറയിൻകീഴ് താലൂക്കിലെ അഞ്ചുതെങ്ങ്, അഴൂർ, ചിറയിൻകീഴ്, കടയ്ക്കാവൂർ, കിഴുവിലം, മുദാക്കൽ എന്നീ ഗ്രാമപഞ്ചായത്തുകളും തിരുവനന്തപുരം താലൂക്കിലെ കഠിനംകുളം, മംഗലപുരം എന്നീ ഗ്രാമപഞ്ചായത്തുകളും ചേർന്നതാണ് മണ്ഡലം. തദ്ദേശസ്ഥാപനങ്ങളിൽ എൽഡിഎഫിന് വ്യക്തമായ മുൻതൂക്കമുണ്ട്. നാട്ടുകാരൻ എന്ന ഇമേജിലാണ് എൽഡിഎഫ് സ്ഥാനാർഥി ഇവിടെ വോട്ടുപിടിക്കുന്നത്. മണ്ഡലം മാറ്റം ആഗ്രഹിക്കുന്നുണ്ടെന്നാണ് യുഡിഎഫ് അവകാശവാദം. ആലത്തൂരിൽനിന്ന് ഒരുതവണ വിജയിക്കുകയും സിറ്റിങ് സീറ്റിൽ പരാജയപ്പെടുകയും ചെയ്ത കോൺഗ്രസിന്റെ യുവമുഖമാണ് രമ്യ ഹരിദാസ്. ചേലക്കര ഉപതിരഞ്ഞെടുപ്പിലെ പരാജയത്തിന് ശേഷമാണ് തലസ്ഥാന ജില്ലയിലെ മണ്ഡലത്തിലേക്ക് യുഡിഎഫ് രമ്യയെ മത്സരത്തിനായി അയക്കുന്നത്. രമ്യയുടെ പാൻ- കേരളാ ഇമേജ് വോട്ടാവുമെന്ന് യുഡിഎഫ് കരുതുന്നു. ചിറയിൻകീഴ് മണ്ഡലത്തിൽ കഴിഞ്ഞ തവണ യുഡിഎഫ് സ്ഥാനാർഥിയായിരുന്ന ബി.എസ്. അനൂപിനെ ഇത്തവണ താമരചിഹ്നത്തിൽ രംഗത്തിറക്കിയത് ബിജെപിയുടെ വലിയൊരു രാഷ്ട്രീയ നീക്കമായാണ് വിലയിരുത്തപ്പെടുന്നത്. കഴിഞ്ഞ തിരഞ്ഞെടുപ്പിൽ കോൺഗ്രസ് സ്ഥാനാർഥിയായി അദ്ദേഹം നേടിയ വോട്ടുകൾ ഇത്തവണ തങ്ങൾക്കൊപ്പം വരുമെന്നും മണ്ഡലത്തിൽ ശക്തമായ ത്രികോണ മത്സരം കാഴ്ചവെക്കാൻ കഴിയുമെന്നും ബിജെപി പ്രതീക്ഷിക്കുന്നു. ജി.ആർ. അനിലിന്റെ നെടുമങ്ങാട് എൽഡിഎഫ് മുൻതൂക്കമുള്ള തദ്ദേശസ്ഥാപനങ്ങൾ ഉൾക്കൊള്ളുന്നതാണ് നെടുമങ്ങാട് മണ്ഡലം. 1957-ൽ രൂപവത്കൃതമായ മണ്ഡലത്തിൽ രണ്ടുതവണയൊഴികെ വിജയിച്ചതെല്ലാം സിപിഐ സ്ഥാനാർഥികൾ. കോൺഗ്രസ് വിജയിച്ച രണ്ടുതവണയും എംഎൽഎയായത് പാലോട് രവി. മൂന്നുതവണ അദ്ദേഹമിവിടെ പരാജയപ്പെടുകയും ചെയ്തു. ദേശീയപാതമുതൽ മലയോരംവരെ നീളുന്നതാണ് മണ്ഡലം. എൽഡിഎഫിനായി മന്ത്രി ജി.ആർ. അനിൽ തന്നെ വീണ്ടും മത്സരിക്കുന്നു. കഴിഞ്ഞതവണ അനിലിന്റെ വിജയത്തിനായി ഒപ്പം പരിശ്രമിച്ചവരിൽ ഒരാളായ മീനാങ്കൽ കുമാർ ഇത്തവണ യുഡിഎഫ് സ്ഥാനാർഥിയാണ്. ചാനൽ ചർച്ചകളിലൂടെ ശ്രദ്ധേയനായ യുവരാജ് ഗോകുൽ ആണ് ബിജെപി സ്ഥാനാർഥി. മണ്ഡലത്തിലുണ്ടായ വികസനം മുൻനിർത്തിയാണ് അനിൽ വോട്ടുപിടിക്കുന്നത്. അടിസ്ഥാന സൗകര്യവികസനത്തിൽ മന്ത്രികൂടിയായ സിറ്റിങ് എംഎൽഎ വേണ്ടത്ര ഇടപെടൽ നടത്തിയില്ലെന്നാണ് യുഡിഎഫിന്റെ ആരോപണം. റോഡുകളുടെ നിർമാണക്കരാറിൽ ദുരൂഹതയാരോപിക്കുന്ന എൻഡിഎ, മണ്ഡലത്തിൽ വേണ്ടത്ര വികസനമെത്തിയിട്ടില്ലെന്നും കുറ്റപ്പെടുത്തു. യുവസ്ഥാനാർഥിയിലൂടെ മാറ്റം പ്രതീക്ഷിക്കുകയാണ് എൻഡിഎ. ആറ്റിങ്ങലും പാറശ്ശാലയും മണ്ഡലം രൂപവത്കൃതമായകാലം മുതൽ ഇടതിന്റെ ഉറച്ച കോട്ടയാണ് ആറ്റിങ്ങൽ. കോട്ട പിടിച്ചെടുക്കാനിറങ്ങുകയാണ് ബിജെപിയും യുഡിഎഫും. കഴിഞ്ഞ നിയമസഭാ-പാർലമെന്റ് തിരഞ്ഞെടുപ്പുകളിൽ രണ്ടും ഒന്നും സ്ഥാനങ്ങളിലെത്തി സ്ഥിതിമെച്ചപ്പെടുത്തിയ ആത്മവിശ്വാസത്തിലാണ് ബിജെപി. കോട്ട പിടിച്ചെടുക്കുമെന്ന വാശിയിലാണ് യുഡിഎഫ് ഘടകകക്ഷി ആർഎസ്പി. ആറ്റിങ്ങൽ മുനിസിപ്പാലിറ്റിയും ചിറയിൻകീഴ്, വർക്കല താലൂക്കുകളിലായി ഒൻപത് ഗ്രാമപഞ്ചായത്തുകളും ഉൾപ്പെടുന്നതാണ് മണ്ഡലം. കഴിഞ്ഞ തദ്ദേശതിരഞ്ഞെടുപ്പിൽ ഇവിടെ എൽഡിഎഫിനാണ് മുൻതൂക്കം. കോൺഗ്രസ് നേതാവ് വക്കം പുരുഷോത്തമനേയും സിപിഎമ്മിന്റെ ആനത്തലവട്ടം ആനന്ദനെയും പലതവണം മണ്ഡലം തിരഞ്ഞെടുത്ത് നിയമസഭയിലേക്ക് അയച്ചിട്ടുണ്ട്. സിറ്റിങ് എംഎൽഎയായ ഒ.എസ്. അംബികയാണ് ഇവിടെ വീണ്ടും സ്ഥാനാർഥിയാവുന്നത്. കേരളത്തിൽ ഏതൊരു മണ്ഡലത്തിലേയും പോലെ, ഭരണവിരുദ്ധവികാരത്തെ എംഎൽഎയുടെ ജനപ്രീതികൊണ്ട് മറികടക്കാമെന്നാണ് ആറ്റിങ്ങളിലും എൽഡിഎഫിന്റെ പ്രതീക്ഷ. കഴിഞ്ഞ അഞ്ചുവർഷം മണ്ഡലത്തിൽ കൊണ്ടുവന്ന വികസനമാണ് അംബിക തിരഞ്ഞെടുപ്പ് ചർച്ചായാക്കുന്നത്. യുഡിഎഫിൽ ആർഎസ്പി മത്സരിക്കുന്ന മണ്ഡലത്തിൽ സന്തോഷ് ഭദ്രനാണ് സ്ഥാനാർഥി. ബിജെപിയിൽനിന്ന് പി. സുധീറും മത്സരിക്കുന്നു. കഴിഞ്ഞതവണ 26 ശതമാനത്തോളം വോട്ടുനേടിയ സുധീർ രണ്ടാമതെത്തിയിരുന്നു. മുൻവർഷങ്ങളിൽ ലഭിച്ച സ്വീകാര്യത ഇത്തവണ വിജയത്തിലെത്തിക്കുന്നതിലേക്കുയരുമെന്നാണ് ബിജെപിയുടെ പ്രതീക്ഷ. കുടിവെള്ള- മാലിന്യപ്രശ്‌നങ്ങൾ ചൂണ്ടിക്കാട്ടിയാണ് വോട്ടുപിടിക്കുന്നത്. വികസനപ്രശ്‌നങ്ങൾ തന്നെയാണ് യുഡിഎഫും പ്രചാരണവിഷയമാക്കുന്നത്. തമിഴ്‌നാടിനോട് അതിർത്തി പങ്കിടുന്ന നിയമസഭാ മണ്ഡലമാണ് പാറശ്ശാല. നെയ്യാറ്റിൻകര, കാട്ടാക്കട താലൂക്കുകളിലായി ഒൻപതു ഗ്രാമപഞ്ചായത്തുകൾ മണ്ഡലത്തിൽ ഉൾപ്പെടുന്നു. കഴിഞ്ഞ തദ്ദേശതിരഞ്ഞെടുപ്പിൽ എൽഡിഎഫിനാണ് ഇവിടെ മുൻതൂക്കം. കോവളത്തെന്ന പോലെ, പതിനായിരത്തിലേറെ വോട്ടുകളുടെ ഭൂരിപക്ഷം ലോക്‌സഭയിൽ തരൂരിന് നൽകിയ മണ്ഡലമാണ് പാറശ്ശാല. കോൺഗ്രസ്-സിപിഎം എംഎൽഎമാരെ മാറിമാറി പരീക്ഷിച്ച മണ്ഡലം. കോൺഗ്രസിന്റെ എം. കുഞ്ഞികൃഷ്ണൻ നാടാരാണ് ആദ്യമായി മണ്ഡലത്തിൽനിന്ന് ജനപ്രതിനിധിയാവുന്നത്. സിപിഎം നേതാവ് സി.കെ. ഹരീന്ദ്രനാണ് കഴിഞ്ഞ രണ്ടുതവണയായി മണ്ഡലത്തെ പ്രതിനിധീകരിക്കുന്നത്. 10 വർഷമായി മണ്ഡലത്തിൽ ചെയ്യുന്ന വികസന പ്രവർത്തനങ്ങൾ ജനങ്ങളുടെ വോട്ടായി മാറുമെന്ന പ്രതീക്ഷയിലാണ് എൽഡിഎഫ്. അമ്പൂരി കുമ്പിച്ചൽക്കടവ് പാലം യാഥാർഥ്യമാക്കിയത് സംസ്ഥാന തലത്തിൽ തന്നെ പിണറായി സർക്കാരിന്റെ വലിയ നേട്ടമായി അവതരിപ്പിക്കപ്പെടുന്നുണ്ട്. കെപിസിസി സംഘടനാ ജനറൽ സെക്രട്ടറി നെയ്യാറ്റിൻകര സനൽ ആണ് ഇവിടെ യുഡിഎഫ് സ്ഥാനാർഥി. ജനങ്ങൾക്ക് ആവശ്യമായ ഒന്നും കഴിഞ്ഞ പത്തുവർഷം മണ്ഡലത്തിലുണ്ടായിട്ടില്ലെന്നാണ് യുഡിഎഫ് കുറ്റപ്പെടുത്തുന്നത്. കഴിഞ്ഞ രണ്ടുതിരഞ്ഞെടുപ്പുകളിൽ 20 ശതമാനത്തിനടുത്ത് വോട്ടുകൾ ബിജെപി ഇവിടെ നേടിയിട്ടുണ്ട്. വിദ്യാഭ്യാസ-ഐടി മേഖലകളിൽ സംരംഭകൻ കൂടിയായ, ബിജെപി സംസ്ഥാന കൗൺസിൽ അംഗം ഗിരീഷ് നെയ്യാർ ആണ് ബിജെപി സ്ഥാനാർഥി. വിജയം അവകാശപ്പെടുന്നുണ്ടെങ്കിലും അതിൽ യാഥാർഥ്യബോധം എത്രയുണ്ടെന്നത് കണ്ടുതന്നെയറിയേണ്ടതുണ്ട്. വാമനപുരത്ത് ഏത് റൂട്ട്? ഒരേയൊരു തവണയൊഴികെ മറ്റെല്ലാ തവണയും സിപിഎമ്മിനെ മാത്രം തുണച്ച മണ്ഡലമാണ് വാമനപുരം. അഞ്ചുതവണ കൊലിയക്കോട് കൃഷ്ണൻ നായരെ തിരഞ്ഞെടുത്തയച്ച മണ്ഡലം. നെടുമങ്ങാട് താലൂക്കിലെ ഒൻപതു ഗ്രാമപഞ്ചായത്തുകൾ ഉൾപ്പെടുന്ന ഇവിടെ ഡി.കെ. മുരളിയാണ് സിറ്റിങ് എംഎൽഎ. അദ്ദേഹം തന്നെ വീണ്ടും ജനവിധി തേടുന്നു. കഴിഞ്ഞ തദ്ദേശതിരഞ്ഞെടുപ്പിലും ഇവിടെ എൽഡിഎഫിനാണ് മുൻതൂക്കം. ജില്ലാ പഞ്ചായത്തംഗവും ഡിസിസി വൈസ് പ്രസിഡന്റുമായ യുവനേതാവ് സുധീർഷാ പാലോടിനെയാണ് യുഡിഎഫ് ഇവിടെ രംഗത്തിറക്കിയിരിക്കുന്നത്. എൻഡിഎയ്ക്കുവേണ്ടി ബിഡിജെഎസ് മത്സരിക്കുന്ന സീറ്റിൽ വേണു കാരണവരാണ് സ്ഥാനാർഥി. മറ്റെല്ലാ സിറ്റിങ് എംഎൽഎമാരേയും പോലെ വികസനം പറഞ്ഞാണ് ഡി.കെ. മുരളി വോട്ടുതേടുന്നത്. ടേം വ്യവസ്ഥയിൽ ഇളവുലഭിച്ച സ്ഥാനാർഥികളിൽ ഒരാളാണ് ഡി.കെ. മുരളി. വന്യമൃഗശല്യമുൾപ്പടെയാണ് യുഡിഎഫ് ചർച്ചയാക്കുന്നത്. പതിനായിരത്തിലേറെ വോട്ടുകൾക്കാണ് കഴിഞ്ഞ തവണ ഡി.കെ. മുരളിയോട് കോൺഗ്രസിന്റെ ആനന്ദ് ജയൻ പരാജയപ്പെട്ടത്. യുവനേതാവിലൂടെ കടുത്ത മത്സരം കാഴ്ചവെക്കാനുള്ള ശ്രമത്തിലാണ് യുഡിഎഫ്. മികച്ച പ്രകടനം കാഴ്ചവെക്കുന്നതിൽ കൂടുതൽ ആഗ്രഹങ്ങൾ എൻഡിഎയ്ക്കും ബിഡിജെഎസിനും വാമനപുരത്തുണ്ടാവാൻ ഇടയില്ല. രണ്ടക്ക വോട്ടുശതമാനം മണ്ഡലത്തിൽ ഇതുവരെ എൻഡിഎ സ്ഥാനാർഥിക്ക് നേടാനായിട്ടില്ല. കാട്ടാക്കട എവിടേക്ക്? ആറുഗ്രാമപഞ്ചായത്തുകളും രണ്ടുലക്ഷത്തോടടുത്ത് വോട്ടർമാരുമുള്ള മണ്ഡലം. 2008-ൽ രൂപവത്കൃതമായ മണ്ഡലത്തിലെ ആദ്യതിരഞ്ഞെടുപ്പിൽ വിജയിച്ചത് കോൺഗ്രസിന്റെ എൻ. ശക്തൻ. പിന്നീട് നടന്ന രണ്ടുതിരഞ്ഞെടുപ്പിലും നിയമസഭയിലെത്തിയത് സിപിഎമ്മിന്റെ ഐ.ബി. സതീഷ്. അദ്ദേഹം വീണ്ടും മത്സരത്തിനെത്തുമ്പോൾ എതിർ സ്ഥാനാർഥികളായി കോൺഗ്രസിന്റെ എം.ആർ. ബൈജുവും മുതിർന്ന ബിജെപി നേതാവ് പി.കെ. കൃഷ്ണദാസും. എൽഡിഎഫ് സ്വതന്ത്രനോട് 13,000-ത്തനടുത്ത് വോട്ടുകൾക്ക് വിജയിച്ചാണ് ശക്തൻ കാട്ടക്കടയിൽനിന്ന് തിരഞ്ഞെടുക്കപ്പെടുന്നത്. തൊട്ടടുത്ത തിരഞ്ഞെടുപ്പിൽ ഐ.ബി. സതീഷിനോട് 849 വോട്ടുകൾക്ക് പരാജയപ്പെട്ടു. 2021-ലെ തിരഞ്ഞെടുപ്പിൽ കോൺഗ്രസിന്റെ മലയിൻകീഴ് വേണുഗോപാലിനെ 23,000-ത്തിലേറെ വോട്ടുകൾക്ക് പരാജയപ്പെടുത്തിയാണ് സതീഷ് മണ്ഡലം നിലനിർത്തിയത്. മൂന്ന് തവണ മണ്ഡലത്തിൽ മത്സരിച്ച് പരാജയപ്പെട്ട പി.കെ. കൃഷ്ണദാസ് വീണ്ടും ബിജെപി ടിക്കറ്റിൽ ഇവിടെ ജനവിധി തേടുകയാണ്. ആദ്യതവണ 22,000-ത്തിലേറെ വോട്ടുകൾ നേടിയ കൃഷ്ണദാസ്, 2016-ൽ 38,000-ത്തിലേറെ വോട്ടുകൾ നേടി. തൊട്ടടുത്ത തിരഞ്ഞെടുപ്പിൽ പക്ഷേ അദ്ദേഹത്തിന്റെ വോട്ടുകണക്കിൽ ഇടിവുണ്ടായി. വെള്ളനാട് ബ്ലോക്ക് പഞ്ചായത്തംഗം എം.ആർ. ബൈജു കോൺഗ്രസ് സ്ഥാനാർഥിയായുമെത്തിയതോടെ പരിചിത മുഖങ്ങളുടെ ഏറ്റുമുട്ടലാണ് കാട്ടാക്കടയിൽ നടക്കുന്നത്. നെയ്യാറ്റിൻകരയും വർക്കലയും അസാധാരണ സാഹചര്യങ്ങളുടെ പേരിൽ കേരളത്തിന്റെ തിരഞ്ഞെടുപ്പ് രാഷ്ട്രീയത്തിൽ ശ്രദ്ധനേടിയ മണ്ഡലമാണ് നെയ്യാറ്റിൻകര. സിറ്റിങ് എംഎൽഎ രാജിവെച്ച് മറുകണ്ടംചാടി അതേ മണ്ഡലത്തിൽ വിജയിക്കുന്നത് മലയാളികൾക്ക് അത്രപരിചിതമല്ലാതിരുന്നു, 2012 വരെ. ഉമ്മൻചാണ്ടി സർക്കാരിന്റെ കാലത്ത് സിപിഎം വിട്ട് കോൺഗ്രസിലെത്തിയ ആർ. സെൽവരാജ് ഉപതിരഞ്ഞെടുപ്പിൽ വിജയിച്ചു. എന്നാൽ, പിന്നീട് നടന്ന നിയമസഭാ തിരഞ്ഞെടുപ്പിൽ അദ്ദേഹത്തിന് വിജയിക്കാൻ സാധിച്ചില്ല. നെയ്യാറ്റിൻകരയിലെ ഉപതിരഞ്ഞെടുപ്പ് വോട്ടിങ് ദിവസം, പാർട്ടിയെ വെല്ലുവിളിച്ച് വി.എസ്. അച്യുതാനന്ദൻ കൊല്ലപ്പെട്ട ആർഎംപി നേതാവ് ടി.പി. ചന്ദ്രശേഖരന്റെ വീട് സന്ദർശിച്ചത് കേരള രാഷ്ട്രീയത്തിലെ വലിയ സംഭവങ്ങളിൽ ഒന്നാണ്. നെയ്യാറ്റിൻകര മുനിസിപ്പാലിറ്റിയും അഞ്ച് ഗ്രാമപഞ്ചായത്തുകളും ഉൾപ്പെടുന്നതാണ് നെയ്യാറ്റിൻകര നിയമസഭാ മണ്ഡലം. സിപിഐയും സിപിഎമ്മും കോൺഗ്രസും ജനതാപാർട്ടിയും മണ്ഡലത്തിൽ പലതവണയായി വിജയിച്ചിട്ടുണ്ട്. കഴിഞ്ഞ തദ്ദേശതിരഞ്ഞെടുപ്പിലെ കണക്കുകൾ പ്രകാരം ഇവിടെ യുഡിഎഫിനാണ് മുൻതൂക്കം. ലോക്‌സഭാ തിരഞ്ഞെടുപ്പിൽ 16,000-ത്തിലേറെ വോട്ടുകൾക്ക് വിജയിച്ച തരൂരിന്, നെയ്യാറ്റിൻകര മണ്ഡലത്തിൽനിന്ന് 22,000-ത്തിലേറെ വോട്ടുകൾ രണ്ടാംസ്ഥാനത്തുള്ള രാജീവ് ചന്ദ്രശേഖറിനേക്കാൾ അധികം ലഭിച്ചിരുന്നു. രണ്ടുതവണ എംഎൽഎയായ കെ. ആൻസലൻ തന്നെയാണ് എൽഡിഎഫിനായി വീണ്ടും ജനവിധി തേടുന്നത്. മുൻ ഡെപ്യൂട്ടി സ്പീക്കറും കോൺഗ്രസ് നേതാവും ജില്ലയിൽ പലമണ്ഡലങ്ങളിൽനിന്ന് നിയമസഭയിലെത്തിയിട്ടുമുള്ള എൻ. ശക്തനാണ് കോൺഗ്രസ് സ്ഥാനാർഥി. വ്യവസായി കൂടിയായ ചെങ്കൽ എസ്. രാജശേഖരൻ നായർ ബിജെപി സ്ഥാനാർഥിയായി കളത്തിലുണ്ട്. തിരഞ്ഞെടുപ്പ് പ്രഖ്യാപിച്ചതിന് പിന്നാലെ വൻ രാഷ്ട്രീയ നാടകങ്ങൾ അരങ്ങേറിയ മണ്ഡലമാണ് വർക്കല. എൽഡിഎഫിൽ സിറ്റിങ് എംഎൽഎ വി. ജോയ് സ്ഥാനാർഥിയായെത്തി. മുമ്പ് മൂന്നുടേം തുടർച്ചയായി മണ്ഡലത്തെ പ്രതിനിധീകരിച്ച വർക്കല കഹാർ ആണ് യുഡിഎഫ് സ്ഥാനാർഥിയായി എത്തിയത്. എൻഡിഎയിൽ ബിഡിജെഎസിനായിരുന്നു സീറ്റ് അനുവദിച്ചത്. താമരചിഹ്നത്തിൽ ചുവരെഴുത്ത് തുടങ്ങിയ മണ്ഡലം ഘടകക്ഷിക്ക് നൽകിയത് പ്രാദേശികമായി വലിയ എതിർപ്പിന് കാരണമായി. സിറ്റിങ് എംഎൽഎ ജയിക്കാതിരിക്കാൻ യുഡിഎഫിന് വോട്ടുചെയ്യണമെന്ന ആഹ്വാനംപോലും ബിജെപിക്കുള്ളിലുണ്ടായിരുന്നു. തുടർന്നാണ് അപ്രതീക്ഷിത നീക്കത്തിലൂടെ മണ്ഡലത്തിൽ ബിജെപി സ്ഥാനാർഥിയെത്തിയത്. അസംതൃപ്തയായിരുന്ന സിപിഎം ഏരിയാ കമ്മിറ്റിയംഗത്തെ തങ്ങൾക്കൊപ്പമെത്തിച്ച് ബിജെപി താമരചിഹ്നത്തിൽ സ്ഥാനാർഥിയാക്കി. 2006-ൽ പിതാവ് എസ്. സുന്ദരേശൻ എൽഡിഎഫ് സ്ഥാനാർഥിയായി മത്സരിച്ച വർക്കലയിലാണ് 20 വർഷങ്ങൾക്കുശേഷം മകൾ സ്മിത സുന്ദരേശൻ ബിജെപി സ്ഥാനാർഥിയായി മത്സരിക്കുന്നത്. ബിഡിജെഎസ് മത്സരിച്ചപ്പോൾ ബിജെപി വോട്ടുകൾ ചോർന്നിരുന്നു. 2016-ലെ തിരഞ്ഞെടുപ്പിനേക്കാൾ 8000 വോട്ടുകളുടെ കുറവ് 2021-ലെ തിരഞ്ഞെടുപ്പിലുണ്ടായി. പാർട്ടി ചിഹ്നത്തിൽ മത്സരിക്കുമ്പോൾ വോട്ട് ചോരില്ലെന്നാണ് ബിജെപി നേതാക്കളുടെ വാദം. [object Object] മൂന്നാംതവണ ബ്ലോക്ക് പഞ്ചായത്തംഗമായി തിരഞ്ഞെടുക്കപ്പെട്ട സ്മിത, 2015-ൽ ബ്ലോക്ക് വൈസ് പ്രസിഡന്റും 2020-ൽ പ്രസിഡന്റുമായിരുന്നു. ഇത്തവണ വിജയിച്ചെങ്കിലും പ്രസിഡന്റ് സ്ഥാനത്തേക്ക് പരിഗണിച്ചില്ല. സ്ഥിരംസമിതി അധ്യക്ഷസ്ഥാനവും ലഭിച്ചില്ല. ഇതെല്ലാം പാർട്ടി അവഗണിക്കുകയാണെന്ന തോന്നൽ ഉണ്ടാക്കിയിരുന്നു. തുടർന്നാണ് അവർ നിയമസഭാ തിരഞ്ഞെടുപ്പ് പത്രിക സമർപ്പിക്കാൻ ഒരുദിവസം മാത്രം ബാക്കി നിൽക്കെ സിപിഎം വിട്ട് ബിജെപിയിലെത്തിയത്. ജില്ലാ സെക്രട്ടറി സ്ഥാനം താത്കാലികമായി ഒഴിഞ്ഞാണ് ജോയ് വീണ്ടും മത്സരത്തിനെത്തിയത്. 2016-ൽ ജോയും കഹാറും നേർക്കുനേർ മത്സരിച്ചപ്പോൾ രണ്ടായിരത്തി മുന്നൂറോളം വോട്ടുകൾക്കാണ് എൽഡിഎഫ് ഇവിടെ വിജയിച്ചത്. അന്ന് സീറ്റ് പിടിച്ചെടുത്ത ജോയ്, കഴിഞ്ഞ തവണ ബി.ആർ.എം. ഷഫീറിനെ പരാജയപ്പെടുത്തി മണ്ഡലം നിലനിർത്തി. വർക്കല മുനിസിപ്പാലിറ്റിയും ഏഴ് ഗ്രാമപഞ്ചായത്തുകളും ഉൾപ്പെടുന്ന മണ്ഡലത്തിൽ, തദ്ദേശതിരഞ്ഞെടുപ്പിലെ കണക്കുകളിൽ എൽഡിഎഫിനാണ് മുൻതൂക്കം.

How was this article?

Discussion (0)

Please login to join the conversation.

No comments yet. Be the first!

സംവാദവെല്ലുവിളികളുടെ നേമം, ശബരിമല സ്വർണ്ണക്കൊള്ള കഴക്കൂട്ടത… | Boolokam