വി. പ്രവീണ Last Updated: 19 Apr 2026, 02:38 pm IST സിനിമ കാണാൻ ചെന്നിരിക്കുന്ന പ്രേക്ഷകന് പ്രതികരിക്കാനുള്ള അവകാശമുണ്ട്. അവരെ സംബന്ധിച്ച് കാഴ്ച എന്നതിനപ്പുറം സിനിമയോട് പ്രത്യേകമായ വൈകാരികബന്ധമോ ഉത്തരവാദിത്വമോ ഉണ്ടാകണമെന്നില്ല. അതുപോലെതന്നെയാണ് റിവ്യൂവേഴ്‌സും. ശ്യാമപ്രസാദ് |ഫോട്ടോ: വിവേക് ആര്‍.നായര്‍\ മാതൃഭൂമി മ ലയാളത്തിന്റെ ദൃശ്യസംസ്‌കാരത്തിന് പുതിയ ലിപി സമ്മാനിച്ച സംവിധായകനാണ് ശ്യാമപ്രസാദ്. കറുപ്പായും വെളുപ്പായും മാത്രം കണ്ടുശീലിച്ച ജീവിതാവസ്ഥകളെ, അതിനപ്പുറമുള്ള ഒട്ടേറെ നിറങ്ങളിൽ വായിച്ചെടുക്കാനുള്ള അവസരം അദ്ദേഹത്തിന്റെ സിനിമകളിലൂടെ മലയാളികൾക്ക് ലഭിച്ചു. To advertise here, സിനിമയോടൊത്തുള്ള നീണ്ട യാത്രയിൽ കണ്ടറിഞ്ഞ മാറ്റങ്ങൾ ആസ്വാദകർ ദൃശ്യസാക്ഷരത നേടിക്കഴിഞ്ഞ കാലമാണിത്. ഫിലിംമേക്കേഴ്‌സിന് അതിനൊത്ത സൂക്ഷ്മതയും ശ്രദ്ധയും ഉണ്ടാകേണ്ടതുണ്ട്. ഈ ദൃശ്യസാക്ഷരത ബൗദ്ധികമായ ഉണർവിനും കാരണമായിട്ടുണ്ട്. ജീവിതത്തെപ്പറ്റിയുള്ള ബാലിശമായ കാഴ്ചപ്പാടിന് ഇവിടെ നിലനിൽപ്പില്ല. നന്മ, തിന്മ, വില്ലൻ, നായകൻ എന്നൊക്കെയുള്ള മുൻവിധികളുടെ കുടുക്കുകളിൽനിന്ന് കല മോചിപ്പിക്കപ്പെട്ടുകഴിഞ്ഞു. ഉള്ളൊഴുക്കുപോലുള്ള സിനിമകൾ അതിന് ഉദാഹരണമാണ്. സാമൂഹികവും വൈകാരികവും സാംസ്കാരികവുമായ ഘടകങ്ങൾ മനുഷ്യജീവിതത്തെ സ്വാധീനിക്കുന്നതെന്ന് ആ സിനിമ കാണിച്ചുതരുന്നുണ്ട്. സിനിമയിൽ സമൂലമായ മാറ്റങ്ങളാണ് ഉണ്ടായത്. ഞാൻ സിനിമ ചെയ്യാൻ തുടങ്ങിയ കാലഘട്ടത്തിലെ ഒരു ഫിലിം മേക്കറുടെ റോൾ അല്ല ഇന്ന് ഇൻഡസ്ട്രിയിലുള്ളത്. ഇന്ന് ഫിലിം മേക്കർ ഒരു സെല്ലറും പ്രോജക്റ്റ് ഡിസൈനറും പ്രോജക്റ്റ് മാനേജറും ആർട്ടിസ്റ്റ് കോഡിനേറ്ററുമൊക്കെയാണ്. അയാൾക്ക് ഒരുപാട് കാര്യങ്ങൾ ചെയ്യേണ്ടിവരും. അതിന്റേതായ സമ്മർദങ്ങളുമുണ്ടാകും. പഴയപോലെ സർഗസൃഷ്ടിമാത്രംചെയ്യുന്ന ഒരാളല്ല. അതുകൊണ്ട് സർഗാത്മകതയുടെ ഭാഗമെന്ന് കരുതപ്പെടുന്ന അരാജകത്വത്തെയൊക്കെ ഒരുവശത്തേക്ക് മാറ്റിവെക്കേണ്ടിവരും. അച്ചടക്കം ശീലിക്കേണ്ടിവരും. ഫിലിം ഇൻഡസ്ട്രി എന്നുപറയുന്നത് വലിയ മുതൽമുടക്ക് നടക്കുന്ന മേഖലയാണ്. സംവിധായകനിൽ വിശ്വാസമർപ്പിച്ചാണ് അവിടെ പണം ചെലവാക്കപ്പെടുന്നത്. ആ വിശ്വാസത്തെ കണക്കിലെടുക്കുക പ്രധാനമാണ്. അവിടെ ഫിലിംമേക്കർ ഒരു സെല്ലർ കൂടിയായിമാറുന്നു. അകത്തും പുറത്തും അപ്‌ഡേറ്റഡ് ആവേണ്ടതുമുണ്ട്. മാറുന്ന സെൻസിബിലിറ്റി, സാങ്കേതികത എങ്ങനെ എല്ലാ വശങ്ങളെപ്പറ്റിയും ഏറ്റവും നൂതനമായ അറിവ് ഉണ്ടാകേണ്ടതുണ്ട്. ഈയടുത്ത് ഞാൻ അടൂർസാറിന്റെ പദയാത്ര എന്ന സിനിമയുടെ സെറ്റിൽ പോയിരുന്നു. പുതിയതലമുറയിൽപ്പെട്ടവർക്കൊപ്പമാണ് അവിടെ അദ്ദേഹം ജോലിചെയ്യുന്നത്. അദ്ദേഹത്തെ പോലുള്ള അത്രയും സീനിയർ ആയിട്ടുള്ള ഫിലിം മേക്കർപോലും മാറ്റത്തെ ഉൾക്കൊണ്ടുകഴിഞ്ഞു. സോഷ്യൽമീഡിയ സിനിമയെ സംബന്ധിച്ചും ഒരു വിമർശന മാധ്യമമാണല്ലോ. റിവ്യൂകളും മറ്റും സിനിമയെ എങ്ങനെയാകും സ്വാധീനിക്കുക? സ്വാഭാവികമായ പരിണതിയായാണ് ഞാനതിനെ കാണുന്നത്. ഇന്റർനെറ്റിലുള്ള റിവ്യൂയിങ് സമ്പ്രദായം കാലത്തിന്റെ മാറ്റത്തിനൊത്ത് കടന്നുവന്നതാണ്. ഫിലിംമേക്കേഴ്‌സ് സിനിമയെ പരസ്യപ്പെടുത്താൻ പല വഴികൾ സ്വീകരിക്കാറില്ലേ. ടീസർ റിലീസ്, പോസ്റ്റർ ലോഞ്ച്, മ്യൂസിക് ലോഞ്ച് എന്നിങ്ങനെ ഒട്ടേറെ പരിപാടികൾ നടത്താറുണ്ട്. ആളുകളെ ആകർഷിക്കുക എന്നതാണ് ഇതിന്റെയൊക്കെ ഉദ്ദേശ്യം. ഇത്തരം വഴികളിലൂടെയൊക്കെ ആകർഷിക്കപ്പെട്ട് സിനിമ കാണാൻ ചെന്നിരിക്കുന്ന പ്രേക്ഷകന് പ്രതികരിക്കാനുള്ള അവകാശമുണ്ട്. അവരെ സംബന്ധിച്ച് കാഴ്ച എന്നതിനപ്പുറം സിനിമയോട് പ്രത്യേകമായ വൈകാരികബന്ധമോ ഉത്തരവാദിത്വമോ ഉണ്ടാകണമെന്നില്ല. അതുപോലെതന്നെയാണ് റിവ്യൂവേഴ്‌സും. അവരുടേതായ രീതിയിൽ ജനങ്ങളെ രസിപ്പിക്കാനാണ് അവരും ശ്രമിക്കുന്നത്. സത്യസന്ധമായ റിവ്യൂവേ നിലനിൽക്കുകയുള്ളൂ. അതിനേ കാഴ്ചക്കാരുണ്ടാകൂ. ഞാൻ പതിവായി ശ്രദ്ധിക്കുന്ന റിവ്യൂവേഴ്‌സ് ഉണ്ട്. ഒരു ഫിലിം മേക്കറും ആർട്ടിസ്റ്റും സിനിമയിൽ അവരവരുടേതായ തലങ്ങളിൽ എന്താണോ ഉദ്ദേശിച്ചത് അത് വിജയകരമായി പ്രേക്ഷകരിലേക്ക് എത്തിക്കാൻ അവർക്ക് കഴിഞ്ഞോ എന്നാണ് അവർ നോക്കുന്നത്. ആ വിനിമയശ്രമത്തിൽ ഉണ്ടാകുന്ന വീഴ്ചകളെയും പരാജയങ്ങളെയും ചൂണ്ടിക്കാണിക്കാനാണ് അവർ ശ്രമിക്കുന്നത്. ഹിറ്റുകളും കലാമൂല്യവും തമ്മിൽ എന്താണ് ബന്ധം? കലാമൂല്യമുള്ളതും ഹിറ്റ് ആവാം. പക്ഷേ, ഹിറ്റ് ആയിട്ടില്ലെങ്കിൽ അതിന് കലാമൂല്യമില്ല എന്നർഥമില്ല. ശരിതെറ്റുകളുടെയും സദാചാരത്തിന്റെയും അളവുകോലുകൾക്ക് വഴങ്ങാത്ത കഥാപാത്രങ്ങളെ സിനിമയിൽ ആവിഷ്കരിച്ചപ്പോൾ നേരിട്ട വെല്ലുവിളികൾ ഡ്രാമാസ്കൂൾ കാലത്തെ വായനയിലൂടെയും സിനിമാ കാഴ്ചകളിലൂടെയും ജീവിതത്തെപ്പറ്റി കുറച്ചുകൂടി വിശാലമായൊരു കാഴ്ചപ്പാട് വന്നുചേർന്നിരുന്നു. ചെക്കോവിന്റെ കഥകളും പഥേർ പാഞ്ജലിയും ത്രോൺ ഓഫ് ബ്ലഡും പോലെയുള്ള സിനിമകളുമൊക്കെ നമുക്ക് വിശദീകരിക്കാനോ ന്യായീകരിക്കാനോ കഴിയാത്ത സ്വഭാവ വൈചിത്ര്യങ്ങളുള്ള മനുഷ്യരെ കാണിച്ചുതരുന്നുണ്ട്. മനുഷ്യരുടെ പ്രയാസങ്ങളെ അരികിൽ നിന്ന് കാണാൻ സാധിച്ചാൽ കറുപ്പിനും വെളുപ്പിനുമിടയിൽ അനന്തമായ വർണലോകം കാണാനാകും. ഓരോ മനുഷ്യരിലും നമുക്ക് നമ്മെ കണ്ടെടുക്കാനാകും. ബ്ലാക്ക് ആൻഡ് വൈറ്റ് ആയി മാത്രം കാര്യങ്ങളെ കാണേണ്ടതില്ലെന്നും മറ്റുള്ളവരുടെ സദാചാരബോധത്തെപ്പറ്റി വേവലാതിപ്പെടേണ്ടതില്ലെന്നും ലോകസാഹിത്യത്തിലേക്കും സിനിമകളിലേക്കുമുള്ള യാത്രകളിലൂടെ വളരെനേരത്തേതന്നെ ഞാൻ തിരിച്ചറിഞ്ഞിരുന്നു. നടന്റെ കുപ്പായം എളുപ്പത്തിലിണങ്ങിയോ? ഞാൻ എന്നെ ഒരു അഭിനേതാവായി കാണുന്നില്ല. നടനാകാനുള്ള യോഗ്യതകൾ ഇല്ലാത്തയാളായാണ് സ്വയം വിലയിരുത്തുന്നുന്നത്. ഉൾവലിയലുണ്ട്, അഭിനയം എന്ന പ്രക്രിയയിൽ സെൽഫ് കോൺഷ്യസാകാറുണ്ട്. ഇതെല്ലാം ചേർത്തുവെക്കുമ്പോൾ ഒരു നടന് അവശ്യം വേണ്ട അടിസ്ഥാന യോഗ്യതകൾ ഒന്നുംതന്നെയില്ലെനിക്ക്. പക്ഷേ, യാദൃച്ഛികമായി ഞാൻ നടനായി. എന്റെതന്നെ ചില സിനിമകളിൽ ചില വേഷങ്ങൾക്കായി കണ്ടുെവച്ചിരുന്നവരുടെ അഭാവത്തിൽ എനിക്ക് അഭിനയിക്കേണ്ടിവന്നു. അത് ആത്മവിശ്വാസത്തിന്റെ പുറത്തായിരുന്നില്ല. അഭിനയിക്കുകയും ചെയ്യാം എന്ന തോന്നലിന്റെ പുറത്തായിരുന്നു. പക്ഷേ, തുടർന്ന് സുഹൃത്തുക്കളും മറ്റും അവരുടെ സിനിമകളിൽ എന്നെ അഭിനേതാവാക്കി. അങ്ങനെ അതൊരു തുടർച്ചയുമായി. റോളുകൾ വലുതായി. ഇപ്പോഴും അഭിനയത്തിന്റെ കാര്യത്തിൽ കംഫർട്ട് സോണിനുപുറത്തേക്ക് കടന്നിട്ടില്ല. അതിൽ നിന്ന് പുറത്തുകടക്കണമെന്നുണ്ട്. ആർട്ടിസ്റ്റിക്കായ ചലഞ്ചായി അതിനെ എടുക്കണമെന്നുമുണ്ട്. ‘ആരോ’ പോലുള്ള ഹ്രസ്വചിത്രങ്ങളിൽ അതിനുള്ള അവസരം ലഭിച്ചെന്നുപറയാം. പക്ഷേ, ക്യാമറയ്ക്ക് മുന്നിൽനിന്നതോടെ സംവിധാനത്തെപ്പറ്റിയും കൂടുതൽ മനസ്സിലാക്കാനായി എന്നതാണ് വലിയ കാര്യം. സിനിമയുടെ ഏറ്റവും പ്രധാനമായ ജൈവഘടകമാണ് അതിലെ അഭിനേതാവ്. ഒരു നടൻ സംവിധായകനിൽനിന്ന് എന്താണ് പ്രതീക്ഷിക്കുന്നത്, നടനോട് ചെയ്തുകൂടാത്തതെന്ത് എന്നതിനെപ്പറ്റിയെല്ലാം ഉൾക്കാഴ്ച ലഭിച്ചത് സ്വയം നടനായി മാറിയശേഷമാണ്. അഭിനേതാവിന്റെ കലയോട് എനിക്ക് കുറച്ചുകൂടി ആദരം വന്നുചേർന്നു. നടന്റെ കലയെ സംവിധായകൻ എത്രമാത്രം ശ്രദ്ധയോടെയാണ് ഉരുവപ്പെടുത്തേണ്ടത് എന്നുള്ളതിനെപ്പറ്റി കുറച്ചുകൂടി കൃത്യമായ ബോധ്യംവന്നു. അങ്ങനെനോക്കുമ്പോൾ എല്ലാ സംവിധായകരും അഭിനേതാവിന്റെ കുപ്പായം ഒരിക്കലെങ്കിലും അണിയേണ്ടതാണെന്നാണ് എനിക്ക് തോന്നുന്നത്. Content Highlights: Renowned filmmaker Shyamaprasad reflects on the transition of Malayalam cinema from simplistic morality to complex storytelling, emphasizing that today's visually literate audience demands depth, discipline, and technical precision from modern directors. Published: 19 Apr 2026, 02:32 pm IST Disclaimer: Kindly avoid objectionable, derogatory, unlawful and lewd comments, while responding to reports. Such comments are punishable under cyber laws. Please keep away from personal attacks. The opinions expressed here are the personal opinions of readers and not that of Mathrubhumi.

സംവിധായകൻ സർഗസൃഷ്ടി മാത്രം ചെയ്യുന്ന ഒരാളല്ല, പ്രേക്ഷകന് പ്രതികരിക്കാനുള്ള അവകാശമുണ്ട് -ശ്യാമപ്രസാദ്
M
MathrubhumiSource Link
21 days ago