ചെന്നൈ : അഞ്ച് തലസ്ഥാനങ്ങൾ സ്ഥാപിച്ച് തമിഴ്‌നാട്ടിൽ വികേന്ദ്രീകൃതഭരണം നടപ്പാക്കുമെന്ന് നാം തമിഴർ കക്ഷി(എൻ.ടി.കെ.)യുടെ പ്രകടനപത്രികയിലെ വാഗ്ദാനം. നിയമനിർമാണസഭകളിൽ വനിതാപ്രാതിനിധ്യം ഉറപ്പാക്കാൻ പ്രത്യേക മണ്ഡലങ്ങൾ ഏർപ്പെടുത്തുമെന്നും പാർട്ടിനേതാവ് സീമാൻ പ്രഖ്യാപിച്ചു. To advertise here, സംസ്ഥാനത്തിന്റെ ഭരണ, സാങ്കേതികവിദ്യ, വ്യവസായ, സാംസ്കാരിക, തത്ത്വചിന്താ വിഭാഗങ്ങൾ വിഭജിച്ച് തിരുച്ചിറപ്പള്ളി, ചെന്നൈ, കോയമ്പത്തൂർ, മധുര, കന്യാകുമാരി നഗരങ്ങൾ കേന്ദ്രീകരിച്ച് വ്യത്യസ്ത തലസ്ഥാനങ്ങൾ സ്ഥാപിക്കുമെന്നതാണ് പ്രകടനപത്രികയിലെ പ്രധാന പ്രഖ്യാപനം. കാർഷികോത്പാദനവും കർഷകരുടെ വരുമാനവും വർധിപ്പിക്കാനും ഭക്ഷ്യസുരക്ഷ ഉറപ്പാക്കാനും പദ്ധതികൾ കൊണ്ടുവരും. കൃഷിയെ സർക്കാർസേവനങ്ങളുമായി ബന്ധിപ്പിക്കും. പരിസ്ഥിതിസംരക്ഷണത്തിനും കാലാവസ്ഥാവ്യതിയാനത്തെ നേരിടുന്നതിനും ജലസംരക്ഷണത്തിനും നടപടിയെടുക്കും. മദ്യനിരോധനത്തിനും മയക്കുമരുന്ന് തടയുന്നതിനും മുൻഗണന നൽകും. വ്യാഴാഴ്ച ഗിണ്ടിയിലെ ഹോട്ടലിലാണ് പാർട്ടിനേതാവ് സീമാൻ പ്രകടനപത്രിക പ്രകാശനംചെയ്തത്. തമിഴ്‌നാട്ടിലെ 234 മണ്ഡലങ്ങളിലെയും സ്ഥാനാർഥികളെ സീമാൻ നേരത്തേ പ്രഖ്യാപിച്ചിരുന്നു. സീമാൻ കാരൈക്കുടി മണ്ഡലത്തിലാണ് മത്സരിക്കുന്നത്. വീരപ്പന്റെ മകൾ വിദ്യാറാണിയാണ് മേട്ടൂരിലെ സ്ഥാനാർഥി. സ്ഥാനാർഥികളിൽ പകുതി സ്ത്രീകളാണ്. കഴിഞ്ഞ നിയമസഭാ തിരഞ്ഞെടുപ്പിലും എൻ.ടി.കെ. മുഴുവൻ സീറ്റിലും മത്സരിച്ചിരുന്നു. 6.72 ശതമാനം വോട്ടാണ് കിട്ടിയത്. 2024-ലെ ലോക്‌സഭാ തിരഞ്ഞെടുപ്പിൽ വോട്ടുനില 8.22 ശതമാനമായി ഉയർന്നു. Published: 20 Mar 2026, 12:30 am IST Disclaimer: Kindly avoid objectionable, derogatory, unlawful and lewd comments, while responding to reports. Such comments are punishable under cyber laws. Please keep away from personal attacks. The opinions expressed here are the personal opinions of readers and not that of Mathrubhumi.

സംസ്ഥാനത്ത് അഞ്ച് തലസ്ഥാനം; സീമാന്റെ തിരഞ്ഞെടുപ്പ് വാഗ്ദാനം
M
MathrubhumiSource Link
about 2 months ago