'തലേവരയുണ്ടെങ്കിൽ താനേ വരും...' എന്നൊരു ചൊല്ലുണ്ട്...ചെന്നൈ സൂപ്പർകിങ്സും സഞ്ജു സാംസണും തമ്മിലുള്ള ബന്ധവും ഇങ്ങനെയാണ്. സഞ്ജുവിനെ ടീമിലെത്തിക്കാൻ സൂപ്പർകിങ്സ് ശ്രമം തുടങ്ങിയത് ഏതാണ്ട് നാലുവർഷം മുൻപാണ്. മഹേന്ദ്രസിങ് ധോനിക്കുശേഷം ആര് എന്നതിന് ടീമിന്റെ ഉത്തരമായിരുന്നു സഞ്ജു. ഓരോ ഐ.പി.എൽ. ലേലം വരുമ്പോഴും സഞ്ജു മഞ്ഞ ജേഴ്സിയിലേക്ക് എത്തുമെന്ന അഭ്യൂഹം ശക്തമായി. പക്ഷേ, 'തലേവര' ശരിയായത് ഇപ്പോഴാണ്. രാജസ്ഥാൻ റോയൽസിന്റെ നായകനായിരുന്ന സഞ്ജു 2025 ഐ.പി.എൽ. സീസണിന്റെ അവസാനഘട്ടത്തിലാണ് ടീം വിടാൻ തീരുമാനിച്ചത്. റോയൽസ് ഉടമയും ബ്രിട്ടീഷ് ഇന്ത്യൻ വ്യവസായിയുമായ മനോജ് ബഡാലേയോട് സഞ്ജുതന്നെ ഇക്കാര്യം പറഞ്ഞു. ''പുതിയ അധ്യായത്തിലേക്ക് കടക്കണം'' എന്നായിരുന്നു പ്രഖ്യാപനം. ''താങ്കളുടെ ആഗ്രഹത്തോട് സഹകരിക്കാൻ തയ്യാറാണ്. പ്ലെയർ ട്രേഡിലൂടെ മാത്രമേ അത് സാധിക്കൂ...'' എന്നായിരുന്നു മനോജ് ബഡാലേയുടെ പ്രതികരണം. മുംബൈ ഇന്ത്യൻസും കൊൽക്കത്ത നൈറ്റ്റൈഡേഴ്സും റോയൽ ചലഞ്ചേഴ്സ് ബെംഗളൂരുവും സഞ്ജുവിനുവേണ്ടി ശക്തമായി രംഗത്തുണ്ടായിരുന്നു. മറ്റു ടീമുകളെ ഞെട്ടിച്ചുകൊണ്ട് 18 കോടി രൂപയ്ക്ക് ചെന്നൈ സഞ്ജുവിനെ സ്വന്തമാക്കി. To advertise here, ന്യൂ ബ്രാൻഡ് പ്ലെയർ ട്രേഡ് നടക്കുമ്പോൾ കരിയറിലെ മോശം ഫോമിലൂടെ കടന്നുപോവുകയായിരുന്നു സഞ്ജു. ട്വന്റി-20 ലോകകപ്പിന്റെ തുടക്കത്തിലും അതേ അവസ്ഥയായിരുന്നു. പക്ഷേ, സൂപ്പർ എട്ടിലെ നിർണായക മത്സരത്തിൽ വെസ്റ്റ് ഇൻഡീസിനെതിരേ നേടിയ 97 റൺസ് സഞ്ജുവിന്റെ കരിയറിലെ തന്നെ ഏറ്റവും മികച്ച ഇന്നിങ്സ് ആയി മാറി. സെമിയിൽ ഇംഗ്ലണ്ടിനെതിരേയും ഫൈനലിൽ ന്യൂസീലൻഡിനേതിരേയും 89 റൺസ് നേടി ടൂർണമെന്റിലെ മികച്ച താരവുമായ മലയാളി താരം മിന്നുന്ന ഫോമിലാണ് ചെന്നൈയ്ക്കുവേണ്ടി അരങ്ങേറ്റംകുറിക്കാനൊരുങ്ങുന്നത്. മഞ്ഞ ജേഴ്‌സിയിലെ ആദ്യ മത്സരം രാജസ്ഥാൻ റോയൽസിനെതിരേയാകും എന്ന കൗതുകവുമുണ്ട്. സി.എസ്.കെ.യിൽ സഞ്ജു ഓപ്പണറാകാനാണ് സാധ്യത. ആയുഷ് മാത്രേയോ നായകൻ ഋതുരാജ് ഗെയ്ക്വാദോ ആയിരിക്കും ഒപ്പം. സഞ്ജു എത്തിയതോടെ സി.എസ്.കെ.യുടെ 'തല മാറുമോ' എന്നചോദ്യവും ശക്തമായി. ചെന്നൈയുടെ 'തല'യെന്നാൽ സാക്ഷാൽ എം.എസ്. ധോനിയാണ്. തലയ്ക്ക് നായകൻ എന്ന അർഥം കൂടിയുള്ളതിനാൽ തല മാറുമോ എന്ന ചോദ്യത്തിന് ഇരട്ട മുനയാണ്. ഈ സീസണിൽ ധോനി എല്ലാ മത്സരവും കളിക്കുമെന്ന് ടീമിന്റെ സി.ഇ.ഒ. കാശി വിശ്വനാഥൻ സൂചന നൽകിയിട്ടുണ്ട്. ഇംപാക്ട് പ്ലെയർ എന്ന നിലയിലാണ് ധോനി ഇറങ്ങുന്നതെങ്കിൽ വിക്കറ്റ് കീപ്പർ സഞ്ജുവായിരിക്കും. ഈ സീസണോടെ ധോനി കളിയവസാനിപ്പിച്ച് കോച്ചായോ ടീം മെന്റർ ആയോ പുതിയ അധ്യായം തുറന്നേക്കാം. ഋതുരാജ് ഗെയ്ക്ക്വാദ് നല്ല ബാറ്ററാണെന്ന് തെളിയിച്ചെങ്കിലും നല്ല നായകനാണെന്ന അഭിപ്രായമില്ല. സഞ്ജുവിൽ ചെന്നൈ ധോനിയുടെ പിൻഗാമിയെ കാണുന്നു എന്നുറപ്പ്. അതിലേക്ക് എത്ര ചുവടുകൾ വേണം എന്നേ അറിയാനുള്ളൂ. അതിനുമുൻപ് 'ചെന്നൈയുടെ ചേട്ടൻ' എന്ന വലിയ ബ്രാൻഡ് ആയി സഞ്ജുവിനെ മാറ്റേണ്ടതുണ്ട്. അതിന്റെ തുടക്കമാകും ഈ സീസൺ. Content Highlights: Sanju Samson joins Chennai Super Kings for 18 Crores via player trade., Potential role as the successor to MS Dhoni's leadership legacy., Samson likely to open batting alongside Ruturaj Gaikwad., Dhoni expected to play as an Impact Player before transitioning to a coaching role. Published: 14 Mar 2026, 10:53 am IST Disclaimer: Kindly avoid objectionable, derogatory, unlawful and lewd comments, while responding to reports. Such comments are punishable under cyber laws. Please keep away from personal attacks. The opinions expressed here are the personal opinions of readers and not that of Mathrubhumi.

സഞ്ജു വരുന്നു; സൂപ്പർ കിങ്‌സിന്റെ 'തല' മാറുമോ? ചെന്നൈക്ക് വേണം ധോനിയുടെ പിൻഗാമിയെ
M
MathrubhumiSource Link
about 2 months ago