സത്യനില്ലാതെ പിറന്നുവീണ സത്യന്റെ പാട്ട്

സത്യനില്ലാതെ പിറന്നുവീണ സത്യന്റെ പാട്ട്

M
MathrubhumiSource Link
Last Updated: 28 March 2026, 09:47 AM IST വാഹിനി സ്റ്റുഡിയോയിലെ എഡിറ്റിംഗ് മേശയില്‍ ആ ഗാനരംഗം പിറവിയെടുക്കുന്നതിന് സാക്ഷ്യംവഹിച്ച ഒരേയൊരാളെ ഇന്ന് നമുക്കൊപ്പമുള്ളൂ. സംവിധായകന്‍ ഹരിഹരന്‍. സത്യനും സംവിധായകൻ ഹരിഹരൻ ഫ്രെയിമിൽ സത്യന്റെ ഭാവോജ്ജ്വലമായ മുഖം. കണ്ണുകളിൽ ആത്മരോഷത്തിന്റെ കനൽ. പശ്ചാത്തലത്തിൽ അശരീരി പോലെ യേശുദാസിന്റെ ശബ്ദം: 'പ്രവാചകന്മാരേ പറയൂ പ്രഭാതമകലെയാണോ, പ്രപഞ്ച ശില്പികളേ പറയൂ പ്രകാശമകലെയാണോ..' To advertise here, ഇനിയും കണ്ടു മതിവന്നിട്ടില്ലാത്ത ഗാനരംഗമാണത്. മലയാള സിനിമയുടെ ബ്ലാക്ക് ആൻഡ് വൈറ്റ് ഭൂതകാലത്തുനിന്ന് ഓർമ്മയിൽ ഒഴുകിയെത്തുന്ന ചരിത്ര മുഹൂർത്തം. 'അനുഭവങ്ങൾ പാളിച്ചക'ളിലെ ചെല്ലപ്പന്റെ മുഖത്തിന്റെ ക്‌ളോസപ്പ് ഷോട്ടിൽ നിന്ന് ക്യാമറ സഞ്ചരിക്കുന്നത് പഴയ കൊച്ചിയിലെ നഗരപാതകളിലേക്ക്. നഗ്‌നപാദനായി, ലക്ഷ്യമില്ലാതെ നടന്നുനീങ്ങുന്ന സാധാരണക്കാരനായ ഒരു തൊഴിലാളിയായി, നിസ്സഹായതയുടെ ആൾരൂപമായി സത്യൻ നിറയുകയാണ് മെല്ലി ഇറാനിയുടെ ക്യാമറയിൽ. പശ്ചാത്തലത്തിൽ വയലാറിന്റെ അർത്ഥഗർഭമായ വരികൾ: 'ഈ വഴിത്താരയിൽ ആലംബമില്ലാതെ ഈശ്വരൻ നിൽക്കുന്നു, ധർമനീതികൾ താടി വളർത്തി തപസ്സിരിക്കുന്നു...' ഗാനത്തിന്റെ വരികളും ദൃശ്യങ്ങളും തമ്മിലുള്ള പൊരുത്തം ഏറ്റവും പ്രകടമാകുക ചരണത്തിലാണ്. പാലത്തിന്റെ കൈവരിയിൽ കയ്യൂന്നി വിദൂരതയിലേക്ക് നോക്കിനിൽക്കുന്ന ചെല്ലപ്പന്റെ അസ്വസ്ഥമായ മുഖമാണ് സ്‌ക്രീനിൽ. പശ്ചാത്തലത്തിൽ ദാർശനിക മാനങ്ങളുള്ള വയലാറിന്റെ വരികൾ: 'ഈ കുരുക്ഷേത്രത്തിൽ ആയുധമില്ലാതെ അർജ്ജുനൻ നിൽക്കുന്നു, തത്വശാസ്ത്രങ്ങൾ ഏതോ ചിതയിൽ കത്തിയെരിയുന്നു...' തകഴിയുടെ കഥയിൽ നിന്ന് തോപ്പിൽ ഭാസി രൂപപ്പെടുത്തിയ തിരക്കഥ ആസ്പദമാക്കി കെഎസ്‌സേതുമാധവൻ സംവിധാനം ചെയ്ത 'അനുഭവങ്ങൾ പാളിച്ചകൾ' എന്ന സിനിമയുടെ ആത്മാവ് മുഴുവനുണ്ട് ആ രണ്ടു വരികളിൽ. വാഹിനി സ്റ്റുഡിയോയിലെ എഡിറ്റിംഗ് മേശയിൽ ആ ഗാനരംഗം പിറവിയെടുക്കുന്നതിന് സാക്ഷ്യംവഹിച്ച ഒരേയൊരാളെ ഇന്ന് നമുക്കൊപ്പമുള്ളൂ. സംവിധായകൻ ഹരിഹരൻ. 'അനുഭവങ്ങൾ പാളിച്ചക'ളുടെ എഡിറ്റർ എംഎസ് മണിയുടെ അസിസ്റ്റന്റ് ആയിരുന്നു അന്നദ്ദേഹം. 'മഹാനടനായ സത്യന്റെ ഭാവാഭിനയ മുഹൂർത്തങ്ങൾ കൊണ്ടു കൂടി ഓർക്കപ്പെടുന്ന ക്ലാസിക് ഗാനരംഗമാണത്. എന്നാൽ ആ സീൻ രൂപമെടുക്കുമ്പോൾ സത്യൻ ജീവിച്ചിരിപ്പില്ല എന്നതാണ് സത്യം.'-ഹരിഹരന്റെ വാക്കുകൾ. പൂർണമായും എഡിറ്ററുടെ കരവിരുതാണ് ആ ഗാനരംഗത്തിന്റെ മികവിന് പിന്നിൽ എന്ന് കൂട്ടിച്ചേർക്കുന്നു ഹരിഹരൻ. സത്യന്റെ അസാന്നിധ്യത്തിൽ ഗാനം ചിത്രീകരിക്കുന്നതെങ്ങനെ എന്നതായിരുന്നു സംവിധായകൻ സേതുമാധവനു മുന്നിലുള്ള വെല്ലുവിളി. 'ആ ദൗത്യം എനിക്ക് വിട്ടുതന്നേക്കൂ' എന്ന് എംഎസ് മണി. അഗാധമായ അർഥതലങ്ങളുള്ള ഒരു ഗാനത്തിന് സ്റ്റോക്ക് ഷോട്ടുകൾ ഉപയോഗിച്ച് ഔചിത്യപൂർണമായി ദൃശ്യാവിഷ്‌കാരം നൽകണം. മണി എന്ന വിദഗ്ദനായ ചിത്രസംയോജകൻ ആ വെല്ലുവിളി ഏറ്റെടുത്തു വിജയിപ്പിക്കുന്നത് വിസ്മയത്തോടെ കണ്ടിരുന്നു ഹരിഹരൻ. സിനിമാസ്വപ്നങ്ങളുമായി മദിരാശിയിൽ വന്നിറങ്ങിയ യുവാവിന് അതൊരു മറക്കാനാവാത്ത അനുഭവപാഠമായിരുന്നു. 'നേരത്തെ ഷൂട്ട് ചെയ്തു വെച്ചിരുന്ന ദൃശ്യശകലങ്ങൾ എഡിറ്റ് ചെയ്തു കൂട്ടിച്ചേർക്കുമ്പോൾ പാട്ടിന്റെ വരികളുമായി അവ ഇണങ്ങിച്ചേർന്നു നിൽക്കണം എന്ന നിർബന്ധമുണ്ടായിരുന്നു മണി സാറിന്.' - ഹരിഹരന്റെ ഓർമ്മ. 'പല രംഗങ്ങളിലും സത്യൻ വെറുതെ നടന്നുപോകുന്നതേ നാം കാണൂ. പക്ഷേ ആ നടത്തത്തിനു പോലുമുണ്ടായിരുന്നു എന്തൊക്കെയോ പ്രത്യേകതകൾ. ചെല്ലപ്പന്റെ ഉള്ളിലെ നിസ്സഹായതയും ആത്മരോഷവും ആകാംക്ഷയുമൊക്കെ വായിച്ചെടുക്കാൻ പറ്റും സത്യന്റെ ചലനങ്ങളിൽ നിന്ന്. ഇന്ന് കാണുമ്പോൾ പാട്ടിനിണങ്ങും വിധം ഷൂട്ട് ചെയ്ത രംഗം എന്നേ തോന്നൂ. അതായിരുന്നു എംഎസ് മണിയുടെ മാജിക്.' മണിയുമായി ഹരിഹരനെ ബന്ധപ്പെടുത്തിയത് പ്രമുഖ ഛായാഗ്രാഹകൻ യു രാജഗോപാലാണ്. രാജഗോപാൽ സംവിധാനം ചെയ്ത ഏക ചിത്രമായ 'മാണിക്യകൊട്ടാര'ത്തിൽ സഹായിയായിരുന്നു ഹരിഹരൻ. 'നല്ലൊരു സംവിധായകനാകാനാണ് മോഹമെങ്കിൽ നീ ആദ്യം പഠിക്കേണ്ടത് എഡിറ്റിങ്ങാണ്.' - സിനിമയോടുള്ള ശിഷ്യന്റെ അഭിനിവേശം കണ്ടറിഞ്ഞ രാജഗോപാൽ ഹരിഹരനെ ഉപദേശിച്ചു. ഒപ്പം അന്നത്തെ ഏറ്റവും പ്രമുഖനായ എഡിറ്ററെ പരിചയപ്പെടുത്തിക്കൊടുക്കുകയും ചെയ്തു, അസിസ്റ്റന്റ് ആയി ഹരിഹരൻ മണിയുടെ ഒപ്പം കൂടുന്നത് അങ്ങനെയാണ്. 1948 മുതൽ സിനിമാരംഗത്തുണ്ട് തിരുവനന്തപുരം സ്വദേശി മണി. തമിഴിൽ മർമ്മയോഗി, ഏഴൈ പെടും പാട്, സുഖം എങ്കേ തുടങ്ങിയ സൂപ്പർഹിറ്റ് സിനിമകൾ സംവിധാനം ചെയ്ത പൂജപ്പുര സ്വദേശി കെ രാംനാഥിന്റെ അനന്തിരവൻ. ആശാദീപം (1953) എന്ന ചിത്രത്തിലൂടെ ചിത്രസംയോജകനായി തുടക്കം കുറിച്ച മണി ആദ്യം സംവിധാനം ചെയ്തത് 'പുതിയ ആകാശം പുതിയ ഭൂമി.' തുടർന്ന് ഡോക്ടർ, സത്യഭാമ, സുബൈദ, തളിരുകൾ, വിലക്കപ്പെട്ട ബന്ധങ്ങൾ, ജലകന്യക തുടങ്ങി വേറേയും ശ്രദ്ധേയ ചിത്രങ്ങൾ. 'ഫിലിം മുറിച്ചൊട്ടിക്കലാണ് എഡിററിംഗ് സഹായിയുടെ പ്രധാന ജോലി.'-ഹരിഹരൻ ഓർക്കുന്നു. ' രാപ്പകലെന്നില്ലാതെ ജോലിയുണ്ടാകും. രാത്രികളിൽ വേസ്റ്റ് ഫിലിം നിറച്ചുവെച്ച പെട്ടികൾക്ക് മേൽ കിടന്നുറങ്ങുക വരെ ചെയ്തിട്ടുണ്ട്. ശ്വാസം വിടാൻ പോലും സമയമില്ലാത്തത്ര തിരക്കാണ് അക്കാലത്ത് മണി സാറിന്. എന്നിട്ടും ക്ഷമയോടെ ശിഷ്യനായി എന്നെ കൂടെ കൂട്ടാനുള്ള സന്മനസ്സ് കാണിച്ചു അദ്ദേഹം. ആ ശിഷ്യത്വം സംവിധായകനെന്ന നിലയിൽ പിൽക്കാലത്ത് ഏറെ ഗുണം ചെയ്തിട്ടുണ്ട് എനിക്ക്. സീനുകൾ ഷൂട്ട് ചെയ്യുമ്പോഴേ മനസ്സിൽ എഡിറ്റിംഗ് നടക്കുന്നുണ്ടാകും. സ്വാഭാവികമായ ഒരു പ്രക്രിയയാണത്. സംവിധായകനിൽ നല്ലൊരു എഡിറ്റർ കൂടി ഉണ്ടായിരിക്കേണ്ടതിന്റെ ആവശ്യകത എന്നെ പഠിപ്പിച്ചത് സേതുമാധവൻ സാറും മണി സാറുമൊക്കെയാണ്.' പിൽക്കാലത്ത് ഭൂമിദേവി പുഷ്പിണിയായി മുതലിങ്ങോട്ട് ഹരിഹരൻ സംവിധാനം ചെയ്ത നിരവധി ചിത്രങ്ങളിൽ എഡിറ്റിങ് നിർവഹിച്ചു മണി: വെള്ളം, പഞ്ചാഗ്‌നി, നഖക്ഷതങ്ങൾ, അമൃതംഗമയ, ആരണ്യകം, വടക്കൻ വീരഗാഥ, സർഗം, എന്ന് സ്വന്തം ജാനകിക്കുട്ടി.... 2008 ലായിരുന്നു മണിയുടെ വിയോഗം. 'പ്രവാചകന്മാരേ' എന്ന ഗാനരംഗം കാണുമ്പോൾ, അതിന്റെ ചിത്രീകരണത്തെക്കുറിച്ച് ആളുകൾ നല്ലതു പറഞ്ഞുകേൾക്കുമ്പോൾ എംഎസ് മണി എന്ന മഹാനായ കലാകാരനെ ഓർക്കും ഹരിഹരൻ. 'ശൂന്യതയിൽ നിന്ന് അത്ഭുതങ്ങൾ സൃഷ്ടിക്കാൻ കഴിഞ്ഞിരുന്ന അത്തരം മാന്ത്രികർ കൂടി ചേർന്നാലേ മലയാളസിനിമയുടെ ചരിത്രം പൂർണമാകൂ. നിർഭാഗ്യവശാൽ കണ്മുന്നിൽ തിളങ്ങിനിന്ന താരങ്ങളെ മാത്രമേ നമ്മിൽ പലരും ഓർക്കുന്നുള്ളൂ. ആ തിളക്കത്തിന് മാറ്റു കൂട്ടാൻ അണിയറയിൽ വിയർപ്പൊഴുക്കിയവരുടെ ത്യാഗങ്ങൾ പലപ്പോഴും വിസ്മരിക്കപ്പെടുന്നു....' Content Highlights: The legendary song sequence was edited using stock footage after Sathyan's passing., Director Hariharan shares his experience as an assistant editor under M.S. Mani., Highlights the vital role of film editing in shaping cinematic narrative and performance., Tribute to the unsung heroes of Malayalam cinema history. Published: 28 Mar 2026, 09:47 am IST ABOUT THE AUTHOR Disclaimer: Kindly avoid objectionable, derogatory, unlawful and lewd comments, while responding to reports. Such comments are punishable under cyber laws. Please keep away from personal attacks. The opinions expressed here are the personal opinions of readers and not that of Mathrubhumi.

How was this article?

Discussion (0)

Please login to join the conversation.

No comments yet. Be the first!

സത്യനില്ലാതെ പിറന്നുവീണ സത്യന്റെ പാട്ട് — Mathrubhumi | Boo… | Boolokam