Last Updated: 23 Apr 2026, 11:27 am IST പൂരം ദിനമായ ഞായറാഴ്ച തൃശൂരിൽ വെച്ച് ചിത്രത്തിന്റെ ഔദ്യോഗിക ലോഞ്ചിങ് നടക്കും ഐ.എം. വിജയന്റെ ജീവിതകഥ പറയുന്ന ചിത്രത്തിന്റെ പോസ്റ്റർ, ഐ.എം. വിജയൻ | Photos: instagram, Mathrubhumi പ ന്തുകളിക്കാരനായി, പോലീസ് ഉദ്യോഗസ്ഥനായി, നടനായി, പദ്മശ്രീയും അർജുന അവാർഡും ഉൾപ്പെടെയുള്ള ബഹുമതികൾ നേടി നാടിന്റെ മുഴുവൻ അഭിമാനമായി. ഇപ്പോഴിതാ സിനിമയിൽ കഥാപാത്രവുമാകുന്നു ഐഎം വിജയൻ. ഇന്ത്യൻ ഫുട്‍ബോൾ സൃഷ്ടിച്ച എക്കാലത്തേയും മികച്ച ഫോർവേഡുകളിൽ ഒരാളായ വിജയന്റെ ഐതിഹാസിക ജീവിതകഥ വെള്ളിത്തിരയിലേക്ക് പകർത്തുന്നത് പ്രമുഖ സംവിധായകൻ ഒമർ ലുലുവാണ്. To advertise here, ഏപ്രിൽ 26-ന് പൂരം നാളിൽ തൃശൂരിൽ വെച്ചാണ് പടത്തിന്റെ ഔദ്യോഗിക ലോഞ്ചിങ്. കന്നഡയിലെ പ്രമുഖ നിർമ്മാതാക്കളായ കേശവ രാമചന്ദ്രപ്പ, കെ. മഞ്ജു, രാജശേഖർ എന്നിവർ ചേർന്നാണ് പടം നിർമ്മിക്കുന്നത്. കന്നഡയിലും മലയാളത്തിലും ഉൾപ്പടെ വിവിധ ഭാഷകളിൽ വരുന്ന ചിത്രത്തിൽ വിജയനായി വേഷമിടുന്നത് ആരെന്നത് രഹസ്യമാക്കി വെച്ചിരിക്കുകയാണ്. ഇത് സംബന്ധിച്ച ഔദ്യോഗിക പ്രഖ്യാപനം 26-ന് ഉണ്ടാകുമെന്നാണ് പ്രതീക്ഷ. വിജയന്റെ സംഭവബഹുലമായ ജീവിത കഥ ഭാഷയ്ക്കും പ്രാദേശികതയ്ക്കുമെല്ലാം അതീതമാണെന്ന് അണിയറപ്രവർത്തകർ ചൂണ്ടിക്കാട്ടുന്നു. അതുകൊണ്ടുതന്നെ ഒരു ബഹുഭാഷാ താരനിരയെ പ്രതീക്ഷിക്കാം സിനിമയിൽ. മുൻ ഇന്ത്യൻ ക്യാപ്റ്റൻ വി.പി. സത്യന്റെ ജീവിതകഥ ക്യാപ്റ്റൻ എന്ന പേരിൽ 2018-ൽ സിനിമയായിരുന്നു. പ്രജേഷ് സെൻ സംവിധാനം ചെയ്ത ചിത്രത്തിൽ സത്യനായി വേഷമിട്ടത് ജയസൂര്യയായിരുന്നു. വിജയന്റെ ജീവിതം ‘കാലോ ഹരിൺ’ എന്ന പേരിൽ മുൻപ് ഡോക്യുമെന്ററി ആയിട്ടുണ്ട്. ഇന്ത്യൻ ഫുട്‍ബോളിലെ ഇതിഹാസതുല്യനായ പരിശീലകൻ സയ്യദ് അബ്ദുൾ റഹീമിന്റെ ജീവിതം ‘മൈതാൻ’ എന്ന പേരിൽ ഹിന്ദിയിൽ സിനിമയായത് രണ്ടു വർഷം മുൻപാണ്. ചിത്രത്തിൽ റഹിം ആയി അഭിനയിച്ചത് അജയ് ദേവ്ഗൺ ആയിരുന്നു. നിവിൻ പോളിയെ നായകനാക്കി വിജയന്റെ ജീവിതം സിനിമയാക്കാൻ മുൻപ് ആലോചനകൾ നടന്നിരുന്നെങ്കിലും ഫലപ്രാപ്തിയിൽ എത്തിയിരുന്നില്ല. 2016-ൽ പുറത്തുവന്ന ഹാപ്പി വെഡ്ഡിങ് ആണ് സംവിധായകൻ എന്ന നിലയിൽ ഒമർ ലുലുവിന്റെ ആദ്യചിത്രം. പിന്നാലെ ചങ്ക്സ്, ഒരു അഡാർ ലവ്, ധമാക്ക തുടങ്ങിയ ചിത്രങ്ങളും ഒമർ സംവിധാനം ചെയ്തു. ചിത്രത്തിന്റെ ആശയത്തെകുറിച്ചുള്ള ചർച്ചകൾ നടക്കാനിരിക്കുന്നതേയിട്ടുള്ളൂ എന്നാണ് ഐ.എം. വിജയൻ പറഞ്ഞത്. മികച്ച സിനിമയാകുമെന്നാണ് പ്രതീക്ഷയെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. ടൊവിനോ നായകനായ പുതിയ ചിത്രത്തിന്റെ ഷൂട്ടിങ്ങുമായി ബന്ധപ്പെട്ട് കൊച്ചിയിലാണ് ഇപ്പോൾ ഫുട്‍ബോൾ സൂപ്പർ താരം. Content Highlights: Director Omar Lulu announced a multi-language biopic on Indian football legend IM Vijayan with a grand launch in Thrissur on April 26 featuring major Kannada producers while the lead actor remains a secret. Published: 23 Apr 2026, 11:27 am IST ABOUT THE AUTHOR ഗ്രന്ഥകർത്താവ്,മാതൃഭൂമി സീനിയർ കണ്ടന്റ് സ്പെഷ്യലിസ്റ്റ്, ക്ലബ് എഫ്. എം. മുൻ മ്യൂസിക്ക് ഹെഡ്. Disclaimer: Kindly avoid objectionable, derogatory, unlawful and lewd comments, while responding to reports. Such comments are punishable under cyber laws. Please keep away from personal attacks. The opinions expressed here are the personal opinions of readers and not that of Mathrubhumi.

സത്യന് പിറകെ ഐ.എം. വിജയന്റെ ജീവിതകഥയും വെള്ളിത്തിരയിലേക്ക്; സംവിധാനം ഒമർ ലുലു
M
MathrubhumiSource Link
17 days ago