കാഞ്ഞങ്ങാട്: തൃക്കരിപ്പൂർ മണ്ഡലം യു.ഡി.എഫ്. സ്ഥാനാർഥി സന്ദീപ് വാരിയരെ കാഞ്ഞങ്ങാട് നെഹ്റു കോളേജിൽ ആക്രമിച്ച സംഭവത്തിൽ 25 എസ്.എഫ്.ഐ. പ്രവർത്തകർക്കെതിരേ വധശ്രമത്തിന് കേസ്. എസ്.എഫ്.ഐ. നീലേശ്വരം ഏരിയാ സെക്രട്ടറി ജിതിൻ റാം, കാഞ്ഞങ്ങാട് ഏരിയാ സെക്രട്ടറി ആദിത്യൻ കാഞ്ഞങ്ങാട്, ഉദുമ ഏരിയാ സെക്രട്ടറി കെ.ബ്രിജേഷ്, കോളേജ് യൂണിറ്റ് സെക്രട്ടറി പി.യു.മിഥുൻ, കോളേജ് യൂണിയൻ ചെയർമാൻ കെ.വി.അഭിരാം, എസ്.എഫ്.ഐ. പ്രവർത്തകരായ സൽമാൻ ഹാരീസ്, നിഖിലേഷ്, വിഘ്നേഷ്, ഗൗതം, ആദിത്യൻ നിലാങ്കര, കെ.വി.ആദിൽ എന്നിവരും കണ്ടാലറിയാവുന്ന 14 പേരുമാണ് പ്രതിപട്ടികയിൽ. To advertise here, തിങ്കളാഴ്ച വൈകീട്ട് നാലോടെയാണ് കോളേജ് കാമ്പസിനകത്ത് സന്ദീപ് വാരിയർ ഉൾപ്പെടെ അഞ്ചുപേരെ സംഘടിച്ചെത്തിയ എസ്.എഫ്.ഐ. പ്രവർത്തകർ മർദിച്ചത്. അതേസമയം സന്ദീപ് വാരിയരും സംഘവും ആക്രമിച്ചെന്ന നെഹ്റു കോളേജ് മലയാളം അസോസിയേഷൻ സെക്രട്ടറിയും എസ്.എഫ്.ഐ. പ്രവർത്തകനുമായ ശ്രീഹരിയുടെ പരാതിയിൽ സന്ദീപ് വാരിയർ, കെ.എസ്.യു. നെഹ്റു കോളേജ് യൂണിറ്റ് സെക്രട്ടറി വിഷ്ണുവത്സൻ, എം.എസ്.എഫ്. ജില്ലാ വർക്കിങ് കമ്മിറ്റിയംഗം ഇ.കെ.നാഫി, സന്ദീപ് വാരിയരുടെ വീഡിയോഗ്രാഫർ ലുക്മാൻ ഹക്കീം, മുസ്ലിം ലീഗ് പ്രവർത്തകൻ അഹ്‌മദ് മുജ്തബ് എന്നിവർക്കെതിരേയും ഹൊസ്ദുർഗ് പോലീസ് കേസെടുത്തു. ചികിത്സയിലായിരുന്ന സന്ദീപ് വാരിയർ ഉൾപ്പെടെയുള്ളവർ ആസ്പത്രി വിട്ടു. അതേസമയം നെഹ്റു കോളേജിൽ സന്ദീപ് വാരിയരുടെ നേതൃത്വത്തിൽ വിദ്യാർഥികൾക്കുനേരെ ആക്രമണം നടന്നതായാണ് എസ്.എഫ്.ഐ. ആരോപണം. പെൺകുട്ടികൾ ഉൾപ്പെടെ ഒൻപതുപേർക്ക് പരിക്കേറ്റതായി നേതാക്കൾ പറഞ്ഞു. പരിക്കേറ്റ് കാഞ്ഞങ്ങാട് സഹകരണ ആസ്പത്രിയിൽ പ്രവേശിപ്പിച്ചിരുന്ന ആദിത്യൻ, നിഖിലേഷ്, അഭിരാം, ശ്രീഹരി, നിരഞ്ജന, ദേവിക, പ്രജ്വൽ, നികേഷ് എന്നിവരും ആസ്പത്രി വിട്ടു. പരാജയം മുന്നിൽക്കണ്ടുള്ള പരിഭ്രാന്തി-സന്ദീപ് വാരിയർ : കാമ്പസ് ചെങ്കോട്ടയാണ് എന്ന് പറഞ്ഞായിരുന്നു ആക്രമണമെന്നും പരാജയഭീതി മുന്നിൽക്കണ്ടാണിതെന്നും സന്ദീപ് വാരിയർ പ്രതികരിച്ചു. തൃക്കരിപ്പൂരിൽ ഫാസിസ്റ്റ് നടപടിയാണ് എൽ.ഡി.എഫിന്റെ ഭാഗത്തുനിന്നുണ്ടാവുന്നത്. വ്യാപകമായി കള്ളവോട്ടിനും കോപ്പുകൂട്ടുന്നുണ്ട്. പാലക്കാട് രമേശിനെ തടഞ്ഞത് മൂത്ത ഫാസിസ്റ്റുകളെങ്കിൽ പടന്നക്കാട് തനിക്കുനേരെ അതിക്രമം നടത്തിയത് ഇളയ ഫാസിസ്റ്റുകളാണെന്നും സന്ദീപ് പറഞ്ഞു. യു.ഡി.എഫിനെ പ്രതിക്കൂട്ടിലാക്കി വാട്സാപ്പ് സന്ദേശം : നെഹ്റു കോളേജ് സംഭവത്തിന് പിന്നാലെ യു.ഡി.എഫിനെ പ്രതിക്കൂട്ടിലാക്കി വാട്സാപ്പ് സന്ദേശം. തൃക്കരിപ്പൂരിലെ ടീം യു.ഡി.എഫ്. എന്ന വാട്സാപ്പ് ഗ്രൂപ്പിൽ അബ്ദുൾ ഖാദർ എന്നയാളാണ് പോസ്റ്റിട്ടത്. 'അവർ ശരിക്കും നമ്മുടെ ട്രാപ്പിൽ വീണപോലെയായി. ഇത് നല്ലൊരു പ്രചാരണ ആയുധമായി മാറി' എന്നാണ് പോസ്റ്റിലുള്ളത്. 'ആദ്യംതന്നെ എസ്.എഫ്.ഐ.ക്ക് നന്ദി രേഖപ്പെടുത്തുന്നു. ജയിക്കാൻ കുറച്ചുകൂടി എളുപ്പമാക്കിത്തന്നതിന്' ഇങ്ങനെയൊരു പോസ്റ്റിനുള്ള കമന്റായിട്ടാണ് ട്രാപ്പിൽ വീണപോലെയായെന്ന് എഴുതിയത്. സന്ദീപ് വാരിയരും ടീമും കുഴപ്പുമുണ്ടാക്കുകയെന്ന ലക്ഷ്യത്തോടെ മുൻകൂട്ടി പ്ലാൻചെയ്ത് നെഹ്‌റു കോളേജിലെത്തിയതാണെന്ന് ഈ പോസ്റ്റിലൂടെ വ്യക്തമെന്ന് എസ്.എഫ്.ഐ.യുടെയും ഇടതുമുന്നണിയുടെയും നേതാക്കൾ പ്രതികരിച്ചു. ആക്രമിക്കപ്പെട്ടത് കൂടുതൽ വോട്ടുകിട്ടാൻ ഇടയാകുമെന്നേ ആ പോസ്റ്റിന് അർഥമുള്ളൂവെന്നായിരുന്നു യു.ഡി.എഫ്. നേതാക്കൾ പ്രതികരിച്ചത്. കേസന്വേഷണത്തിൽ ഇക്കാര്യവും ഉൾപ്പെടുമെന്ന് ഹൊസ്ദുർഗ് പോലീസും വ്യക്തമാക്കി.

സന്ദീപ് വാരിയരെയും സംഘത്തെയും ആക്രമിച്ച സംഭവം; 25 എസ്എഫ്‌ഐ പ്രവർത്തകർക്കെതിരെ വധശ്രമത്തിന് കേസ്
M
MathrubhumiSource Link
about 1 month ago