ബിജു പരവത്ത് Last Updated: 30 March 2026, 06:19 AM IST പ്രതീകാത്മക ചിത്രം | ഫോട്ടോ: മാതൃഭൂമി തിരുവനന്തപുരം: സപ്ലൈകോയ്ക്ക് സർക്കാർ നൽകേണ്ട പണത്തിന്റെ ബാധ്യത താത്‌കാലം സഹകരണബാങ്കുകളോട് ഏറ്റെടുക്കാൻ നിർദേശം. 300 കോടിരൂപയാണ് അടിയന്തരമായി വേണ്ടത്. കേരള ബാങ്കിൽ 100 കോടിയിലധികം നിക്ഷേപമുള്ള പ്രാഥമിക സഹകരണ ബാങ്കുകളോട് 20 കോടിവീതം അടിയന്തരമായി നൽകാനാണ് ആവശ്യപ്പെട്ടത്. ഇതിനുവേണ്ടി സഹകരണസംഘം രജിസ്ട്രാർ ഞായറാഴ്ച അടിയന്തര ഓൺലൈൻ യോഗം വിളിച്ചു. എന്നാൽ, പെൻഷൻ കൺസോർഷ്യത്തിലേക്ക് നൽകിയ പണത്തിന്റെ പലിശപോലും കിട്ടുന്നില്ലെന്ന് ബാങ്കുകൾ ചൂണ്ടിക്കാട്ടി. എതിർപ്പ് ശക്തമായപ്പോൾ, പറ്റുന്നവർ പണം നൽകുക എന്നറിയിച്ച് യോഗം അവസാനിപ്പിച്ചു. To advertise here, 520 കോടിയാണ് സപ്ലൈകോ കേരള ബാങ്കിന് നൽകാനുള്ളത്. പലിശമാത്രം 167 കോടി നൽകാനുണ്ട്. നെല്ലുസംഭരണത്തിനായി നൽകിയ പി.ആർ.എസ്. വായ്പയാണിത്. റിസർവ് ബാങ്ക് നിർദേശിക്കുന്ന മൂലധനപര്യാപ്തത കേരളബാങ്കിന് നിലനിർത്തണമെങ്കിൽ മാർച്ച് 31-നകം 300 കോടിയെങ്കിലും തിരിച്ചുകിട്ടണം. സപ്ലൈകോയുടെ ബാധ്യത തീർക്കാൻ സഹകരണബാങ്കുകളുടെ കൺസോർഷ്യം രൂപവത്കരിച്ച് പണം കണ്ടെത്തണമെന്ന് മുഖ്യമന്ത്രി നിർദേശിച്ചിരുന്നു. 46 ബാങ്കുകൾക്കാണ് കേരളബാങ്കിൽ 100 കോടിയിലധികം നിക്ഷേപമുള്ളത്. 300 കോടി പിരിച്ചെടുത്ത് സപ്ലൈകോയ്ക്ക് നൽകും. സപ്ലൈകോ ഈ തുക കേരളബാങ്കിന്റെ കടംവീട്ടും. സർക്കാർ സപ്ലൈകോയ്ക്ക് പണം അനുവദിക്കുമ്പോൾ സഹകരണബാങ്കുകൾക്ക് പണം പലിശസഹിതം തിരിച്ചുനൽകും. ഇതാണ് പദ്ധതി. സഹകരണബാങ്കുകൾക്ക് സർക്കാർ ഗാരന്റി നൽകുമെന്നാണ് രജിസ്ട്രാർ പറഞ്ഞത്. നൽകിയില്ലെങ്കിൽ താൻ ഗാരന്റിയാണെന്നാണ് കേരളബാങ്ക് സി.ഇ.ഒ. യോഗത്തിൽ വാക്കാൽ പറഞ്ഞത്. നിലവിലെ കടം തീർത്താൽ 1000 കോടിയെങ്കിലും സപ്ലൈകോയ്ക്ക് കേരളബാങ്കിന് പുതിയ വായ്പ അനുവദിക്കാനാകുമെന്നും അതിൽനിന്ന് സഹകരണബാങ്കുകൾക്ക് പണം തിരിച്ചുനൽകാമെന്നുമാണ് സി.ഇ.ഒ. പറഞ്ഞതിന്റെ പൊരുൾ. ബാങ്കുകൾക്ക് എത്രയാണ് പലിശയെന്ന് നിശ്ചയിച്ചിട്ടില്ല. യു.ഡി.എഫ്. സർക്കാരാണ് വരുന്നതെങ്കിൽ കൺസോർഷ്യത്തിന് നൽകിയ പണം തിരിച്ചുകിട്ടുന്നതിനെക്കുറിച്ചും ബാങ്കുകൾക്ക് ആശങ്കയുണ്ട്. സി.പി.എം. നിയന്ത്രണത്തിലുള്ള ബാങ്കുകളിൽനിന്നെങ്കിലും പണം പിരിച്ചെടുത്ത് പ്രശ്നം പരിഹരിക്കാനാണ് സർക്കാരിന്റെ ശ്രമം. Content Highlights: Government mandates cooperative banks to raise Rs 300 crore for Supplyco., Supplyco owes Kerala Bank Rs 520 crore in PRS loans plus interest., Concerns raised by banks regarding interest payments and government guarantees., Plan involves a consortium approach to clear debts and secure future credit lines. Published: 30 Mar 2026, 06:19 am IST Disclaimer: Kindly avoid objectionable, derogatory, unlawful and lewd comments, while responding to reports. Such comments are punishable under cyber laws. Please keep away from personal attacks. The opinions expressed here are the personal opinions of readers and not that of Mathrubhumi.

സപ്ലൈകോയുടെ കടം വീട്ടൽ; സഹകരണബാങ്കുകളുടെ യോഗം ഉടക്കിപ്പിരിഞ്ഞു
M
MathrubhumiSource Link
about 1 month ago