സഭകളിൽ വേണം കൂടുതൽ വനിതകൾ

സഭകളിൽ വേണം കൂടുതൽ വനിതകൾ

M
MathrubhumiSource Link
Last Updated: 22 March 2026, 10:59 PM IST 2023-ൽ പാസാക്കിയ നിയമം പ്രാബല്യത്തിൽവരാതെ ഒരു രാഷ്ട്രീയകക്ഷിയും ലോക്‌സഭാ-നിയമസഭാ സ്ഥാനാർഥിപ്പട്ടികകളിൽ വനിതകൾക്ക് ശ്രദ്ധാർഹമായ പ്രാതിനിധ്യം നൽകില്ലെന്നത് ഉറപ്പാണ്. To advertise here, വിദ്യാഭ്യാസത്തിലും സാമൂഹികവികാസത്തിലും കേരളം നേടിയ മുന്നേറ്റം സ്ത്രീകളുടെ രാഷ്ട്രീയശാക്തീകരണത്തിൽ പ്രതിഫലിക്കുന്നില്ലെന്നതൊരു യാഥാർഥ്യമാണ്. സംസ്ഥാനരാഷ്ട്രീയത്തിൽ വിവിധ തട്ടുകളിൽ സക്രിയമായി പ്രവർത്തിക്കുന്ന ഒട്ടേറെ വനിതകളുണ്ടെങ്കിലും നിയമസഭാ-ലോക്‌സഭാ പ്രാതിനിധ്യത്തിന്റെ കാര്യംവരുമ്പോൾ അവർ വേണ്ടപോലെ പരിഗണിക്കപ്പെടാതെപോകുന്നു. സംവരണം ഏർപ്പെടുത്തിയപ്പോൾ മാത്രമാണ് നമ്മുടെ തദ്ദേശഭരണസമിതികളിൽ വനിതാപ്രാതിനിധ്യം വർധിച്ചത്. കേരളജനസംഖ്യയിലെ സ്ത്രീപങ്കാളിത്തത്തിന് ആനുപാതികമാണ് തദ്ദേശസമിതികളിലെ അമ്പതുശതമാനം വനിതാസംവരണം. പക്ഷേ, നിയമസഭാ-ലോക്‌സഭാ തിരഞ്ഞെടുപ്പുകളാകുമ്പോൾ രാഷ്ട്രീയകക്ഷികൾ പതിവുപോലെ പുരുഷസ്ഥാനാർഥികൾക്ക് മുന്തിയ പരിഗണന നൽകുന്നു. 2023-ൽ ഇന്ത്യൻ പാർലമെന്റ് പാസാക്കിയ നൂറ്റിയാറാം ഭരണഘടനാഭേദഗതിയും അതിന്റെ ചുവടുപിടിച്ചുള്ള വനിതാസംവരണനിയമവുമനുസരിച്ച് ലോക്‌സഭയിലും സംസ്ഥാന നിയമസഭകളിലും മുപ്പത്തിമുന്നുശതമാനം സീറ്റുകൾ വനിതകൾക്കു സംവരണംചെയ്യണം. എന്നാൽ, ഈ സംവരണവ്യവസ്ഥ നടപ്പാക്കുന്നത് അടുത്ത കാനേഷുമാരിയും അതേത്തുടർന്നുള്ള മണ്ഡലപുനർനിർണയവും പൂർത്തിയാക്കിയശേഷംമതിയെന്ന് നിയമത്തിൽത്തന്നെ നിഷ്കർഷിച്ചിട്ടുണ്ട്. ഈ നിയമത്തിലെ നിർദിഷ്ടവ്യവസ്ഥപ്രകാരമായിരുന്നെങ്കിൽ കേരളനിയമസഭയിലെ 140 സീറ്റുകളിൽ നാൽപ്പത്തിയാറെണ്ണം വനിതകൾക്കായി നീക്കിവെക്കേണ്ടിവരും. എന്നാൽ, ഈ തിരഞ്ഞെടുപ്പിൽ സംസ്ഥാനത്തെ മൂന്ന് മുന്നണികളുംകൂടി 48 വനിതകളെമാത്രമേ മത്സരരംഗത്തിറക്കിയിട്ടുള്ളൂ. തൊണ്ണൂറ്റിയഞ്ചു സീറ്റുകളിൽ മത്സരിക്കുന്ന കോൺഗ്രസിന്റെ സ്ഥാനാർഥിപ്പട്ടികയിൽ ഒൻപത് വനിതകളേയുള്ളൂ. എൺപത്തിയാറുസീറ്റുകളിൽ മത്സരിക്കുന്ന സി.പി.എമ്മിന് വനിതാസ്ഥാനാർഥികൾ പന്ത്രണ്ടുമാത്രം. ബി.ജെ.പി.യുടെ തൊണ്ണൂറ്റിയെട്ടു സ്ഥാനാർഥികളിൽ വനിതകൾ പതിനഞ്ച്. ജയസാധ്യത കണക്കിലെടുക്കുമ്പോൾ പലേടത്തും വനിതകൾ പരിഗണനയ്ക്കുപുറത്താകുന്നുവെന്നാണ് പാർട്ടികേന്ദ്രങ്ങളും രാഷ്ട്രീയനിരീക്ഷകരും പറയുന്നത്. എന്നാൽ ഇത് സ്ത്രീവിരുദ്ധമായൊരു മുൻവിധിയെന്നുമാത്രമേ വിലയിരുത്താനാകൂ. ചില വനിതാസ്ഥാനാർഥികൾക്ക് മണ്ഡലം അനുവദിച്ചതിൽപ്പോലും അവഗണനയുടെയോ അശ്രദ്ധമല്ലാത്ത കണക്കുകൂട്ടലുകളുടെയോ ലാഞ്ഛന കാണാനാകും. പ്രമുഖനേതാവായ കെ.കെ. ശൈലജയ്ക്ക് സി.പി.എം. നൽകിയത് പൊരുതിനേടേണ്ട മണ്ഡലമാണ്. കോൺഗ്രസ്സിന്റെ വനിതാസ്ഥാനാർഥികളിലൊരാൾ നിയോഗിക്കപ്പെട്ടിരിക്കുന്നത് എൽ.ഡി.എഫിന്റെ ഉലയാത്ത ശക്തികേന്ദ്രമായ എലത്തൂരിൽ. നേരത്തേ കൊച്ചി മേയർസ്ഥാനത്തേക്കു പരിഗണിക്കപ്പെടാതിരുന്ന കോൺഗ്രസ് നേതാവ് ദീപ്തി മേരി വർഗീസിനെ അവരുടെ പ്രതീക്ഷയ്ക്കുവിരുദ്ധമായി നിയമസഭാതിരഞ്ഞെടുപ്പുരംഗത്തേക്കും പാർട്ടി കൊണ്ടുവന്നില്ല. കൊച്ചിപോലൊരു മണ്ഡലത്തിൽ ദീപ്തിയുടെ ജയസാധ്യതയെക്കുറിച്ച് പാർട്ടിക്കുള്ള സന്ദേഹം ഇതിനൊരു കാരണമാണ്. ഇന്ത്യൻ യൂണിയൻ മുസ്‌ലിംലീഗ്(ഐ.യു.എം.എൽ.) ഇത്തവണ രണ്ടു വനിതകളെ മത്സരരംഗത്തേക്കു കൊണ്ടുവന്നെങ്കിലും അവർക്ക് അനുവദിച്ച മണ്ഡലങ്ങൾ എൽ.ഡി.എഫിന്റെ ഉരുക്കുകോട്ടകളാണ്. ദളിത് വനിതയെ അടക്കം മത്സരത്തിനിറക്കി സർവാശ്ലേഷിത്വം തെളിയിക്കാൻ ഐ.യു.എം.എൽ. സന്നദ്ധമായത് സ്വാഗതാർഹമെങ്കിലും ഉറച്ച സീറ്റുകളിൽ വനിതകളെ നിർത്തി ജയിപ്പിക്കാൻ പാർട്ടി മനസ്സുകാട്ടേണ്ടിയിരിക്കുന്നു. എട്ടുസീറ്റിൽ മത്സരിക്കുന്ന കേരള കോൺഗ്രസ്സിന് വനിതാസ്ഥാനാർഥികളേയില്ല. പന്ത്രണ്ടുസീറ്റിൽ മത്സരിക്കുന്ന കേരള കോൺഗ്രസ് മാണി വിഭാഗത്തിന്റെ പട്ടികയിലുള്ളത് ഒരു വനിത. 2023-ൽ പാസാക്കിയ നിയമം പ്രാബല്യത്തിൽവരാതെ ഒരു രാഷ്ട്രീയകക്ഷിയും ലോക്‌സഭാ-നിയമസഭാ സ്ഥാനാർഥിപ്പട്ടികകളിൽ വനിതകൾക്ക് ശ്രദ്ധാർഹമായ പ്രാതിനിധ്യം നൽകില്ലെന്നത് ഉറപ്പാണ്. അടുത്ത കാനേഷുമാരിക്കും മണ്ഡലപുനർനിർണയത്തിനുംശേഷമെങ്കിൽ ഈ സംവരണവ്യവസ്ഥ നടപ്പിലാകാൻ 2032 വരെയെങ്കിലും താമസംനേരിടുമെന്നാണ് ചൂണ്ടിക്കാണിക്കപ്പെടുന്നത്. ഈ പ്രക്രിയകൾ നടക്കുന്നതിനുമുൻപുതന്നെ നിർദിഷ്ട വനിതാസംവരണം നടപ്പാക്കാൻ കേന്ദ്രസർക്കാർ ആലോചിക്കുന്നതായി റിപ്പോർട്ടുകളുണ്ട്. അങ്ങനെ വേണമെങ്കിൽ അതിനായി വീണ്ടുമൊരു ഭരണഘടനാഭേദഗതി വേണ്ടിവരും. അതുചെയ്യുന്നതിന് നിയമപരമായ തടസ്സങ്ങളൊന്നുമില്ല. നിയമസഭകളിലെയും ലോക്‌സഭയിലെയും വനിതാസംവരണത്തിന് എത്രയുംവേഗം വഴിതുറക്കുന്നതാണു നല്ലത്.

How was this article?

Discussion (0)

Please login to join the conversation.

No comments yet. Be the first!

സഭകളിൽ വേണം കൂടുതൽ വനിതകൾ — Mathrubhumi | Boolokam | Boolokam