കൊച്ചി: സമാധാനത്തിന്റെയും പ്രത്യാശയുടെയും സന്ദേശവുമായി ക്രൈസ്തവർ ഇന്ന് ഈസ്റ്റർ ആഘോഷിക്കുന്നു. വിവിധ ദേവാലയങ്ങളിൽ അർധരാത്രിയിൽ ഈസ്റ്റർ ശുശ്രൂഷകൾ നടന്നു. ഉയിർത്തെഴുന്നേൽപ്പിന്റെ സ്മരണയിൽ വിശ്വാസികൾ ദേവാലയങ്ങളിലെ പ്രാർഥനകളിൽ പങ്കാളികളായി. To advertise here, വിദ്വേഷത്തെ പുറത്താക്കണം, ഐക്യം വളർത്തണം- മാർപാപ്പ ലോകത്ത് വർധിച്ചുവരുന്ന യുദ്ധങ്ങളിലും അനീതികളിലും തളർന്നുപോകാതെ സമാധാനത്തിനായി നിലകൊള്ളണമെന്ന് ലിയോ പതിനാലാമൻ മാർപ്പാപ്പ ഈസ്റ്റർദിന സന്ദേശത്തിൽ ആഹ്വാനംചെയ്തു. ഈസ്റ്റർ വിദ്വേഷത്തെ പുറത്താക്കുകയും ഐക്യത്തെ വളർത്തുകയുംചെയ്യുന്നു. സമാധാനത്തിന്റെയും ഐക്യത്തിന്റെയും ഈസ്റ്റർ സന്ദേശം ലോകമാകെ വ്യാപിപ്പിക്കാൻ വിശുദ്ധരുടെ സമർപ്പണം മാതൃകയാക്കണമെന്നും അദ്ദേഹം പറഞ്ഞു. വത്തിക്കാനിലെ സെന്റ് പീറ്റേഴ്‌സ് ബസിലിക്കയിൽ നടന്ന ഈസ്റ്റർശുശ്രൂഷകൾക്കും അദ്ദേഹം നേതൃത്വം നൽകി. ഈസ്റ്റർ: അതിജീവനത്തിന്റെ പ്രകാശം-ശ്രേഷ്ഠ ബാവ കോലഞ്ചേരി: ക്രിസ്തുവിന്റെ ഉയിർപ്പ്, ഇരുളിനുമേൽ വെളിച്ചവും മരണത്തിനുമേൽ ജീവനും നേടിയ വിജയത്തിന്റെ അടയാളമാണെന്ന് യാക്കോബായസഭ ശ്രേഷ്ഠ കാതോലിക്ക ബസേലിയോസ് ജോസഫ് ബാവ തന്റെ സന്ദേശത്തിൽ പറഞ്ഞു. ഈസ്റ്റർ കേവലം ഒരു ചടങ്ങല്ല, മറിച്ച് പുതുജീവന്റെ വാഗ്ദാനമാണ്. യുദ്ധവും അക്രമവും വിദ്വേഷവും വർഗീയതയും പടരുന്ന ഈ കാലഘട്ടത്തിൽ, സമാധാനം എന്നത് വിദൂരമായ ഒരു സ്വപ്നമായി പലർക്കും തോന്നാം. എന്നാൽ, ക്രൂശിനുശേഷം ഒരു ഉയിർപ്പുണ്ട് എന്ന വിശ്വാസം നമുക്ക് നൽകുന്നത് വലിയൊരു പ്രത്യാശയാണ്. എത്ര പ്രതിസന്ധികൾക്കിടയിലും ദൈവസ്‌നേഹം മനുഷ്യഹൃദയങ്ങളിൽ പുതുജീവൻ പകരുമെന്ന് ക്രിസ്തു നമുക്ക് കാണിച്ചുതരുന്നു. ഈസ്റ്റർ നമ്മെ ചില വലിയ ഉത്തരവാദിത്വങ്ങൾ ഓർമ്മിപ്പിക്കുന്നു; യുദ്ധത്തിനുപകരം സമാധാനം തിരഞ്ഞെടുക്കുക. വിദ്വേഷത്തിനുപകരം സ്‌നേഹം വിതയ്ക്കുക. വിഭജനത്തിനുപകരം ഐക്യം കെട്ടിപ്പടുക്കുക. ഓരോ മനുഷ്യനിലും ദൈവത്തിന്റെ സ്വരൂപം ദർശിക്കാൻ സാധിക്കുമ്പോഴാണ് യഥാർഥത്തിൽ ഈസ്റ്റർ അർഥപൂർണമാകുന്നതെന്നും ജോസഫ് ബാവ പറഞ്ഞു. പ്രത്യാശയുടെയും അതിജീവനത്തിന്റെയും സന്ദേശം-മാർ തട്ടിൽ കൊച്ചി: മാനവചരിത്രത്തെ പ്രകാശത്തിലേക്കും നിത്യജീവനിലേക്കും നയിച്ച വിപ്ലവകരമായ സംഭവമാണ് മിശിഹായുടെ ഉത്ഥാനം. ക്രൈസ്തവ വിശ്വാസത്തിന്റെ ആണിക്കല്ലും അടിസ്ഥാനവും ഈ ഉത്ഥാനരഹസ്യമാണെന്ന് സിറോ മലബാർസഭ മേജർ ആർച്ച് ബിഷപ്പ് മാർ റാഫേൽ തട്ടിൽ ഈസ്റ്റർ സന്ദേശത്തിൽ അനുസ്മരിച്ചു. മരണത്തിന്റെ അന്ധകാരത്തെ സ്‌നേഹത്തിന്റെ അഗ്‌നികൊണ്ട് തോൽപ്പിച്ച ഉത്ഥിതനായ മിശിഹ, തളരാത്ത പ്രത്യാശയുടെയും അതിജീവനത്തിന്റെയും സന്ദേശമാണ് ലോകത്തിനു പകരുന്നത്. ഉത്ഥാനംവഴി, മരണം അവസാനമല്ലെന്നും ദൈവവുമായുള്ള നിത്യമായ ഐക്യത്തിലേക്കുള്ള വാതിലാണെന്നും തെളിയിക്കപ്പെട്ടു.' ശൂന്യമായ കല്ലറ മിശിഹായുടെ അഭാവത്തെയല്ല, മറിച്ച് അവിടുന്ന് കാലാതീതനായി പ്രപഞ്ചം മുഴുവൻ നിറഞ്ഞുനിൽക്കുന്നു എന്ന സത്യത്തെയാണ് വെളിപ്പെടുത്തുന്നത്. നമ്മുടെ കാലഘട്ടം വലിയ പ്രതിസന്ധികളിലൂടെയാണ് കടന്നുപോകുന്നത്. ലോകത്തിന്റെ വിവിധ ഭാഗങ്ങളിൽ നടക്കുന്ന യുദ്ധങ്ങളും അവിടെനിന്നുയരുന്ന നിസ്സഹായരുടെ നിലവിളികളും ഹൃദയഭേദകമാണ്. ഉത്ഥിതനായ മിശിഹായിൽ നങ്കൂരമിട്ട പ്രത്യാശയുള്ളവർക്ക് ലോകത്തിലെ ഒരു പ്രതിസന്ധിയെയും ഭയപ്പെടേണ്ടതില്ല. മിശിഹായോടൊപ്പം നാമും പ്രത്യാശയുടെ പുതിയ ജീവിതത്തിലേക്ക് ഉയിർത്തെഴുന്നേൽക്കുമ്പോഴാണ് ഈസ്റ്റർ അർഥപൂർണമാകുന്നതെന്നും മാർ റാഫേൽ തട്ടിൽ പറഞ്ഞു. പ്രത്യാശയുടെ തിരുനാൾ -കെ.സി.ബി.സി കൊച്ചി: ഈസ്റ്ററിന്റെ സന്ദേശം നമ്മെ പ്രത്യാശയോടെ മുന്നോട്ടുനയിക്കുന്നുവെന്ന് കെ.സി.ബി.സി. മരണത്തെ ജയിച്ച് ഉയിർത്തെഴുന്നേറ്റ ക്രിസ്തു ലോകത്തിന് പ്രത്യാശയും സമാധാനവും പുതുജീവനും പകരുന്ന അനുഭവമാണ്. ഇരുട്ടിനെ മറികടന്ന് പ്രകാശത്തിൽ വ്യാപരിക്കുന്ന ജീവിതത്തിന്റെ സന്ദേശമാണ് ഈസ്റ്റർ സമ്മാനിക്കുന്നത്. ജീവിതത്തിൽ സമാധാനപൂരിതമായ പുതിയ പ്രഭാതത്തിനായി പ്രത്യാശാനിർഭരരായിരിക്കാൻ നമുക്കു സാധിക്കട്ടെയെന്ന് കെ.സി.ബി.സി. ഔദ്യോഗിക വക്താവ് ഫാ. തോമസ് തറയിൽ പറഞ്ഞു. Content Highlights: Easter 2026 represents the triumph of light over darkness and life over death., Church leaders emphasize replacing hatred and division with love and unity., The resurrection is described as a beacon of hope amidst global conflicts and injustices., Believers are encouraged to foster peace and recognize the divine image in every human being. Published: 05 Apr 2026, 06:52 am IST Disclaimer: Kindly avoid objectionable, derogatory, unlawful and lewd comments, while responding to reports. Such comments are punishable under cyber laws. Please keep away from personal attacks. The opinions expressed here are the personal opinions of readers and not that of Mathrubhumi.

സമാധാനത്തിന്റെയും പ്രത്യാശയുടെയും സന്ദേശവുമായി ഇന്ന് ഈസ്റ്റർ
M
MathrubhumiSource Link
about 1 month ago