സിദ്ധരാമയ്യ സർക്കാരിനെതിരേ മുസ്‌ലിം വിഭാഗത്തിൽ അതൃപ്തി

സിദ്ധരാമയ്യ സർക്കാരിനെതിരേ മുസ്‌ലിം വിഭാഗത്തിൽ അതൃപ്തി

മുതിർന്ന നേതാക്കളുടെ പേരിൽ പാർട്ടി നടപടി To advertise here, പരസ്യമായി വിമർശിച്ച് ഉലമ-ഇ-കർണാടക ബെംഗളൂരു : ദാവണഗെരെ ഉപതിരഞ്ഞെടുപ്പിൽ പാർട്ടിവിരുദ്ധ പ്രവർത്തനം നടത്തിയതിന് കർണാടക കോൺഗ്രസിലെ മുസ്‌ലിം സമുദായത്തിൽനിന്നുള്ള രണ്ട് മുതിർന്ന നേതാക്കളുടെ പേരിൽ നടപടിയെടുത്തതിൽ അതൃപ്തി പുകയുന്നു. സർക്കാർ മുസ്‌ലിം വിഭാഗത്തോട് വിവേചനം കാണിക്കുന്നതായാണ് ആക്ഷേപം. നടപടിക്രമങ്ങൾ പാലിക്കാതെയാണ് നേതാക്കളുടെ പേരിൽ അച്ചടക്കനടപടി സ്വീകരിച്ചിരിക്കുന്നതെന്ന് മുസ്‌ലിം പണ്ഡിതരുടെ സംഘടനയായ ഉലമ-ഇ-കർണാടകയുടെ ഭാരവാഹികൾ പത്രസമ്മേളനത്തിൽ ആരോപിച്ചു. പാർട്ടിയുടെ കർണാടകത്തിലെ ന്യൂനപക്ഷ സെൽ മുൻ ചെയർമാനും മുതിർന്ന എം.എൽ.സി.യുമായ അബ്ദുൽ ജബ്ബാർ, മുഖ്യമന്ത്രി സിദ്ധരാമയ്യയുടെ രാഷ്ട്രീയകാര്യ സെക്രട്ടറിയും എം.എൽ.സി.യുമായ നസീർ അഹമ്മദ് എന്നിവരുടെ പേരിലാണ് നടപടിയെടുത്തത്. അബ്ദുൽ ജബ്ബാറിനെ പാർട്ടിയുടെ പ്രാഥമികാംഗത്വത്തിൽനിന്ന് സസ്പെൻഡ് ചെയ്തു. ആരോപണമുയർന്നതോടെ അബ്ദുൽ ജബ്ബാറിനോട് ന്യൂനപക്ഷ സെൽ ചെയർമാൻ സ്ഥാനമൊഴിയാൻ പാർട്ടി നേതൃത്വം ആവശ്യപ്പെട്ടിരുന്നു. ഇതനുസരിച്ച് അദ്ദേഹം രാജിവെച്ചു. തുടർന്ന് ന്യൂനപക്ഷ സെൽ പിരിച്ചുവിട്ടു. ഇതിനുപിന്നാലെയാണ് സസ്പെൻഷൻ. നസീർ അഹമ്മദിനെ മുഖ്യമന്ത്രിയുടെ രാഷ്ട്രീയകാര്യ സെക്രട്ടറി സ്ഥാനത്തുനിന്ന് നീക്കി. ഇവർക്കൊപ്പം മന്ത്രി സമീർ അഹമ്മദ് ഖാനും ആരോപണം നേരിടുന്നുണ്ട്. മൂന്നു നേതാക്കളും സിദ്ധരാമയ്യ വിഭാഗത്തിൽപ്പെട്ടവരാണ്. ദാവണഗെരെ മണ്ഡലത്തിൽ മത്സരിച്ച പാർട്ടി സ്ഥാനാർഥി സമർഥ് മല്ലികാർജുനെ തോൽപ്പിക്കാൻ ഇവർ ശ്രമിച്ചെന്നാണ് ആരോപണം. മണ്ഡലത്തിലെ മുസ്‌ലിങ്ങളുടെ വോട്ടുകൾ പാർട്ടി സ്ഥാനാർഥിക്ക്‌ ഉറപ്പിക്കാൻ ഇവർ പ്രചാരണത്തിനിറങ്ങിയില്ല. സമർഥിന്റെ തോൽവി ഉറപ്പുവരുത്താൻ ശ്രമിച്ചെന്നും ആരോപണമുണ്ട്. മുസ്‌ലിം വിഭാഗത്തിന് ശക്തിയുള്ള മണ്ഡലമായതിനാൽ ഇത്തവണ ഈ സമുദായത്തിൽനിന്നുള്ള സ്ഥാനാർഥിയെ മത്സരത്തിനിറക്കണമെന്ന് മൂന്നുപേരും ആവശ്യപ്പെട്ടിരുന്നു. പക്ഷേ, ലിംഗായത്ത് സമുദായ നേതാവായ മുൻ എം.എൽ.എ. ശാമനൂർ ശിവശങ്കരപ്പയുടെ കൊച്ചുമകൻ സമർഥിനെയാണ് പാർട്ടി നേതൃത്വം അംഗീകരിച്ചത്. ഇതാണ് സമീർ അഹമ്മദ് ഖാന്റെയും മറ്റും അതൃപ്തിക്ക് കാരണം. 2023-ൽ ദാവണഗെരെ സൗത്ത് സീറ്റ് മുസ്‌ലിം വിഭാഗത്തിന് നൽകണമെന്ന് കോൺഗ്രസ് ഹൈക്കമാൻഡിനോട് ആവശ്യപ്പെട്ടതായിരുന്നെന്ന് മൗലാന ഇഫ്തിഖാർ ഖാസിമി പറഞ്ഞു. പക്ഷേ, സിറ്റിങ് എം.എൽ.എ.യായ ശാമനൂർ ശിവശങ്കരപ്പയ്ക്കു നൽകണമെന്നാണ് പാർട്ടി പറഞ്ഞത്. ഇപ്പോൾ ശാമനൂർ അന്തരിച്ചതിനുശേഷം ഉപതിരഞ്ഞെടുപ്പ് നടന്നപ്പോഴും ആവശ്യമുന്നയിച്ചു. എന്നാൽ, ശാമനൂർ കുടുംബത്തിനു തന്നെ സീറ്റ് നൽകുകയായിരുന്നു -അദ്ദേഹം വിമർശിച്ചു.

How was this article?

Discussion (0)

Please login to join the conversation.

No comments yet. Be the first!

സിദ്ധരാമയ്യ സർക്കാരിനെതിരേ മുസ്‌ലിം വിഭാഗത്തിൽ അതൃപ്തി — Ma… | Boolokam