സിനിമാപ്പാട്ടിനെ തോൽപ്പിച്ച നുറുങ്ങുപാട്ട്; ഹമാരാ ബജാജ് എന്ന വിഖ്യാത ജിംഗിൾ ഗായകൻ വിനയ് ഓർമയായി

സിനിമാപ്പാട്ടിനെ തോൽപ്പിച്ച നുറുങ്ങുപാട്ട്; ഹമാരാ ബജാജ് എന്ന വിഖ്യാത ജിംഗിൾ ഗായകൻ വിനയ് ഓർമയായി

M
MathrubhumiSource Link
ചലച്ചിത്ര ഗാനമല്ല. ആൽബം ഗാനം പോലുമല്ല. കഷ്ടിച്ച് നാല്പത് സെക്കൻഡ് നീളുന്ന ഒരു നുറുങ്ങുപാട്ട് മാത്രം. എങ്കിലെന്ത്? ജനപ്രീതിയിൽ ഏത് സിനിമാപ്പാട്ടിനേയും അതിശയിക്കും ആ ഗാനശകലം. To advertise here, പാട്ടിതാണ്: "യേ സമീൻ യേ ആസ്മാൻ ഹമാരാ കൽ ഹമാരാ ആജ് ബുലന്ദ് ഭാരത് കി ബുലന്ദ് തസ്‌വീർ ഹമാരാ ബജാജ് ..." ഇന്ത്യയിലെ സാധാരണക്കാരന്റെ സ്വന്തം വാഹനമായിരുന്ന ബജാജ് സ്‌കൂട്ടറിന്റെ പരസ്യ ജിംഗിൾ. 1980-കളിലെ ഇന്ത്യയിലെ ഇടത്തരക്കാരന്റെ ലളിത ജീവിതം ഇത്രയും സുന്ദരമായി അടയാളപ്പെടുത്തുന്ന മറ്റൊരു ഗാനമുണ്ടാവില്ല. ഇന്നും ആ ഗാനശകലം കേൾക്കുമ്പോൾ ഓർമയിൽ ആ കാലം വന്നു നിറയും. കൊച്ചു കൊച്ചു സ്വപ്നങ്ങളും പ്രതീക്ഷകളുമായി ആളുകൾ ജീവിച്ചുപോന്നിരുന്ന സ്നേഹസുരഭിയായ ഒരു കാലം. 1989-ൽ പിറന്നുവീണ ആ വിഖ്യാത പരസ്യ ജിംഗിളിന് ശബ്ദം പകർന്ന ഗായകൻ ഓർമയായത് കഴിഞ്ഞ ദിവസമാണ്: വിനയ് മാണ്ഡ്കെ. പരസ്യലോകത്തെ വിനയ് ദാദ. 73 വയസ്സായിരുന്നു അദ്ദേഹത്തിന്. ഹമാരാ ബജാജിന് പിറകെ ആയിരക്കണക്കിന് പരസ്യ ജിംഗിളുകൾക്ക് ശബ്ദം പകർന്നു വിനയ്. മറാഠി സിനിമയിലെ അറിയപ്പെടുന്ന പിന്നണിഗായകനായി. നടൻ ലക്ഷ്മികാന്ത് ബെർഡെയുടെ സ്‌ക്രീൻ വോയ്‌സ് ആയി. എങ്കിലും സ്വന്തം ഗാനമേളകൾ "ഹമാരാ ബജാജ്" പാടാതെ അവസാനിപ്പിക്കാറില്ലായിരുന്നു അദ്ദേഹം. "യേ സമീൻ യേ ആസ്മാൻ" എന്ന വരി പാടിത്തുടങ്ങുമ്പോഴേ സദസ്സിൽ നിന്നും ഉയർന്നുകേട്ടിരുന്ന നിലക്കാത്ത കൈയടി എന്നും ആവേശപൂർവം ഹൃദയത്തോട് ചേർത്തുവെച്ചു വിനയ്. രാജ്യത്തെ സമ്പദ് വ്യവസ്ഥ വിപ്ലവാത്മക മാറ്റങ്ങൾക്ക് സാക്ഷ്യം വഹിച്ചുകൊണ്ടിരുന്ന 1980-കളുടെ ഒടുവിലാണ് "ഹമാരാ ബജാജി"ന്റെ പിറവി. പുതുതലമുറ ബൈക്കുകളിൽ നിന്നും കൈനറ്റിക് ഹോണ്ടയിൽ നിന്നുമൊക്കെ "പരമ്പരാഗത" സ്‌കൂട്ടർ വ്യവസായം ഭീഷണി നേരിട്ടുകൊണ്ടിരുന്ന കാലം. മഹാരാജ റാണാ പ്രതാപിന്റെ കുതിരയുടെ പേരുമായി 1972-ൽ വിപണിയിലെത്തിയ ബജാജ് ചേതക് അതിന്റെ ചരിത്രത്തിലെ ഏറ്റവും വലിയ വെല്ലുവിളി നേരിടുകയായിരുന്നു അപ്പോൾ. മധ്യവർഗ ഇന്ത്യക്കാരന്റെ കുടുംബവാഹനമായി ചേതക്കിനെ പ്രൊജക്റ്റ് ചെയ്യുന്ന ഒരു പരസ്യ ചിത്രം ചെയ്യാൻ ബജാജ് കമ്പനിക്കാർ ലിന്റാസിന്റെ ചീഫ് എക്സിക്യൂട്ടീവ് അലീഖ് പദംസീയെ സമീപിക്കുന്നത് ആ സന്ദിഗ്ധ ഘട്ടത്തിലാണ്. വിദേശ ബ്രാൻഡുകളുടെ പിന്തുണയോടെ ശക്തിയാർജിച്ചുകൊണ്ടിരുന്ന എതിരാളികളെ ചെറുക്കാൻ ചേതക്കിന് ഒരു "ദേശീയവാഹന" പരിവേഷം വേണം; ഒരു തരം ഭാരതീയത. അതിനൊരു വൈകാരിക ഭാവവും നിർബന്ധം. പരസ്യഗാനം എഴുതാനുള്ള ദൗത്യം ലിന്റാസ് ഏല്പിച്ചത് കവിയും ജിംഗിൾ രചയിതാവുമായ ജയ്ക്രിത് റാവത്തിനെ. നാലേ നാല് വരികളിൽ ബജാജ് സ്‌കൂട്ടറിന്റെ ആത്മാവ് ലളിതസുന്ദരമായി വരച്ചിട്ടു റാവത്ത്. വളരുന്ന ഇന്ത്യയുടെ യഥാർത്ഥ മുഖം. ജയ് ജയ് വന്തി രാഗത്തിന്റെ ഭാവസ്പർശം നൽകി ആ നുറുങ്ങുപാട്ട് ചിട്ടപ്പെടുത്തിയതാവട്ടെ പരസ്യലോകത്തെ പ്രതിഭാധനനായ സംഗീത സംവിധായകൻ ലൂയി ബാങ്ക്സും. വിനയ് മാണ്ഡ്കെയുടെ ശബ്ദം കൂടി ചേർന്നപ്പോൾ അതൊരു സ്നേഹഗീതമാകുന്നു. സാധാരണക്കാരന്റെ സ്വപ്നങ്ങളുമായി ചേർന്നുനിന്ന ഗാനം. പരസ്യ ചിത്ര സംവിധായകൻ സുമന്ത്ര ഘോഷാൽ ആണ് ആ ഈണത്തെ ഹൃദയസ്പർശിയായ ഒരു ചലച്ചിത്രമാക്കി മാറ്റിയത്. സ്‌കൂട്ടറുമായുള്ള ഇന്ത്യക്കാരന്റെ ഹൃദയബന്ധത്തെ ചുരുക്കം വിഷ്വലുകളിലൂടെ വൈകാരികമായി ആവിഷ്കരിക്കുകയായിരുന്നു ഘോഷാൽ. സ്വന്തം കുടുംബത്തിലെ ഒരംഗത്തെ പോലെ, കൂടപ്പിറപ്പിനെപ്പോലെ, ബജാജിനെ സ്നേഹിക്കുകയും ലാളിക്കുകയും ചെയ്യുന്ന വിവിധ തലമുറക്കാരേയും വ്യത്യസ്ത ദേശവാസികളേയും കാണാം ആ ചിത്രത്തിൽ. ദൂരദർശനിലും നാടൊട്ടുക്കുള്ള സിനിമാശാലകളിലും വന്നുതുടങ്ങിയതോടെ വെറുമൊരു പരസ്യഗാനത്തിനപ്പുറത്തേക്ക് വളർന്ന് സാധാരണക്കാരന്റെ ഹൃദയഗീതമായി മാറി "ഹമാരാ ബജാജ്." സൂപ്പർഹിറ്റ് സിനിമാഗാനങ്ങളോളം, ഒരു പക്ഷേ അവയേക്കാൾ ജനകീയമായ പാട്ട്. അതുകൊണ്ടാവണം മുപ്പത്തേഴു വർഷങ്ങൾക്കിപ്പുറവും ആ ഗാനശകലം മാഞ്ഞുപോയ ഒരു കാലത്തെ തിരികെ വിളിക്കുന്നത്. വേറെയും സൂപ്പർ ഹിറ്റ് ജിംഗിളുകൾക്ക് ശബ്ദം പകർന്നിട്ടുണ്ട് വിനയ് മാണ്ഡ്കെ. വി.ഐ.പി. ലഗേജിന്റെ "കൽ ഭീ ആജ് ഭീ" ആയിരുന്നു ഏറ്റവും പ്രശസ്തം. തുടർന്ന് ലൈഫ്ബോയ്, നിർമ, വിക്കോ വജ്രദന്തി, ലിപ്റ്റൻ ടീ, ടാറ്റാ സ്റ്റീൽ, പ്രസ്റ്റീജ് പ്രഷർ കുക്കർ, ഫെവിക്കോൾ തുടങ്ങി നിരവധി വിഖ്യാത ബ്രാൻഡുകളുടെ ജിംഗിളുകൾ. ഇന്ത്യൻ പരസ്യലോകത്തെ "സൗണ്ട് സ്കേപ്പ്" രൂപപ്പെടുത്തിയതിൽ വിനയിന്റെ പങ്ക് നിർണായകം. പാടാനുള്ള അവസരം തേടി മുംബൈയിലേക്ക് വണ്ടികയറിയെത്തിയ എത്രയോ യുവഗായകർക്ക് അത്താണി കൂടിയായിരുന്നു വിനയ്. വിജയ് പ്രകാശ് ഉദാഹരണം. സംഗീത ജീവിതത്തിന് ദിശാബോധം നൽകിയ വ്യക്തി എന്നാണ് വിജയ് പ്രകാശ് വിനയ് മാണ്ഡ്കെയെ വിശേഷിപ്പിച്ചത്. ഒപ്പം, കഴിഞ്ഞ ദിവസത്തെ തന്റെ ഗാനമേളയിൽ ഗുരുവിനുള്ള ശ്രദ്ധാഞ്ജലിയായി "ഹമാരാ ബജാജ്" ആലപിക്കുക കൂടി ചെയ്തു വിജയ്. കാലം മാറി. നിർമിത ബുദ്ധി മാറി. ഹമാരാ ബജാജ് എന്ന ടാഗ് ലൈൻ പോലും ഓർമയായി. പഴയ പെട്രോൾ സ്‌കൂട്ടറിന്റെ സ്ഥാനത്ത് ഇലക്ട്രിക് സ്‌കൂട്ടർ വന്നു. എങ്കിലും ഹമാരാ ബജാജിനൊപ്പം ഓർമയിൽ തെളിയുന്ന കാലത്തിന് ഇന്നും ഗൃഹാതുരതയുടെ സുഗന്ധം. കാലമെത്ര മാറിയാലും ചില മൂല്യങ്ങൾക്ക് മാറ്റമില്ലല്ലോ. Content Highlights: A tribute to the late Vinay Mandke, the iconic voice behind the legendary "Hamara Bajaj" jingle, exploring his massive contribution to Indian advertising history and Marathi cinema. Published: 08 Apr 2026, 09:46 pm IST Disclaimer: Kindly avoid objectionable, derogatory, unlawful and lewd comments, while responding to reports. Such comments are punishable under cyber laws. Please keep away from personal attacks. The opinions expressed here are the personal opinions of readers and not that of Mathrubhumi.

How was this article?

Discussion (0)

Please login to join the conversation.

No comments yet. Be the first!

സിനിമാപ്പാട്ടിനെ തോൽപ്പിച്ച നുറുങ്ങുപാട്ട്; ഹമാരാ ബജാജ് എന്… | Boolokam