തിരുവനന്തപുരം: കേരള നിയമസഭാ തിരഞ്ഞെടുപ്പിൽ യുഡിഎഫ് നേടിയ തിളക്കമാർന്ന വിജയം മതേതര കേരളത്തിന്റെ ഉജ്ജ്വലമായ പ്രഖ്യാപനമാണെന്ന് പ്രതിപക്ഷ നേതാവ് വി.ഡി. സതീശൻ. പ്രതിപക്ഷ നേതൃസ്ഥാനം ഏറ്റെടുത്ത വേളയിൽ സോണിയ ഗാന്ധിക്കും രാഹുൽ ഗാന്ധിക്കും നൽകിയ വാക്ക് പാലിക്കാൻ കഴിഞ്ഞതിന്റെ നിറഞ്ഞ ചാരിതാർത്ഥ്യത്തിലാണ് താനെന്ന് അദ്ദേഹം പറഞ്ഞു. യുഡിഎഫ് ഒരു കുടുംബമായി ഒരുമിച്ചുനിന്ന് നടത്തിയ പോരാട്ടത്തിന്റെ ഫലമാണിതെന്നും, ഈ ഉജ്ജ്വല വിജയത്തിന് കാരണക്കാരായ കേരളത്തിലെ വോട്ടർമാർക്കും ലക്ഷക്കണക്കിന് വരുന്ന പ്രവർത്തകർക്കും നന്ദി രേഖപ്പെടുത്തുന്നതായും അദ്ദേഹം പറഞ്ഞു. To advertise here, നമ്മുടെ രാജ്യം മുഴുവൻ ഉറ്റുനോക്കിയ ഈ തിരഞ്ഞെടുപ്പിൽ, വർഗീയതയ്ക്ക് മുന്നിൽ കീഴടങ്ങാത്ത ശക്തമായ മതേതര നിലപാടാണ് കേരളം സ്വീകരിച്ചതെന്ന് സതീശൻ പറഞ്ഞു. നമ്മുടെ കേരളം മതേതര കേരളമാണ് എന്ന് രാജ്യത്തോടുള്ള മലയാളികളുടെ വലിയ പ്രഖ്യാപനമായി വേണം ഈ ജനവിധിയെ കാണാൻ. തങ്ങളുടെ പുതുയുഗ യാത്രയിൽ ജനങ്ങൾക്ക് നൽകിയ വാഗ്ദാനങ്ങൾ പാലിക്കുമെന്നും, പുതിയൊരു ഭരണയുഗത്തിന് കേരളം സാക്ഷ്യം വഹിക്കുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. കാലങ്ങളായി സിപിഎമ്മിന് വോട്ട് ചെയ്തിരുന്നവരും ഇടതുപക്ഷ സഹയാത്രികരും ഇത്തവണ യുഡിഎഫിനെ സഹായിച്ചുവെന്നത് വലിയ രാഷ്ട്രീയ മാറ്റത്തിന്റെ സൂചനയാണ്. ഇതിന്റെ ഫലമായാണ് സിപിഎമ്മിന്റെ ഉരുക്കുകോട്ടകൾ എന്ന് വിശേഷിപ്പിക്കപ്പെടുന്ന മണ്ഡലങ്ങൾ പോലും ഇത്തവണ തകർന്നു വീണതെന്നും അദ്ദേഹം പറഞ്ഞു. യുഡിഎഫിന് പുറത്തുള്ളവർ പോലും മാറ്റത്തിനായി ആഗ്രഹിച്ചതാണ് ഈ അട്ടിമറി വിജയത്തിന് കരുത്തായത്. കഴിഞ്ഞ 10 വർഷക്കാലം കേരളം അനുഭവിച്ച ദുർഭരണത്തിന് അന്ത്യം കുറിക്കാനുള്ള രാഷ്ട്രീയ തീരുമാനമാണ് ജനങ്ങൾ കൈക്കൊണ്ടത്. കേരളത്തെ ഇന്ത്യയിലെ ഒന്നാം സ്ഥാനത്തുള്ള സംസ്ഥാനമാക്കി മാറ്റുന്നതിനുള്ള കൃത്യമായ പദ്ധതികളുമായാണ് യുഡിഎഫ് ഭരണത്തിലേക്ക് കടക്കുന്നത്. ജനങ്ങൾ നൽകിയ ഈ വലിയ അംഗീകാരം ഒരു ഉത്തരവാദിത്തമായി ഏറ്റെടുക്കുന്നുവെന്നും അവരുടെ സ്വപ്നങ്ങളും പ്രതീക്ഷകളും യാഥാർത്ഥ്യമാക്കാൻ യുഡിഎഫ് പ്രതിജ്ഞാബദ്ധമാണെന്നും അദ്ദേഹം പറഞ്ഞു. ഈ ജനവിധി ഇന്ത്യയിലെ മുന്നണി രാഷ്ട്രീയത്തിന് തന്നെ പുതിയൊരു മാതൃകയാണെന്നും അദ്ദേഹം വിശേഷിപ്പിച്ചു. തികഞ്ഞ ഉത്തരവാദിത്ത ബോധത്തോടെയും വിനയത്തോടെയും ജനവിധിയെ ഉൾക്കൊള്ളുന്നുവെന്നും, വികസന മുരടിപ്പില്ലാത്ത പുതിയൊരു കേരളം പടുത്തുയർത്താൻ മുന്നണി ഒരുമിച്ചു നിൽക്കുമെന്നും അദ്ദേഹം പറഞ്ഞു. തിരഞ്ഞെടുപ്പിന് മുൻപ് നടത്തിയ പല പ്രവചനങ്ങളെയും അപ്രസക്തമാക്കുന്ന ഫലങ്ങളാണ് പുറത്തുവന്നതെന്ന് സതീശൻ ചൂണ്ടിക്കാട്ടി. ഒരു ഡസൻ മന്ത്രിമാർ തോൽക്കുമെന്ന് താൻ പറഞ്ഞപ്പോൾ പലരും പരിഹസിച്ചിരുന്നെങ്കിലും, ആ കണക്കുകളെയും മറികടന്ന് മിക്കവാറും എല്ലാ മന്ത്രിമാരും പരാജയപ്പെടുന്ന സാഹചര്യമാണുണ്ടായത്. മുഖ്യമന്ത്രി പോലും പല റൗണ്ടുകളിലും പിന്നിലായ സാഹചര്യം ഇടതുപക്ഷത്തിന്റെ തകർച്ചയുടെ ആഴം വ്യക്തമാക്കുന്നു. നിശബ്ദമായി നടത്തിയ സംഘടനാ പ്രവർത്തനത്തിലൂടെ യുഡിഎഫിനെ വിട്ടുപോയ പഴയകാല ശക്തികളെയും സാമൂഹിക ഗ്രൂപ്പുകളെയും തിരികെ കൊണ്ടുവരാൻ തങ്ങൾക്ക് സാധിച്ചുവെന്നും അദ്ദേഹം പറഞ്ഞു. സിപിഎമ്മും ബിജെപിയും തമ്മിൽ തിരഞ്ഞെടുപ്പിൽ ഡീൽ ഉണ്ടായിരുന്നെന്നും എന്നാൽ താഴേതട്ടിലുള്ള അണികൾ ഈ ഡീൽ പൊളിച്ചുകൊടുത്തുവെന്നും അദ്ദേഹം വിമർശിച്ചു. ആ ഡീൽ യുഡിഎഫ് അജണ്ടയാക്കിയിരുന്നുവെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. Content Highlights: VD Satheesan credits UDF's 2026 election victory to a secular mandate and a desire for change. Published: 04 May 2026, 05:06 pm IST Disclaimer: Kindly avoid objectionable, derogatory, unlawful and lewd comments, while responding to reports. Such comments are punishable under cyber laws. Please keep away from personal attacks. The opinions expressed here are the personal opinions of readers and not that of Mathrubhumi.

സിപിഎമ്മിനെ തോൽപ്പിക്കാൻ എളുപ്പമാണ്, ബോധ്യപ്പെടുത്താൻ പാടാണ്- വി.ഡി. സതീശൻ
M
MathrubhumiSource Link
about 3 hours ago
