സുധാകരന്മാരും കണ്ണൂരിലെ പൊട്ടിത്തെറിയും പറയുന്നത്

സുധാകരന്മാരും കണ്ണൂരിലെ പൊട്ടിത്തെറിയും പറയുന്നത്

M
MathrubhumiSource Link
എം .പി. നാരായണപിള്ളയുടെ പരിണാമം എന്ന നോവലിൽ രഹസ്യപ്പോലീസ് മേധാവി പ്രിയരഞ്ജൻദാസ് സഹപ്രവർത്തകനായ ഇട്ട്യേര മാത്യുവിനോട് പറയുന്ന ഡയലോഗ് രാഷ്ട്രീയവിദ്യാർഥികൾ ക്ഷീരബലപോലെ ആവർത്തിക്കേണ്ടതായുണ്ട്: ‘‘എന്നും അധികാരത്തിന്റെ അവസാന ലക്ഷ്യം അധികാരം നിലനിർത്തുക മാത്രമാണ്. അതിനുവേണ്ടി ഏതു വൃത്തികേടും ന്യായീകരിക്കപ്പെടും.’’ അധികാരത്തിന്റെ ചരിത്രം അതാണ്. ഇത്തരം ന്യായീകരണങ്ങളാണ് പിണറായി വിജയനും കെ. സുധാകരനും എം.വി. ഗോവിന്ദനും ജി. സുധാകരനും എ.കെ. ശശീന്ദ്രനും കടന്നപ്പള്ളി രാമചന്ദ്രനും അടക്കമുള്ളവർ മുന്നോട്ടുവെക്കുന്നത്. എല്ലാവരും തുല്യരാണ്. എന്നാൽ, ചിലർ കൂടുതൽ തുല്യരാവുന്നു എന്ന ജോർജ് ഒർവെലിന്റെ നിരീക്ഷണം മന്ത്രിമാരുടെ കാര്യത്തിൽ അച്ചട്ടാണ്. അധികാരം നൽകുന്ന സൗകര്യങ്ങളും സുഖശീതളിമയും മനുഷ്യരെ ഉന്മത്തരാക്കും. അപ്പോൾപിന്നെ യയാതി പുരുവിനോട് ചോദിച്ചതുപോലെ ഇവർ മക്കളോടും അനുയായികളോടും യൗവനം ആവശ്യപ്പെട്ടുകൊണ്ടിരിക്കും. 2023 ഓഗസ്റ്റിൽ ചെങ്കോട്ടയിൽനിന്ന് പ്രസംഗിക്കുമ്പോൾ അടുത്ത കൊല്ലവും താൻതന്നെ ഇന്ത്യയെ നയിക്കും എന്ന് പ്രഖ്യാപിച്ച പ്രധാനമന്ത്രി നരേന്ദ്രമോദിയെ ഓർമ്മവരുന്നു. അധികാരത്തിന്റെ കോട്ടകളിൽ താനല്ലാതെ മറ്റൊരു നേതാവ് ബി.ജെ.പി.ക്കില്ലെന്ന മോദിയുടെ പരസ്യ വിളംബരമായിരുന്നു അത്. To advertise here, ആദർശവും അധികാരവും ജി. സുധാകരന്റെ കാര്യം നോക്കാം. എസ്.എഫ്‌.ഐ.യുടെ പ്രഥമ പ്രസിഡന്റായിരുന്നു. 2011-ലും 16-ലും എം.എൽ.എ. ഒന്നാം പിണറായി മന്ത്രിസഭയിൽ പൊതുമരാമത്ത് മന്ത്രി. അഴിമതിയില്ലാത്ത നേതാവ് എന്ന പ്രതിച്ഛായയാണ് ജി. സുധാകരന്റെ മൂലധനവും നീക്കിയിരിപ്പും. പക്ഷേ, ഇന്നിപ്പോൾ ജി.എസിന് വീണ്ടും മത്സരിക്കണം, പറ്റുമെങ്കിൽ ഒരിക്കൽക്കൂടി ഒന്ന് മന്ത്രിയാവണം. അതിനിപ്പോൾ സ്വന്തം പാർട്ടി സമ്മതിക്കുന്നില്ലെങ്കിൽ സ്വതന്ത്രനായി കളത്തിലിറങ്ങും. ഇതുവരെ കടുത്തശത്രുവായിരുന്ന കോൺഗ്രസ് പിന്തുണ നൽകിയാൽ ഒരു വിസമ്മതവുമില്ലാതെ സ്വീകരിക്കും. ആദർശം അപ്പോൾ ഏട്ടിലെ പശുവാകും. അധികാരത്തോടുള്ള സമീപനത്തിൽ കെ. സുധാകരനും ഇതേ വഴിയിലാണ്. മൂന്നുതവണ എം.എൽ.എ. ആയിരുന്നു. അതിനുമുൻപ്‌ മൂന്നുപ്രാവശ്യം മത്സരിച്ചുതോറ്റു. ഇടക്കാലത്ത് വനംവകുപ്പിന്റെ ചുമതലയുള്ള മന്ത്രി. കെ.പി.സി.സി. പ്രസിഡന്റായി നാലുകൊല്ലം. നിലവിൽ മൂന്നാംവട്ടം കണ്ണൂരിന്റെ എം.പി.യാണ്. പക്ഷേ, ആശതീരുന്നില്ല. ഇക്കുറി യു.ഡി.എഫ്. ഭരണം പിടിച്ചാൽ വെറുതേ എം.പി. ആയിരിക്കുന്നതിൽ അർഥമില്ല. അതുകൊണ്ട് നിയമസഭയിലേക്ക് മത്സരിക്കണം. എം.പി.യായി തിരഞ്ഞെടുത്ത ജനം പോയി പണിനോക്കട്ടെ! വാഴ നനയുമ്പോൾ ഭാര്യ പി.കെ. ശ്യാമള തളിപ്പറമ്പിൽ സ്ഥാനാർഥിയാവുന്നതിൽ സി.പി.എം. സംസ്ഥാന സെക്രട്ടറി എം.വി. ഗോവിന്ദൻ ഒരുതരത്തിലുള്ള അസ്വാഭാവികതയും കാണുന്നില്ലെന്നത് സി.പി.എം. നേരിടുന്ന ധാർമികപ്രതിസന്ധിയുടെ ലക്ഷണമാണെന്ന് ഈ കോളത്തിൽ കഴിഞ്ഞയാഴ്ച ചൂണ്ടിക്കാട്ടിയിരുന്നു. എന്തുകൊണ്ട് ഇതിന് മുഖ്യമന്ത്രി പിണറായി വിജയനും കൂട്ടുനിന്നു എന്നാണ് പാർട്ടി കണ്ണൂർ ജില്ലാ സെക്രട്ടേറിയറ്റ് അംഗം ടി.കെ. ഗോവിന്ദൻ ചോദിക്കുന്നത്. അധികാരമാണ് മുഖ്യം. അതിനായി ഇതല്ല ഇതിനപ്പുറത്തുള്ള വിട്ടുവീഴ്ചകൾക്ക് നേതൃത്വം തയ്യാറാവും. വാഴ നനയുമ്പോൾ ചീരയും നനയുന്നതിൽ എന്താണ് കുഴപ്പമെന്ന് എം.വി.ജി. ചോദിച്ചാൽ പിണറായി സഖാവിന് മറുപടിയുണ്ടാവില്ല. പക്ഷേ, എന്നുമെപ്പോഴും അണികൾ നേതൃത്വത്തിന്റെ വീഴ്ചകളോട് സമരസപ്പെടണമെന്നില്ല. അത്തരമൊരു പൊട്ടിത്തെറിയാണ് പയ്യന്നൂരിൽ കുഞ്ഞികൃഷ്ണന്റെയും തളിപ്പറമ്പിൽ ടി.കെ. ഗോവിന്ദന്റെയും ഭാഗത്തുനിന്നുണ്ടായിരിക്കുന്നത്. പാർട്ടിക്കുവേണ്ടി സർവവും സമർപ്പിച്ചവരാണ് ഇരുവരും. അവരാണ് ഇപ്പോൾ നേതൃത്വത്തിന്റെ മുഖത്തുനോക്കി ഇതല്ല ശരി എന്ന് പറയുന്നത്. ജനാധിപത്യവത്കരണത്തിനുള്ള അവസരമായി ഈ പ്രതിസന്ധിയെ കാണാൻ നേതൃത്വത്തിനാവുന്നില്ല എന്നതാണ് സി.പി.എം. നേരിടുന്ന അപചയം. പുറത്താക്കൽ പരിഹാരമല്ലെന്നും ഒളിച്ചോട്ടമാണെന്നും നേതാക്കൾ മറന്നുപോകുന്നു. പ്രത്യയശാസ്ത്രത്തോടുള്ള കൂറ് പഴങ്കഥയാവുകയാണ്. എത്ര എളുപ്പത്തിലാണ് സി.സി. മുകുന്ദൻ സി.പി.ഐ.യിൽനിന്നു ബി.ജെ.പി.യിലേക്ക് പോകുന്നത്. സി.പി.എമ്മിൽനിന്ന് കോൺഗ്രസ് ക്യാമ്പിലേക്കെത്താൻ അയിഷ പോറ്റിക്ക് ഒരുവട്ടംപോലും ആലോചിക്കേണ്ടിവരുന്നില്ല. അധികാരം മോഹിച്ചല്ല പാർട്ടി മാറുന്നതെന്നാണ് ഇവർ പറയുക. എന്നാൽപിന്നെ എന്തിനാണ് നിയമസഭാ തിരഞ്ഞെടുപ്പുവരെ കാത്തുനിന്നത്.തങ്ങൾ ഇതുവരെ വിശ്വസിച്ച പാർട്ടിയും ആ പാർട്ടി ഉയർത്തിപ്പിടിക്കുന്ന പ്രത്യയശാസ്ത്രവും തിരഞ്ഞെടുപ്പിന് തൊട്ടുമുമ്പാണ് ഇവർക്ക് ചതുർത്ഥിയാവുന്നത്. ചെറിയ മനുഷ്യർ, ചെറിയ ലോകങ്ങൾ അധികാരത്തിന്റെ മോഹ വലയത്തിൽ നിന്ന് പരിക്കൊന്നുമേൽക്കാതെ പുറത്ത് കടന്ന ഒരു നേതാവിനെ സമീപകാലത്ത് നിന്ന് കണ്ടെത്താനാവുമെങ്കിൽ അത് നെൽസൺ മണ്ഡേലയാണ്. 1999 ൽ അദ്ദേഹത്തിന് രണ്ടാം വട്ടവും ദക്ഷിണാപ്രിക്കയുടെ പരമോന്നത് അധികാര പീഠത്തിൽ ഇരിക്കാനാവുമായിരുന്നു. പക്ഷേ, മണ്ഡേല അത് വേണ്ടെന്ന് വെച്ചു. ബിസി 458 ൽ 16 ദിവസം മാത്രം റോമിൽ അധികാരത്തിലിരുന്ന് യുദ്ധം ജയിച്ച ശേഷം തന്റെ കൃഷിയിടത്തിലേക്ക് മടങ്ങിയ സിൻസിനാറ്റയും രണ്ട് വട്ടം പ്രസിഡന്റായ ശേഷം ഇനിയില്ല അധികാരത്തിലേക്ക് എന്ന് പ്രഖ്യാപിച്ച അമേരിക്കയുടെ പ്രഥമ പ്രസിഡന്റ് ജോർജ് വാഷിംഗ്ടണുമായിരുന്നിരിക്കാം മണ്ഡേലയുടെ മാതൃകകൾ. പക്ഷേ, മണ്ഡേലയെപ്പേലുള്ളവർ അപവാദങ്ങളാണെന്ന് തെളിയിക്കാനായിരിക്കും സുധാകരന്മാർ ഇഷട്‌പ്പെടുന്നത്. 1947 മെയ് 31 ന് ഗാന്ധിജി നൽകിയ അനുശോചന സന്ദേശത്തെക്കുറിച്ച് അദ്ദേഹത്തിന്റെ പേരക്കിടാവും മുൻ ബംഗാൾ ഗവർണ്ണറുമായ ഗോപാൽകൃഷ്ണ ഗാന്ധി ഒരു ലേഖനത്തിൽ എഴുതിയിരുന്നു. ആന്ധ്രപ്രദേശിലെ കോൺഗ്രസ് പ്രവർത്തകനും ദളിതനുമായിരുന്ന ചക്രയ്യയുടെ വിയോഗത്തിലായിരുന്നു ഗാന്ധിജിയുടെ അനുശോചനം. ചക്രയ്യയുടെ മരണത്തിൽ സങ്കടപ്പെട്ടുകൊണ്ട് ഗാന്ധിജി പറഞ്ഞത് ഇതാണ്: '' ഇന്ത്യൻ റിപ്പബ്ലിക്കിന് ആദ്യ രാഷ്ട്രപതിയെ തിരഞ്ഞെടുക്കേണ്ട സമയം വന്നിരിക്കുന്നു. ചക്രയ്യ ജീവനോടെയുണ്ടായിരുന്നെങ്കിൽ ഞാൻ അദ്ദേഹത്തിന്റെ പേര് നിർദ്ദേശിക്കുമായിരുന്നു. '' ഇന്ത്യയുടെ പ്രസിഡന്റ് സ്ഥാനത്തേക്ക് ഒരു ദളിതൻ എന്ന ഗാന്ധിജിയുടെ ആഗ്രഹം സാക്ഷാത്ക്കരിക്കപ്പെടുന്നത് 50 കൊല്ലങ്ങൾക്ക് ശേഷം 1997 ൽ കെ ആർ നാരായണനിലൂടെയാണ്. രാഷ്ട്രപതി സ്ഥാനം ഇന്ത്യയിൽ പ്രതീകാത്മകമാണ്. യഥാർത്ഥ അധികാരം പ്രധാനമന്ത്രിയിലാണ്. എന്തുകൊണ്ട് ഇന്ത്യയ്ക്ക് ഇന്നു വരെ ഒരു ദളിത് പ്രധാനമന്ത്രിയുണ്ടായിട്ടില്ല എന്ന ചോദ്യം അതുകൊണ്ടു തന്നെ പ്രസക്തവുമാണ്. ദളിതർക്കും വനിതകൾക്കും അവർ അർഹിക്കുന്ന പ്രാതിനിധ്യമില്ലാതെ വരുന്നതിനെക്കുറിച്ച് സംസാരിക്കാൻ ഇന്നിപ്പോൾ നമുക്കൊരു ഗാന്ധിജിയോ അംബദ്കറോ ഇല്ല. പകരം നമ്മൾ കേൾക്കുന്നത് സുധാകര വിലാപങ്ങളാണ്, എംവി ഗോവിന്ദന്മാരുടെ ന്യായീകരണങ്ങളാണ്. ചെറിയ മനുഷ്യരുടെ ചെറിയ ലോകങ്ങളിൽ നമ്മുടെ രാഷ്ട്രീയം വല്ലാതെ പൂതലിച്ചുപോയിരിക്കുന്നു. Content Highlights: Exploration of how political leaders prioritize power retention over core ideology., Critical analysis of veteran leaders from CPM and Congress seeking repeated terms., The ethical dilemma of nepotism and power-sharing within political parties., Grassroots rebellion against top-down leadership decisions in Kerala., The trend of opportunistic party switching for political gain. Published: 19 Mar 2026, 08:16 am IST Disclaimer: Kindly avoid objectionable, derogatory, unlawful and lewd comments, while responding to reports. Such comments are punishable under cyber laws. Please keep away from personal attacks. The opinions expressed here are the personal opinions of readers and not that of Mathrubhumi.

How was this article?

Discussion (0)

Please login to join the conversation.

No comments yet. Be the first!

സുധാകരന്മാരും കണ്ണൂരിലെ പൊട്ടിത്തെറിയും പറയുന്നത് — Mathrub… | Boolokam