സുപ്രീംകോടതിയും തിരഞ്ഞെടുപ്പുജനാധിപത്യവും

സുപ്രീംകോടതിയും തിരഞ്ഞെടുപ്പുജനാധിപത്യവും

അഡ്വ. കാളീശ്വരം രാജ് Last Updated: 17 April 2026, 03:19 PM IST സുപ്രീംകോടതി |  ഫോട്ടോ: പി.ടി.ഐ   പ ട്‌നയിലെ ചാണക്യ നിയമസർവകലാശാലയിൽ നടത്തിയ ഒരു പ്രഭാഷണത്തിൽ ജസ്റ്റിസ് ബി.വി. നാഗരത്ന നടത്തിയ ചില പരാമർശങ്ങൾ ദേശീയ ശ്രദ്ധയാകർഷിക്കുന്നു. തിരഞ്ഞെടുപ്പു കമ്മിഷൻപോലുള്ള സ്ഥാപനങ്ങൾ സ്വതന്ത്രമായും നിഷ്‌പക്ഷമായും പ്രവർത്തിക്കേണ്ടതിന്റെ ആവശ്യകതയെക്കുറിച്ച് അവർ എടുത്തു പറഞ്ഞു. രാഷ്ട്രീയസ്വാധീനത്തിൽനിന്നു പൂർണമായും വിട്ടുനിന്നാൽമാത്രമേ ഭരണഘടനാസ്ഥാപനങ്ങൾക്ക് ശരിയായ രീതിയിൽ പ്രവർത്തിക്കാൻകഴിയൂ എന്നും സൂചിപ്പിച്ച അവർ, കേന്ദ്ര-സംസ്ഥാന ബന്ധങ്ങൾ കക്ഷിരാഷ്ട്രീയത്തിനതീതമായി പോഷിപ്പിക്കേണ്ടതിന്റെ ആവശ്യകതയെക്കുറിച്ചും വിശദീകരിക്കുകയുണ്ടായി. To advertise here, തിരഞ്ഞെടുപ്പുകമ്മിഷനെക്കുറിച്ചുള്ള ജസ്റ്റിസ് നാഗരത്നയുടെ വീക്ഷണം ഭരണഘടനയുടെയും നമ്മുടെ തിരഞ്ഞെടുപ്പു ജനാധിപത്യത്തിന്റെയും സ്വപ്നങ്ങളെത്തന്നെയാണ് പ്രതിഫലിപ്പിക്കുന്നത്. സ്വതന്ത്രവും നിഷ്പക്ഷവും സത്യസന്ധവും ശാസ്ത്രീയവും ആയ തിരഞ്ഞെടുപ്പുകൾക്കുമാത്രമേ വിശ്വാസ്യതയുണ്ടാകൂ. അത്തരം തിരഞ്ഞെടുപ്പുകളിലൂടെ തങ്ങൾക്ക് സർക്കാരുകളെ വീഴ്ത്താനും വാഴിക്കാനും കഴിയുമെന്ന ജനങ്ങളുടെ ബോധ്യമാണ് ജനാധിപത്യത്തിന്റെ കാതൽ. അഭിമതരല്ലാത്ത സർക്കാരുകളെ നിയമവിധേയവും ഔപചാരികവുമായ മാർഗത്തിലൂടെ താഴെയിറക്കാൻ ജനങ്ങൾക്കുള്ള അധികാരത്തിൽ വെള്ളംചേർക്കാൻ പാടില്ല. എന്നാൽ, തിരഞ്ഞെടുപ്പിലെ അഴിമതികളും മറ്റുതരം കുറ്റകൃത്യങ്ങളും ഈ പ്രക്രിയയിൽ ജനങ്ങൾക്കുള്ള വിശ്വാസത്തിനുതന്നെ ഇളക്കം സൃഷ്ടിക്കുന്നു. സ്പെഷ്യൽ ഇന്റൻസീവ് റിവിഷൻ (എസ്.ഐ.ആർ.) പോലുള്ള ധൃതിപിടിച്ച നടപടികളിലൂടെ ലക്ഷക്കണക്കിന് ആളുകളുടെ വോട്ടവകാശംതന്നെ നിഷേധിക്കപ്പെട്ടപ്പോൾ ഒരു ജനതയെന്ന നിലയിൽ നാം തിരഞ്ഞെടുപ്പിനുമുൻപുതന്നെ പരാജയപ്പെടുകയായിരുന്നു. ഒരർഥത്തിൽ അത് നമ്മുടെ ഭരണഘടനയുടെകൂടി പരാജയമായിരുന്നു. അപഭ്രംശങ്ങൾ സംഭവിക്കാതിരിക്കാൻ ഇപ്പറഞ്ഞ അപഭ്രംശങ്ങൾ സംഭവിക്കാതിരിക്കണമെങ്കിൽ തിരഞ്ഞെടുപ്പുകമ്മിഷൻ സ്വതന്ത്രമായി പ്രവർത്തിക്കണം. അതിനു കഴിയണമെങ്കിൽ തിരഞ്ഞെടുപ്പു കമ്മിഷന്റെ നിയമനം ഒരു സ്വതന്ത്ര സംവിധാനത്തിലൂടെയും സ്വതന്ത്ര പ്രക്രിയയിലൂടെയുമായിരിക്കണം. എന്നാൽ, കമ്മിഷൻ നിമയനത്തെക്കുറിച്ചു പറയുന്ന ഭരണഘടനയിലെ 324-ാം അനുച്ഛേദത്തിൽ തിരഞ്ഞെടുപ്പ് കമ്മിഷണർമാരെ രാഷ്ട്രപതി നിയമിക്കണമെന്നുമാത്രമേ പറഞ്ഞിട്ടുള്ളൂ. പാർലമെന്റ് ഇക്കാര്യത്തിൽ നിയമം നിർമിക്കുന്നതുവരെയും രാഷ്ട്രപതിക്ക് ഫലത്തിൽ കേന്ദ്രസർക്കാരിനുതന്നെയാണ് ഇക്കാര്യത്തിൽ നിയമനാധികാരം എന്നാണ് ഭരണഘടനയുടെ വിവക്ഷ. ഈ സൗകര്യം ഉപയോഗിച്ചുകൊണ്ട്, പ്രധാനമന്ത്രിയും മറ്റൊരു കാബിനറ്റ് മന്ത്രിയും പ്രതിപക്ഷനേതാവും ചേർന്നസമിതി തിരഞ്ഞെടുപ്പുകമ്മിഷണർമാരെ നിശ്ചയിക്കുന്ന സംവിധാനമുണ്ടായി. ഫലത്തിൽ കേന്ദ്രസർക്കാർ തന്നെയാണ് തിരഞ്ഞെടുപ്പു കമ്മിഷനെ നിയമിക്കുന്നതെന്ന അവസ്ഥ വന്നു. മാറിമാറിവന്ന സർക്കാരുകൾ ഈ സംവിധാനത്തിന്റെ ആനുകൂല്യവും നേട്ടങ്ങളും അനുഭവിച്ചുപോന്നു. ഈ സാഹചര്യത്തിലാണ് സുപ്രീംകോടതിയുടെ അഞ്ചംഗഭരണഘടനാ ബെഞ്ച്‌ ഈ വിഷയത്തിൽ ഇടപെട്ടത്‌. തിരഞ്ഞെടുപ്പുകമ്മിഷണർമാരെ നിയമിക്കുന്ന സമിതിയിൽ പ്രധാനമന്ത്രിക്കും പ്രതിപക്ഷനേതാവിനുംപുറമേ സുപ്രീംകോടതി ചീഫ്‌ ജസ്റ്റിസും ഉണ്ടാകണമെന്ന്‌ അനൂപ്‌ ബാരൺവാളിന്റെ കേസിൽ (2023) സുപ്രീംകോടതി വിധിച്ചു. പുതിയ നിയമം ഉണ്ടാക്കുന്നതുവരെ കോടതിനിർദേശിച്ച സംവിധാനം തുടരണമെന്നും നിർദേശിക്കപ്പെട്ടു. എന്നാൽ, തിരഞ്ഞെടുപ്പു കമ്മിഷണർമാരെ നിയമിക്കുന്നതുസംബന്ധിച്ച്‌ പാർലമെന്ററി നിയമം 2023-ൽത്തന്നെ കൊണ്ടുവന്ന കേന്ദ്രസർക്കാർ 2024 ജനുവരി രണ്ടുമുതൽ അത്‌ നടപ്പാക്കുകയും ചെയ്തു. അങ്ങനെ തിരഞ്ഞെടുപ്പുകമ്മിഷൻ നിയമനം വീണ്ടും പഴയപടിയായി. ചീഫ്‌ ജസ്റ്റിസിനുപകരം പ്രധാനമന്ത്രിതന്നെ നിർദേശിക്കുന്ന കാബിനറ്റ്‌ മന്ത്രി സമിതിയിലെത്തി. ഈ നിയമത്തിന്റെ അടിസ്ഥാനത്തിലാണ്‌ ഇപ്പോഴത്തെ മുഖ്യതിരഞ്ഞെടുപ്പുകമ്മിഷണർ ഗ്യാനേഷ്‌ കുമാർ നിയമിക്കപ്പെട്ടത്‌. പുതിയ നിയമനവും അതിനാധാരമായ പാർലമെന്ററി നിയമവും സുപ്രീംകോടതിയിൽ ചോദ്യംചെയ്യപ്പെട്ടു. പക്ഷേ, ഇക്കാര്യത്തിൽ ഇടക്കാല സ്റ്റേ പുറപ്പെടുവിക്കാൻ സുപ്രീംകോടതി തയ്യാറായില്ല. മറ്റുകമ്മിഷണർമാരുടെ നിയമനങ്ങൾക്കെതിരേയും സ്റ്റേ ഉത്തരവുകളുണ്ടായില്ല. ചുരുക്കത്തിൽ സുപ്രീംകോടതിയുടെ ഭരണഘടനാെബഞ്ചിന്റെ നിർദേശങ്ങൾ ജലരേഖകൾ മാത്രമായി. ഏതുതരം അധികാരശക്തിയാണോ നമ്മുടെ തിരഞ്ഞെടുപ്പുകളെ പ്രഹസനമാക്കാൻ ശ്രമിച്ചത്‌ അതേതരം അധികാരശക്തികൾതന്നെ അനൂപ്‌ ബാരൺവാളിന്റെ കേസിലെ സുപ്രീംകോടതി വിധിയെയും നിർവീര്യമാക്കി. പിന്നീടുണ്ടായ എസ്‌.ഐ.ആർ. പ്രക്രിയകളിലൂടെ ജനലക്ഷങ്ങൾ വോട്ടർപട്ടികയ്ക്ക്‌ പുറത്തായി. പല തിരഞ്ഞെടുപ്പിലും വ്യാപകമായ വോട്ടുമോഷണം നടന്നതായി തെളിവുകൾസഹിതം ആരോപിക്കപ്പെട്ടു. ലക്ഷക്കണക്കിനാളുകളെ അവിഹിതമായി പുറത്താക്കിക്കൊണ്ടും അതുപോലെ പതിനായിരക്കണക്കിന്‌ വോട്ടുകൾ അവിഹിതമായി ചേർത്തുകൊണ്ടും രാജ്യം ഇതുവരെ കണ്ടിട്ടില്ലാത്തവിധത്തിൽ തിരഞ്ഞെടുപ്പുപ്രക്രിയ മലിനീകരിക്കപ്പെട്ടു. മഹാരാഷ്ട്രയിലും ബിഹാറിനും ഹരിയാണയിലും ആന്ധ്രപ്രദേശിലുംനടന്ന തിരഞ്ഞെടുപ്പുകളിൽ വലിയ അട്ടിമറികൾ നടന്നതായി ആരോപണങ്ങൾ ഉയർന്നു. പറകാല പ്രഭാകരനെപ്പോലുള്ള അക്കാദമിക്‌ ബുദ്ധിജീവികളും ചില മാധ്യമങ്ങളും സമീപകാലത്തുനടന്ന തിരഞ്ഞെടുപ്പുകളുടെ വിശ്വാസ്യതയെത്തന്നെ ചോദ്യംചെയ്തത്‌ വ്യക്തമായ പഠനങ്ങളുടെയും തെളിവുകളുടെയും അടിസ്ഥാനത്തിലായിരുന്നു. പ്രതിപക്ഷനേതാവ്‌ രാഹുൽഗാന്ധി നടത്തിയ പത്രസമ്മേളനങ്ങൾക്കും ആരോപണങ്ങൾക്കുംപിന്നിൽ തെളിവുകളുടെ ആധികാരികതയുണ്ടായിരുന്നു. അവയുടെ പ്രഹരശേഷി അപാരമായിരുന്നു. മുൻലോക്‌സഭാ തിരഞ്ഞെടുപ്പുകളിൽ കേരളംപോലുള്ള പ്രബുദ്ധസംസ്ഥാനങ്ങളിൽപോലും അട്ടിമറികൾ നടന്നായി ആരോപണങ്ങളുണ്ടായി. പുതിയ എസ്‌.ഐ.ആർ. പ്രക്രിയയിൽ സംസ്ഥാനത്ത്‌ എന്തൊക്കെ സംഭവിച്ചെന്ന കാര്യത്തിൽ വിശദപഠനം ആവശ്യമാണ്‌. ഏതായാലും സാക്ഷരതയിലും രാഷ്ട്രീയപ്രബുദ്ധതയിലും മുന്നിട്ടുനിൽക്കുന്ന കേരളത്തിലെ അവസ്ഥയല്ല ഉത്തരേന്ത്യൻ സംസ്ഥാനങ്ങളിലും വടക്കുകിഴക്കൻ സംസ്ഥാനങ്ങളിലും. അവിടങ്ങളിലെ എസ്‌.ഐ.ആർ. പ്രക്രിയയിലൂടെ ജനലക്ഷങ്ങളാണ്‌ ജനാധിപത്യത്തിന്റെ പടിക്കുപുറത്തായത്‌. ഇവയിലൊന്നും കാര്യമായി ഇടപെടാൻ ചീഫ് ജസ്റ്റിസ് സൂര്യകാന്തിന്റെ നേതൃത്വത്തിലുള്ള ബെഞ്ച് തയ്യാറായില്ല. ഫലത്തിൽ എസ്.ഐ.ആർ. ചോദ്യംചെയ്തുകൊണ്ടുള്ള ഹർജികളിൽ സുപ്രീംകോടതി പുറപ്പെടുവിച്ച ഉത്തരവുകൾ, എസ്.ഐ.ആർ. പ്രക്രിയയെ സഹായിക്കുകയും പ്രാവർത്തികമാക്കുകയുമാണ് ചെയ്തത്. ഈ പ്രക്രിയകൾക്കെല്ലാം നേതൃത്വം നൽകിയതാകട്ടെ, മുഖ്യതിരഞ്ഞെടുപ്പുകമ്മിഷണർ ഗ്യാനേഷ്‌കുമാറും അദ്ദേഹത്തിന്റെ നേതൃത്വത്തിലുള്ള സംഘവും! പരിശോധിക്കേണ്ട ആത്മവിമർശനം ഇത്തരം വൈപരീത്യങ്ങൾ നിലനിൽക്കവേ ഡോ. ജയാ ഠാക്കൂറിന്റെയും അസോസിയേഷൻ ഓഫ് ഡെമോക്രാറ്റിക് റിഫോംസിന്റെയും മറ്റും ഹർജികൾ സുപ്രീംകോടതിയുടെ പരിഗണനയ്ക്ക് വരുകയുണ്ടായി. തിരഞ്ഞെടുപ്പ് കമ്മിഷൻ നിയമനങ്ങളെയും അതിനാധാരമായ നിയമത്തെയും ചോദ്യംചെയ്യുന്ന ഈ ഹർജികൾ സ്വാഭാവികമായും അനൂപ് ബാരൻവാളിന്റെ കേസിലെ ഭരണഘടനാബെഞ്ചിന്റെ വിധിയിലും ഊന്നിക്കൊണ്ടുള്ളതാണ്. ഈ ഹർജികളിൽ 2026 മേയ് ആറാം തീയതി വാദംകേൾക്കുമെന്നാണ് ജസ്റ്റിസ് ദീപാങ്കർ ദത്തയും വിപുൽ എം. പാൻചോളിയും അടങ്ങിയ െബഞ്ച് ഉത്തരവിട്ടിരിക്കുന്നത്. ഇക്കാര്യത്തിൽ കക്ഷികൾക്ക് മറുപടിക്കും മറ്റുമായി കൂടുതൽ സമയം അനുവദിക്കില്ലെന്നും ബെഞ്ച് ഉത്തരവിട്ടിട്ടുണ്ട്. ചുരുക്കത്തിൽ, ജസ്റ്റിസ് നാഗരത്ന ശരിയായി ഉന്നയിച്ച വിമർശനങ്ങൾ വലിയൊരു പരിധിവരെ സുപ്രീംകോടതികൂടി ആത്മവിമർശനബുദ്ധ്യാ പരിശോധിക്കേണ്ടവയാണ്. ശരിയായ സമയത്ത് ശരിയായ വിധത്തിൽ സുപ്രീംകോടതി ഇടപെട്ടിരുന്നെങ്കിൽ ഇന്ത്യയിലെ തിരഞ്ഞെടുപ്പ്‌ ജനാധിപത്യത്തിന് ഇന്നത്തേതുപോലെ ക്ഷതങ്ങൾ ഏൽക്കില്ലായിരുന്നു. ഭരണഘടനാപരമായ തീർപ്പുകല്പിക്കൽ ചിലപ്പോൾ ഒരുതരം രാഷ്ട്രരക്ഷാപ്രവർത്തനംകൂടിയാണ്. സമയോചിതമായി നടത്തേണ്ടതാണ്, ഏതൊരു രക്ഷാപ്രവർത്തനവും. സത്യസന്ധവും വിശ്വാസ്യയോഗ്യവുമായ തിരഞ്ഞെടുപ്പുകൾ നടക്കണമെങ്കിൽ തിരഞ്ഞെടുപ്പുകമ്മിഷൻ എന്ന സംവിധാനംതന്നെ പുതുക്കിപ്പണിയേണ്ട അവസ്ഥയാണിപ്പോൾ. അമേരിക്കയിലും മറ്റുപല രാജ്യത്തും ഒരുതരത്തിലല്ലെങ്കിൽ മറ്റൊരുതരത്തിൽ തിരഞ്ഞെടുപ്പുകൾ പ്രഹസനമായിത്തീർന്ന സാഹചര്യമുണ്ട്. ഈ ദുരവസ്ഥയെ എങ്ങനെ മറികടക്കാമെന്നതാണ് ഇന്ത്യ അഭിമുഖീകരിക്കുന്ന യഥാർഥപ്രശ്നം. ഭേദപ്പെട്ട ചില മാതൃകകൾ മാത്രമാണ് ഇക്കാര്യത്തിൽ നമുക്കുമുൻപിലുള്ളത്. താരതമ്യേന ആധുനികമായ ദക്ഷിണാഫ്രിക്കയുടെ ഭരണഘടനയിൽ ജനാധിപത്യത്തെ താങ്ങിനിർത്തുന്ന സ്ഥാപനങ്ങൾ ഏതെല്ലാമാണെന്ന് കാണിക്കുന്ന ഒരു പട്ടികയുണ്ട്. അവിടത്തെ ഭരണഘടനയിൽ ഒമ്പതാം അധ്യായത്തിൽ വിവരിച്ച ഈ സ്ഥാപനങ്ങളിലൊന്ന് തിരഞ്ഞെടുപ്പുകമ്മിഷനാണ്. സമാനമായരീതിയിൽ സ്വതന്ത്ര തിരഞ്ഞെടുപ്പുകമ്മിഷനെ വിഭാവനംചെയ്യുന്നതാണ് കോസ്റ്ററീക്കാ ഭരണഘടനയുടെ 9-ാം അനുച്ഛേദം. നിയമങ്ങൾ നിർമിക്കാൻ സാധാരണഗതിയിൽ സുപ്രീംകോടതിക്ക് കഴിയില്ല. എന്നാൽ, തിരഞ്ഞെടുപ്പു കമ്മിഷണർമാരുടെ നിയമനം സംബന്ധിച്ച 2023-ലെ നിയമം റദ്ദാക്കാൻ സുപ്രീംകോടതിക്ക് കഴിയും. അനൂപ് ബാരൺവാളിന്റെ കേസിലെ വിധിയുടെ ഉള്ളടക്കത്തോട് നീതിപുലർത്തിക്കൊണ്ട് മെച്ചപ്പെട്ട ഒരു തിരഞ്ഞെടുപ്പുകമ്മിഷൻ രൂപപ്പെടുമ്പോൾ മാത്രമാണ് ജസ്റ്റിസ് നാഗരത്നയുടെയും ഒരു പക്ഷേ, ഇന്ത്യൻ ജനതയുടെയും അഭിലാഷങ്ങൾ സഫലമാവുക! Content Highlights: Justice B.V. Nagarathna’s emphasis on the absolute neutrality of constitutional bodies., Critical analysis of the 2023 Election Commissioner appointment laws and their impact on 2026 elections., The role of the Supreme Court in safeguarding electoral processes against executive influence., Global democratic models like South Africa and Costa Rica as potential benchmarks for India., Upcoming May 2026 Supreme Court hearings on election commission appointments. Published: 17 Apr 2026, 03:19 pm IST Disclaimer: Kindly avoid objectionable, derogatory, unlawful and lewd comments, while responding to reports. Such comments are punishable under cyber laws. Please keep away from personal attacks. The opinions expressed here are the personal opinions of readers and not that of Mathrubhumi.

How was this article?

Discussion (0)

Please login to join the conversation.

No comments yet. Be the first!

സുപ്രീംകോടതിയും തിരഞ്ഞെടുപ്പുജനാധിപത്യവും — Mathrubhumi | B… | Boolokam