സൊനാപ്പൂരില്‍ നിന്ന് പ്രവീണ്‍ കൃഷ്ണന്‍ Last Updated: 03 April 2026, 10:48 AM IST ഗായകൻ സുബീൻ ഗാർഗിന്റെ സോനാപ്പുരിലുള്ള താത്കാലിക സ്മാരകത്തിൽ മൺചെരാതുകൾ തെളിച്ച് പ്രാർഥിക്കുന്നവർ | ഫോട്ടോ: സാബു സ്കറിയാച്ചൻ ഗു വാഹാട്ടി നഗരവലയം വിട്ട് ഷില്ലോങ്ങിലേക്കുള്ള ഹൈവേയിൽ നിന്ന്് ജോർഹട്ടിലേക്കും ശിവസാഗറിലേക്കും തിരിഞ്ഞു പോകുന്ന പാതയിലാണ് ഹതിമുറ. പാതയോട് ചേർന്നാണ് സുബീൻ ക്ഷേത്ര എന്ന പേരിൽ അസമിന്റെ പ്രിയ ഗായകന്റെ സ്മാരകം ഉയരുന്നത്. അസമിന്റെ സാംസ്‌കാരികപ്രതിബിംബമായിരുന്ന പ്രമുഖ സംഗീതജ്ഞൻ സുബീൻ ഗാർഗ് അന്ത്യവിശ്രമം കൊള്ളുന്നതിവിടെ. To advertise here, കഴിഞ്ഞ സെപ്റ്റംബർ 18ന് സിംഗപ്പൂരിലെ ഒരു ദ്വീപിനരികെ കടലിൽ നീന്തവെ മുങ്ങി മരിക്കുകയായിരുന്നു സുബീൻ ഗാർഗ്. ഈ വിടവാങ്ങൽ അസമിനെ ഞെട്ടിക്കുകയും കരയിക്കുകയും ചെയ്തു. ഗാർഗിന്റെ മൃതദേഹം സംസ്‌കരിച്ച ഈ സ്ഥലത്തേക്ക് പ്രിയഗായകന് ആദരാഞ്ജലികളർപ്പിക്കാൻ ആരാധകരുടെ ഒഴുക്കാണ്. യുവാക്കളും സ്ത്രീകളും കുട്ടികളും ഇവിടെയെത്തി തിരികൾ കത്തിച്ചും പുഷ്പങ്ങളർപ്പിച്ചും ആദരമർപ്പിക്കുന്നു. മാസങ്ങൾക്ക് മുമ്പ് പ്രഖ്യാപിച്ചതാണ് സ്മാരകനിർമാണം. പക്ഷേ നിർമാണപ്രവർത്തനങ്ങൾ വേഗത്തിലായത് അടുത്തിടെ മാത്രം. സുബീൻ ഗാർഗിന്റേത് മുങ്ങിമരണമാണെന്നും അപകടമരണത്തിനപ്പുറത്തേക്ക് മറ്റ് സംശയങ്ങൾക്ക് കാരണമില്ലെന്നും സിംഗപ്പൂരിലെ അന്വേഷണോദ്യോഗസ്ഥർ അടുത്തിടെ വ്യക്തമാക്കുകയുണ്ടായി. പക്ഷേ ഗാർഗിന്റെ മരണത്തെപ്പറ്റിയുള്ള സംശയങ്ങൾ അസമീസ് ജനതയിൽ അവസാനിച്ചിട്ടില്ല. നിയമസഭാ തിരഞ്ഞെടുപ്പിലും ഇതൊരു ചർച്ചാവിഷയമാണ്. ഗാർഗിന് നീതി ലഭിച്ചോയെന്ന ചോദ്യം മുഴങ്ങുന്നു. ബി.ജെ.പിയും കോൺഗ്രസും ഇതേച്ചൊല്ലി ആരോപണ-പ്രത്യാരോപണങ്ങളിലേർപ്പെടുന്നതാണ് കാഴ്ച. ഗാർഗിന്റെ മുങ്ങിമരണത്തിന് തൊട്ടുപിന്നാലെ,കൊലപാതകമാണെന്ന് ആരോപിച്ചത് മുഖ്യമന്ത്രി ഹിമന്ത ബിശ്വശർമയാണ്. എന്നാൽ ഇതിനുള്ള തെളിവുകൾ അദ്ദേഹം മുന്നോട്ടുവെച്ചില്ല. മരണത്തെക്കുറിച്ച് അന്വേഷിക്കാൻ അസം പോലീസിന്റെ പ്രത്യേകസംഘത്തെയും നിയോഗിച്ചു. ഗാർഗ് സിംഗപ്പൂരിലേക്ക് പോയത് വടക്കുകിഴക്കൻ ഇന്ത്യാ ഫെസ്റ്റിവലിൽ പങ്കെടുക്കാനായിരുന്നു. ഇതിന്റെ സംഘാടകരിൽ ചിലരെയും ഗാർഗിന്റെ മാനേജരെയും പ്രതി ചേർത്ത് അന്വേഷണസംഘം കേസെടുത്തു. ഇവർ അറസ്റ്റിലായി. 12000 പേജ് വരുന്ന കുറ്റപത്രം കോടതിയിലെത്തി. പക്ഷേ ഗാർഗിന്റേത് അപകടമരണം മാത്രമാണെന്ന് സിംഗപ്പൂർ അധികൃതർ പറയുമ്പോൾ അസമിലെ കേസിന്റെ ഗതിയെന്താവുമെന്നാണ് ഉയരുന്ന ചോദ്യം. ഗാർഗിന്റേത് അപകടമരണമാണെന്ന വാദം അദ്ദേഹത്തിന്റെ ദശലക്ഷക്കണക്കിന് വരുന്ന ആരാധർക്ക് ഉൾക്കൊള്ളാനാകുന്നില്ല. മരണത്തിന് പിന്നിൽ ഗൂഢാലോചനയെന്നവർ സംശയിക്കുന്നു. ഗാർഗിന് നീതി കിട്ടണമെന്ന പ്രചരണം മുറുകിയത് ഈ പശ്ചാത്തലത്തിലാണ്. ഗാർഗിന്റെ നീതിക്കായുള്ള മുറവിളി ഏറ്റവുമധികം യുവാക്കളിൽ നിന്നാണ്. 100 ദിവസത്തിനകം നീതിയെന്ന് കോൺഗ്രസ്, എല്ലാം ചെയ്‌തെന്ന് ഹിമന്ത കോൺഗ്രസ് അധികാരത്തിലെത്തിയാൽ 100 ദിവസത്തിനകം സുബീൻ ഗാർഗിന് നീതിയുറപ്പാക്കുമെന്ന് അസമിൽ കോൺഗ്രസിന്റെ പ്രകടനപത്രിക പുറത്തിറക്കവെ പാർട്ടി അധ്യക്ഷൻ മല്ലികാർജുൻ ഖാർഗെ വ്യക്തമാക്കുകയുണ്ടായി. ഗാർഗിന്റെ മരണത്തിന് പിന്നിലെ വസ്തുതകൾ പുറത്തു കൊണ്ടുവരുന്നതിൽ സംസ്ഥാനസർക്കാരിന് താൽപ്പര്യമില്ലെന്ന് പി.സി.സി അധ്യക്ഷൻ ഗൗരവ് ഗൊഗോയ് അടക്കമുള്ളവർ ആരോപിക്കുന്നു. എന്നാൽ, സർക്കാർ ചെയ്യാവുന്നതെല്ലാം ചെയ്‌തെന്നും ഇനി കാര്യങ്ങൾ കോടതിയുടെ പരിധിയിലാണെന്നുമാണ് മുഖ്യമന്ത്രി ഹിമന്തയുടെ വാദം. കോൺഗ്രസിന്റേത് രാഷ്ട്രീയ മുതലെടുപ്പിനുള്ള ശ്രമമാണെന്നും ഹിമന്ത കുറ്റപ്പെടുത്തി. അസമീസിന് പുറമേ 40ഓളം ഭാഷകളിൽ ഗാനങ്ങളാലപിച്ചിട്ടുള്ള വിശ്രുത ഗായകൻ സുബീൻ ഗാർഗിനെക്കുറിച്ചുള്ള ഒളി മങ്ങാത്ത ഓർമകളിലാണ് ദശലക്ഷക്കണക്കിനായ അദ്ദേഹത്തിന്റെ ആരാധകർ. സുബീൻ ഗാർഗിന്റെ സ്മാരകനിർമാണം വൈകുന്നതും വിമർശനവിധേയമായപ്പോഴാണ് അടുത്തിടെ നിർമാണപ്രവൃത്തികൾ സർക്കാർ ഊർജിതമാക്കിയത്. Content Highlights: Construction of Zubeen Garg's memorial in Hatimura has been accelerated in 2026., The singer's death remains a central topic in the 2026 Assam legislative elections. Published: 03 Apr 2026, 10:48 am IST Disclaimer: Kindly avoid objectionable, derogatory, unlawful and lewd comments, while responding to reports. Such comments are punishable under cyber laws. Please keep away from personal attacks. The opinions expressed here are the personal opinions of readers and not that of Mathrubhumi.

സുബീൻ ഗാർഗിന്റേത് അപകടമരണമോ കൊലപാതകമോ; അസം തിരഞ്ഞെടുപ്പിലും വിഷയമാകുന്നു
M
MathrubhumiSource Link
about 1 month ago