കൊച്ചി : പരിസ്ഥിതിയുടെ ആരോഗ്യമാപിനികളായ ലൈക്കണുകളുടെ വൈവിധ്യത്താൽ സമ്പന്നമാണ് സുഭാഷ് പാർക്കെന്ന് മഹാരാജാസ് കോളേജിലെ ഗവേഷകർ നടത്തിയ പഠനത്തിൽ കണ്ടെത്തി. ഇരുപതിലധികം അപൂർവയിനം ലൈക്കണുകളെയാണ് പാർക്കിലെ വിവിധ മരങ്ങളിൽ നിന്നായി തിരിച്ചറിഞ്ഞത്. മഹാരാജാസ് കോളേജിലെ ഭൂമിത്രസേന, നേച്ചർ ക്ലബ് എന്നിവ ബോട്ടണി വിഭാഗത്തിന്റെ സഹകരണത്തോടെയാണ് പഠനം സംഘടിപ്പിച്ചത്. സീ-ഹെഡിന്‍റെ അനുമതിയോടെ ആയിരുന്നു പഠനം. മഹാരാജാസ് കോളേജിലെ ബോട്ടണി വിഭാഗത്തിലെ അസോസിയേറ്റ് പ്രൊഫസറും ലൈക്കൺ വർഗീകരണത്തിൽ വിദഗ്ധനുമായ ഡോ. സ്റ്റീഫൻ സെക്വീറയുടെയും അദ്ദേഹത്തിന്റെ ഗവേഷണ വിദ്യാർഥി ആയ അരുൺ ക്രിസ്റ്റിയുടെയും നേതൃത്വത്തിലായിരുന്നു പഠനം. To advertise here, വായുമലിനീകരണം തിരിച്ചറിയാൻ സഹായിക്കുന്ന പ്രകൃതിദത്തമായ ജൈവസൂചകങ്ങളാണ് ലൈക്കണുകൾ. വായുവിൽ സൾഫർ ഡയോക്സൈഡ് പോലുള്ള വിഷവാതകങ്ങൾ വർധിക്കുമ്പോൾ ലൈക്കണുകൾ നശിച്ചുപോകുന്നു. സുഭാഷ് പാർക്കിലെ മരങ്ങളിൽ ഇവ വ്യാപകമായി കാണപ്പെടുന്നത് നഗരമധ്യത്തിലെ ഈ ഹരിതപ്രദേശം വായുഗുണനിലവാരത്തിൽ പുലർത്തുന്ന മികവിന്റെ തെളിവാണെന്ന് പഠനത്തിന് നേതൃത്വം നൽകിയവർ പറഞ്ഞു. പിക്‌സിൻ കൊക്കോസ്, ഡിറിനേറിയ, ഗ്രാഫിസ്, ആർത്തോണിയ, ക്രിപ്റ്റോതെസിയ, ലെപ്രേറിയ, പെർട്ടുസാരിയ തുടങ്ങിയവയാണ് പഠനത്തിലൂടെ പ്രധാനമായും കണ്ടെത്തിയത്. പാർക്കിലെ റോയസ്റ്റോണിയ, ലിവിൻസ്റ്റോണിയ തുടങ്ങിയ തെങ്ങുവർഗസസ്യങ്ങൾ മുതൽ ആരിവേപ്പ്, മാവ്, മഹാഗണി, അശോകം തുടങ്ങി നാല്പതോളം ഇനം മരങ്ങളിലാണ് ഇവ പറ്റിപ്പിടിച്ചുവളരുന്നത്. വിശദമായ ലൈക്കൻ പഠനം നടത്തിയാൽ കൂടുതൽ സ്പീഷിസുകൾ ഇവിടെനിന്ന് കണ്ടെത്താമെന്ന് പഠനസംഘം അറിയിച്ചു. പഠനസംഘത്തിൽ ബോട്ടണിവിഭാഗത്തിലെ അധ്യാപകരായ ഡോ. മാത്യു സ്റ്റീഫൻ, ജെസ്സ് മേരി ജെയിംസ്, ഡോ. ശാന്തിവാസുദേവൻ, ബിനോയി തോമസ്, ഡോ. അജിത്ത് കുമാർ ബോട്ടണിവിഭാഗത്തിലെയും ഭൂമിത്രസേന നേച്ചർ ക്ലബ്ബിലെയും കുട്ടികൾ ഉൾപ്പെടുന്നു.

സുഭാഷ് പാർക്കിൽ ലൈക്കണുകളുടെ വിസ്മയലോകം
M
MathrubhumiSource Link
about 2 months ago