വേനലവധിയിൽ തിരക്കേറുന്നു To advertise here, ഏലംകുളം : വേനലവധിയും ചൂടുമായതോടെ എളാട് ചെക്ക്ഡാമിൽ തിരക്കേറുന്നു. എന്നാൽ തിരക്കിനാനുപാതികമായി ഇവിടെ മതിയായ സുരക്ഷാക്രമീകരണങ്ങളില്ലെന്ന പരാതിയും ഉയരുന്നു. മുൻപ് പലതവണ മുങ്ങിമരണങ്ങളുണ്ടായ സ്ഥലമായ ഇവിടെ ഒരു സുരക്ഷാ മുന്നറിയിപ്പുബോർഡുപോലുമില്ല. വേനലവധിക്കാലമായതിനാൽ മുതിർന്നവരില്ലാതെ കുട്ടികളുടെ സംഘങ്ങളും കൂട്ടമായി ഇവിടെയെത്തുന്നുണ്ട്. ചെക്ക്ഡാമിൽനിന്ന് 50 മീറ്ററിലധികം ദൂരമുള്ള പാറയിലേക്ക് നീന്തുന്നതാണ് പലരുടേയും പ്രധാന വിനോദം. എന്നാൽ പത്തും പതിനഞ്ചും അടി താഴ്‌ചയുള്ള ഭാഗങ്ങളാണിതെന്ന് നാട്ടുകാർ പറയുന്നു. അടുത്തിടെയാണ് പത്തൊൻപതുകാരൻ ഇവിടെ മുങ്ങിമരിച്ചത്. പലപ്പോഴായി പത്തിലധികംപേർ ഇവിടെ മരിച്ചിട്ടുണ്ട്. അധികൃതർ അടിയന്തരമായി ജനകീയ കമ്മിറ്റി രൂപവത്‌കരിച്ച് സുരക്ഷാക്രമീകരണങ്ങൾ സജ്ജമാക്കണമെന്നും സുരക്ഷാഗാർഡിനെ നിയമിക്കണമെന്നും പ്രദേശവാസികൾ ആവശ്യപ്പെടുന്നു. മുന്നറിയിപ്പ് ബോർഡുകളും ബാരിക്കേഡുകളും ഉടൻ സ്ഥാപിക്കണമെന്നും നാട്ടുകാർ ആവശ്യപ്പെട്ടു. മാലിന്യം വലിച്ചെറിയുന്നു ദിനംപ്രതി നൂറുകണക്കിനാളുകളാണ് വാഹനങ്ങളിലും അല്ലാതെയുമായി ചെക്ക്ഡാമിലേക്കെത്തുന്നത്. പ്ലാസ്റ്റിക് കവറുകൾ, കുപ്പികൾ, ഭക്ഷണമാലിന്യങ്ങൾ, കുട്ടികളുടെ ഡയപ്പറുകൾ ഉൾപ്പെടെയുള്ളവ പുഴയിൽ ഉപേക്ഷിക്കുന്നത് പതിവാണെന്ന് നാട്ടുകാർ പരാതിപ്പെടുന്നു. ചെക്ക്ഡാമിൽനിന്ന് 100 മീറ്റർ മാറി ശുദ്ധജല ഉപയോഗത്തിനുള്ള മോട്ടോർ പ്രവർത്തിക്കുന്നുണ്ടെന്നും സഞ്ചാരികളായെത്തുന്നവർ പ്ലാസ്റ്റിക് മാലിന്യം പുഴയിലിടുന്നത് തടയണമെന്നും നാട്ടുകാർ ആവശ്യപ്പെട്ടു. Published: 21 Apr 2026, 03:34 am IST Disclaimer: Kindly avoid objectionable, derogatory, unlawful and lewd comments, while responding to reports. Such comments are punishable under cyber laws. Please keep away from personal attacks. The opinions expressed here are the personal opinions of readers and not that of Mathrubhumi.
