ന്യൂഡൽഹി: ഡൽഹിയിൽ മുതിർന്ന ഐആർഎസ് ഉദ്യോഗസ്ഥന്റെ മകളെ മുൻ വീട്ടുജോലിക്കാരൻ ക്രൂരമായി ബലാത്സംഗം ചെയ്ത് കൊലപ്പെടുത്തിയ കേസിൽ ഞെട്ടിക്കുന്ന വിവരങ്ങൾ പുറത്ത്. ഈ മോഷണത്തിനായി ഡൽഹിയിലേക്ക് തിരിക്കുംമുമ്പ് ഇയാൾ രാജസ്ഥാനിൽ വെച്ച് മറ്റൊരു സ്ത്രീയേയും പീഡിപ്പിച്ചതായി പോലീസ് അന്വേഷണത്തിൽ കണ്ടെത്തി. രാഹുൽ മീണ (23) എന്നയാളാണ് പോലീസിന്റെ പിടിയിലായത്. To advertise here, ദക്ഷിണ ഡൽഹിയിലെ അമർ കോളനിയിലാണ് മുതിർന്ന ഐആർഎസ് ഉദ്യോഗസ്ഥന്റെ 22 വയസ്സുള്ള മകളെ രാഹുൽ മീണ അതിക്രൂരമായി കൊലപ്പെടുത്തിയത്. വീടിന്റെ സുരക്ഷാ ക്രമീകരണങ്ങളെക്കുറിച്ച് വ്യക്തമായ ധാരണയുണ്ടായിരുന്ന പ്രതി വീടുമായി ബന്ധപ്പെട്ട നാലുതരത്തിലുള്ള സുരക്ഷാ ക്രമീകരണങ്ങളും മറികടന്നാണ് ഉള്ളിൽ കടന്നതും പെൺകുട്ടിയെ ഉപദ്രവിക്കുകയും സ്വർണവും പണവും കവരുകയും ചെയ്തത്. കൊലപാതകത്തിന് ശേഷം, വീട്ടിലെ ബയോമെട്രിക് ലോക്കർ തുറക്കാൻ അബോധാവസ്ഥയിലായ പെൺകുട്ടിയുടെ വിരലടയാളം ഉപയോഗിക്കാൻ പ്രതി ശ്രമിച്ചതായും അത് പരാജയപ്പെട്ടപ്പോളാണ് സ്‌ക്രൂഡ്രൈവർ ഉപയോഗിച്ച് ലോക്കർ തകർത്തതെന്നും പോലീസ് പറയുന്നു. സിസിടിവി ദൃശ്യങ്ങളുടെ സഹായത്തോടെയാണ് ഡൽഹി പോലീസ് പ്രതി രാഹുൽ മീണയെ പിടികൂടിയത്. ചോദ്യംചെയ്യലിൽ പ്രതി കുറ്റം സമ്മതിച്ചതായും സംഭവത്തെക്കുറിച്ച് കൂടുതൽ വിശദാംശങ്ങൾ നൽകിയതായും പോലീസ് പറയുന്നു. ഇതിന്റെ അടിസ്ഥാനത്തിൽ പോലീസ് നൽകുന്ന വിവരങ്ങളനുസരിച്ച്; രാജസ്ഥാനിലെ ആൾവാർ സ്വദേശിയായ പ്രതി രാഹുൽ മീണ, ഡൽഹി കേസിൽ ഇരയായ പെൺകുട്ടിയുടെ വീട്ടിൽ ഏകദേശം എട്ട് മാസത്തോളം വീട്ടുസഹായത്തിന് നിന്നിരുന്നു. സാമ്പത്തിക ക്രമക്കേടുകളെത്തുടർന്ന് ആറ് ആഴ്ചകൾക്ക് മുൻപാണ് ഇയാളെ ജോലിയിൽ നിന്ന് പിരിച്ചുവിട്ടത്. വീട്ടുസാധനങ്ങൾ വാങ്ങിയ പണം നൽകാതെ കടക്കാരെ വഞ്ചിച്ചതുൾപ്പെടെയുള്ള കാര്യങ്ങൾ ഇതിൽ ഉൾപ്പെടുന്നു. പിന്നാലെയാണ് ഇയാൾ ഈ വീട്ടിൽ കവർച്ച നടത്താനുള്ള തീരുമാനത്തിലെത്തുന്നത്. ജോലിക്ക് നിന്നിരുന്നതുകൊണ്ട് തന്നെ വീടിനെക്കുറിച്ചും അവിടെ ഉള്ളവരെക്കുറിച്ചും അവരുടെ ദൈനംദിന പ്രവർത്തനങ്ങളെക്കുറിച്ചും പ്രതിക്ക് വ്യക്തമായ ധാരണ ഉണ്ടായിരുന്നു. സിസിടിവി ദൃശ്യങ്ങളുടെ അടിസ്ഥാനത്തിൽ, വെളുപ്പിനെ 6.28-ഓടെയാണ് രാഹുൽ വീടിന്റെ അതിർത്തിക്കുള്ളിലേക്ക് കടന്നത്. മഞ്ഞ ടീ ഷർട്ടും കറുത്ത പാന്റ്‌സുമായിരുന്നു വേഷം. കൈയിലുണ്ടായിരുന്ന കള്ളത്താക്കോലിട്ട് വീടുതുറന്ന് അകത്തുകടന്ന രാഹുൽ നാലു ഘട്ടങ്ങളായുള്ള സുരക്ഷാ സംവിധാനങ്ങളും മറികടന്ന് നേരെ പോയത് വീടിന്റെ റൂഫ് ടോപ്പിലേക്കാണ്. അവിടെയാണ് കൊല്ലപ്പെട്ട പെൺകുട്ടി പഠിച്ചുകൊണ്ടിരുന്നത്. യുപിഎസ്‌സി പരീക്ഷയ്ക്ക് തയ്യാറെടുക്കുകയായിരുന്ന എൻജിനീയറിങ് ബിരുദധാരിയായിരുന്നു ഈ പെൺകുട്ടി. ഈ സമയം മാതാപിതാക്കൾ ജിമ്മിൽ പോകുന്ന സമയമാണെന്നും പെൺകുട്ടി വീട്ടിൽ തനിച്ചായിരിക്കും എന്നും പ്രതി രാഹുലിന് അറിയാമായിരുന്നു. റൂഫ് ടോപ്പിലെ സ്റ്റഡി റൂമിൽ പഠിച്ചുകൊണ്ടിരിക്കുകയായിരുന്ന പെൺകുട്ടിയെ കടന്നുപിടിച്ച പ്രതി അവളെ ശ്വാസംമുട്ടിച്ച് ശാരീരികമായി കീഴ്‌പ്പെടുത്താനാണ് ശ്രമിച്ചത്. എന്നാൽ പീഡനശ്രമത്തെ പെൺകുട്ടി ശക്തമായി പ്രതിരോധിച്ചതോടെ പ്രതി സ്റ്റഡി ടേബിളിലുണ്ടായിരുന്ന വിളക്കുൾപ്പെടെയുള്ള ഭാരമുള്ള വസ്തുക്കൾ ഉപയോഗിച്ച് അവളുടെ തലയ്ക്കടിച്ചു. മാരകമായി പരിക്കേറ്റ് ബോധരഹിതയായ പെൺകുട്ടിയെ പ്രതി പീഡിപ്പിച്ചതായാണ് പോലീസ് സംശയിക്കുന്നത്. എന്നാൽ ശാസ്ത്രീയ പരിശോധനാ ഫലങ്ങൾ കൂടി ലഭിച്ചശേഷം മാത്രമേ ഇക്കാര്യം സ്ഥിരീകരിക്കാനാവൂ. താഴത്തെ നിലയിലുള്ള ബയോമെട്രിക് സേഫ് തുറക്കാനായി, അബോധാവസ്ഥയിലായ പെൺകുട്ടിയെ പ്രതി റൂഫിൽ ടോപ്പിൽ നിന്നും പടിക്കെട്ടുകളിലൂടെ വലിച്ചിഴച്ച് താഴെ എത്തിച്ചു. ശേഷം അവളുടെ രക്തം പുരണ്ട വിരലുപയോഗിച്ച് ലോക്കർ തുറക്കാൻ ശ്രമിച്ചെങ്കിലും പരാജയപ്പെട്ടു. വിരലിൽ രക്തം പുരണ്ടിരുന്നതിനാൽ ഡിറ്റക്ടറിന് അവളുടെ വിരലടയാളം തിരിച്ചറിയാൻ കഴിയാഞ്ഞതിനാലായിരിക്കാം അങ്ങനെ സംഭവിച്ചത് എന്നാണ് പോലീസിന്റെ നിഗമനം. ഇതോടെ പ്രതി പെൺകുട്ടിയെ അവിടെയിട്ടു, ഒരു സ്‌ക്രൂഡ്രൈവർ എടുത്തുകൊണ്ടുവന്ന് ലോക്കർ കുത്തിത്തുറന്ന് പണവും ആഭരണങ്ങളും കവർന്നു. തന്റെ വസ്ത്രങ്ങളിലും ഷൂവിലും രക്തക്കറയായത് ശ്രദ്ധയിൽപെട്ട രാഹുൽ പെൺകുട്ടിയുടെ സഹോദരന്റെ മുറിയിൽ കയറി അയാളുടെ വസ്ത്രങ്ങളും ചെരിപ്പും ഇട്ടാണ് വീടിന് പുറത്തിറങ്ങിയത്. അയാളുടെ ചുമലിൽ ഒരു കറുത്ത ബാഗും ഉണ്ടായിരുന്നു. വീടിന്റെ അടുത്തുള്ള പാർക്കിൽ അൽപസമയം ചെലവഴിച്ച ശേഷമാണ് രാഹുൽ ഇവിടെനിന്നും കടന്നുകളഞ്ഞത്. രാവിലെ എട്ടുമണിയോടെ മാതാപിതാക്കൾ വീട്ടിൽ തിരിച്ചെത്തിയപ്പോഴാണ് മകൾ മരിച്ച നിലയിൽ തറയിൽ കിടക്കുന്നതായി കണ്ടത്. രക്തത്തിൽ കുളിച്ച് കിടന്ന മൃതശരീരത്തിന്റെ വസ്ത്രംമുഴുവൻ കീറിപ്പറിഞ്ഞ അവസ്ഥയിലും വയറിന് കീഴ്‌പ്പോട്ട് നഗ്നയായ സ്ഥിതിയിലുമായിരുന്നു. മുറിയിൽ മുഴുവൻ വസ്തുക്കൾ വലിച്ചുവാരിയിട്ട നിലയിലായിരുന്നു. വളരെ ശാസ്ത്രീയമായ നീക്കങ്ങളിലൂടെയാണ് ഡൽഹി പോലീസ് പ്രതി രാഹുൽ മീണയെ കുറഞ്ഞ സമയത്തിനുള്ളിൽ തന്നെ പിടികൂടിയത്. 15-ഓളം പ്രത്യേക സംഘങ്ങളായി തിരിഞ്ഞാണ് പോലീസ് കേസിൽ അന്വേഷണം ആരംഭിച്ചത്. റസിഷൻഷ്യൽ സൊസൈറ്റിയിലെയും പരിസരത്തെ റോഡുകളിലെയും സിസിടിവി ദൃശ്യങ്ങൾ പരിശോധിച്ച പോലീസ് പ്രതി സഞ്ചരിച്ച വഴി കൃത്യമായി മനസിലാക്കി. പിന്നാലെ, പ്രതി രക്ഷപ്പെടാൻ ഉപയോഗിച്ച ഓട്ടോ കണ്ടെത്തി. ഓട്ടോറിക്ഷ ഡ്രൈവറെ ചോദ്യം ചെയ്തപ്പോൾ പ്രതിയെ എവിടെയാണ് ഇറക്കിയതെന്ന വിവരം ലഭിച്ചു. ഇതിന്റെ അടിസ്ഥാനത്തിൽ നടത്തിയ തിരച്ചിലിൽ, ദ്വാരകയിലെ ഒരു ഹോട്ടലിൽ ഒളിവിലായിരുന്ന പ്രതിയെ പോലീസ് സംഘം കൈയോടെ പിടികൂടുകയായിരുന്നു. മുമ്പ് ഇതേവീട്ടിൽ ജോലി ചെയ്തിരുന്ന ആളായിരുന്നതുകൊണ്ട് തന്നെ പ്രതിയെ തിരിച്ചറിയാനും ബുദ്ധിമുട്ടുണ്ടായില്ല. മാത്രമല്ല, വീട്ടിലെ സുരക്ഷാ സംവിധാനങ്ങൾ മറികടന്ന് പ്രതി എത്തിയ രീതി മനസിലാക്കാൻ സാധിച്ചതും അന്വേഷണത്തിന് വേഗത പകർന്നു. ബലാത്സംഗം, കൊലപാതകം, കവർച്ച എന്നീ കുറ്റങ്ങളാണ് പ്രതിക്കെതിരെ പോലീസ് നിലവിൽ രജിസ്റ്റർ ചെയ്തിരിക്കുന്നത്. ചോദ്യംചെയ്യലിൽ മറ്റൊരു ഞെട്ടിക്കുന്ന വിവരം കൂടി പോലീസ് കണ്ടെത്തിയിട്ടുണ്ട്. ഡൽഹിയിലെ ഈ കൊലപാതകത്തിന് ഏകദേശം 12 മണിക്കൂർ മുമ്പ്, രാജസ്ഥാനിലെ ആൾവാറിൽവെച്ച് പ്രതി തന്റെ അയൽവാസിയായ മറ്റൊരു സ്ത്രീയെയും പീഡിപ്പിച്ചതായി വിവരം ലഭിച്ചിട്ടുണ്ട് എന്ന് പോലീസ് പറയുന്നു. ഏപ്രിൽ 21-ന് വൈകീട്ട്, ഡൽഹിയിലേക്ക് പുറപ്പെടുന്നതിന് തൊട്ടുമുമ്പായിരുന്നു ഈ സംഭവം. അയൽവാസിയായ ഈ സ്ത്രീയെ ഇയാൾ ക്രൂരമായി പീഡിപ്പിക്കുകയും അവരെ കടിക്കുകയും ചെയ്തതായി റിപ്പോർട്ടുകൾ പറയുന്നു. പീഡനത്തിന് ശേഷം അവരെ കൊല്ലുമെന്ന് ഭീഷണിപ്പെടുത്തിയ ശേഷമാണ് ഇയാൾ ഡൽഹിയിലേക്ക് കടന്നത്. ഈ വിവരങ്ങൾ കൂടി ഉൾപ്പെടുത്തിയാണ് നിലവിൽ ഡൽഹി പോലീസ് അന്വേഷണം മുന്നോട്ടുകൊണ്ടുപോകുന്നത്. കോടതിയിൽ ഹാജരാക്കിയ പ്രതിയെ നാലുദിവസത്തേക്ക് പോലീസ് കസ്റ്റഡിയിൽ വിട്ടു. പന്ത്രണ്ടാം ക്ലാസിൽ അഖിലേന്ത്യാ തലത്തിൽ ടോപ്പർ ആയിരുന്ന കൊല്ലപ്പെട്ട പെൺകുട്ടി പഠനത്തിൽ ഏറെ മിടുക്കിയായിരുന്നു. മാതാപിതാക്കളുടെ നിർദേശപ്രകാരം, സംഭവം നടക്കുന്നതിന്റെ തലേദിവസം മുതലാണ് പെൺകുട്ടി റൂഫ്‌ടോപ്പിൽ സജ്ജീകരിച്ച പഠനമുറിയിലേക്ക് രാവിലെ പഠിക്കാനായി എത്തിത്തുടങ്ങിയത്. എൻജിനിയറിങ് ബിരുദധാരിയായ പെൺകുട്ടി യുപിഎസ്‌സി പരീക്ഷയ്ക്കായുള്ള തയ്യാറെടുപ്പിലായിരുന്നു.

സുരക്ഷാക്രമീകരണങ്ങൾ മറികടന്നെത്തി ആക്രമണം;പെൺകുട്ടിയുടെ രക്തംപുരണ്ട കൈകൊണ്ട് ലോക്കർ തുറക്കാനും ശ്രമം
M
MathrubhumiSource Link
17 days ago