സുരക്ഷാനയത്തിൽ പുതുയുഗത്തിന് വഴിമരുന്നിട്ട് പഹൽഗാം കൂട്ടക്കൊല; ഭീകരത വേരോടെ പിഴുതെറിയാൻ ഇന്ത്യ

സുരക്ഷാനയത്തിൽ പുതുയുഗത്തിന് വഴിമരുന്നിട്ട് പഹൽഗാം കൂട്ടക്കൊല; ഭീകരത വേരോടെ പിഴുതെറിയാൻ ഇന്ത്യ

ജ മ്മു കശ്മീരിലെ പഹൽഗാമിൽ നിരപരാധികളായ 26 പേരെ ഭീകരർ നിഷ്‌കരുണം തോക്കിനിരയാക്കിയിട്ട് ഒരു വർഷം തികയുകയാണ്. ഇന്ത്യൻ സുരക്ഷാചരിത്രത്തിലെ മറ്റൊരു ദുഃഖകരമായ ഏടു മാത്രമായിരുന്നില്ല പഹൽഗാം സംഭവം. ആർട്ടിക്കിൾ 370 പിൻവലിച്ച ശേഷം കശ്മീരിൽ കെട്ടിപ്പടുത്ത സമാധാനത്തെയും സാമ്പത്തിക ഉണർവിനെയും തകർക്കുകയെന്ന ലക്ഷ്യത്തോടെ നടത്തിയ കൃത്യമായ പാകിസ്താൻ ആസൂത്രണം അതിന് പിന്നിലുണ്ടായിരുന്നു. പതിറ്റാണ്ടുകളായി ഇന്ത്യൻ വിദേശനയത്തിന്റെ മുഖമുദ്രയായിരുന്ന ‘തന്ത്രപരമായ സംയമനം’ (സ്ട്രാറ്റജിക് റിസ്‌ട്രെയിന്റ്) എന്ന നയം അന്നവസാനിച്ചു എന്ന് പറയാവുന്നതാണ്. ഭീകരരെ മാത്രമല്ല, അവരെ അയച്ചവരെയും ഇല്ലാതാക്കുക എന്നതായിരിക്കുന്നു ഇന്ത്യയുടെ നയം. To advertise here, 2016-ലെ സർജിക്കൽ സ്‌ട്രൈക്കും 2019-ലെ ബാലാകോട്ട് ആക്രമണവും പരിമിതമായ തിരിച്ചടി മാത്രമായിരുന്നു. പക്ഷേ, മതം ചോദിച്ച് ജീവനെടുത്ത പഹൽഗാമിലെ ഭീകരത ഇന്ത്യയുടെ മനോഭാവത്തെ പൂർണ്ണമായും മാറ്റിമറിച്ചു. ഒരു ജനാധിപത്യരാജ്യം പാലിക്കേണ്ട മാന്യതയും അന്താരാഷ്ട്ര യുദ്ധമര്യാദകളും നിരപരാധികളെ നിഷ്ഠുരമായി കൊല്ലുന്ന കിരാതനായ ശത്രുവിന്റെ കാര്യത്തിൽ പ്രസക്തമല്ലെന്ന് ഇന്ത്യക്ക് ബോധ്യമായി. രാജ്യത്തെയാകെ വേദനിപ്പിച്ച ഈ കൂട്ടക്കൊല ഭീകരവാദത്തെ ചെറുക്കുന്നതു സംബന്ധിച്ച ഇന്ത്യൻ ശീലങ്ങളെയും രീതികളെയും എന്നെന്നേയ്ക്കുമായി തിരുത്തിയെഴുതുന്നതിനു കാരണമായി. ഭീകരവാദത്തെ ‘നിയന്ത്രിക്കുക’ എന്നതിന് പകരം അതിനെ വേരോടെ പിഴുതെറിയുക എന്ന ലക്ഷ്യത്തിലേക്ക് രാജ്യം മാറി. ഇനിയുള്ള ഇന്ത്യൻ സുരക്ഷാ, സൈനിക നടപടികൾക്ക് ഇത് അടിസ്ഥാനമാവും. ഓപ്പറേഷൻ സിന്ദൂർ എന്ന സൈനിക നടപടി അതിനു തുടക്കമിട്ടു. ഈ നൂറ്റാണ്ടു കണ്ട ഏറ്റവും ഹ്രസ്വവും ഫലപ്രദവുമായ സൈനിക നടപടിയായിരുന്നു അത്. ഇന്ത്യയുടെ പ്രതികരണം അവിടെ തീർന്നില്ല. സിന്ധു നദീജലക്കരാർ റദ്ദാക്കൽ, രഹസ്യമായി ഭീകരരെ സഹായിക്കുന്നവരെ കണ്ടെത്തൽ, അവരുടെ സാമ്പത്തിക സ്രോതസ്സുകൾ ഇല്ലാതാക്കൽ, ഐഎസ്‌ഐയുടെ ചാരശൃംഖലകൾ നശിപ്പിക്കൽ എന്നിങ്ങനെ നിരവധി നടപടികൾ പിന്നാലെ വന്നു. നേരത്തേ തന്നെ സാമ്പത്തികമായി വലിയ തകർച്ചയെ നേരിട്ടിരുന്ന പാകിസ്താൻ വായ്പക്ക് പിച്ചച്ചട്ടിയുമായി നടക്കുന്ന കാഴ്ച സാധാരണമായി. ഒരേസമയം രണ്ടിലധികം ആഭ്യന്തരയുദ്ധങ്ങളെ അഭിമുഖീകരിക്കുന്ന പാകിസ്താന്റെ ഭരണം ബലൂചിസ്താനിലും ഖൈബർ പഖ്തൂൺഖ്വായിലും പലയിടത്തും അപ്രത്യക്ഷമായിരിക്കുന്നു. പാക് പട്ടാളമേധാവി അസീം മുനീറിനെ അമേരിക്കൻ പ്രസിഡന്റ് ഡൊണാൾഡ് ട്രംപ് മധ്യസ്ഥവേഷം കെട്ടിച്ച് ഇറാനിലേക്കയച്ചത് കുറച്ചുദിവസം ആഘോഷിക്കപ്പെട്ടെങ്കിലും പൊളിഞ്ഞുപോയി. ലോകത്തിലേക്കും വലിയ ഭീകരരാഷ്ട്രത്തിന് എങ്ങനെയാണ് മധ്യസ്ഥന്റെ വിശ്വാസ്യതയുണ്ടാവുക? പ്രതീകാത്മകചിത്രം | പഹൽഗാമിൽ ഭീകരാക്രമണത്തിന് പിന്നാലെ സൈന്യത്തെ വിന്യസിച്ചപ്പോൾ | Photo: AP ഓപ്പറേഷൻ സിന്ദൂർ ‘ഓപ്പറേഷൻ സിന്ദൂർ’ കേവലം ഒരു സൈനിക തിരിച്ചടി എന്നതിലുപരി, ഭാരതത്തിന്റെ പ്രതിരോധനയതന്ത്രത്തിലെ വൻവിജയമായി കണക്കാക്കപ്പെടുന്നു. ഇന്ത്യയെ ഒരു ‘സോഫ്റ്റ് സ്റ്റേറ്റ്’ എന്ന് വിളിച്ചിരുന്നവരുടെ വായടപ്പിച്ചുകൊണ്ട് ശത്രുരാജ്യത്തെ സാമ്പത്തികമായും സൈനികമായും തളർത്തുന്നതിൽ ഈ ദൗത്യം പൂർണവിജയം കണ്ടു. പാകിസ്താനിൽ നിന്നുത്ഭവിക്കുന്ന ഓരോ ഭീകരാക്രമണം കഴിയുമ്പോഴും പാകിസ്താനിലെ പ്രതികളെ സംബന്ധിച്ച വിവരങ്ങളും രേഖകളുമടങ്ങിയ ഫയൽ (ഡോസിയർ) കൈമാറുന്ന രീതി പഹൽഗാം കൂട്ടക്കൊലയോടെ അവസാനിച്ചു. രണ്ടാഴ്ചയ്ക്കു ശേഷം മേയ് ഏഴിന് ഓപ്പറേഷൻ സിന്ദൂർ ആരംഭിച്ചു. ആദ്യദിനം ഭീകരകേന്ദ്രങ്ങൾ ലക്ഷ്യം വെച്ച ഇന്ത്യ പിന്നീട് അക്കാര്യം പാകിസ്താനെ അറിയിക്കുകയും ചെയ്തു. അതിർത്തിക്കപ്പുറത്തെ ഒൻപത് പ്രധാന ലോഞ്ച് പാഡുകൾ തകർത്ത ഇന്ത്യ മുസഫറാബാദിലെ ഭീകരകേന്ദ്രങ്ങൾ നിശ്ശേഷം ഇല്ലാതാക്കി. ഓപ്പറേഷൻ സിന്ദൂറിന്റെ ആദ്യത്തെ 72 മണിക്കൂറിനുള്ളിൽ മിസൈൽ, വ്യോമാക്രമണങ്ങളിൽ നൂറിലധികം ഭീകരർ കൊല്ലപ്പെട്ടെന്ന് ഇന്ത്യൻ സൈന്യം കണക്കുകൂട്ടി. നൂറോളം പാക് സൈനികരും കൊല്ലപ്പെട്ടതായി കരുതുന്നു. ഭീകരസംഘടനകളുടെ തലപ്പത്തിരുന്ന പതിനഞ്ചോളം കമാൻഡർമാരെയും ഇന്ത്യ ഇല്ലാതാക്കി. ബഹാവൽപൂരിലെ ജെയ്‌ഷെ മുഹമ്മദ് ആസ്ഥാനമായ മർക്കസ് സുബഹാൻ അള്ളായിൽ നടത്തിയ വ്യോമാക്രമണത്തിൽ അന്താരാഷ്ട്ര ഭീകരൻ മസൂദ് അസ്ഹറിന്റെ കുടുംബത്തിലെ പത്തംഗങ്ങളും നാല് അടുത്ത സഹായികളും കൊല്ലപ്പെട്ടതായി റിപ്പോർട്ടുണ്ട്. പോർവിമാനങ്ങളും ഡ്രോണുകളുമായി പ്രത്യാക്രമണത്തിന് തുനിഞ്ഞപ്പോൾ ഇന്ത്യ നൽകിയ മറുപടി ഇത്രയ്ക്ക് കഠിനമാവുമെന്ന് പാകിസ്താൻ കരുതിയിട്ടുണ്ടാവില്ല. പാക് അധീന കാശ്മീരിലും അതിർത്തി മേഖലകളിലുമായി വ്യാപിച്ചു കിടക്കുന്ന ഒൻപത് പ്രധാന വ്യോമത്താവളങ്ങൾക്ക് ഇന്ത്യയുടെ മിസൈലാക്രമണങ്ങളിൽ കാര്യമായ കേടുപാടുണ്ടായി. ബ്രഹ്മോസ് സൂപ്പർ സോണിക് മിസൈലുകളും മിറാഷ് 2000 വിമാനങ്ങളിൽനിന്നുള്ള ലേസർ ഗൈഡഡ് ബോംബുകളും ഉപയോഗിച്ച് റൺവേകൾ തകർത്തതോടെ പാക് പോർവിമാനങ്ങൾക്ക് പറന്നുയരാനോ ലാൻഡ് ചെയ്യാനോ കഴിയാത്ത സാഹചര്യം ഉണ്ടായി. വിമാനങ്ങൾ നിർത്തിയിട്ടിരുന്ന ഹാങ്ങറുകളും കോടിക്കണക്കിന് ലിറ്റർ ഏവിയേഷൻ ഫ്യൂവൽ ശേഖരിച്ചിരുന്ന ടാങ്കുകളും ഇന്ത്യ തകർത്തു. ഇത് വലിയ സ്‌ഫോടനങ്ങൾക്കും മാസങ്ങളോളം നീണ്ടുനിന്ന നാശനഷ്ടങ്ങൾക്കും കാരണമായി. പാകിസ്താൻ ആണവായുധങ്ങൾ ശേഖരിച്ചിരുന്ന കേന്ദ്രങ്ങളും തകർന്നതായി വാർത്തയുണ്ടായിരുന്നു, പാകിസ്താൻ അത് നിഷേധിച്ചെങ്കിലും. പാകിസ്താൻ കളത്തിലിറക്കിയ തുർക്കി നിർമ്മിത ഡ്രോണുകളും ചൈനീസ് പോർവിമാനങ്ങളുമൊക്കെ ഇന്ത്യയുടെ ത്രിതല മിസൈൽ കവചത്തിനു മുന്നിൽ നിസ്സഹായമായപ്പോൾ ഇന്ത്യയുടെ മിസൈലുകളും ഡ്രോണുകളും പ്രതിരോധിക്കാൻ ചൈനീസ് നിർമിത സംവിധാനങ്ങൾക്ക് കഴിഞ്ഞില്ല. ഒടുവിൽ വെടിനിറുത്തലിന് ഇന്ത്യയുടെ കാലുപിടിക്കാൻ അസീം മുനീർ നിർബന്ധിതനായി. സമാധാനം സ്ഥാപിച്ചതിന്റെ ക്രെഡിറ്റെടുക്കാൻ പലതവണ ട്രംപ് ശ്രമിച്ചിട്ടും ഇന്ത്യ വഴങ്ങിയില്ല. മെയ് പത്തിന് വെടിനിറുത്തൽ നിലവിൽ വന്നു. വിഷപ്പല്ല് പറിക്കാൻ നദീജലവും ഓപ്പറേഷൻ സിന്ദൂർ വിജയിച്ചതോടെ ഇന്ത്യ നടപടികൾ നിറുത്തിയില്ല. ബഹുമുഖ മാർഗങ്ങളിലൂടെ പാകിസ്താന്റെ ഭീകരതയുടെ വിഷപ്പല്ല് പറിക്കുന്നത് തുടർന്നു. അതിൽ ഏറ്റവും പ്രധാനപ്പെട്ട ഒന്ന് സിന്ധു നദീജലക്കരാർ അനിശ്ചിതകാലത്തേക്ക് മരവിപ്പിച്ചതായിരുന്നു. ലോകത്തിലെ ഏറ്റവും വിചിത്രമായ നദീജല കരാറുകളിൽ ഒന്നായിരുന്നു ഇത്; ഇന്ത്യയിൽനിന്ന് ഒഴുകുന്ന വെള്ളത്തിന്റെ 80 ശതമാനവും പാകിസ്താനാണ് നൽകിയിരുന്നത്! സിന്ധു നദീജലക്കരാർ മരവിപ്പിച്ചതും കിഷൻഗംഗയിലെ ജലം മറ്റ് മേഖലകളിലേക്ക് തിരിച്ചുവിട്ടതും പാകിസ്താന്റെ കൃഷിമേഖലയെ പ്രതിസന്ധിയിലാക്കി. കർഷകരോഷം പാക് സർക്കാരിനെതിരായ പ്രതിഷേധങ്ങൾക്ക് ശക്തി വർധിപ്പിച്ചിട്ടുണ്ട്. ഈ ജലസമ്മർദ്ദത്തെ പാകിസ്താൻ യുദ്ധത്തിനു തുല്യമെന്ന് വിശേഷിപ്പിച്ചെങ്കിലും അവരുടെ പരാതികളെ ലോകം കാര്യമായെടുക്കുന്നില്ല. ഓപ്പറേഷൻ സിന്ദൂർ അവസാനിച്ചിട്ടില്ലെന്നും ഇനി അതിക്രമത്തിനു മുതിർന്നാൽ പ്രതികരണം ഓപ്പറേഷൻ സിന്ദൂറിനെക്കാൾ കടുത്തതായിരിക്കുമെന്നും രാജ്യരക്ഷാ മന്ത്രിയും സൈന്യത്തിലെ ഉന്നതരുമൊക്കെ പറയുന്നതിൽനിന്നു നയംമാറ്റം വ്യക്തമാണ്. ഭീകരാക്രമണമുണ്ടായ ശേഷം തിരിച്ചടിക്കാൻ കാത്തിരിക്കുകയല്ല ഇന്ത്യ. മറിച്ച്, ഇന്ത്യക്കെതിരെ പദ്ധതിയിടുമ്പോൾ തന്നെ അത് മണത്തറിഞ്ഞ് ഇല്ലാതാക്കുന്ന രീതിയാണ് ഇപ്പോൾ. അതിനായുള്ള സജ്ജീകരണങ്ങളൊരുക്കുന്നതിൽ വലിയ ജാഗ്രതയുണ്ട്. സിന്ദൂറിനു ശേഷം സൈനിക ഉപകരണങ്ങൾ വാങ്ങുന്നത് ത്വരിതപ്പെടുത്തി. ഡ്രോണുകളും വിമാനങ്ങളും വ്യോമപ്രതിരോധ സംവിധാനങ്ങളുമൊക്കെ വാങ്ങാൻ വമ്പൻ കരാറുകളിൽ ഒപ്പുവെക്കുന്ന വാർത്തകൾ പതിവായിട്ടുണ്ട്. അത്യാധുനിക സാങ്കേതികവിദ്യ സൈന്യത്തിന് ലഭ്യമാക്കുന്നതിന് മുൻഗണനയുണ്ട്. 2026ൽ പ്രതിരോധമന്ത്രിയുടെ നേതൃത്വത്തിലുള്ള ഡിഫൻസ് അക്വിസിഷൻ കൗൺസിൽ ആയുധങ്ങളും മറ്റും വാങ്ങുന്നതു സംബന്ധിച്ച 25 ബില്യൺ ഡോളറിന്റെ (ഏകദേശം 2.38 ലക്ഷം കോടി രൂപ) പ്രൊപ്പോസലുകൾ അംഗീകരിച്ചിട്ടുണ്ട്. ആത്മനിർഭർ ഭാരത് പദ്ധതിക്കു കീഴിൽ ഇന്ത്യ ആയുധ, സൈനിക സജ്ജീകരണ നിർമാണത്തിന് ഊന്നൽ നൽകി, ആയുധഇറക്കുമതിയെ ആശ്രയിക്കുന്നത് കുറച്ചു, കയറ്റുമതി വർധിപ്പിച്ചു. ഓപ്പറേഷൻ സിന്ദൂറിലെ മിന്നുന്ന പ്രകടനം ഇന്ത്യയുടെ ആയുധകയറ്റുമതിക്ക് ഉത്തേജകമായി. ഓപ്പറേഷന്‍ സിന്ദൂര്‍.|Photo credit: ANI   അജ്ഞാതരും പാകിസ്താനിലെ ആഭ്യന്തരയുദ്ധവും ഭീകരരെ ഉത്പാദിപ്പിക്കുന്ന പാകിസ്താനിലെ ആവാസവ്യവസ്ഥ തകർക്കുന്നതിൽ സിന്ദൂർ വിജയിച്ചു. പക്ഷേ, അതോടെ ഒന്നും അവസാനിക്കുന്നില്ല. ഒരു തല വെട്ടിയാൽ മറ്റൊന്ന് മുളച്ചു വരുന്ന ഹൈഡ്രയെപ്പോലെയാണ് ഭീകരത. ഭീകരരെ രഹസ്യമായി സഹായിക്കുകയും ഒന്നും സംഭവിക്കാത്തതുപോലെ പെരുമാറുകയും ചെയ്യുന്ന ഓവർഗ്രൗണ്ട് വർക്കേഴ്‌സ് ഉണ്ട്, ഒരുപക്ഷേ, ഭീകരരെക്കാൾ അപകടകാരികളായവർ. അവർക്ക് പണം നൽകുന്നവരും ആയുധങ്ങളെത്തിച്ചു നൽകുന്നവരും ഒളിവിൽ കഴിയാൻ സഹായിക്കുന്നവരും ബൗദ്ധികമായ പിന്തുണ നൽകുന്നവരുമുണ്ടാവും. അവരുള്ളിടത്തോളം കാലം ഭീകരതയുടെ വേരുകൾ ഉണങ്ങുകയില്ല. ഇത്തരക്കാരെ കണ്ടെത്തി നിയമത്തിനു മുന്നിലെത്തിക്കുന്ന നടപടികൾ വേഗത്തിലായിട്ടുണ്ട്. സമീപകാലത്ത് വലുതും ചെറുതുമായ ഇത്തരം നിരവധി ശൃംഖലകളാണ് വിവിധ സംസ്ഥാനങ്ങളിലായി തകർക്കപ്പെട്ടത്. കഴിഞ്ഞ നവംബറിൽ ഡൽഹിയിൽ നടന്ന ചെങ്കോട്ട സ്‌ഫോടനത്തിനു പിന്നിലെ ഭീകരശൃംഖല ഉദാഹരണം. പതിനഞ്ചോളം പേരുടെ മരണത്തിനിടയാക്കിയ സ്‌ഫോടനത്തിനു ശേഷം വിവിധ സംസ്ഥാനങ്ങളിൽ നിന്നായി പോലീസും എൻഐഎയും പിടികൂടിയത് പതിനഞ്ചു ഭീകരസംഘാംഗങ്ങളെയാണ്. മൂവായിരത്തോളം കിലോ സ്‌ഫോടകവസ്തുക്കളും റൈസിൻ വിഷവുമുപയോഗിച്ച് വലിയ കൂട്ടക്കൊലകൾ നടത്താന്ായിരുന്നേ്രത സംഘത്തിന്റെ പദ്ധതി. പ്രതീക്ഷിച്ച പോലെ, സംഘത്തിന്റെ ഹാൻഡ്‌ലർ പാകിസ്താനിലായിരുന്നു. നിരവധി ചാരശൃംഖലകളെയും പൂട്ടാൻ ഇന്ത്യയ്ക്കായി. ഇന്ത്യയുടെ ഇന്റലിജൻസ് മെക്കാനിസം നിതാന്ത ജാഗ്രതയോടെ പ്രവർത്തിക്കേണ്ടിയിരിക്കുന് നു. ധുരന്ധർ സിനിമയിൽ ദേശീയ സുരക്ഷാ ഉപദേഷ്ടാവ് അജിത് ഡോവലിന്റെ മാതൃകയിൽ സൃഷ്ടിച്ച കഥാപാത്രം അജയ് സാന്യാൽ പറയുമ്പോലെ, ഭീകരർക്ക് ഒറ്റത്തവണ ജയിച്ചാൽ മതി, സൈന്യത്തിന് ഒരുതവണ പോലും പിഴയ്ക്കാനാവില്ല! ഈ സാഹചര്യത്തിലാണ് അജ്ഞാതരുടെ ആക്രമണങ്ങൾ ശ്രദ്ധേയമാവുന്നത്. ഓപ്പറേഷൻ സിന്ദൂറിനു ശേഷം പാകിസ്താനിൽ വെച്ച് ഇന്ത്യയിൽ ഭീകരാക്രമണം നടത്തിയവരെയും അത് ആസൂത്രണം ചെയ്യുന്നവരെയും അജ്ഞാത തോക്കുധാരികൾ ബൈക്കിലെത്തി വധിച്ചു മടങ്ങുന്നത് പതിവായിരിക്കുന്നു. ലഷ്‌കറെ തോയ്ബയുടെ സഹസ്ഥാപകനും ഹഫീസ് സയീദിന്റെ അടുത്തയാളുമായ അമീർ ഹംസയ്ക്കാണ് അവസാനം വെടിയേറ്റത്. സ്വന്തം വീട്ടിൽ, പാക് സൈന്യത്തിന്റെ സംരക്ഷണത്തിൽ കഴിയുമ്പോൾ പോലും അജ്ഞാതരുടെ വെടിയുണ്ടയെ ഒഴിയാൻ ഭീകരർക്ക് കഴിയാത്ത സാഹചര്യമാണ് പാകിസ്താനിൽ. അമീർ ഹംസയ്ക്ക് വെടിയേറ്റ ശേഷം ഭീകരനേതാക്കൾ പാക് പട്ടാളത്തെ കുറ്റപ്പെടുത്തുക പോലുമുണ്ടായി, വേണ്ടത്ര സുരക്ഷ നൽകുന്നില്ലെന്ന്. കഴിഞ്ഞദിവസം ഒരു ദേശീയ ചാനൽ പഹൽഗാം സൂത്രധാരൻ ഹബീബുള്ള തബസ്സം എന്ന സാജിദ് ജാട്ടിന്റെ ചിത്രവും അയാൾ താമസിക്കുന്ന പ്രദേശത്തിന്റെ വിവരങ്ങളും പുറത്തുവിട്ടു. പലതവണ പേരും രൂപവും മാറ്റിയാലും രക്ഷയുണ്ടാവില്ല. ഇന്ത്യയുടെ ശത്രുക്കൾക്ക് ഒളിക്കാൻ ഇനി ലോകത്ത് ഒരിടവും സുരക്ഷിതമല്ല! കടുത്ത സാമ്പത്തികപ്രതിസന്ധിക്കു പുറമേ, ആഭ്യന്തരയുദ്ധ സാഹചര്യവും പാകിസ്താനെ വലയ്ക്കുന്നു. സിന്ദൂറിനു ശേഷം ബലൂചിസ്താനിലെ സ്വാതന്ത്ര്യപ്പോരാളികൾ സർക്കാരിനു നേരെ നടത്തിയ ആക്രമണങ്ങൾ കുത്തനെ വർധിച്ചു. പ്രവിശ്യയുടെ നിരവധി ഭാഗങ്ങൾ ഭരിക്കുന്നത് ബലൂചി വിമോചന സംഘടനകളാണ്. പഷ്തൂണിസ്താനിൽ പാക് വ്യോമസേന നടത്തിയ ആക്രമണങ്ങൾ ജനങ്ങളെ വലിയ തോതിൽ അകറ്റുകയും പഷ്തൂണിസ്താൻ ആവശ്യം ശക്തമാക്കുകയും ചെയ്തു. തെഹ്‌രീക്കെ താലിബാൻ പോരാളികൾക്കെതിരെ പിടിച്ചുനിൽക്കാൻ പാടുപെടുകയാണ് പാക് പട്ടാളം. പാക് അധീന കശ്മീരിലും ഗിൽഗിറ്റ് ബൾട്ടിസ്താനിലും സർക്കാർവിരുദ്ധ പ്രതിഷേധങ്ങൾ വർധിച്ചു. പ്രക്ഷോഭകരിൽ ഇന്ത്യയുമായി ലയനം ആവശ്യപ്പെടുന്നവരും ഉണ്ട്. സിന്ധ് പ്രവിശ്യയിലുമുണ്ട് വിഘടനവാദി പ്രക്ഷോഭം. ഈ നിലയിൽ മുന്നോട്ടുപോയാൽ രാജ്യം മൂന്നോ നാലോ കഷണങ്ങളാവാൻ ഏറെക്കാലം വേണ്ടിവരില്ല. ഇന്ത്യയെ സംബന്ധിച്ചിടത്തോളം പഹൽഗാം സംഭവം രാജ്യസുരക്ഷയുടെ കാര്യത്തിൽ പുതുയുഗപ്പിറവിക്ക് കാരണമായിരിക്കുന്നു. ഭീകരപ്രവർത്തനത്തിന്റെ മറവിൽ ഇന്ത്യയെ തളർത്താനും തകർക്കാനും ശ്രമിക്കുന്നവർക്ക് അതേ നാണയത്തിൽ ഇന്ത്യ മറുപടി നൽകുമെന്ന പ്രഖ്യാപനമായിരുന്നു ഓപ്പറേഷൻ സിന്ദൂർ. അതിന് രാജ്യത്തിന്റെ നയതന്ത്ര, സാമ്പത്തിക, സൈനിക, പ്രകൃതിവിഭവ ശേഷികളടക്കമുള്ള എല്ലാം ഉപയോഗിക്കും. നിയമവിരുദ്ധ മാർഗങ്ങളുപയോഗിച്ച് രാജ്യത്തെ തകർക്കാൻ ശ്രമിക്കുന്നവർ ഇന്ത്യയിൽനിന്നു നിയമത്തിന്റെ സ്‌കെയിൽ വെച്ചളന്ന മറുപടി പ്രതീക്ഷിക്കരുത്!

How was this article?

Discussion (0)

Please login to join the conversation.

No comments yet. Be the first!

സുരക്ഷാനയത്തിൽ പുതുയുഗത്തിന് വഴിമരുന്നിട്ട് പഹൽഗാം കൂട്ടക്ക… | Boolokam