ചാല : ചാലയുടെ ഉത്സവമായി സുവർണ സെവൻസ് ഫുട്ബോൾ ടൂർണമെൻറ് ഇരുപതാംവർഷത്തിലേക്ക്. 40 വർഷം മുൻപ് ചാല പാലം മുതൽ നടാൽ ഗേറ്റ് വരെയുള്ള വിശാലമായ പാടശേഖരങ്ങളിൽ കൊയ്ത്ത് കഴിഞ്ഞ സമയത്ത് ഫുട്ബോൾ കളിച്ചവരുടെ കൂട്ടായ്മയാണ് സുവർണ ഫുട്ബോൾ ക്ലബ്ബായി രൂപാന്തരം പ്രാപിച്ചത്. അന്ന് തുടങ്ങിയതാണ് കളിയും ടൂർണമെൻറ് സംഘടിപ്പിക്കലും. To advertise here, ക്ലബിന്റെ 20-ാമത് സെവൻസ് ഫുട്ബോൾ ടൂർണമെന്റ് തിങ്കളാഴ്ച ചാല ഗവ. ഹയർസെക്കൻഡറി സ്കൂൾ മൈതാനത്ത് പ്രത്യേകം സജ്ജമാക്കിയ ഫ്ലഡ് ലിറ്റ് സ്റ്റേഡിയത്തിൽ തുടങ്ങും. ദിവസവും രാത്രി ഏഴ് മുതലാണ് കളി. തിങ്കളാഴ്ച മുതൽ ഏപ്രിൽ 25 വരെ ഇനി ചാലയിൽ ഫുട്ബോൾ ആവേശം അലയടിക്കും. വിദേശകളിക്കാരടക്കം പങ്കെടുക്കുന്ന 20 ടീമുകൾ മത്സരത്തിൽ മാറ്റുരയ്ക്കും. തിങ്കളാഴ്ച രാത്രി 7.30 ന് ജില്ലാ അക്വാറ്റിക് അസോസിയേഷൻ പ്രസിഡൻറ് ഷിബിൻകുമാർ ഉദ്ഘാടനം ചെയ്യും. ഉദ്ഘാടന മത്സരത്തിൽ കണ്ടത്തിൽ ബ്രദേഴ്സ് കോടിപ്പൊയിൽ ക്ലാസിക് കണ്ണൂരിനെ നേരിടും അകാലത്തിൽ അന്തരിച്ച ക്ലബ് അംഗമായിരുന്ന ടി. വി രാജേഷ് സ്മാരക എവർ റോളിങ് സ്വർണക്കപ്പിനും കെ. വിജയൻ സ്മാരക എവർ റോളിങ് ട്രോഫിക്കും വേണ്ടിയാണ് മത്സരം.. ടൂർണമെൻറ് വിന്നർക്ക് ഒരു ലക്ഷം രൂപയും റണ്ണർഅപ്പിന് 50,000 രൂപയും കാഷ് പ്രൈസും നൽകും.20 വർഷമായി സെവൻസ് ഫുട്ബോൾ ടൂർണമെൻറ് നടത്തുന്ന ജില്ലയിലെ അപൂർവം ക്ലബ്ബുകളിൽ ഒന്നാണിത്. 1986-ൽ ജില്ലയിലെ എട്ട് ടീമുകളെ പങ്കെടുപ്പിച്ച് ചാല ചിറക്കു താഴെ വയലിലാണ് ആദ്യ സെവൻസ് ഫുട്ബോൾ ടൂർണമെൻറ് നടത്തിയത്. തുടർന്ന് പ്രദേശത്തെ യുവാക്കളെല്ലാം ഗൾഫിലേക്ക് ചേക്കേറിയപ്പോൾ കുറച്ചുകാലം ടൂർണമെൻറ് മുടങ്ങിയെങ്കിലും ഏറെ വൈകാതെ പുനരാരംഭിച്ചു. അതാണിന്ന് നാടിന്റെ ആവേശമായി ഇരുപതാം വർഷത്തിലേക്ക് കടക്കുന്നത്. 1980-കളിൽ കൊയ്ത്തുകഴിഞ്ഞ വയലിൽ കളിക്കുന്നവരുടെ കൂട്ടായ്മ രൂപപ്പെട്ടപ്പോൾ അതിനൊരു പേര് വേണം എന്ന ചർച്ച വന്നു. അന്ന് പഞ്ചാബിലെ സുവർണ ക്ഷേത്രം വലിയ വിവാദങ്ങൾക്ക് തിരികൊളുത്തിയ സമയമായിരുന്നു. ഒടുവിൽ ആ പേരുതന്നെ ക്ലബ്ബിന് നൽകി ‘സുവർണ'. കെ .സനേഷ് പ്രസിഡൻ്റും ടി. വിജീഷ് സെക്രട്ടറിയും രമേശൻ കൊറ്റംകുന്ന് ട്രഷററുമായ കമ്മിറ്റിയാണ് ഇന്ന് ടൂർണമെൻറ് നടത്തിപ്പിന് നേതൃത്വം നൽകുന്നത്.

സുവർണ സെവൻസ് ടൂർണമെന്റ് 20-ാം വർഷത്തിലേക്ക് ചാലയിൽ ഇനി ഫുട്ബോൾ ആരവം
M
MathrubhumiSource Link
about 1 month ago