ഭക്ഷ്യവിലയും ലഭ്യതയും വിലയിരുത്തി യു.എ.ഇ. സാമ്പത്തിക, ടൂറിസം മന്ത്രി To advertise here, അബുദാബി : രാജ്യത്ത് അവശ്യസാധനങ്ങളുടെ ലഭ്യതയും വില സ്ഥിരതയും ഉറപ്പാക്കി യു.എ.ഇ. സാമ്പത്തിക, ടൂറിസം മന്ത്രി അബ്ദുല്ല ബിൻ തൗഖ് അൽ മർറി. ഭക്ഷ്യോത്പദന മേഖലയിലെ മുൻനിര ദേശീയ സ്ഥാപനങ്ങളിലൊന്നായ അബുദാബി വെജിറ്റബിൾ ഓയിൽ കമ്പനി (അഡ്വോക്) അദ്ദേഹം സന്ദർശിച്ചു. ആഗോളതലത്തിലെ മികച്ച രീതികൾ പിന്തുടരുന്നതിനൊപ്പം നൂതന സാങ്കേതികവിദ്യകൾ, വിതരണ ശൃംഖല എന്നിവയെ അടിസ്ഥാനമാക്കിയുള്ള സംയോജിത അടിസ്ഥാനസൗകര്യങ്ങൾ യു.എ.ഇ.യിലുണ്ടെന്ന് അദ്ദേഹം പറഞ്ഞു. പ്രാദേശിക വിപണികളിലെ ഭക്ഷ്യവിതരണത്തിൽ സുസ്ഥിരത ഉറപ്പാക്കുന്നുമുണ്ട്. വിതരണ ശൃംഖലകളുടെ കാര്യക്ഷമതയും സന്നദ്ധതയും അവശ്യവസ്തുക്കളുടെ ലഭ്യതയും വിലയിരുത്താനും പൊതു-സ്വകാര്യ മേഖലകൾക്കിടയിലെ പങ്കാളിത്തം വർധിപ്പിക്കാനും ലക്ഷ്യമിടുന്നുണ്ട്. പ്രാദേശിക ഉത്പാദനം വർധിപ്പിക്കുന്നതിലൂടെ ദേശീയ ഭക്ഷ്യസുരക്ഷാസംവിധാനം ശക്തിപ്പെടുത്തുന്നതിൽ എണ്ണയുത്പാദനം ഉൾപ്പെടെയുള്ള ഭക്ഷ്യവ്യവസായങ്ങൾ മികച്ചസംഭാവനകൾ നൽകുന്നുണ്ട്. നൂതന ഉത്പാദന സാങ്കേതികവിദ്യകൾ പ്രയോജനപ്പെടുത്തുന്നതിലൂടെ ആഗോളതലത്തിൽ വികസിക്കാനും കമ്പനികൾ പര്യാപ്തമാണ്. നിലവിലെ സാഹചര്യങ്ങളിൽ ഭക്ഷണ വിതരണത്തുടർച്ചയും വിപണി സ്ഥിരതയും ഉറപ്പാക്കാനും ഉപഭോക്തൃ ആവശ്യം നിറവേറ്റാനും ഇത്തരം സ്ഥാപനങ്ങൾ നിർണായക പങ്കുവഹിക്കുന്നുണ്ട്. വിപണിയിലെ സംഭവവികാസങ്ങൾ നിരന്തരം നിരീക്ഷിക്കുന്നുണ്ട്. അവശ്യവസ്തുക്കളുടെ ലഭ്യത ഉറപ്പാക്കുന്നതിനും എല്ലാ പ്രതികൂല സാഹചര്യങ്ങളെ നേരിടാനും രാജ്യം സന്നദ്ധമാണെന്നും അദ്ദേഹം വ്യക്തമാക്കി. രാജ്യത്തുടനീളമുള്ള റീട്ടെയിൽ സ്ഥാപനങ്ങളിൽ അവശ്യവസ്തുക്കൾ ലഭ്യമാണെന്ന് മന്ത്രാലയത്തിലെ സപ്പോർട്ട് സർവീസസ് അസിസ്റ്റന്റ് അണ്ടർ സെക്രട്ടറി ബദ്റിയ അൽ മൈദൂർ പറഞ്ഞു. മന്ത്രാലയത്തിന്റെ കോൾ സെന്റർ ദിവസവും പ്രവർത്തിക്കുന്നുണ്ടെന്നും അവർ വ്യക്തമാക്കി. ആവശ്യമില്ലാതെ സാധനങ്ങൾ അമിതമായി സംഭരിക്കരുതെന്നും ആവശ്യമായ അളവിൽമാത്രം ഭക്ഷ്യോത്പന്നങ്ങൾ വാങ്ങണമെന്നും അധികൃതർ ആവർത്തിച്ച് പറയുന്നുണ്ട്. നിലവിൽ ഉത്പന്നങ്ങൾക്ക് ക്ഷാമം നേരിടുന്നില്ല. എല്ലാവർക്കും സാധനങ്ങൾ ലഭ്യമാണ്. ഉപഭോക്താക്കളുടെ പരാതികളും നിർദേശങ്ങളും ഉൾപ്പെടെ വിപണിയിലെ പ്രവണതകളും അധികൃതർ കൃത്യമായി നിരീക്ഷിക്കുന്നുണ്ട്. രാജ്യത്തെ സംഘർഷങ്ങളുടെ പശ്ചാത്തലത്തിൽ ഭക്ഷ്യവസ്തുക്കൾക്ക് അമിതവില ഈടാക്കിയാൽ പൊതുജനങ്ങൾ റിപ്പോർട്ട് ചെയ്യണമെന്ന് മന്ത്രാലയം അധികൃതർ ആവർത്തിക്കുന്നുണ്ട്. ഉപഭോക്താക്കൾക്ക് മന്ത്രാലയത്തിന്റെ ഔദ്യോഗിക വെബ്സൈറ്റ്, ഇലക്‌േട്രാണിക് കൺസ്യൂമർ കംപ്ലയിന്റസ് സർവീസ്, ഇ-മെയിൽ, 80012222 എന്ന നമ്പർ (വാട്‌സാപ്പും ലഭ്യമാണ്) എന്നിവ വഴി പരാതികൾ അറിയിക്കാവുന്നതാണ്.
