സുൽത്താൻബത്തേരി: രാഷ്ട്രീയ വിവാദ കൊടുങ്കാറ്റുകളെ മറികടന്നതിനൊപ്പം സംസ്ഥാനത്താകെയുണ്ടായ യു.ഡി.എഫ്. തരംഗത്തോടൊപ്പം കൈപിടിച്ച് സുൽത്താൻബത്തേരിയും. തുടർച്ചയായി നാലാംതവണയാണ് ഐ.സി. ബാലകൃഷ്ണൻ ബത്തേരിയുടെ പ്രതിനിധിയായി നിയമസഭയിലെത്തുന്നത്. ആദ്യമായാണ് മണ്ഡലത്തിൽ ഒരു സ്ഥാനാർഥിയുടെ തുടർച്ചയായ നാലാംവിജയവും. ഓരോ തവണയും ലീഡ് വർധിപ്പിച്ച ഐ.സി. 16,597 വോട്ടിന്റെ ഭൂരിപക്ഷത്തിലാണ് വിജയിച്ചത്. ഐ.സി. ബാലകൃഷ്ണന് 78,936 വോട്ടുകൾ ലഭിച്ചപ്പോൾ എൽ.ഡി.എഫ്. സ്ഥാനാർഥി എം.എസ്. വിശ്വനാഥന് 62,339 വോട്ടുകളും ബി.ജെ.പി.യുടെ എ.എസ്. കവിത 31,308 വോട്ടുകളുമാണ് നേടിയത്. 1977-ൽ രൂപവത്കരിച്ച മണ്ഡലത്തിൽ ഒൻപതുതവണ യു.ഡി.എഫ്. വിജയിച്ചപ്പോൾ രണ്ടുതവണ മാത്രമാണ് എൽ.ഡി.എഫിന് വിജയമുണ്ടായത്. To advertise here, രണ്ട് റൗണ്ടുകളിലൊഴികെ സമഗ്രാധിപത്യം 2,25,780 വോട്ടുകളാണ് ആകെ മണ്ഡലത്തിലുണ്ടായിരുന്നത്. ഇതിൽ 1,75,496 വോട്ടുകളാണ് പോൾചെയ്തത്. നിയോജകമണ്ഡലത്തിലെ ബത്തേരി നഗരസഭ, മുള്ളൻകൊല്ലി, നൂൽപ്പുഴ, അമ്പലവയൽ, നെന്മേനി പഞ്ചായത്തുകളിൽ യു.ഡി.എഫും. പുല്പള്ളി, പൂതാടി, മീനങ്ങാടി പഞ്ചായത്തുകൾ എൽ.ഡി.എഫുമാണ് ഭരിക്കുന്നത്. വോട്ടെണ്ണലിന്റെ തുടക്കംമുതൽ യു.ഡി.എഫ്. മുന്നേറ്റം പ്രകടമായിരുന്നു. യു.ഡി.എഫ്. തിരിച്ചടി പ്രതീക്ഷിച്ചിരുന്ന മുള്ളൻകൊല്ലി പഞ്ചായത്തിലെ ബൂത്തുകൾ ഉൾപ്പെടുന്ന ആദ്യറൗണ്ടിൽതന്നെ ലീഡ് 2092 വോട്ടുകളായിരുന്നു. പുല്പള്ളിയില മൂന്ന് ബൂത്തുകൾ ഉൾപ്പെടുന്ന രണ്ടാംറൗണ്ടിലും 1141 വോട്ട് ലീഡ് നേടി. മൂന്നാംറൗണ്ടിൽ 1106 വോട്ടിന്റെയും നാലാം റൗണ്ടിൽ 330 വോട്ടിന്റെയും ലീഡ് നേടി. തുടർ റൗണ്ടുകളിലും ലീഡുയർത്തി. പൂതാടിയിലെ ആറും നൂൽപ്പുഴയിലെ എട്ടും ബൂത്തുകൾ ഉൾപ്പെടുന്ന ഏഴാംറൗണ്ടിൽ എൽ.ഡി.എഫ്. 20 വോട്ടിന്റെ ലീഡ് നേടി. പിന്നീടുള്ള റൗണ്ടുകളിൽ യു.ഡി.എഫ്. ലീഡ് നിലനിർത്തി. മീനങ്ങാടി, അമ്പലവയൽ പഞ്ചായത്തുകളിലെ ബൂത്തുകളെണ്ണിയ 13-ാം റൗണ്ടിൽ എൽ.ഡി.എഫ്. 141 വോട്ട് ലീഡ് നേടി. എല്ലാ റൗണ്ടുകളിലും 4000-5000 വോട്ടുകൾ യു.ഡി.എഫ്. നേടിയിട്ടുണ്ട്. കഴിഞ്ഞ തിരഞ്ഞെടുപ്പുകളിലെ വോട്ടുനില 2021 നിയമസഭാ തിരഞ്ഞെടുപ്പുമുതലുള്ള വോട്ടുവിഹിതം പരിശോധിക്കുമ്പോഴും യു.ഡി.എഫിനുതന്നെയാണ് മുൻതൂക്കം. 2021 നിയമസഭാ തിരഞ്ഞെടുപ്പിൽ 11,822, 2024 ലോക്‌സഭാ തിരഞ്ഞെടുപ്പിൽ 43,981, 2024 ലോക്‌സഭാ ഉപതിരഞ്ഞെടുപ്പിൽ 54,263, 2025 തദ്ദേശ തിരഞ്ഞെടുപ്പിൽ 14,054 എന്നിങ്ങനെയായിരുന്നു ബത്തേരി മണ്ഡലത്തിൽനിന്ന് യു.ഡി.എഫിന് ലഭിച്ച ഭൂരിപക്ഷം. 2016-ൽ 27,920, 2021-ൽ 15,198 വോട്ടുകൾ നേടിയ എൻ.ഡി.എ. ഇത്തവണ കഴിഞ്ഞതവണത്തെ വോട്ടുകളുടെ ഇരട്ടിയിലേറെ(31,308) നേടിയിട്ടുണ്ട്. 2021 നിയമസഭാ തിരഞ്ഞെടുപ്പിൽ നേടിയതിനെക്കാൾ 6916 വോട്ട് എൽ.ഡി.എഫിന് കുറഞ്ഞിട്ടുണ്ട്.
