ബെംഗളൂരു : വിശുദ്ധ അൽഫോൻസാമ്മയുടെ കബറിട ദേവാലയം കേരളത്തിലാണെങ്കിലും ബെംഗളൂരുവിലെ വിശ്വാസികൾക്ക് അൽഫോൻസാമ്മയുടെ മധ്യസ്ഥതയ്ക്കായി ഓടിയെത്താൻ സെയ്ന്റ് അൽഫോൻസ ഫൊറോന ദേവാലയമുണ്ട്. ഇന്ന് ഈ ദേവാലയം അറിയപ്പെടുന്നത് ബെംഗളൂരുവിലെ ഭരണങ്ങാനം എന്നാണ്. വിശുദ്ധ അൽഫോൺസാമ്മയുടെ നാമത്തിലുള്ള ബെംഗളൂരുവിലെ ആദ്യ പള്ളിയെന്ന പെരുമയും സുൽത്താൻപാളയ സെയ്ന്റ് അൽഫോൻസ ദേവാലയത്തിന് സ്വന്തം.സുൽത്താൻപാളയ, മുനിറെഡ്ഡി പാളയ ഭാഗത്ത് താമസിച്ചിരുന്ന സിറോ മലബാർ വിശ്വാസികൾക്ക് സ്വന്തമായി ആരാധനാലയവും മാതൃഭാഷയിൽ കുർബാനയും ദീർഘകാല സ്വപ്നമായിരുന്നു. ഈ ആഗ്രഹവുമായി ഒരു കൂട്ടം വിശ്വാസികൾ ക്ലരേഷ്യൻ പ്രൊവിൻഷ്യൾ ഫാ. ജോർജ് നെടുംപാലക്കുന്നേലിനെ കണ്ടത് നിർണായക ചുവടുവെപ്പായി. ഫാ. മാത്യു കീച്ചിറ, ഫാ. ജോർജ് കൊല്ലമ്പറമ്പിൽ എന്നിവരും ഈ സ്വപ്‌നം യാഥാർഥ്യമാക്കാൻ ഒപ്പം ചേർന്നു. അങ്ങനെ 1990-ൽ മുനിറെഡ്ഡി പാളയ ശ്രീഅയ്യപ്പ സ്കൂളിൽ സിറോ മലബാർ ക്രമത്തിൽ ആദ്യമായി കുർബാന നടത്തി. ഫാ. ജോർജ് നെടുംപാലക്കുന്നേൽ മുഖ്യകാർമിത്വം വഹിച്ചു. To advertise here, കൂടുതൽ ആളുകൾ ഒന്നിക്കുകയും ബ്ലെസ്ഡ് അൽഫോൻസാ ചാരിറ്റബിൾ സൊസൈറ്റി രൂപവത്കരിക്കുകയും ചെയ്തു. സുൽത്താൻപാളയ ഹോളി ഗോസ്റ്റ് പ്രെയർ ഹാളിൽ എല്ലാ ഞായറാഴ്ചകളിലും ആരാധന ആരംഭിച്ചു. ക്ലരേഷ്യൻ വൈദികരുടെ നേതൃത്വത്തിൽ കമ്മിറ്റി രൂപവത്കരിച്ചു. പുതിയ ദേവാലയം നിർമിക്കുന്നതായി 8000 ചതുരശ്ര അടി സ്ഥലം വാങ്ങുകയും ചെയ്തു. ദേവാലയം നിർമിക്കുന്നതിനുള്ള നടപടികൾ ആരംഭിച്ചു. ഇതിന്റെ ഭാഗമായി 1992-ജൂലായിൽ നിർമാണ കമ്മിറ്റിയുണ്ടായി. 1992 ഓഗസ്റ്റ് 15-ന് ഫാ. കുര്യാക്കോസ് തെക്കിലകത്തിൽ ദേവാലയത്തിന്റെ ശിലാസ്ഥാപനം നടത്തി. ഫാ. ജോർജ് കൊല്ലംപറമ്പിലിന്റെ നേതൃത്വത്തിലുള്ള പ്രവർത്തനങ്ങളുടെ ഫലമായി ദേവാലയ നിർമാണം വേഗത്തിൽ പൂർത്തിയാക്കാൻ സാധിച്ചു. 1993 ഏപ്രിൽ നാലിന് അന്നത്തെ താമരശ്ശേരി രൂപതാധ്യക്ഷൻ മാർ ജേക്കബ് തൂങ്കുഴി കൂദാശകർമം നിർവഹിച്ചു. അൽഫോൻസാമ്മയുടെ തിരുനാൾ ആലോഷവും നൊവേന പ്രാർഥനങ്ങളും വിവിധ ആത്മീയ പ്രവർത്തനങ്ങളും സാംസ്കാരിക കൂട്ടായ്മകളും പതിവായി നടത്തി വലിയൊരു വിശ്വാസസമൂഹം ഇവിടെ രൂപപ്പെടുകയായിരുന്നു. 2000 ജൂൺ രണ്ടിന് സ്വതന്ത്ര ഇടവകയായി ഉയർത്തപ്പെട്ടു. രജതജൂബിലി ആഘോഷത്തോട് അനുബന്ധിച്ച് 2018-ൽ ദേവാലയ പുനർനിർമാണം നടത്തി. ഇപ്പോൾ കാണുന്ന മനോഹരമായ ദേവാലയം അന്ന് നിർമിച്ചതാണ്. ദീർഘദർശികളായ വൈദികരുടെയും ദൈവാശ്രയം കൈവിടാത്ത വിശ്വാസികളുടെയും പ്രവർത്തനങ്ങളിലൂടെ ദേവാലയം വളർന്നു. സുൽത്താൻപാളയ, ആർ.ടി.നഗർ, ഹെന്നൂർ, ഹെബ്ബാൾ, കൊത്തനൂർ, കെംപാപുര തുടങ്ങിയ സ്ഥലങ്ങളിൽനിന്നുള്ള 350 കുടുംബങ്ങൾ ഇടവകയിൽ അംഗങ്ങളാണ്. ഇടവകയിലെ സ്ഥിരം അംഗങ്ങളെ കൂടാതെ നഴ്‌സിങ് വിദ്യാർഥികൾ, ഐ.ടി. ജീവനക്കാർ അടക്കം 300-ൽ അധികം പേരും സ്ഥിരമായി ആരാധനയിലും ഇടവകയുടെ മറ്റ് പ്രവർത്തനങ്ങളിലും സജീവമമായി പങ്കെടുക്കുന്നു. മണ്ഡ്യാ രൂപതയിൽ ഏറ്റവും കൂടുതൽ ദേവാലയങ്ങളുള്ള ഫൊറോന കൂടിയാണ് സുൽത്താൻപാളയ സെയന്റ് അൽഫോൻസാ പള്ളി. മറ്റ് ദേവാലയങ്ങളിലുള്ള അൽഫോൻസാമ്മ വിശ്വാസികളും ദേവാലയത്തിൽ എത്തുന്നു. മാതൃവേദി, പിതൃവേദി, വിൻസൺ ഡി പോൾ സംഘടന, സൈസാക് യുവജന വിഭാഗം, ചെറുപുഷ്പം മിഷൻ ലീഗ്, യങ് കപ്പിൾസ് മൂവ്‌മെന്റ് തുടങ്ങിയ സംഘടനകൾ ഇടവകയിൽ സജീവമായി പ്രവർത്തിക്കുന്നുണ്ട്. സൺഡേ സ്‌കൂളിൽ 200 വിദ്യാർഥികളും 25 അധ്യാപകരുമുണ്ട്. കേരള സർക്കാരിന്റെ മലയാളം മിഷൻ ക്ലാസുകളും നടത്തുന്നുണ്ട്. ഇതിലൂടെ 20-ൽപരം വിദ്യാർഥികൾ മാതൃഭാഷ പഠിക്കുന്നു. സന്നദ്ധ സാമൂഹിക പ്രവർത്തനങ്ങളിലും ഇടവക സജീവമാണ്. സമീപപ്രദേശങ്ങളിലുള്ള 30 നിർധന കുടുംബങ്ങൾക്ക് എല്ലാ മാസവും ആവശ്യമായ ഭക്ഷ്യസാധനങ്ങൾ മുടക്കമില്ലാതെ നൽകുന്നു. വിൻസൻ ഡീ പോൾ സംഘടന ഇതിന് നേതൃത്വം നൽകുന്നു. അഗതി മന്ദിരങ്ങളുടെ പ്രവർത്തനങ്ങൾക്ക് മാതൃവേദി, പിതൃവേദി സംഘടനകൾ കൈത്താങ്ങ് നൽകുന്നു. മിഷൻ പ്രവർത്തനങ്ങളിലും സജീവമാണ്. മിഷൻ പ്രവർത്തനങ്ങൾ നടത്തുന്ന മേഖലകളിൽ വസ്ത്ര വിതരണം നടത്തുന്നതിനൊപ്പം സാമ്പത്തിക സഹായവും പതിവായി നകുന്നു. ക്ലാരേഷ്യൻ വൈദികരാണ് ഇടവകയ്ക്ക് നേതൃത്വം നൽകുന്നത്. ഫാ. ബിജോയ് അരിമറ്റം വികാരിയായും ഫാ. ജസ്റ്റിൻ കുഴിപ്പാലയിൽ അസി.വികാരിയായും പ്രവർത്തിക്കുന്നു. ജോജി മാത്യൂസ്(സെക്രട്ടറി), വി.എ.പ്രതീഷ്, ജോസ് രാജേഷ്, വി.എം.ജോസഫ്, എ.പി. റോയ് (ട്രസ്റ്റിമാർ) എന്നിവർ ഇടവക ചുമതലക്കാരായി പ്രവർത്തിക്കുന്നു. ആരാധനാ സമയം ജപമാല-രാവിലെ 6.15, പ്രഭാത പ്രാർഥന- 6.40, കുർബാന-7.00, 10.15, വൈകീട്ട് 5.00

സുൽത്താൻപാളയ സെയ്ന്റ് അൽഫോൻസ ദേവാലയം; ബെംഗളൂരുവിലെ ഭരണങ്ങാനം
M
MathrubhumiSource Link
about 1 month ago