മലപ്പുറം : സെവൻസ് ഫുട്‌ബോൾ മൈതാനങ്ങളിലെ ‘കൂൾ റഫറി’ അസ്കർ പറച്ചിക്കോട്ടിലിനു വിട നൽകി ഫുട്‌ബോൾ പ്രേമികൾ. കഴിഞ്ഞയാഴ്ച വരെ അറവങ്കര, പന്തല്ലൂർ എന്നിവിടങ്ങളിലെ പ്രാദേശിക സെവൻസ് ടൂർണമെന്റിൽ ഊർജസ്വലനായ റഫറിയായി നിറഞ്ഞുനിൽക്കുന്നതിനിടയിലാണ് ശനിയാഴ്ച മരണം അസ്കറിനെ തേടിയെത്തിയത്. To advertise here, മൈതാനത്ത് വളരെ കൂളായാണ് അസ്കർ പെരുമാറുകയെന്ന് സുഹൃത്തും റഫറിയുമായ സുധീർ നൊട്ടത്ത് മാതൃഭൂമിയോട് പറഞ്ഞു. താനടക്കമുള്ള പലരെയും റഫറി മേഖലയിലേക്ക് കൊണ്ടുവന്നത് അസ്കർ ഇക്കയാണ്. ഞാനാദ്യം റഫറിയായതും ഇക്കയുടെ ജേഴ്‌സിയണിഞ്ഞാണ്. പരിക്കൻ കളി നടക്കുന്ന സെവൻസ് മൈതാനത്തു കൂളായാണ് അദ്ദേഹം നിൽക്കുക. പലതരത്തിലുള്ള പ്രലോഭനങ്ങൾ വന്നാലും അതൊന്നും ബാധിക്കില്ല. വളരെ മോശം പെരുമാറ്റം കളിക്കാരുടെ ഭാഗത്തുനിന്നുണ്ടായാൽ മാത്രമാണ് താക്കീത് നൽകുക. അദ്ദേഹം ഫസ്റ്റ് റഫറിയും ഞാൻ ലൈൻ റഫറിയുമായാണ് നിൽക്കുക. ഇനി ഇക്ക മൈതാനത്തു ഉണ്ടാവില്ലല്ലോയെന്ന കാര്യം ഉൾക്കൊള്ളാൻ സാധിക്കുന്നില്ലെന്നും സുധീർ പറഞ്ഞു. റഫറിയാവുന്നതിനു രണ്ടു പതിറ്റാണ്ട് മുൻപ് മലപ്പുറത്തെ പല ടീമുകൾക്കും ഗോൾ കീപ്പറായി വല കാത്തിരുന്നു അസ്കർ. 1986-ൽ പത്താം വയസ്സിലാണ് പന്തുതട്ടിത്തുടങ്ങിയത്. വലിയങ്ങാടി ബി.ബി.സി. ക്കാണ് ആദ്യമായി ജേഴ്‌സിയണിഞ്ഞത്. തുടർന്ന് സോക്കറിന്റെ ജൂനിയർ, സീനിയർ ടീമുകളിലും മലപ്പുറം സ്പോർട്ടിങ് ക്ലബ്ബിനും ഒതുക്കുങ്ങൽ ബാസ്കോക്കും കളിച്ചു. ഒരു തവണ സബ് ജൂനിയർ ടൂർണമെന്റിലും രണ്ടുതവണ സീനിയർ ടീമിലും മലപ്പുറത്തിന്റെ കുപ്പായമണിഞ്ഞു. ജില്ലാ ലീഗ് എ., ബി. ഡിവിഷനുകളിൽ വിവിധ ടീമുകളുടെ ഗോൾ വല കാത്ത അസ്കറിന്റെ മികച്ച പ്രകടനങ്ങളെല്ലാം ജില്ലാ ലീഗ് ഫുട്‌ബോളിലായിരുന്നു. സന്തോഷ് ട്രോഫിയിൽ കേരളത്തിന് കളിച്ച ആസിഫ് സഹീർ, ഷബീറലി, ജസീർ കരണത്ത്, ടൈറ്റാനിയം അൻവർ, കെ.എസ്.ഇ.ബി.യുടെ മുജീബ് മുസ്‍ലിയാരകത്ത്, നവാസ് (ടൈറ്റാനിയം) എന്നിവരെല്ലാം അസ്കറിനൊപ്പം കളിച്ചവരാണ്. ഇതിനിടയിൽ പരിക്കേറ്റ അസ്കർ താത്കാലികമായി മൈതാനത്തോട് വിടപറയുകയും ജോലി ആവശ്യാർഥം വിദേശത്തേക്ക് പോവുകയും ചെയ്തു. തിരിച്ചെത്തിയശേഷമാണ് റഫറിയാകാൻ തീരുമാനിച്ചത്. അഖിലേന്ത്യാ സെവൻസിൽ അസ്കറിനെ തേടി നിരവധി വിളികളാണ് വരാറുണ്ടായത്. ശാന്തസ്വഭാവവും തീരുമാനങ്ങളിലെ ദൃഢതയുമായിരുന്നു കാരണം. പിന്നീട് ജോലിയിൽ കൂടുതൽ ശ്രദ്ധ വേണ്ടതുകൊണ്ട് അഖിലേന്ത്യ സെവൻസിനോട് വിടചൊല്ലി. പ്രാദേശിക ടൂർണമെന്റുകളിൽ സജീവമായി നിൽക്കുന്നതിനിടെയാണ് വേർപാട്. അനുശോചിച്ചു :അസ്കർ പറച്ചിക്കോട്ടിലിന്റെ നിര്യാണത്തിൽ മലപ്പുറം ഫുട്‌ബോൾ ലവേഴ്‌സ് ഫോറം അനുശോചിച്ചു. ഉപ്പൂടൻ ഷൗക്കത്ത് അധ്യക്ഷനായി. സൂപ്പർ അഷറഫ്, അൻവർ ടൈറ്റാനിയം, ലത്തീഫ് മഞ്ഞക്കണ്ടൻ, ഷക്കീൽ പുതുശ്ശേരി, സാജറുദ്ദീൻ കോപ്പിലാൻ, ജലീൽ പള്ളിപ്പുറം, നസീർ പടിഞ്ഞാറ്റുമുറി, റഫീഖ് അരീക്കോട്, ബാബു സലീം തുടങ്ങിയവർ പ്രസംഗിച്ചു.
