കോഴിക്കോട്: വെള്ളിമാടുകുന്ന് ജെഡിടി ഇസ്ലാം സ്കൂളിലെ വോട്ടെണ്ണൽ കേന്ദ്രത്തിലെ സ്റ്റോർ റൂം തുറന്നതുമായി ബന്ധപ്പെട്ട വിവാദത്തിൽ പേരാമ്പ്രയിലെ യുഡിഎഫ് സ്ഥാനാർഥി ഫാത്തിമ തഹ്‌ലിയക്കെതിരെ ജില്ലയിലെ ലീഗ് നേതൃത്വത്തിലും മുന്നണിയിലും കടുത്ത അതൃപ്തി. മുറി തുറക്കുന്ന കാര്യം വരാണാധികാരി നേരത്തേ അറിയിച്ചിട്ടും അക്കാര്യം തഹ്‌ലിയ യുഡിഎഫ്, ലീഗ് നേതൃത്വത്തെ അറിയിക്കാതിരുന്നതാണ് നേതാക്കളെ ചൊടിപ്പിച്ചത്. To advertise here, വോട്ടിങ് യന്ത്രങ്ങൾ സൂക്ഷിച്ചിരുന്ന സ്ട്രോങ് റൂമിന് തൊട്ടടുത്തുള്ള സ്റ്റോർ റൂമാണ് തിങ്കളാഴ്ച രാവിലെ പേരാമ്പ്ര മണ്ഡലത്തിലെ റിട്ടേണിങ് ഓഫീസറുടെ നേതൃത്വത്തിൽ ഉദ്യോഗസ്ഥർ തുറന്നത്. ഇത് പിന്നീട് വലിയ രാഷ്ട്രീയ വിവാദങ്ങളാണ് ഉണ്ടാക്കിയത്. യുഡിഎഫ് നേതൃത്വം ശക്തമായ പ്രതിഷേധവുമായി രംഗത്തെത്തി. സ്ഥാനാർഥികളോ ഏജന്റുമാരോ അറിയാതെയാണ് മുറി തുറന്നത് എന്നായിരുന്നു നേതാക്കളുടെ ആരോപണം. എന്നാൽ, രാവിലെ എട്ട് മണിക്കുതന്നെ സ്റ്റോർ റൂം തുറക്കുന്ന കാര്യം വരണാധികാരി അറിയിച്ചിരുന്നുവെന്ന് ഫാത്തിമ തഹ്‌ലിയ വ്യക്കമാക്കിയതോടെ യുഡിഎഫ് നേതൃത്വം വെട്ടിലായി. ഡിസിസി പ്രസിഡന്റ് കെ. പ്രവീൺ കുമാറിനോടും ലീഗ് ജില്ലാ പ്രസിഡന്റ് എം.എ. റസാഖിനോടും ഈ വിവരം തഹ്‌ലിയ പങ്കുവെയ്ക്കാതിരുന്നതും കടുത്ത അതൃപ്തിക്കാണ് വഴിവെച്ചിരിക്കുന്നത്. തിരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട കാര്യങ്ങളിൽ നേതൃത്വവുമായി കൂടിയാലോചിച്ച ശേഷം മാത്രമേ തീരുമാനങ്ങളെടുക്കാവൂ എന്ന നിർദേശം ലീഗ് നേതൃത്വം തഹ്‌ലിയക്ക് നൽകിയെന്നാണ് അറിയുന്നത്. അതേസമയം, വിഷയത്തിൽ ഫാത്തിമ തഹ്‌ലിയക്കെതിരെ അതൃപ്തിയുണ്ടെന്ന കാര്യം നിഷേധിക്കാൻ ലീഗ് ജില്ലാ പ്രസിഡന്റ് എം.എ റസാഖും തയ്യാറായില്ല. മുറി തുറക്കുന്ന കാര്യം പെട്ടെന്ന് കേട്ടപ്പോഴുള്ള മാനസികാവസ്ഥ കൊണ്ടായിരിക്കാം ആരേയും അറിയിക്കാതെ തഹ്‌ലിയ വോട്ടെണ്ണൽ കേന്ദ്രത്തിലേക്ക് ചെന്നതെന്ന് അദ്ദേഹം മാതൃഭൂമി ഡോട് കോമിനോട് പറഞ്ഞു. ഇക്കാര്യത്തിൽ തഹ്‌ലിയക്ക് ജാഗ്രതക്കുറവുണ്ടായോ എന്ന ചോദ്യത്തിന് കൃത്യമായ മറുപടി പറയാനും റസാഖ് തയ്യാറായില്ല. ചൊവ്വാഴ്ച വൈകീട്ട് ജില്ലാ കളക്ടറെ കാണുമെന്നും അദ്ദേഹത്തിന്റെ വിശദീകരണത്തിനനുസരിച്ച് ഭാവി പ്രതിഷേധ പരിപാടികൾ തീരുമാനിക്കുമെന്നും ലീഗ് ജില്ലാ പ്രസിഡന്റ് വ്യക്തമാക്കി. പേരാമ്പ്ര റിട്ടേണിങ് ഓഫീസർ സി. വിനോദ് കുമാറിനെ മാറ്റിനിർത്തി കർശന നടപടി സ്വീകരിക്കണമെന്ന് ആവശ്യപ്പെട്ട് വലിയ പ്രതിഷേധങ്ങളിലേക്ക് കടക്കുമെന്ന് ഡിസിസി പ്രസിഡന്റ് അഡ്വ. പ്രവീൺകുമാറും മാതൃഭൂമി ഡോട് കോമി നോട് പറഞ്ഞു. കൊയിലാണ്ടി, കുന്ദമംഗലം, കോഴിക്കോട് നോർത്ത്, കോഴിക്കോട് സൗത്ത്, പേരാമ്പ്ര, ബാലുശ്ശേരി നിയോജകമണ്ഡലങ്ങളിലെ വോട്ടിങ് യന്ത്രങ്ങളാണ് ജെഡിടി ഇസ്ലാം സ്കൂളിലെ കേന്ദ്രത്തിലുള്ളത്. ഈ മണ്ഡലങ്ങളിലെ യുഡിഎഫ് സ്ഥാനാർഥികൾ സംസ്ഥാന മുഖ്യതിരഞ്ഞെടുപ്പ് ഓഫീസർ ഡോ. രത്തൻ ഖേൽക്കർ, ജില്ലാ തിരഞ്ഞെടുപ്പ് ഓഫീസർ കൂടിയായ കളക്ടർ സ്നേഹിൽകുമാർ സിങ് എന്നിവർക്ക് പരാതിനൽകിയിരുന്നു. തിരഞ്ഞെടുപ്പ് ജോലികളിൽനിന്ന് റിട്ടേണിങ് ഓഫീസറെ മാറ്റിനിർത്തണമെന്നും ആവശ്യപ്പെട്ടുണ്ട്. ഇതേത്തുടർന്ന് കളക്ടറോട് സംസ്ഥാന മുഖ്യ തിരഞ്ഞെടുപ്പ് ഓഫീസർ റിപ്പോർട്ട് തേടി. ജെഡിടി സ്കൂളിലെ പ്രധാന കവാടത്തിന് സമീപം എല്ലാ സ്ട്രോങ് റൂമുകളും കാണാനായി ‘പബ്ലിക് വ്യൂയിങ് സെന്റർ' സ്ഥാപിച്ചിരുന്നു. സ്ട്രോങ് റൂം നിരീക്ഷണത്തിനായി ഇവിടെയുണ്ടായിരുന്ന യുഡിഎഫ് പ്രവർത്തകരാണ് ഉദ്യോഗസ്ഥർ മുറി തുറക്കുന്നത് ആദ്യം സ്ക്രീനിൽ കണ്ടത്. അവർ വിവരം യുഡിഎഫ് ജില്ലാ നേതാക്കളെ അറിയിച്ചു. കളക്ടറോട് അന്വേഷിച്ചപ്പോൾ പേരാമ്പ്ര മണ്ഡലത്തിന്റെ വരണാധികാരിക്ക് അനുമതി നൽകിയിട്ടുണ്ടെന്നായിരുന്നു മറുപടി. ഇതോടെയാണ് മുറി തുറന്ന സംഭവം വിവാദമായത്. Content Highlights: UDF leadership expresses dissatisfaction with Fathima Thahliya's communication regarding the strong room opening., Returning officer opened a store room near the strong room without proper coordination with party leaders., UDF has filed official complaints with the Chief Electoral Officer and District Collector., District League leadership demands action against the Returning Officer for procedural lapses. Published: 21 Apr 2026, 12:48 pm IST Disclaimer: Kindly avoid objectionable, derogatory, unlawful and lewd comments, while responding to reports. Such comments are punishable under cyber laws. Please keep away from personal attacks. The opinions expressed here are the personal opinions of readers and not that of Mathrubhumi.

സ്ട്രോങ് റൂം വിവാദത്തിൽ വെട്ടിലായി; ഫാത്തിമ തഹ്‌ലിയക്കെതിരെ ലീഗിലും യുഡിഎഫിലും കടുത്ത അതൃപ്തി
M
MathrubhumiSource Link
19 days ago