കോഴിക്കോട്: വടകരയിൽ യുഡിഎഫ് പ്രവർത്തകന്റെ വീട്ടിൽ പോലീസ് അതിക്രമമെന്ന് പരാതി. ചാനിയംകടവ് സ്വദേശി സിദ്ദിഖിന്റെ വീട്ടിലെത്തിയ പോലീസ് സംഘം സ്ത്രീകൾ മാത്രമുള്ള വീട്ടിൽ അതിക്രമിച്ച് കയറി പരിശോധിച്ചെന്നാണ് ആരോപണം. ബുധനാഴ്ച രാത്രി 11 മണിയോടെയാണ് സംഭവം. തിരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട് ചാനിയംകടവ് ഭാഗത്ത് എൽഡിഎഫ്, യുഡിഎഫ് പ്രവർത്തകർ തമ്മിൽ സംഘർഷമുണ്ടായിരുന്നു. ഇതിൽ പ്രതിപ്പട്ടികയിലുള്ള ആളാണ് സിദ്ദിഖ്. ഈ കേസുമായി ബന്ധപ്പെട്ടാണ് പോലീസ് സംഘം സിദ്ദിഖിന്റെ വീട്ടിലെത്തിയത്. To advertise here, പരിശോധനയ്ക്കിടെ യൂത്ത് കോൺഗ്രസ് പ്രവർത്തകർ പോലീസിനെ തടഞ്ഞതോടെ വാക്കേറ്റത്തിലേക്ക് കാര്യങ്ങളെത്തി. സിദ്ദിഖിന്റെ ഭാര്യ 20 ദിവസം മുൻപാണ് കുഞ്ഞിനെ പ്രസവിച്ചത്. ഇവിടെയാണ് ഒരു വനിതാ പോലീസും ഇരുപതോളം പുരുഷ പോലീസുമെത്തി വീട്ടിൽ ഭീകരാന്തരീക്ഷം സൃഷ്ടിച്ചതെന്ന് പ്രവർത്തകർ പറയുന്നു. ഒരു പോലീസ് ഉദ്യോഗസ്ഥൻ വളരെ മോശമായ രീതിയിൽ സംസാരിച്ചെന്നും യുഡിഎഫ് പ്രവർത്തകർ ആരോപിച്ചു. മൃഗീയമായ പോലീസ് വേട്ടയാണ് ഉണ്ടായിരിക്കുന്നതെന്ന് കോഴിക്കോട് ഡിഡിസി പ്രസിഡന്റ് അഡ്വ. കെ. പ്രവീൺ കുമാർ മാതൃഭൂമി ഡോട് കോമിനോട് പ്രതികരിച്ചു. സിപിഎമ്മിന്റെ തിരക്കഥയ്ക്കൊത്ത് പോലീസുകാർ അഭിനയിക്കുകയാണ്. കുറ്റക്കാരനല്ലാത്ത ആൾക്കെതിരെയാണ് കള്ളക്കേസെടുത്തിരിക്കുന്നത്. സിദ്ദിഖിന്റെ വീട്ടിലെത്തി 20 ദിവസം പ്രായമായ കുഞ്ഞിനെയും അമ്മയേയും ദ്രോഹിച്ചിരിക്കുകയാണ് പോലീസ്. വളരെ മോശമായ വാക്കുകളാണ് ഇവർ ഉപയോഗിച്ചത്. വേണ്ടിവന്നാൽ അടിവസ്ത്രം വരെ പരിശോധിക്കുമെന്നാണ് പോലീസുകാർ ആക്രോശിച്ചത്. കേരളത്തിലെ പോലീസ് സേനയ്ക്കുതന്നെ അപമാനകരമായ പ്രവൃത്തിയാണ് ഉണ്ടായത്. ഇത് കൈയുംകെട്ടി യുഡിഎഫ് നോക്കിനിൽക്കില്ല. സംഭവവുമായി ബന്ധപ്പെട്ട് എസ്പിക്ക് പരാതി നൽകും. കുറ്റക്കാരായ പോലീസുകാർക്കെതിരെ നടപടി സ്വീകരിക്കുന്നതുവരെ പ്രതിഷേധവുമായി മുന്നോട്ടുപോകുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. Content Highlights: UDF alleges police misconduct at a Vadakara worker's home during an investigation. Published: 23 Apr 2026, 12:18 pm IST Disclaimer: Kindly avoid objectionable, derogatory, unlawful and lewd comments, while responding to reports. Such comments are punishable under cyber laws. Please keep away from personal attacks. The opinions expressed here are the personal opinions of readers and not that of Mathrubhumi.

സ്ത്രീകൾമാത്രമുള്ള വീട്ടിൽ പാതിരാത്രി ഭീകരാന്തരീക്ഷം സൃഷ്ടിച്ചു;വടകരയിൽ പോലീസ് അതിക്രമമെന്ന് യുഡിഎഫ്
M
MathrubhumiSource Link
17 days ago