Last Updated: 19 March 2026, 12:01 AM IST വിശാഖാ കേസിലെ വിധിയോട് താരതമ്യം ചെയ്യാവുന്നൊരു സ്ത്രീപക്ഷ വിധിപ്രസ്താവമാണ് മാതൃത്വ അവധിയുടെകാര്യത്തിൽ സുപ്രീംകോടതിയിൽ നിന്നുണ്ടായത് ‘സ്ത്രീകൾക്കെതിരായ എല്ലാവിധ വിവേചനങ്ങളും അവസാനിപ്പിക്കാനുള്ള കരാർ’ (കൺവെൻഷൻ ഓൺ ദി എലിമിനേഷൻ ഓഫ് ഓൾ ഫോംസ് ഓഫ് ഡിസ്‌ക്രിമിനേഷൻ എഗെയ്ൻസ്റ്റ് വിമെൻ- സി.ഇ. ഡി.എ.ഡബ്ല്യു.) ഐക്യരാഷ്ട്രസഭ പാസാക്കിയത് 1979-ലാണ്. 1980-ൽ ഇന്ത്യ ഈ കരാറിന്റെ ഭാഗമായി. തൊഴിലിടത്തിൽ സ്ത്രീകൾക്കെതിരായ ലൈംഗികാതിക്രമങ്ങൾ നിയമപരമായി നേരിടുന്നതിനുള്ള മാർഗനിർദേശങ്ങൾ പുറപ്പെടുവിച്ചുകൊണ്ട് 1997-ൽ വിശാഖാകേസിൽ സുപ്രീംകോടതി നടത്തിയ വിധിപ്രസ്താവത്തിന് പ്രധാനമായും അവലംബമാക്കിയത് ഈ രാജ്യാന്തരകരാറാണ്. തൊഴിലിടത്ത് സ്ത്രീകൾ ലൈംഗികപീഡനംനേരിടുന്നതു തടയാൻ പര്യാപ്തമായ പാർലമെന്ററി നിയമനിർമാണം രാജ്യത്ത് നിലവിലില്ലാത്തതിനാൽ, രാജ്യാന്തരനിയമങ്ങളിലെ വ്യവസ്ഥകൾ നമ്മുടെ ഭരണഘടന ഉറപ്പുനൽകുന്ന മൗലികാവകാശങ്ങളുമായി ചേർത്തുവായിക്കുന്നതിൽ അപാകമില്ലെന്നാണ് സുപ്രീംകോടതി അന്നു പറഞ്ഞത്. സ്ത്രീകളുടെ മനുഷ്യാവകാശങ്ങൾക്കും അടിസ്ഥാനസ്വാതന്ത്ര്യങ്ങൾക്കും നിയമസംരക്ഷണം ഉറപ്പാക്കണമെന്നാണ് സി.ഇ.ഡി.എ.ഡബ്ല്യു. നിഷ്‌കർഷിച്ചത്. വിശാഖാ കേസിലെ വിധിയോട് താരതമ്യംചെയ്യാവുന്നൊരു സ്ത്രീപക്ഷവിധിപ്രസ്താവമാണ് കഴിഞ്ഞദിവസം മാതൃത്വാവധിയുടെകാര്യത്തിൽ സുപ്രീംകോടതിയിൽനിന്നുണ്ടായത്. മാതൃത്വ അവധി, ജോലിചെയ്യുന്ന സ്ത്രീകളുടെ അടിസ്ഥാന മനുഷ്യാവകാശമാണെന്നാണ് ജസ്റ്റിസുമാരായ ജെ.ബി. പർദിവാലയുടെയും ആർ. മഹാദേവന്റെയും ബെഞ്ച് വിധിച്ചത്. ജോലിചെയ്യുന്ന സ്ത്രീകൾ കുഞ്ഞിനെ ദത്തെടുക്കുമ്പോൾ പന്ത്രണ്ടാഴ്ചത്തെ മാതൃത്വ അവധി ലഭിക്കണമെങ്കിൽ കുഞ്ഞിന്റെ പ്രായം മൂന്നുമാസത്തിൽ കുറവായിരിക്കണമെന്ന, 2020-ലെ സാമൂഹികസുരക്ഷാ കോഡിലെ 60(4) വകുപ്പ് റദ്ദാക്കിക്കൊണ്ടാണ് സുപ്രീംകോടതി ഈ പരാമർശംനടത്തിയത്. ഈ വകുപ്പ് ഇന്ത്യൻ ഭരണഘടന ഉറപ്പുനൽകുന്ന തുല്യതയ്ക്കുള്ള അവകാശ(പതിന്നാലാം അനുച്ഛേദം)ത്തിന്റെയും അന്തസ്സോടെ ജീവിക്കാനുള്ള അവകാശ(ഇരുപത്തിയൊന്നാം അനുച്ഛേദം)ത്തിന്റെയും ലംഘനമാണെന്നും വിധിച്ചു. കുഞ്ഞുങ്ങളെ ദത്തെടുക്കുന്നത്, സ്ത്രീകളുടെ പ്രത്യുത്പാദനസംബന്ധിയായ സ്വയംനിർണയാവകാശത്തിന്റെ ആവിഷ്‌കാരമാണെന്ന അതിപ്രധാനമായ പരാമർശവും സുപ്രീംകോടതിയിൽനിന്നുണ്ടായി. നിയമപരമായി ദത്തെടുക്കുന്ന സ്ത്രീക്ക് കുട്ടിയുടെ പ്രായം കണക്കിലെടുക്കാതെ പന്ത്രണ്ടാഴ്ചത്തെ മാതൃത്വ അവധി നൽകണമെന്ന് ബെഞ്ച് വിധിച്ചു. കുട്ടിയെ കൈമാറിയ തീയതിമുതൽ അവധി കണക്കാക്കണം. ദത്തെടുത്ത അമ്മയ്ക്ക് കുഞ്ഞിനോടുള്ള കർത്തവ്യങ്ങൾ പ്രസവിച്ച അമ്മമാരുടേതിൽനിന്നു ഭിന്നമല്ലെന്നു കോടതി നിരീക്ഷിച്ചു. ദത്തെടുക്കലാകുമ്പോൾ, അമ്മയും കുഞ്ഞുംതമ്മിലുള്ള വൈകാരികബന്ധം സമയവും സാന്നിധ്യവും ആവശ്യമായ ബോധപൂർവമുള്ള പരിചരണത്തിലൂടെ വളർത്തിക്കൊണ്ടുവരേണ്ടതാണെന്നുകൂടി കോടതി ഓർമ്മിപ്പിച്ചു. ജോലിയും സാമ്പത്തികസുരക്ഷിതത്വവും നഷ്ടപ്പെടുമെന്ന ഭീതികൂടാതെ, പ്രത്യുത്പാദനസംബന്ധിയായ സ്വതീരുമാനം നടപ്പാക്കാൻ സ്ത്രീകൾക്കു സാധിക്കണം. അല്ലാത്തപക്ഷം അത് ലിംഗപരമായ അസമത്വത്തിന് ആക്കംകൂട്ടുമെന്ന് കോടതി വിലയിരുത്തി. സാമൂഹികസുരക്ഷാനടപടിയെന്നനിലയിൽ പിതൃത്വ അവധി അനുവദിക്കുന്നത് പരിഗണിക്കണമെന്നും സുപ്രീംകോടതി കേന്ദ്രസർക്കാരിനോട് നിർദേശിച്ചു. ചരിത്രപരമെന്നുതന്നെ വിശേഷിപ്പിക്കാവുന്ന വിധിന്യായമാണ് സുപ്രീംകോടതിയിൽനിന്നുണ്ടായിരിക്കുന്നത്. അത് തുല്യതയുടെയും അന്തസ്സിന്റെയും കൊടിക്കൂറ പാറിക്കുന്നു; സ്ത്രീനീതിക്കായുള്ള പോരാട്ടങ്ങളുടെ വഴിത്താരയിൽ പുതുപൂക്കൾ വിതറുന്നു. ദത്തെടുക്കലിനെ സ്ത്രീകളുടെ പ്രത്യുത്പാദനപരമായ സ്വാതന്ത്ര്യങ്ങളുടെ പ്രകാശനമായി ഉദ്‌ഘോഷിക്കുമ്പോൾ സുപ്രീംകോടതി നീതിനിർവഹണത്തെ സമകാലത്തോടു ചേർത്തുനിർത്തുകയാണ്. അത് രാജ്യത്തിനൊരു പുതുവെളിച്ചം പകരുന്നുണ്ട്. To advertise here, Published: 19 Mar 2026, 12:01 am IST Disclaimer: Kindly avoid objectionable, derogatory, unlawful and lewd comments, while responding to reports. Such comments are punishable under cyber laws. Please keep away from personal attacks. The opinions expressed here are the personal opinions of readers and not that of Mathrubhumi.
