സ്ത്രീശക്തിക്ക് ആദരം

സ്ത്രീശക്തിക്ക് ആദരം

M
MathrubhumiSource Link
Last Updated: 20 March 2026, 12:05 AM IST നടി ശ്വേതാമേനോന്റെ പേരിൽ പോലീസ് രജിസ്റ്റർചെയ്ത കേസ് റദ്ദാക്കിക്കൊണ്ട് കേരള ഹൈക്കോടതി നടത്തിയ നിരീക്ഷണങ്ങൾ ശ്രദ്ധേയമാണ്. To advertise here, സിനിമയിൽ അശ്ലീലരംഗങ്ങളിൽ അഭിനയിച്ചെന്ന പരാതിയിൽ, നടിയും താരസംഘടനയായ ‘അമ്മ’യുടെ പ്രസിഡന്റുമായ ശ്വേതാമേനോന്റെ പേരിൽ പോലീസ് രജിസ്റ്റർചെയ്ത കേസ് റദ്ദാക്കിക്കൊണ്ട് കേരള ഹൈക്കോടതി നടത്തിയ നിരീക്ഷണങ്ങൾ ശ്രദ്ധേയമാണ്. സ്ത്രീയുടെ വ്യക്തിത്വം, അഭിലാഷങ്ങൾ, നേട്ടങ്ങൾ എന്നിവ അന്തസ്സോടെ അംഗീകരിക്കുകയെന്നതാണ് സ്ത്രീശാക്തീകരണം എന്നതുകൊണ്ട് ഉദ്ദേശിക്കുന്നതെന്ന് കോടതി നിരീക്ഷിച്ചു. സ്ത്രീയോടുള്ള അധിക്ഷേപത്തെ അംഗീകരിക്കുന്ന സമൂഹം പ്രകടമാക്കുന്നത് അനീതിയല്ലാതെ മറ്റൊന്നുമല്ലെന്നും സിംഗിൾ ബെഞ്ചിന്റെ വിധിന്യായത്തിൽ പറയുന്നു. കോടതിയുടെ ഉത്തരവും നിരീക്ഷണങ്ങളും അർഥരഹിതമായ വ്യവഹാരത്തിലേക്കു വലിച്ചിഴയ്ക്കപ്പെട്ടൊരു കലാകാരിയോടുള്ള ഐക്യദാർഢ്യംമാത്രമല്ല, സ്ത്രീസമൂഹത്തിനാകെനൽകുന്ന പിന്തുണയുമാണ്. ‘അമ്മ’യുടെ അധ്യക്ഷസ്ഥാനത്തേക്കു മത്സരിക്കാൻ കഴിഞ്ഞവർഷം ശ്വേതാമേനോൻ രംഗത്തുവന്ന സന്ദർഭത്തിലാണ് കൊച്ചി തോപ്പുംപടി സ്വദേശി കോടതിയിൽ പരാതിയുമായെത്തിയത്. പരാതിയുടെ അടിസ്ഥാനത്തിൽ കേസെടുക്കാൻ എറണാകുളം സി.ജെ.എം. കോടതി പോലീസിനോടു നിർദേശിച്ചു. ശ്വേതാമേനോന്റെ ഹർജിയിൽ ഹൈക്കോടതി അന്നുതന്നെ അന്വേഷണനടപടികൾ ‘സ്റ്റേ’ചെയ്യുകയുണ്ടായി. ശ്വേതയ്‌ക്കെതിരേ ഉന്നയിച്ച ആരോപണങ്ങളുടെ അന്തസ്സാരശൂന്യത ഞെട്ടലുളവാക്കുന്നതായിരുന്നു. നഗ്നത പ്രദർശിപ്പിച്ച് അഭിനയിച്ചെന്നും ദൃശ്യങ്ങൾ പ്രചരിപ്പിച്ച് വരുമാനംനേടിയെന്നുമൊക്കെയാണ് ഒരു അനുഗൃഹീതനടിക്കെതിരേ ഉയർത്തിയ ആരോപണം. സെൻസർ ബോർഡ് അംഗീകരിച്ച മുഖ്യധാരാ ചലച്ചിത്രങ്ങളിലെ അഭിനയത്തിന്റെപേരിലായിരുന്നു ഈ അധിക്ഷേപമെന്നതും വിചിത്രം. മാത്രമല്ല, ആ ചലച്ചിത്രങ്ങളിൽ അഭിനയിച്ചത് നടിയുടെ ആവിഷ്കാരസ്വാതന്ത്ര്യത്തിന്റെഭാഗമാണ്. അതു കേസിലേക്കു കൊണ്ടുവരുന്നതിന്റെ സാംഗത്യം അന്നുതന്നെ ചോദ്യംചെയ്യപ്പെട്ടിരുന്നു. ഒരു സ്ത്രീയുടെ നേട്ടത്തെക്കാളുപരി അവരുടെ പ്രതിച്ഛായയിൽ ശ്രദ്ധകേന്ദ്രീകരിക്കുന്നത് ബൗദ്ധികമായ ദാരിദ്ര്യത്തെയാണ് വെളിപ്പെടുത്തുന്നതെന്ന് ശ്വേതാമേനോന്റെ പേരിലുള്ള കേസ് റദ്ദാക്കിക്കൊണ്ട് ഹൈക്കോടതി അഭിപ്രായപ്പെട്ടു. “പുരോഗമനസമൂഹം ഒരാളെ വിലയിരുത്തുന്നത് ആ വ്യക്തിയുടെ പ്രവൃത്തിയുടെയും സംഭാവനയുടെയും അടിസ്ഥാനത്തിലാണ്. പിന്തിരിപ്പൻസമൂഹമാണ് അപവാദം, സ്വഭാവഹത്യ, സദാചാര പോലീസിങ് തുടങ്ങിയ മാർഗങ്ങൾ സ്വീകരിക്കുക” -കോടതി പറഞ്ഞു. പൊതുസമൂഹം അംഗീകരിക്കുന്ന സ്ത്രീയെ യുക്തിയുടെയുംമറ്റും അടിസ്ഥാനത്തിൽ പരാജയപ്പെടുത്തുക ക്ലേശകരമാകുമ്പോൾ സാമൂഹികമായി അധിക്ഷേപിക്കുക എന്നത് പിന്നത്തെ മാർഗമായി ചിലർ സ്വീകരിക്കുകയാണെന്നും ഹൈക്കോടതി കടുത്ത സ്വരത്തിൽ പറഞ്ഞു. “ജ്ഞാനദീപ്തിയും ആത്മവിശ്വാസവുമുള്ള കലാകാരിയാണ് ശ്വേതാമേനോൻ. അവരുടെ മാർഗത്തിൽ തടസ്സംതീർക്കാമെന്ന ഏതു ചിന്തയും വ്യാമോഹമായി കലാശിക്കുമെന്നത് നിസ്സംശയമാണ്” -ശ്വേതാമേനോന്റെ പേരിൽ പരാതിവരുകയും കേസെടുക്കുകയുംചെയ്തപ്പോൾ കഴിഞ്ഞ ഓഗസ്റ്റ് എട്ടിന് ‘മാതൃഭൂമി’ എഴുതിയ മുഖപ്രസംഗത്തിലെ വരികളാണിത്. കർമപഥത്തിലും വ്യക്തിജീവിതത്തിലും നിസ്സങ്കോചയും ധീരയുമായി മുന്നോട്ടുപോകുകയാണ് ശ്വേതാമേനോൻ. ആ വ്യക്തിത്വത്തെ സമാദരിക്കുന്ന സമീപനമാണ് ഹൈക്കോടതിയുടെഭാഗത്തുനിന്നുണ്ടായിരിക്കുന്നത്. എന്നാൽ, അതുമാത്രമല്ല; സ്ത്രീകളോട്, ശിരസ്സുയർത്തിനിൽക്കാനുള്ള അവരുടെ നിശ്ചയത്തോട്, സ്വയം നിർണയിക്കാനുള്ള അവരുടെ അവകാശത്തോട്, അവരുടെ കൂസലില്ലായ്മയോട് എങ്ങനെ പ്രതികരിക്കണമെന്ന് സമൂഹത്തോടു പറയുകകൂടിയാണ് ഹൈക്കോടതി ചെയ്തിരിക്കുന്നത്. അത് ഈ കാലത്തിന്റെ ആവശ്യമാണ്.

How was this article?

Discussion (0)

Please login to join the conversation.

No comments yet. Be the first!

സ്ത്രീശക്തിക്ക് ആദരം — Mathrubhumi | Boolokam | Boolokam