കോൺഗ്രസിന്റെ സീറ്റുകൾക്കായി ഡി.എം.കെ To advertise here, ചെന്നൈ : കോൺഗ്രസ് മത്സരിക്കാൻ ഉദ്ദേശിച്ച മണ്ഡലങ്ങളിൽ ഡി.എം.കെ.യും മറ്റുസഖ്യകക്ഷികളും അവകാശമുന്നയിച്ചതോടെ തമിഴ്‌നാട്ടിലെ ഭരണമുന്നണിയിൽ സ്ഥാനാർഥിനിർണയം വീണ്ടും അനിശ്ചിതത്വത്തിലായി. ഘടകകക്ഷികൾ മത്സരിക്കേണ്ട സീറ്റുകളുടെ എണ്ണം തീരുമാനിച്ചെങ്കിലും മണ്ഡലങ്ങൾ ഏതൊക്കെയെന്ന തീരുമാനം ഇതുകാരണം നീളും. ഡി.എം.കെ. നേതാക്കളെ കണ്ട കോൺഗ്രസ് നേതാവ് ഗിരീഷ് ചോഡാങ്കറും പാർട്ടി സംസ്ഥാന പ്രസിഡന്റ് സെൽവ പെരുന്തുഗൈയും മത്സരിക്കാൻ ആഗ്രഹിക്കുന്ന നിയമസഭ മണ്ഡലങ്ങളുടെ പട്ടിക സമർപ്പിച്ചിരുന്നു. എന്നാൽ, അവയിൽ പല മണ്ഡലങ്ങളും തങ്ങൾക്ക് വേണമെന്ന് ഡി.എം.കെ. ആവശ്യപ്പെടുകയാണ്. വാണിയമ്പാടി, തിരുച്ചിറപ്പള്ളി (കിഴക്ക്) മണ്ഡലങ്ങളിൽ മത്സരിക്കുമെന്ന് മനിതനേയ മക്കൾ കക്ഷി(എം.എം.കെ.) നേരത്തെ തന്നെ അറിയിച്ചിരുന്നു. രണ്ടുമണ്ഡലങ്ങളിലും പാർട്ടി തിരഞ്ഞെടുപ്പ് പ്രചാരണവും ആരംഭിച്ചിരുന്നു. എന്നാൽ, ഈ മണ്ഡലങ്ങളിൽ മത്സരിക്കാൻ ആഗ്രഹിക്കുന്നതായി എം.ഡി.എം.കെ.യും സി.പി.എമ്മും അറിയിച്ചിട്ടുണ്ട്. സീറ്റുവിഭജനം പൂർത്തിയാക്കാൻ തന്നെ ഡി.എം.കെ. മുന്നണി മൂന്നാഴ്ചയിലധികമെടുത്തിരുന്നു. കോൺഗ്രസ്, വി.സി.കെ. എന്നീ പാർട്ടികൾ കൂടുതൽ സീറ്റും ഭരണത്തിൽ പങ്കാളിത്തവും വേണമെന്ന് ആവശ്യപ്പെട്ട് തിരഞ്ഞെടുപ്പുതീയതി പ്രഖ്യാപിക്കുന്നതിനുമുൻപുതന്നെ രംഗത്തുവന്നിരുന്നു. എന്നാൽ, കോൺഗ്രസിനുമാത്രം കഴിഞ്ഞ തവണത്തെ അപേക്ഷിച്ച് മൂന്ന് സീറ്റുകൾ കൂടുതൽ നൽകി. മറ്റ് പാർട്ടികളായ സി.പി.എം., സി.പി.ഐ, മുസ്‌ലിം ലീഗ് എന്നിവയുടെ സീറ്റുകൾ കുറഞ്ഞു. രണ്ടുസീറ്റുകളിൽ മത്സരിച്ച മറ്റ് പാർട്ടികൾക്ക് ഒരു സീറ്റുവീതമാണ് നൽകിയത്. ഡി.എം.കെ.പ്രസിഡന്റും മുഖ്യമന്ത്രിയുമായ സ്റ്റാലിൻ ഏകപക്ഷീയമായി എടുത്ത തീരുമാനം എല്ലാ പാർട്ടികളുടെയും മുകളിൽ അടിച്ചേൽപ്പിക്കുന്നുവെന്ന പരാതി ഘടകകക്ഷികൾക്കിടയിൽ വ്യാപകമായുണ്ട്. മണ്ഡലനിർണയം നടത്തി എല്ലാ ഘടകകക്ഷികൾക്കും എപ്പോൾ പ്രചാരണം ആരംഭിക്കാൻ കഴിയുമെന്ന് ഇനിയും കൃത്യമായി പറയാൻ ഡി.എം.കെ.യ്ക്ക് കഴിയുന്നില്ല. മണ്ഡലങ്ങൾ വീതിച്ച് നൽകുന്നത് വൈകിയാൽ പ്രചാരണത്തിൽ സഖ്യം ഏറെ പിന്നിലാകുമെന്ന ആശങ്ക സഖ്യകക്ഷി നേതാക്കൾക്കുണ്ട്. Published: 27 Mar 2026, 12:38 am IST Disclaimer: Kindly avoid objectionable, derogatory, unlawful and lewd comments, while responding to reports. Such comments are punishable under cyber laws. Please keep away from personal attacks. The opinions expressed here are the personal opinions of readers and not that of Mathrubhumi.
