ഡി.എം.കെ.യ്ക്ക് 164 സ്ഥാനാർഥികൾ; മൂന്നുമന്ത്രിമാർക്കറ്റ് സീറ്റില്ല; സെന്തിൽ ബാലാജി കോയമ്പത്തൂർ സൗത്തിൽ To advertise here, ചെന്നൈ : മുതിർന്നനേതാക്കളിൽ ഭൂരിപക്ഷം പേരെയും നിലനിർത്തി തമിഴ്‌നാട് നിയമസഭാ തിരഞ്ഞെടുപ്പിൽ ഡി.എം.കെ. സ്ഥാനാർഥിപ്പട്ടിക പുറത്തിറക്കി. മുഖ്യമന്ത്രി എം.കെ. സ്റ്റാലിൻ ചെന്നൈയ്ക്കടുത്ത് കൊളത്തൂരിൽനിന്നും ഉപമുഖ്യമന്ത്രി ഉദയനിധി സ്റ്റാലിൻ ചെപ്പോക്ക്-ട്രിപ്ലിക്കനിൽനിന്നും വീണ്ടും ജനവിധിതേടും. തിരഞ്ഞെടുപ്പിന് തൊട്ടുമുൻപ് ഡി.എം.കെ.യിൽ ചേർന്ന മുൻമുഖ്യമന്ത്രി ഒ. പനീർശെൽവത്തിന് ബോഡിനായ്ക്കന്നൂർ സീറ്റു നൽകി. മന്ത്രിമാരായ ദുരൈ മുരുകൻ, കെ.എൻ. നെഹ്രു, പഴനിവേൽ ത്യാഗരാജൻ, അൻപിൽ മഹേഷ് പൊയ്യാമൊഴി, തങ്കം തെന്നരശു, പി.കെ. ശേഖർബാബു, എം. സുബ്രഹ്മണ്യൻ, ഇ.വി. വേലു, ഐ. പെരിയസാമി, കെ.കെ.എസ്.ആർ. രാമചന്ദ്രൻ എന്നിവർ നിലവിലുള്ള മണ്ഡലങ്ങളിൽനിന്ന് വീണ്ടും ജനവിധിതേടും. മുൻ മന്ത്രി സെന്തിൽ ബാലാജി കരൂരിനു പകരം കോയമ്പത്തൂർ സൗത്തിൽ മത്സരിക്കും. വിവാദങ്ങളെത്തുടർന്ന് മന്ത്രിസഭയിൽനിന്ന് രാജിവെക്കേണ്ടിവന്ന കെ. പൊൻമുടിക്കും മന്ത്രിമാരായ ആർ. ഗാന്ധി, മനോ തങ്കരാജ്, കായൽവിഴി സെൽവരാജ് എന്നിവർക്കും ടിക്കറ്റ് നൽകിയിട്ടില്ല. പൊൻമുടിയുടെ മകൻ ഗൗതം ശിഖാമണി മത്സരിക്കുന്നുണ്ട്. സംസ്ഥാനത്തെ 234 അംഗ സഭയിൽ 164 സീറ്റിലാണ് ഡി.എം.കെ. മത്സരിക്കുന്നത്. 70 സീറ്റ് സഖ്യക്ഷികൾക്ക് അനുവദിച്ചു. മിക്കമന്ത്രിമാരെയും എം.എൽ.എ.മാരെയും നിലനിർത്തിക്കൊണ്ടാണ് സ്ഥാനാർഥി നിർണയം. 60 പേർ പുതുമുഖങ്ങളാണ്. ഒ. പനീർശെൽവത്തിനൊപ്പം ഡി.എം.കെ.യിൽ ചേർന്ന പോൾ മനോജ് പാണ്ഡ്യനും ആർ. വൈദ്യലിംഗത്തിനും ടിക്കറ്റ് നൽകിയിട്ടുണ്ട്. ഡി.എം.കെ.യടക്കം 14 കക്ഷികളാണ് ഭരണമുന്നണിയിൽ മത്സരിക്കുന്നത്. കോൺഗ്രസ് (28), ഡി.എം.ഡി.കെ. (10), വി.സി.കെ. (8) സി.പി.എം. (5), സി.പി.ഐ. (5) എം.ഡി.എം.കെ. (4), മുസ്‌ലിംലീഗ് (2), കെ.എം.ഡി.കെ. (2), എം.എൻ.എം.കെ. (2), മനിതനേയ ജനനായക കക്ഷി (1), മുക്കുളത്തൂർ പുലിപ്പടൈ(1), എസ്.ഡി.പി.ഐ. (1) തമിഴർ ദേശം കക്ഷി (1) എന്നിവരാണ് മത്സരിക്കുന്ന ഘടക കക്ഷികൾ. 11 സീറ്റിൽ ഡി.എം.കെ.യുടെ ഉദയസൂര്യൻ ചിഹ്നത്തിലാണ് സഖ്യകക്ഷികൾ മത്സരിക്കുന്നത്. പാർട്ടിയുടെ തിരഞ്ഞെടുപ്പ് പ്രകടനപത്രിക ഞായറാഴ്ച പുറത്തിറക്കുമെന്ന് ഡി.എം.കെ. അധ്യക്ഷൻ എം.കെ. സ്റ്റാലിൻ അറിയിച്ചു. മണ്ഡലനിർണയം പൂർത്തിയായ പശ്ചാത്തലത്തിൽ സഖ്യകക്ഷികളുടെ സ്ഥാനാർഥി പട്ടികയും ഉടനുണ്ടാവും.

സ്റ്റാലിൻ കൊളത്തൂരിൽത്തന്നെ; ഒ.പി.എസ്. ബോഡിനായ്ക്കന്നൂരിൽ
M
MathrubhumiSource Link
about 1 month ago