സ്വത്തുവിവരത്തിൽ പൊരുത്തക്കേട്: വിജയ്‌ക്ക് ഹൈക്കോടതി നോട്ടീസ്

സ്വത്തുവിവരത്തിൽ പൊരുത്തക്കേട്: വിജയ്‌ക്ക് ഹൈക്കോടതി നോട്ടീസ്

സത്യവാങ്മൂലങ്ങളിലെ സ്വത്തുവിവരത്തിൽ 100 കോടി രൂപയുടെ വ്യത്യാസമാണുള്ളത് To advertise here, ചെന്നൈ : തമിഴക വെട്രി കഴകം (ടി.വി.കെ.) നേതാവ് വിജയ്‌യുടെ സ്വത്തുവിവരത്തിലെ പൊരുത്തക്കേടിനെപ്പറ്റി ആദായനികുതിവകുപ്പ് അന്വേഷിക്കണമെന്നാവശ്യപ്പെട്ടുള്ള ഹർജിയിൽ മദ്രാസ് ഹൈക്കോടതി തിങ്കളാഴ്ച നോട്ടീസയച്ചു. തിരഞ്ഞെടുപ്പു നാമനിർദേശപത്രികകൾക്കൊപ്പം നൽകിയ സത്യവാങ്മൂലങ്ങളിലെ സ്വത്തുവിവരത്തിൽ 100 കോടി രൂപയുടെ വ്യത്യാസമാണുള്ളതെന്നും ഇത് ക്രമക്കേടാണെന്നും ചീഫ് ജസ്റ്റിസ് എസ്.എ. ധർമാധികാരിയും ജസ്റ്റിസ് ജി. അരുൾ മുരുകനുമടങ്ങുന്ന ബെഞ്ച് വാക്കാൽ നിരീക്ഷിച്ചു. നിയമസഭാ തിരഞ്ഞെടുപ്പിൽ പെരമ്പൂരിൽനിന്നും തിരുച്ചി ഈസ്റ്റ് മണ്ഡലത്തിൽനിന്നും മത്സരിക്കുന്ന വിജയ് രണ്ടിടത്തുമായി നൽകിയ സ്വത്തുവിവരങ്ങളിൽ പൊരുത്തക്കേടുകളുണ്ടെന്നു കാണിച്ച് വി. വിഗ്നേഷ് എന്നയാളാണ് ഹൈക്കോടതിയിൽ ഹർജി നൽകിയത്. ഹർജി സ്വീകരിച്ച കോടതി വിജയ്‌ക്കും ആദായനികുതി വകുപ്പ് ഡയറക്ടർ ജനറലിലും തിരഞ്ഞടുപ്പു കമ്മിഷനും പെരമ്പൂർ, തിരുച്ചി ഈസ്റ്റ് മണ്ഡലങ്ങളിലെ വരണാധികാരികൾക്കും നോട്ടീസയച്ചു. ടി.വി.കെ. നേതാവിന്റെ സത്യവാങ്മൂലങ്ങളിൽ ധാരാളം പൊരുത്തക്കേടുകളുണ്ടെന്നും ആസ്തി വിവരങ്ങൾ മറച്ചുവെച്ചതായി സംശയമുണ്ടെന്നും അതേക്കുറിച്ച് വിശദമായ അന്വേഷണം ആവശ്യമാണെന്നും ഹർജിയിൽ പറയുന്നു. പെരമ്പൂരിലെ സത്യവാങ്മൂലത്തിൽ വിജയ് 115,13,63,000 രൂപയുടെ ആസ്തിയാണ് കാണിച്ചിരിക്കുന്നത്. തിരുച്ചി ഈസ്റ്റിലെ പത്രികയിൽ 220,15,62,010 രൂപയുടെ ആസ്തി വെളിപ്പെടുത്തിയിട്ടുണ്ട്. ഇത്രയും വലിയവ്യത്യാസം വന്നതിന് വിശദീകരണമൊന്നും നൽകിയിട്ടില്ല. ഇക്കാര്യത്തിൽ വിശദമായ അന്വേഷണം വേണമെന്ന് ഹർജിയിൽ ആവശ്യപ്പെടുന്നു. വിജയ്‌യുടെ സത്യവാങ്മൂലത്തിലെ പൊരുത്തക്കേടുകൾ ശ്രദ്ധയിൽപ്പെട്ടതിനെത്തുടർന്ന് അദ്ദേഹം പുതുക്കിയ സത്യവാങ്മൂലം നൽകിയിരുന്നു. തന്റെ പേരിൽ ക്രിമിനൽ കേസുകളൊന്നുമില്ലെന്നാണ് പെരമ്പൂരിലെ സത്യവാങ്മൂലത്തിൽ പറഞ്ഞത്. എന്നാൽ, രണ്ടു കേസുണ്ടെന്ന് തിരുച്ചിയിലെ സത്യവാങ്മൂലത്തിൽ പറഞ്ഞു. പെരമ്പൂരിലെ സത്യവാങ്മൂലത്തിൽ 52 വയസ്സും തിരുച്ചിറപ്പള്ളിയിൽ 51 വയസ്സുമാണ് കാണിച്ചിരുന്നത്. പത്രികാ സമർപ്പണത്തിന്റെ സമയം കഴിയുംമുൻപ്‌ തെറ്റുകൾ തിരുത്തിയതുകൊണ്ടാണ് പത്രികകൾ സ്വീകരിച്ചത്.

How was this article?

Discussion (0)

Please login to join the conversation.

No comments yet. Be the first!

സ്വത്തുവിവരത്തിൽ പൊരുത്തക്കേട്: വിജയ്‌ക്ക് ഹൈക്കോടതി നോട്ടീ… | Boolokam